ഡാർട്ടർ മത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡാർട്ടർ മത്സ്യം
ലിയോപാർഡ് ഡാർട്ടർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Percidae
Genera

Ammocrypta, Crystallaria, Etheostoma Percina

പെർസിഡേ മത്സ്യകുടുംബത്തിന്റെ ഉപകുടുംബമായ ഇത്തിയോസ്റ്റോമാറ്റിനേയിൽപ്പെടുന്ന മത്സ്യങ്ങളുടെ പൊതുനാമമാണ് ഡാർട്ടർ മത്സ്യം. ശുദ്ധജല സ്രോതസ്സുകളായ അരുവികളിലും നദികളിലുമാണ് ഇവ പ്രധാനമായും കണ്ടുവരാറുള്ളത്. വ്യത്യസ്തങ്ങളായ പരിസ്ഥിതികളിൽ ജീവിക്കുന്ന ഡാർട്ടർ മത്സ്യങ്ങൾ പാറക്കെട്ടുകളും കല്ലുകളുമുള്ള ആഴം കുറഞ്ഞ പ്രദേശങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്. നൂറിലധികം ഇനങ്ങളിൽപ്പെട്ട ഈ ചെറു ശുദ്ധജല മത്സ്യങ്ങൾ വടക്കേ അമേരിക്കയുടെ കിഴക്കൻ പ്രദേശത്തുള്ള നദികളിലാണ് ധാരാളമായി കാണപ്പെടുന്നത്. ചുവപ്പ്, ഓറഞ്ച്, നീല, പച്ച എന്നീ വർണങ്ങളുള്ള മത്സ്യങ്ങൾ പ്രത്യുല്പാദനകാലം അടുക്കുന്നതോടുകൂടി നദികളുടെയും അരുവികളുടെയും ആഴം കുറഞ്ഞ ചരൽ പ്രദേശങ്ങളിൽ കൂട്ടം കൂട്ടമായി പ്രത്യക്ഷപ്പെടാറുണ്ട്. ഇക്കാലത്ത് ആൺ മത്സ്യങ്ങളുടെ ചിറകുകളിൽ പ്രകടമാകുന്ന വർണഭംഗി ആകർഷകമാണ്.

ഫ്ലോറിഡ സാൻ‌ഡ് ഡാർട്ടർ

ഒഴുക്കു വെള്ളം ഇഷ്ടപ്പെടുന്ന ഡാർട്ടർ മത്സ്യങ്ങളുടെ പ്രധാന ആഹാരം ജീവനുള്ള വിരകളും ശലഭങ്ങളുമാകയാൽ ഇവയെ അക്വേറിയത്തിൽ സാധാരണ വളർത്താറില്ല. ജലത്തിന്റെ അടിത്തട്ടുമായി ഇഴുകിച്ചേരുന്ന ഇരുനിറമുള്ള ചിലയിനം ഡാർട്ടർ മത്സ്യങ്ങളെയും കണ്ടെത്തൊൻ കഴിഞ്ഞിട്ടുണ്ട്. പൂർണവളർച്ചയെത്തുന്ന ഡാർട്ടർ മത്സ്യങ്ങളുടെ വലിപ്പം ഏതാണ്ട് 7-10 സെന്റിമീറ്റർ വരെ ആയിരിക്കും. എന്നാൽ ഏറ്റവും ചെറിയ ഡാർട്ടർ മത്സ്യമായ ഇത്തിയോസ്റ്റോമാ മൈക്രോപെർക്കയ്ക്ക് പൂർണ വളർച്ചയെത്തുമ്പോൾ ഏതാണ്ട് 4 സെന്റിമീറ്റർ വലിപ്പമേ കാണാറുള്ളൂ. സാധാരണയായി കണ്ടുവരാറുള്ള ലോജ് പെർച്ച് 20 സെന്റിമീറ്റർ വരെ വളരാറുണ്ട്. റെയിൻബോ ഡാർട്ടർ എന്നറിയപ്പെടുന്ന ഇത്തിയോസ്റ്റോമ കെറുലിയം പ്രധാനപ്പെട്ട ഒരിനം ഡാർട്ടർ മത്സ്യമാണ്. ഇവയ്ക്ക് എട്ടു സെന്റിമീറ്ററോളം വലിപ്പം വരും. മധ്യ അമേരിക്കയിലെ നദികളിൽ ധാരാളമായി കാണപ്പെടുന്ന ഈ ഇനത്തിലെ ആൺ മത്സ്യങ്ങളുടെ ചിറകുകൾ നീല, ചുവപ്പ്, ഓറഞ്ച്, കറുപ്പ് എന്നീ നിറങ്ങളിലുള്ള വരകളാൽ അലംകൃതമാണ്.

ഗർഫ് ഡാർട്ടർ

താരതമ്യേന വലിപ്പം കൂടിയ ആൺമത്സ്യങ്ങൾ ഒരു പ്രത്യേക പ്രദേശം അവയുടെ സ്വൈരവിഹാരരംഗമായി തിരഞ്ഞെടുക്കുന്നു. ഈ പ്രദേശത്തേക്കു കടക്കാൻ മറ്റ് ആൺ മത്സ്യങ്ങൾ നടത്തുന്ന എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്താൻ ഇവ ആവേശകരമായ ചെറുത്തുനിൽപു നടത്താറുണ്ട്. എന്നാൽ ഈ പ്രദേശത്തേക്കു കടന്നു വരുന്ന പെൺമത്സ്യങ്ങളെ ആട്ടിയോടിക്കാൻ ആൺ മത്സ്യം ശ്രമിക്കാറില്ല; അവിടെ വസിക്കാൻ അവയെ അനുവദിക്കാറുമുണ്ട്. ഇത്തരത്തിൽ കടന്നു വന്നു താമസിക്കുന്ന പെൺ മത്സ്യങ്ങൾ നദിയുടെ അടിത്തട്ടിൽ ചെറു പാത്രത്തിന്റെ ആകൃതിയിലുള്ള കൂടു നിർമ്മിക്കുന്നു. മുട്ടകൾ പുറത്തേക്കു വരുന്ന സമയത്തു ഇവ കൂടിനുള്ളിൽ അമർന്നിരിക്കും. ആൺ മത്സ്യങ്ങൾ ബീജദാനം നടത്തി മുട്ടകൾ വിരിയാൻ സഹായിക്കുന്നു. അതോടൊപ്പം തന്നെ പശപോലെയുള്ള ഒരു തരം ദ്രാവകത്താൽ ഇവ മുട്ടകളെ പൊതിയുന്നു. ഇത്തരത്തിലുള്ള ആവരണം ഉള്ളതിനാൽ മുട്ടകൾ കല്ലുകളിൽ ഒട്ടിച്ചേർന്നും ചിലപ്പോൾ കല്ലുകളിൽ നിന്നു തുക്കിയിട്ടപോലെയും കാണപ്പെടാറുണ്ട്. ഒഴുക്കിൽപ്പെട്ട് മുട്ടകൾ ചിതറിപ്പോകാതിരിക്കാനും ഈ പ്രക്രിയ സഹായകമാണ്. എങ്കിലും നദിയിലെ പ്രതികൂല ഭൗതിക സാഹചര്യങ്ങളോടും മാംസഭോജികളായ ഇതര മത്സ്യങ്ങളോടും മല്ലടിച്ചാണ് ഇവ വളർച്ച പ്രാപിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ ഇവയുടെ നിലനിൽ‌പ്പിനെ ദോഷമായി ബാധിക്കുന്നതായി മത്സ്യഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാർട്ടർ മത്സ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡാർട്ടർ_മത്സ്യം&oldid=2283003" എന്ന താളിൽനിന്ന് ശേഖരിച്ചത്