ഡാലസ് ബയേഴ്സ് ക്ലബ്
ഡാലസ് ബയേഴ്സ് ക്ലബ് | |
---|---|
നിർമ്മാണം | റോബി ബ്രെന്നർ നഥാൻ റോസ്സ് രേച്ചൽ റോത്ത്മാൻ |
തിരക്കഥ | ക്രെയ്ഗ് ബോർട്ടൻ മെലീസാ വാലക്ക് |
അഭിനേതാക്കൾ | മാത്യു മക്കോനഹെയ് ജെന്നിഫർ ഗാർനർ ജെയേർഡ് ലെറ്റോ |
ഛായാഗ്രഹണം | യുവസ് ബിലാങ്കർ |
ചിത്രസംയോജനം | മാർട്ടിൻ പെൻസാ ജീൻ-മാർക്ക് വാലീ |
സ്റ്റുഡിയോ | ട്രൂത്ത് എന്റർടെയ്ന്മെന്റ് വോൾട്ടേജ് പിക്ചേഴ്സ് |
വിതരണം | ഫോക്കസ് ഫീച്ചേഴ്സ്[1] |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ്. |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $5 ദശലക്ഷം[2] |
സമയദൈർഘ്യം | 116 മിനിറ്റ്[3] |
ആകെ | $16,718,640[4] |
ജീൻ-മാർക്ക് വാലീ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് ഡാലസ് ബയേഴ്സ് ക്ലബ്. ടെക്സാസിലേക്ക് നിയമാനുമതിയില്ലാത്ത മരുന്നുകൾ കടത്തി വിറ്റിരുന്ന റോൺ വുഡ്റൂഫ് എന്ന എയ്‌ഡ്‌സ് രോഗിയുടെ യഥാർത്ഥജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രത്തിൽ മാത്യു മക്കോനഹെയ്, ജെയേർഡ് ലെറ്റോ, ജെന്നിഫർ ഗാർനർ തുടങ്ങിയവർ അഭിനയിച്ചു.
നിരൂപകപ്രശംസ നേടിയ ഈ ചിത്രത്തിലെ അഭിനയത്തിന് മാത്യു മക്കോനഹെയ്, ജെയേർഡ് ലെറ്റോ എന്നിവർക്ക് സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ്, ഗോൾഡൻ ഗ്ലോബ് അവാർഡുകൾ ലഭിച്ചു. കൂടാതെ വിവിധ വിഭാഗങ്ങളിലായി ആറ് അക്കാഡമി അവാർഡ് നോമിനേഷനുകളും ലഭിച്ചു.
അഭിനേതക്കളും കഥാപാത്രങ്ങളും
[തിരുത്തുക]- മാത്യു മക്കോനഹെയ്: റോൺ വുഡ്റൂഫ്
- ജെന്നിഫർ ഗാർനർ: ഡോ. ഈവ് സാക്ക്സ്
- ജെയേർഡ് ലെറ്റോ: റയോൺ
- സ്റ്റീവ് സാൻ: ടക്കർ
- ഡാലസ് റോബർട്ട്സ്: ഡേവിഡ് വെയ്ൻ
- മൈക്കൽ ഒനീൽ: റിച്ചാർഡ് ബാർക്ക്‌ലി
- ഡെന്നിസ് ഒഹാരെ: ഡോ. സിവാർഡ്
- ഗ്രിഫിൻ ഡൺ: ഡോ. വാസ്
ഇതിവൃത്തം
[തിരുത്തുക]1985-ൽ ഡാലസിൽ റോൺ വുഡ്റൂഫ്(മാത്യു മക്കോനഹെയ്) എന്ന ഇലക്ട്രീഷ്യൻ എച്ച്.ഐ.വി ബാധിതനാകുന്നു. ജീവിതം 30 ദിവസം കൂടി മാത്രമെന്ന് വിധിയെഴുതപ്പെട്ട വുഡ്റൂഫിനെ കുടുംബവും സുഹൃത്തുക്കളും കൈയൊഴിയുന്നു. ആശുപത്രിയിൽ വച്ച് എയിഡ്സ് രോഗികളുടെ ആയുസ്സ് നീട്ടാൻ കഴിയുന്ന 'എ.സെഡ്.റ്റി' എന്ന മരുന്നിനെ കുറിച്ച് ഡോ. ഈവ് സാക്സ്(ജെന്നിഫർ ഗാർനർ) വുഡ്റൂഫിനോട് പറയുന്നു. എന്നാൽ പരീക്ഷണദശയിലായതിനാൽ ഈ മരുന്ന് പകുതി രോഗികൾക്ക് മാത്രമേ ലഭ്യമാകൂ.
വുഡ്റൂഫ് ഒരു ആശുപത്രിജീവനക്കാരനെ സ്വാധീനിച്ച് 'എ.സെഡ്.റ്റി' തനിക്കും ലഭ്യമാക്കുന്നുവെങ്കിലും, ഇത് കഴിച്ച് തുടങ്ങുന്നതോടെ തന്റെ ആരോഗ്യനില കൂടുതൽ മോശമാകുന്നതായി തിരിച്ചറിയുന്നു. കൂടുതൽ മരുന്നിനായി ഒരു മെക്സിക്കൻ ആശുപത്രിയിലെത്തുന്ന വുഡ്റൂഫ് ഡോ. വാസ്സിനെ(ഗ്രിഫിൻ ഡൺ) കാണുന്നു. എ.സെഡ്.റ്റി ഒരു വിഷമാണെന്ന് പറയുന്ന ഡോ. വാസ്സ് വുഡ്റൂഫിൻ 'ഡി.ഡി.സി'യും 'പെപ്റ്റൈഡ് റ്റി' എന്ന പ്രോട്ടീനും നിർദ്ദേശിക്കുന്നു. അമേരിക്കയിൽ അനുമതിയില്ലാത്ത ഈ മരുന്നുകൾ കഴിച്ച് 3 മാസത്തോടെ ആരോഗ്യനില വളരെ മെച്ചപ്പെട്ട വുഡ്റൂഫ് ഈ മരുന്നുകളുടെ അനധികൃത വില്പനക്കുള്ള സാധ്യതകൾ മനസ്സിലാക്കുന്നു.
ഒരു പുരോഹിതനായി നടിച്ച് മെക്സിക്കോയിൽ നിന്നും സ്വകാര്യാവശ്യത്തിനെന്ന പേരിൽ മരുന്നുകൾ കടത്തി വുഡ്റൂഫ് തെരുവുകളിൽ വില്പനയാരംഭിക്കുന്നു. റയോൺ(ജെയേർഡ് ലെറ്റോ) എന്ന എച്ച്.ഐ.വി ബാധിതയായ ഹിജഡയുമായി ചേർന്ന് വുഡ്റൂഫ് ആരംഭിക്കുന്ന, 400 ഡോളർ അംഗത്വ ഫീസ് ഈടാക്കുന്ന, 'ഡാലസ് ബയേഴ്സ് ക്ലബ്' വളരെപ്പെട്ടെന്ന് പ്രചാരം നേടുന്നു. ഇതിനകം 'എ.സെഡ്.റ്റി'-യുടെ ദൂഷ്യഫലങ്ങൾ തിരിച്ചറിഞ്ഞ ഡോ. സാക്സ് ആ മരുന്ന് തടയുവാൻ ശ്രമിക്കുന്നുവെങ്കിലും 'എ.സെഡ്.റ്റി' പരീക്ഷണം തുടരണമെന്ന് ഡോ. സീവാർഡ്(ഡെന്നിസ് ഒഹാരെ) ഡോ. സാക്സിനോട് പറയുന്നു. വുഡ്റൂഫിന്റെ ശ്രമങ്ങൾക്ക് ഒരു നല്ല വശമുണ്ടെന്ന് കണ്ട ഡോ. സാക്സ് വുഡ്റൂഫുമായി സൗഹൃദത്തിലാകുന്നു.
എഫ്.ഡി.എ ഉദ്യോഗസ്ഥനായ റിച്ചാർഡ് ബാർക്ക്‌ലി(മൈക്കൽ ഒനീൽ) 'ഡാലസ് ബയേഴ്സ് ക്ലബ്' റെയ്ഡ് ചെയ്യുകയും വുഡ്റൂഫിന് പിഴ ചുമത്തുകയും ചെയ്യുന്നു. ക്ലബ്ബിന്റെ വരുമാനമില്ലാതായതോടെ റയോൺ പണത്തിനായി തന്റെ ലൈഫ് ഇൻഷുറൻസ് പോളിസി വിൽക്കുന്നു. ഈ പണവുമായി മെക്സിക്കോയിൽ പോയി 'പെപ്റ്റൈഡ് റ്റി' വാങ്ങിവരുന്ന വുഡ്റൂഫിനെ കാത്തിരിക്കുന്നത് ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും എ.സെഡ്.റ്റി ചികിൽസ നൽകപ്പെടുകയും ചെയ്ത റയോണിന്റെ മരണ വാർത്തയാണ്. ഡാലസ് ബയേഴ്സ് ക്ലബ്ബുമായി തന്റെ രോഗികളെ പരിചയപ്പെടുത്തിയതിന്റെ പേരിൽ ഡോ. സാക്സ് ആശുപത്രിയിൽ നിന്ന് പുറത്താക്കപ്പെടുന്നു. പെപ്റ്റൈഡ് റ്റിയുടെ ലഭ്യത കൂടുതൽ ദുഷ്ക്കരമായതോടെ വുഡ്റൂഫ് തനിക്ക് 'പെപ്റ്റൈഡ് റ്റി' ഉപയോഗിക്കുവാനുള്ള നിയമാവകാശം തേടി എഫ്.ഡി.എ-യ്ക്കെതിരെ കോടതിയിലെത്തുന്നു. വുഡ്റൂഫിനോട് അനുഭാവം പ്രകടിപ്പിച്ച ന്യായാധിപൻ തന്റെ നിയമപരമായ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുന്നു.
അവലംബം
[തിരുത്തുക]- ↑ "Focus Features Acquires HIV/AIDS Drama ‘Dallas Buyers Club’ Starring Matthew McConaughey." Deadline.com (April 22, 2013).
- ↑ Gray, Tim (December 2, 2013). "ഡയറക്റ്റേഴ്സ് ദെയർ ടീംസ്: ജീൻ-മാർക്ക് വാലീ ടോക്ക്സ് 'ഡാലസ് ബയേഴ്സ് ക്ലബ്'". Variety. Retrieved January 3, 2014.
- ↑ "ഡാലസ് ബയേഴ്സ് ക്ലബ് (15)". Entertainment One. British Board of Film Classification. December 4, 2013. Archived from the original on 2016-03-07. Retrieved December 8, 2013.
- ↑ "Dallas Buyers Club". Box Office Mojo. Retrieved January 7, 2014.