ഡക്കാൻ കാർഷിക പ്രക്ഷോഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1875-ൽ പൂണേ, അഹ്മദ്നഗർ പ്രദേശങ്ങളിലെ കർഷകർ നടത്തിയ പ്രക്ഷോഭമാണ് ഡക്കാൻ കലാപം അഥവാ പ്രക്ഷോഭം എന്നറിയപ്പെടുന്നത്. ഇത് ഭൂവുടമകൾക്കോ സർക്കാറിനോ എതിരായ സമരമായിരുന്നില്ല. കടബാദ്ധ്യത താങ്ങാനാവാതെ വന്ന കർഷകർ, അമിത പലിശ ഈടാക്കി പൈസ കടം നല്കിയിരുന്ന ഹുണ്ടിയൽ വ്യാപാരികൾക്കെതിരെ ശബ്ദമുയർത്തിയതായിരുന്നു. [1]

പശ്ചാത്തലം[തിരുത്തുക]

ബോംബെയടക്കമുള്ള ഡക്കാൻ പ്രവിശ്യ പൂർണ്ണമായും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിൽ വന്നത് 1818-ലാണ്.[2]മറാഠ ഭരണ വ്യവസ്ഥയിൽ നികുതി പിരിവും നീതിന്യായവും മാമ്ലത്ദാർ എന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരുന്നു.മാമ്ലത്ദാർ ഗ്രാമമുഖ്യനുമായി ചർച്ചകൾ നടത്തി ഗ്രാമത്തിന് മൊത്തമായുളള നികുതി ചുമത്തി. ഗ്രാമമുഖ്യൻ കർഷക|ക്കുളള ആളോഹരി നികുതി ക്ലിപ്തപ്പെടുത്തി. [3]പ്രമാണപത്രങ്ങൾ ഗ്രാമത്തിന്റെ മൊത്തമായ നികുതിയേ വരവുവെച്ചുളളു. കമ്പനി ഡക്കാൻ കൈവശപ്പെടുത്തുന്ന സമയത്ത് റെവന്യു വ്യവസ്ഥ ആകപ്പാടെ കുഴഞ്ഞ മറിഞ്ഞു കിടക്കുകയായിരുന്നു. ബോംബേ പ്രസിഡൻസിയുടെ ആദ്യത്തെ ഗവർണ്ണർ എൽഫിൻസ്റ്റൺ റൈത് വാരി സമ്പ്രദായം നടപ്പിലാക്കാൻ താത്പര്യപ്പെട്ടു. ബ്രിട്ടീഷ് കലക്റ്റർമാർ പലേ രീതികളും പരീക്ഷിച്ചു. 1847-ൽ ഗോൾഡ്സ്മിഡ്,വിൻഗേറ്റ്,ഡേവിഡ്സൺ റിപ്പോർട്ടു പ്രകാരമുളള നികുതിപിരിവ് സമ്പ്രദായം നടപ്പിൽ വന്നു. കൃഷിയിടങ്ങൾ അളന്നു തിട്ടപ്പെടുത്തി, വിളയും വളക്കൂറുമനുസരിച്ച് ഒൻപതു വിധത്തിലായി തരം തിരിക്കപ്പെട്ടു. നികുതിയടക്കാനായി പലപ്പോഴും കുടിയാന്മാർക്ക് പലിശക്ക് പണം കടമെടുക്കേണ്ടി വന്നു. തിരിച്ചടക്കാൻ കഴിയാതെ വരുമ്പോൾ മാർവാഡി, കുടിയാന്റെ സ്ഥാവരജംഗമസ്വത്തുക്കൾ കൈയടക്കുമായിരുന്നു.കടപ്പത്രങ്ങൾ തിരിച്ചെടുക്കാനായിട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെന്ന് പറയപ്പെടുന്നു. വലിയതോതിൽ സ്വത്തുനാശവും ജീവനാശവും സംഭവിച്ചു. ഒരു പാടു പേർ അറസ്റ്റിലായി.[1]

ഡക്കാൻ കലാപം റിപ്പോർട്ട്[തിരുത്തുക]

കലാപത്തെക്കുറിച്ച് അനേഷിക്കാൻ ജെ.ബി. റിച്ചി, എ.ലയൺ, എസ്. ലക്ഷ്മീലാൽ എന്നിവരടങ്ങുന്ന മൂന്നംഗ അന്വേഷണക്കമ്മീഷൻ നിയമിക്കപ്പെട്ടു. അതിബൃഹത്തായ ഈ റിപ്പോർട്ടിനു[1] പുറമേ ലക്ഷ്മീലാൽ തന്റെ വ്യത്യസ്തമായ ചില കാഴ്ചപ്പാടുകളടങ്ങുന്ന മറ്റൊരു റിപ്പോർട്ടും സമർപ്പിച്ചു. ഉയർന്ന തോതിലുളള നികുതിനിരക്ക് കുടിയാന്മാരുടെ കടബാദ്ധ്യതകൾ വർദ്ധിക്കുന്നതിന് കാരണമായെന്ന് റിപ്പോർട്ട് അംഗീകരിച്ചു. പക്ഷേ അതോടൊപ്പം കുടിയാന്മാരും ഹുണ്ടികവ്യാപാരികളും തമ്മിലുളള ബന്ധം വഷളാകുന്നതിന് വേറേയും കാരണങ്ങൾ ചൂണ്ടിക്കാട്ടി. ഇതിനൊക്കെപ്പുറമേ ബ്രിട്ടീഷു സർക്കാർ തങ്ങളോട് സഹതാപപൂർവ്വം പെരുമാറുമെന്ന് കർഷകർ കരുതിക്കാണുമെന്നും കമ്മീഷൻ സൂചിപ്പിച്ചു. കർഷകരുടെ കടബാദ്ധ്യതകൾ കുറയ്ക്കാനായി കമ്മീഷൻ പല നിർദ്ദേശങ്ങളും മുന്നോട്ടു വെച്ചു.[1] ഇവയിൽ പലതും പിന്നീട് 1879-ലെ ഡക്കാൻ കാർഷികാശ്വാസ നിയമത്തിലൂടെ പ്രാബല്യത്തിൽ വന്നു [4]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 ഡക്കാൻ കലാപം
  2. Report on the Territories conquered from the Peshwa
  3. പൂണെ ഗസറ്റ്
  4. Deccan Agriculturists' Relief Act 1879