ഡാവിഞ്ചി സുരേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാവിഞ്ചി സുരേഷ്
ഡാവിഞ്ചി സുരേഷ്
ജനനം (1974-06-26) ജൂൺ 26, 1974  (49 വയസ്സ്)
കൊടുങ്ങല്ലൂർ, തൃശൂർ ജില്ല, കേരളം
ദേശീയത ഇന്ത്യ
തൊഴിൽശില്പി
വെബ്സൈറ്റ്http://davinchisuresh.com

കേരളത്തിലെ ശില്പികളിൽ ഒരാളാണ് ഡാവിഞ്ചി സുരേഷ്. 1974 ജൂൺ 26 ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു. കേരള കാർട്ടൂൺ അക്കാദമി നിർവ്വാഹസമിതി അംഗം.

ജീവിതരേഖ[തിരുത്തുക]

കൊടുങ്ങല്ലൂർ പുതിയെലത്ത് സ്വദേശി. പി.കെ. സുരേഷ് എന്നതാണ് ശരിയായ പേര്. 'ഡാവിഞ്ചി' എന്നത് പേരിനൊപ്പം പിന്നീട് സ്വീകരിച്ചതാണ്. സഹോദരൻ ഉണ്ണികൃഷ്ണന്റെ ചിത്രകലാ സ്ഥാപനത്തിന്റെ പേരായിരുന്നു ഡാവിഞ്ചി എന്നത്. [1]

കലാ ജീവിതം[തിരുത്തുക]

ഡാവിഞ്ചി സുരേഷ് വളരെ ചെറിയ പ്രായം മുതൽ തന്നെ ശില്പകല അഭ്യസിക്കാൻ ആരംഭിച്ചു. തന്റെ കുട്ടിക്കാലത്ത് ചിത്രരചനയിലായിരുന്നു അദ്ദേഹത്തിനു കൂടുതൽ താല്പര്യം. പിന്നീട് ചിത്രകലയിൽ നിന്ന് ശിൽപകലയിലേക്ക് മാറുകയായിരുന്നു. ജ്യേഷ്ഠനും ചിത്രകാരനുമായ ഉണ്ണികൃക്ഷ്ണനായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗുരു. ആദ്യം കളിമണ്ണിലാണ് തൻറെ സൃഷ്ടികൾ ഉണ്ടാക്കുവാൻ അദ്ദേഹം ആരംഭിച്ചത്. [2]

2012-ൽ ഇന്ത്യയുടെ ഉള്ളുലച്ച ‘നിർഭയ’ സംഭവത്തോടെയാണ് കലയിലൂടെ തന്റെ പ്രതികരണങ്ങൾ സമൂഹത്തെ അറിയിക്കുന്ന രീതി സുരേഷ് തുടങ്ങിയത്. അഴീക്കോട് മുനക്കൽ ബീച്ചിൽ 50 അടി നീളത്തിൽ മണൽശില്പം ഒരുക്കിയായിരുന്നു ഡാവിഞ്ചി സുരേഷ്, ആ പെൺകുട്ടി അനുഭവിച്ച ദുരിതത്തിന്റെ ആഴം ആവിഷ്കരിച്ചത്. മുല്ലപ്പെരിയാർ നിറഞ്ഞുകവിഞ്ഞപ്പോഴും സുരേഷ്, മുനക്കൽ ബീച്ചിൽ മണൽ ശില്പം നിർമിച്ചു. അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ ആദിവാസി യുവാവായ മധുവിന്റെ ശിൽപ്പം നിർമ്മിച്ചാണ് ഡാവിഞ്ചി സുരേഷ് പ്രശസ്തിയിലേക്ക് ഉയർന്നത്. ഒരു കലാകാരൻ തന്റെ സമൂഹത്തിൽനിന്നും ചരിത്രത്തിൽ നിന്നും കേട്ടുകേൾവികളിൽ നിന്നും ആവോളം പ്രചോദനം ഉൾക്കൊള്ളുന്നു എന്നതിനുള്ള തെളിവുകൂടിയായി ഈ ശില്പം. [3]

ഇരുപതോളം ഗാനങ്ങൾ എഴുതി സംഗീതം നൽകി. അഞ്ചു ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കുകയും ആൽബങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. നാല് സിനിമകളിൽ കലാസംവിധാനം നിർവഹിച്ചു. ഏഷ്യാനെറ്റിലെ സിനിമാല കോമഡി ഷോകളിൽ കലാ സംവിധായകനും അഭിനയിതാവുമായി ഗൾഫ് താര ഷോകളിലും പ്രഫഷണൽ നാടകങ്ങളിലെയും സാങ്കേതിക ശില്പകലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശില്പകലയെ ആധുനിക സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കി മുപ്പതടി വരെ വലിപ്പമുള്ള വലിയ ഭീമാകാര ശില്പങ്ങൾ കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

പ്രമാണം:Davinchi Suresh1.jpg
ഡാവിഞ്ചി സുരേഷ് ചിത്രീകരണത്തിനിടെ

പ്രശസ്തമായ ശില്പങ്ങൾ[തിരുത്തുക]

  • നിർഭയ സംഭവത്തിൽ പ്രതിഷേധിച്ച് തീർത്ത മണൽശില്പം.
  • ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയതിനെതിരെ മധുവിന്റെ ശിൽപ്പം.
  • പ്രളയത്തെ അതിജീവിച്ച മലയാളക്കരയ്ക്കായി തീർത്ത പ്രളയ ശിൽപം.
  • കത്വ പെൺകുട്ടിയുടെ കളിമൺ ശില്പം.
  • ഒടിയൻ സിനിമയ്ക്കായി നിർമ്മിച്ച ഒടിയൻ ശില്പങ്ങൾ.
  • ചാലക്കുടിയിൽ സ്ഥാപിച്ചിരിക്കുന്ന കലാഭവൻ മണിയുടെ പ്രതിമ. [4]

ചിത്രരചനാ സങ്കേതം[തിരുത്തുക]

വൈവിധ്യമായ ചിത്ര രചനാ സങ്കേതങ്ങൾ ഉപയോഗിച്ചുള്ള ചിത്രരചനയ്ക്ക് പേരുകേട്ട വ്യക്തിയാണ് ഡാവിഞ്ചി സുരേഷ്. ത്രിമാനസ്വഭാവം ഉള്ള ചിത്രങ്ങൾ, ഒപ്ടിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ, വെള്ളത്തിനു മുകളിലെ ചിത്രരചന, അഗ്നി ഉപയോഗിച്ചുള്ള ചിത്രരചന, മെഴുകുതിരി പുക ഉപയോഗിച്ചുള്ള ചിത്രംവര, അടുക്കള പാത്രങ്ങൾ ഉപയോഗിച്ചുള്ള ചിത്രംവര, അൻപതോളം വിവിധ മീഡിയങ്ങളിൽ ചിത്രരചന തുടങ്ങിയ വേറിട്ട രീതിയിൽ ചിത്രങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. [5]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2011 -ലെ നവഭാവനാ പുരസ്കാരം ഡാവിഞ്ചി സുരേഷിനു ലഭിച്ചു.
  • ആദർശ ദേവശില്പി പുരസ്‌കാരം.
  • ജെ സി ഐ യുടെ കലാസപര്യ പുരസ്‌കാരം.
  • ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതിയുടെ പുരസ്കാരം.
  • മാളയിലെ ലീഡർ സ്ക്വയറും കെ കരുണാകരൻറെ വെങ്കല പ്രതിമയും നിർമിച്ചതിന് മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചിട്ടുണ്ട്.
  • പ്രളയ സ്മാരകശില്പം ചെയ്തതിന് നിയമസഭാ സപീക്കറുടെയും ലളിതകലാ അക്കാദമിയും സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. [6]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി തൃശ്ശൂർ എഡിഷൻ Apr 15, 2018 ന് പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്നും ശേഖരിച്ചത്. [1] Archived 2019-07-01 at the Wayback Machine.
  2. മാതൃഭൂമി തൃശ്ശൂർ എഡിഷൻ Feb 24, 2018 ന് പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്നും ശേഖരിച്ചത്. [2]
  3. 'സമയം' വാർത്താ പത്രികയിൽ നിന്നും ശേഖരിച്ചത്. [3]
  4. 2017 August 10 ലെ ഏഷ്യാനെറ്റ് വാർത്തയിൽ നിന്നും ശേഖരിച്ചത്. [4]
  5. വേറിട്ട ചിത്രരചനാ രീതികൾ [5]
  6. മാതൃഭൂമി തൃശ്ശൂർ എഡിഷൻ Feb 24, 2018 ന് പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്നും ശേഖരിച്ചത്. [6]

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഡാവിഞ്ചി_സുരേഷ്&oldid=3804872" എന്ന താളിൽനിന്ന് ശേഖരിച്ചത്