ഡപ്പകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡപ്പകളി

വടക്കേമലബാറിൽ കണ്ണൂർഭാഗങ്ങളിൽ നിലനിന്നുവന്നിരുന്ന ഒരു നാടൻ കളിയാണു ഡപ്പകളി. നല്ല വ്യായാമം ആവശ്യമായിവരുന്ന ഈ കളി പൊതുവേ ആൺകുട്ടികളാണു കളിച്ചു വരുന്നത്. കണ്ണുർ ജില്ലയുടെ ചിലഭാഗങ്ങളിൽ ഇതിനെ ചട്ടിയേറ് എന്നും മറ്റു ചില സ്ഥലങ്ങളിൽ ചില്ലേറ് എന്നും ഇതിനെ വിളിച്ചു വരുന്നു.[1] കാസർഗോഡ് ജില്ലയിൽ കണ്ടുവരുന്ന ലതി കളിയുടെ ഒരു വകഭേദമാണ് ഈ കളി.

കളിയുടെ നിയമങ്ങളും കളിക്കുന്ന വിധവും[തിരുത്തുക]

കുട്ടികൾ‌ ഡപ്പ കളിക്കാൻ‌ ഉപയോഗിക്കുന്ന ഓലപ്പന്ത്

രണ്ടു ടീമായിട്ടാണ് ഇതു കളിച്ചുവരുന്നത്. ഒരു ടീമിൽ ചുരുങ്ങിയത് അഞ്ചു പേരെങ്കിലും ഉണ്ടായിരിക്കണം. പരമാവധി പന്ത്രണ്ട് പേർ വരെ ഒരു ടിമിൽ ആകാവുന്നതാണ്. ടോസ് കിട്ടിയ ടീമണ് പന്തെറിയുക. ക്രിക്കറ്റ് കളിയോട് സാമ്യം പുലർത്തുന്ന ഈ കളിയിൽ ഉപയോഗിക്കുന്ന പന്തിനെ ആട്ട എന്നാണു പറയുക. ഓലകൊണ്ട് ഉണ്ടാക്കിയ പന്താണിതിനായി ഉപയോഗിക്കുന്നത്. കുറച്ചകലെ അടുക്കിവെച്ചിരിക്കുന്ന ഓടിൻ (ടയിൽസ്) കഷ്ണങ്ങളെ എറിഞ്ഞുവീഴ്ത്തുകയാണു വേണ്ടത്. ഈ ഓടിൻ കഷ്‌ണങ്ങളെ ഡപ്പ എന്നാണു പടയുക. ഒരാൾക്ക് ആട്ട കൊണ്ട് മൂന്നുപ്രാവശ്യം വരെ എറിയാവുന്നതാണ്. ഡപ്പ മേൽക്കുമേൽ അടുക്കിവെച്ചതിനെ ചട്ടി എന്നു പറയുന്നു. ചട്ടിക്കു പുറകിലായി ഒരു കീപ്പർ നിൽക്കുന്നുണ്ടാവും. ആട്ട നിലത്തുകുത്തി, ആദ്യത്തെ ചാട്ടത്തിൽ തന്നെ കീപ്പർ അതു പിടിക്കുകയാണെങ്കിൽ പിന്നീട് എറിഞ്ഞ ആൾക്ക് അവസരം നഷ്‌ടപ്പെടുന്നു.

ചട്ടി എറിഞ്ഞ് വീഴ്ത്തിക്കഴിഞ്ഞാൽ പിന്നീട് ഇവർ ഈ കളിക്കളത്തിൽ ചിതറി ഓടുകയും എതിർ ടീം ഇവരെ ആട്ടകൊണ്ട് എറിഞ്ഞ് കൊള്ളിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പന്തെറിഞ്ഞു കൊള്ളിക്കുന്നതിനും ഉണ്ട് നിയമങ്ങൾ. കാൽ മുട്ടിനു താഴെവരുന്ന ഭാഗത്തും തലയിലും എറിയാൻ പാടില്ല. ഈ സമയത്ത് ഏറ് കൊള്ളാതെ, ഡപ്പ വീഴ്ത്തിയവർ തന്നെ അതു മുഴുവൻ പഴയ അവസ്ഥയിൽ പെറുക്കി വെക്കണം. അങ്ങനെ പെറുക്കി വെച്ചുകഴിഞ്ഞാൽ ഉച്ചത്തിൽ ഡപ്പ എന്നു വിളിക്കുന്നു. അങ്ങനെ എതിർടീമിന്റെ പന്തേറ് കൊള്ളാതെ ഡപ്പ മുഴുവൻ പെറുക്കിവെച്ച് പൂർവസ്ഥിതിയിൽ ആക്കിക്കഴിഞ്ഞാൽ മറ്റേ ടീമിന് ഒരു കടം ആകും. ഇങ്ങനെയാണു സാധാരണ നിലയിൽ ഡപ്പ കളിക്കുന്നത്.എതിർ ടീമിന്റെ പന്തേറ് ടീമിലെ ആർക്കെങ്കിലും കൊണ്ടുകഴിഞ്ഞാൽ ആ ടീം കളിയിൽ നിന്നും പുറത്തായി. പിന്നെ മറ്റേ ടീം ആട്ടയേറ് നടത്തുന്നു. കൗശലപൂർവ്വം ഒഴിഞ്ഞ് മാറാൻ ഉള്ള കഴിവും വേഗതയും ഡപ്പ തിരിച്ച് വെക്കാനുള്ള ശ്രദ്ധയും ഒക്കെ ഈ കളിയിൽ വളരെ പ്രധാനമാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കണ്ണൂർ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിൽ നിടുവാലൂർ എന്ന സ്ഥലത്ത് സ്കൂൾ അദ്ധ്യാപകനായ ബിജുവുമായി വിക്കിപ്രവർത്തകൻ നടത്തിയ അഭിമുഖസംഭാഷണം
"https://ml.wikipedia.org/w/index.php?title=ഡപ്പകളി&oldid=2904433" എന്ന താളിൽനിന്ന് ശേഖരിച്ചത്