ഡയാറ്റമുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡയാറ്റമുകൾ
Marine diatoms
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
കിങ്ഡം:
Phylum:
Class:
Bacillariophyceae

Haeckel 1878
Orders

വ്യാവസായിക പ്രാധാന്യമുള്ള ഒരിനം ആൽഗയാണ് ഡയാറ്റമുകൾ.ബാസില്ലാരിയോ- ഫൈസി (Bacillariophyceae) കുടുംബത്തിൽപ്പെടുന്നു. ശുദ്ധജലത്തിലും സമുദ്രജലത്തിലും ഈർപ്പമുള്ള പ്രദേശങ്ങളിലും ഡയാറ്റമുകൾ സമൃദ്ധമായി വളരും. ഇവ ഏകകോശജീവികളായും കോളനികളായും കാണപ്പെടുന്നു. സമുദ്രജലത്തിൽ ജീവിക്കുന്ന ഡയാറ്റമുകൾ പാറകളിൽ പറ്റിപ്പിടിച്ചോ, ചുവന്ന ആൽഗകളിലും തവിട്ടു ആൽഗകളിലും മറ്റും അധിജീവി സസ്യങ്ങളായോ ജീവിക്കുന്നു. ചിലയിനങ്ങൾ പ്ലവകങ്ങളാണ്. പുറം കടലിലെ എല്ലാ ജന്തുക്കളുടേയും പ്രധാന ഭക്ഷണം ഡയാറ്റമുകളാണ്.

വർഗീകരണം[തിരുത്തുക]

കോശഭിത്തിയുടെ ഘടനയെയും അലങ്കാരങ്ങളെയും ആസ്പദമാക്കിയാണ് ഡയാറ്റമോളജിസ്റ്റുകൾ ഈ വിഭാഗത്തിന്റെ വർഗീകരണം നടത്തിയിരിക്കുന്നത്. കോശഭിത്തിയും അതിനുള്ളിലെ പ്രോട്ടോപ്ലാസ്റ്റുമുൾപ്പെട്ടതാണ് ഫ്റസ്റ്റ്യൂൾ(frustule).[1] കോശഭിത്തിക്ക് പരസ്പരം യോജിപ്പിക്കപ്പെട്ടിട്ടുള്ള രണ്ട് അതിവ്യാപിത പകുതികളുണ്ട്; പുറമേയുള്ള എപ്പിത്തീക്കയും അകത്തുള്ള ഹൈപ്പോത്തീക്കയും. രണ്ട് പകുതികൾക്കും സിലിക്കാമയമായ ഭാഗത്ത് പരന്നതെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഓരോ വാൽവ് ഉണ്ടായിരിക്കും. ഈ വാൽവിന് നീളം കൂടി വീതി കുറഞ്ഞ റാഫേ (Raphe)[2] എന്നറിയപ്പെടുന്ന ഒരു സുഷിരം കാണപ്പെടുന്നു. രണ്ടു പകുതികളും തമ്മിൽ യോജിക്കുന്ന ഭാഗമാണ് കണക്ടിങ്ങ് ബാൻഡ്. എപ്പിത്തീക്കയുടെ കണക്ടിങ്ങ് ബാൻഡ് ഹൈപ്പോത്തീക്കയെ അതിവ്യാപനം ചെയ്യുന്ന ഭാഗത്തായാണ് രണ്ടു ബാൻഡുകളും ഒത്തു ചേരുന്നത്. ഈ ഭാഗം ഗർഡിൽ (girdle)[3] എന്നറിയപ്പെടുന്നു. ഒരു വാൽവിൽ നിക്ഷേപിക്കപ്പെടുന്ന സിലിക്കാമയ വസ്തു ഓരോ ജീനസ്സിനും സ്പീഷീസിനും സവിശേഷമായിരിക്കും. വാൽവിന്റെ അലങ്കരണമനുസരിച്ച് സെൻട്രേലിസ് (Centrales), പെന്നേലിസ് (Pennales),[4] എന്നിങ്ങനെ ഡയാറ്റമുകൾ തരം തിരിക്കപ്പെട്ടിരിക്കുന്നു. സെൻട്രേലിസിൽ ഒരു കേന്ദ്രബിന്ദുവിനു ചുറ്റും അരീയമായും സമമിതമായും ക്രമീകരിച്ചിട്ടുള്ള സിലിക്കാമയ വസ്തുവാണ് കാണപ്പെടുന്നത്. എന്നാൽ പെന്നേലിസിൽ ഇത് ദ്വിപാർശ്വികമായി സമമിതമോ, ഒരു അക്ഷീയ ബാൻഡിനെ ആധാരമാക്കി അസമമിതമോ ആയി ക്രമീകരിച്ചിരിക്കും.

കോശത്തിനുള്ളിൽ കോശഭിത്തിയോട് ചേർന്ന് സൈറ്റോപ്ലാസ സ്തരത്തിൽ മഞ്ഞയോ തവിട്ടോ നിറമുള്ള ക്രോമാറ്റോഫോറുകളുണ്ടായിരിക്കും. സ്പീഷീസുതോറും ക്രോമാറ്റോഫോറുകളുടെ എണ്ണത്തിലും ആകൃതിയിലും വ്യത്യാസമുണ്ടായിരിക്കും. ക്ലോറോഫിൽ 'എ'യ്ക്കും ക്ലോറോഫിൽ 'ബി'യ്ക്കും കരോട്ടിനും പുറമേ ഡയാറ്റ മുകളിൽ മാത്രം കണ്ടുവരുന്ന സാന്തോഫില്ലുകളും ക്രോമാറ്റോഫോറുകളിൽ കാണപ്പെടുന്നു. ക്രോമാറ്റോഫോറുകളിൽ ഒന്നോ അതിലധികമോ പൈറിനോയിഡുകളുണ്ടായിരിക്കും; പൈറിനോയിഡുകൾ ഇല്ലാത്ത അവസ്ഥയും വിരളമല്ല. ക്രോമാറ്റോഫോറുകൾ പ്രകാശ സംശ്ലേഷണ പ്രവർത്തനം മൂലം സംഭരിക്കുന്നത് കൊഴുപ്പ് ആയിരിക്കും. സൈറ്റോപ്ലാസസ്തരത്തിൽ ക്രോമാറ്റോഫോറുകൾ മാത്രമല്ല ഗോളാകാരമോ അണ്ഡാകാരമോ ആയ കേന്ദ്രരിക്തികയുമുണ്ട്.

പ്രത്യുത്പാതനം[തിരുത്തുക]

ഡയാറ്റമുകളുടെ ചലനം കോശങ്ങളിലെ സൈറ്റോപ്ലാസ്മിക പ്രവാഹത്തെ ആശ്രയിച്ചാണിരിക്കുന്നത്. അലൈംഗിക പ്രത്യുത്പാദനം പ്രധാനമായും കായികകോശവിഭജനം മൂലമാണ്; ലൈംഗിക പ്രത്യുത്പാദനവും അപൂർവമല്ല.

കോശവിഭജനം പ്രധാനമായും രാത്രികാലങ്ങളിലാണ് നടക്കാറുള്ളത്. കോശവിഭജനത്തിനു മുമ്പു തന്നെ മാതൃകോശത്തിന്റെ രണ്ടു വാൽവുകളും അല്പം അകന്നുമാറി അവിടെ ചെറിയൊരു വിടവു രൂപംകൊള്ളുന്നു. തുടർന്നു പ്രോട്ടോപ്ലാസം വികസിച്ച് രണ്ടായി വിഭജിക്കപ്പെടുന്നു. ഇതോടൊപ്പം തന്നെ കോശകേന്ദ്രവും രണ്ടു തുല്യഭാഗങ്ങളായി വിഭജിക്കപ്പെടുന്നു. തന്മൂലം വാൽവിന്റെ തലത്തിൽ ഒരു കോശകേന്ദ്രം മാത്രമുള്ള രണ്ടു ഭാഗങ്ങളുണ്ടാകുന്നു. താമസിയാതെ കണക്ടിങ് ബാൻഡുകളുള്ള പുതിയ വാൽവുകൾ പുതിയതായി രൂപം കൊണ്ട പ്രോട്ടോപ്ലാസത്തിനു പുറമേയായി നിക്ഷേപിക്കപ്പെടുന്നു. മാതൃകോശത്തിന്റെ ഹൈപ്പോത്തീക്ക ഒരു പുത്രികാകോശത്തിന്റെ എപ്പീത്തീക്കയായും; എപ്പീത്തിക്ക മറ്റൊരു പുത്രികാകോശത്തിന്റെ എപ്പിത്തീക്കയായും രൂപപ്പെടുന്നു. പുത്രികാകോശങ്ങൾക്ക് പുതിയതായുണ്ടാകുന്ന കോശഭിത്തി എപ്പോഴും ഹൈപ്പോത്തീക്കയായിരിക്കും. കായികകോശവിഭജനം മൂലം വലിപ്പ വ്യത്യസമുള്ള രണ്ടു പുത്രികാ കോശങ്ങളാണുണ്ടാവുക. തുടർച്ചയായ കായിക വിഭജനം ഡയാറ്റമുകളുടെ സന്തതി പരമ്പരകൾക്ക് വലിപ്പക്കുറവു സംഭവിക്കാനിടയാക്കുന്നു.

പെന്നേലിസ് വിഭാഗത്തിൽപ്പെട്ട ഡയാറ്റമുകളിൽ ലൈംഗിക പ്രത്യുത്പാദനം നടക്കുന്നത് അമീബപോലെയുള്ള രണ്ട് ഗാമീറ്റുകൾ സംയോജിക്കുന്നതു (ഐസോഗാമസ്) മൂലമാണ്. അടുത്തടുത്തുള്ള ഒരു ജോടി കോശങ്ങൾ സംയോജിച്ച് ഒരു ദ്വിപ്ലോയിഡ് കോശകേന്ദ്രം രൂപപ്പെടുന്നു. ഈ കോശകേന്ദ്രം മിയോട്ടികമായി വിഭജിച്ചുണ്ടാകുന്ന നാലുഭാഗങ്ങളിൽ രണ്ടെണ്ണം ഗാമീറ്റുകളായിത്തീരുന്നു. മറ്റു രണ്ടും നശിച്ചു പോവുകയും ചെയ്യും.

സെൻട്രേലിസ് ഡയാറ്റമുകളിൽ രണ്ടു ഫ്ലാജല്ലങ്ങളുള്ള പുരുഷബീജം ചലനശേഷിയില്ലാത്ത ഒരു അണ്ഡവുമായി സംയോജിച്ചാണ് ലൈംഗിക പ്രത്യുത്പാദനം നടക്കുന്നത്. അതിനുശേഷം അണ്ഡധാനി (Oogonium)[5] ആയിത്തീരാനുള്ള കോശത്തിനും കോശകേന്ദ്രത്തിനും നീളം വർധിക്കുന്നു. കോശകേന്ദ്രത്തിന്റെ മിയോട്ടിക വിഭജനം മൂലമുണ്ടാകുന്ന ഒരു ഭാഗമൊഴികെ ബാക്കിയെല്ലാം നശിച്ചുപോകുന്നു; അവശേഷിക്കുന്ന ഭാഗം അണ്ഡം ആയിത്തീരുന്നു. സ്പെർമാറ്റോഗോണിയമായി വർത്തിക്കുന്ന കോശം മിയോട്ടികമായി വിഭജിച്ച് നാല് ഒറ്റ ഫ്ലാജല്ലമുള്ള സ്പെർമാറ്റോസോവോയിഡുകളുണ്ടാകുന്നു (spermatozoids).[6] ഇവ അണ്ഡധാനിക്കടുത്തെത്തി ഒരെണ്ണം അണ്ഡവുമായി യോജിക്കുന്നു.

സംയോജനശേഷം യുഗ്മനജം (zygote)[7] വളർന്ന് പൂർണവളർച്ചയെത്തുമ്പോൾ സ്ത്രീകോശത്തിൽ നിന്നു വേർപെട്ട് അത് ഒരു ഓക്സോസ്പോർ (Oxospore)[8] ആയിത്തീരുന്നു. ഈ ഓക്സോസ്പോറിന്റെ സ്രവമാണ് കോശഭിത്തിക്ക് രൂപം നൽകുന്നത്. ഇത്തരത്തിൽ ഓക്സോസ്പോറുകൾ ഉണ്ടാകുന്നതിനാൽ കായികകോശവിഭജനഫലമായുണ്ടാകുന്ന കോശങ്ങളുടെ വലിപ്പ വ്യത്യാസം പ്രകടമാകുന്നില്ല. നോ: ഡയാറ്റമേഷ്യസ് എർത്ത്

അവലംബം[തിരുത്തുക]

  1. http://www.astrographics.com/GalleryPrintsIndex/GP2131.html Diatom Frustule 2
  2. http://medical-dictionary.thefreedictionary.com/Raph%C3%A9 Raphé - definition of Raphé in the Medical dictionary - by the Free
  3. http://popular.ebay.com/clothing-shoes-accessories-/girdle.htm Archived 2011-12-16 at the Wayback Machine. Girdle - Get great deals for Girdle on eBay!
  4. http://www.dipbot.unict.it/sistematica_es/Pennal.html Archived 2012-01-25 at the Wayback Machine. Pennales
  5. http://medical-dictionary.thefreedictionary.com/oogonium oogonium - definition of oogonium in the Medical dictionary - by the ...
  6. http://www.thefreedictionary.com/spermatozoids spermatozoids - definition of spermatozoids by the Free Online ..
  7. http://psychology.about.com/od/zindex/g/def_zygote.htm Zygote - What Is a Zygote
  8. http://botanydictionary.org/auxospore.html auxospore - Dictionary of botany

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയാറ്റമുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡയാറ്റമുകൾ&oldid=3804858" എന്ന താളിൽനിന്ന് ശേഖരിച്ചത്