ഒരു ടെറിയർനായ ഇനം. വലിപ്പം കുറഞ്ഞ ഇത്തരം നായ്ക്കൾ അസാമാന്യമായ കഴിവും വിവേകവും വൈദഗ്ദ്ധ്യവും പ്രകടിപ്പിക്കുന്നവയാണ്. ഇവയ്ക്ക് 20-28 സെ. മീ. ഉയരവും, എട്ടു കി.ഗ്രാം വരെ ഭാരവുമുണ്ടായിരിക്കും. ശരീരം നീളം കുറഞ്ഞതും ബലമുള്ളതുമാണ്. ശരീരത്തിലെ രോമങ്ങൾ പരുഷവും എളുപ്പത്തിൽ പൊട്ടിപ്പോകുന്നതുമാണ്. തല വലിപ്പം കൂടിയതും ഗോളാകാരത്തിലുള്ളതുമായിരിക്കും. തലയിൽ ഇളം കറുപ്പോ തവിട്ടോ നിറത്തിൽ സിൽക്കു പോലുള്ള മൃദുരോമങ്ങളാണുള്ളത്.
സ്കോട്ട്ലൻഡിനുംഇംഗ്ലണ്ടിനും ഇടയ്ക്കുള്ള ഭൂപ്രദേശങ്ങളിലെവിടെയെങ്കിലുമായിരിക്കാം ഈ ഇനം ടെറിയറുകളുടെ ജന്മദേശമെന്ന് കരുതപ്പെടുന്നു. 1600 കളിൽ ചെറുജന്തുക്കളെ വേട്ടയാടാനായിരുന്നു ഇവയെ ഉപയോഗപ്പെടുത്തിയിരുന്നത്[1]. വളരെ ശൗര്യമുള്ള ഇത്തരം ടെറിയറുകൾ യാതൊരു പ്രതിബന്ധങ്ങൾക്കും വഴങ്ങാത്ത സ്വഭാവ സവിശേഷതയുള്ളവയാണ്. ഇവയെ പ്രേരിപ്പിച്ചാൽ മറ്റു ജന്തുക്കളോട് ഇവ വളരെ ശക്തമായി പോരാടും. സാധാരണയായി കുറുക്കനെയും മറ്റും വേട്ടയാടാൻ ഇവയെ ഉപയോഗിച്ചുവരുന്നു. ഇവയെ വളർത്തു നായ്ക്കളായും ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. വലിപ്പം കുറഞ്ഞ ഇത്തരം നായ്ക്കളെ വളർത്താൻ വളരെക്കുറച്ചു സ്ഥലം മാത്രമേ ആവശ്യമുള്ളൂ. ഇത്തരം നായ്ക്കളുടെ അമിത വാത്സല്യവും വിവേകവും അവസരോചിതമായി പെരുമാറാനുള്ള കഴിവും പ്രശംസനീയമാണ്.