ഠാക്കൂർദാസ് ബംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഗാന്ധിയൻ തത്ത്വചിന്തകനും ഗാന്ധിയൻ സാമ്പത്തികശാസ്ത്രജ്ഞനുമായിരുന്നു ഠാക്കൂർദാസ് ബംഗ് (1917 - 27 ജനുവരി 2013) [1][2]. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഗാന്ധിസം, ഗാന്ധിയൻ തത്ത്വചിന്ത തുടങ്ങിയവയിൽ പഠനങ്ങൾ നടത്തിയിരുന്ന അദ്ദേഹം ഖാദി, സർവോദയ എന്നീ പ്രസ്ഥാനങ്ങളിലും പങ്കുചേർന്നു. പ്രശസ്ത സാമൂഹ്യപ്രവർത്തകനും പത്മശ്രീ ജേതാവുമായ ഡോ. അഭയ് ബംഗ് ഇദ്ദേഹത്തിന്റെ മകനാണ്.

ആദ്യകാലജീവിതം[തിരുത്തുക]

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഗനോരി ഗ്രാമത്തിലാണ് ഠാക്കൂർദാസ് ജനിച്ചത്. പഠനശേഷം അദ്ദേഹം മഹാത്മാഗാന്ധിയുടെ അനുയായികളിലൊരാൾ ആരംഭിച്ച ഒരു കോളേജിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറായി. ഗാന്ധിജിയുടെ ആശ്രമത്തിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള വാർധ ജില്ലയിൽ അദ്ദേഹം താമസിച്ചിരുന്നു. 1942 ൽ ക്വിറ്റ് ഇന്ത്യ മൂവ്മെന്റിൽ പങ്കെടുക്കുകയും രണ്ടു വർഷം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. പ്രൊഫസ്സർ എന്ന നിലയിലും ക്യാമ്പുകൾ സംഘടിപ്പിക്കുകയും ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാരിനോടു പോരാടാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

മഹാത്മാഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ച[തിരുത്തുക]

അമേരിക്കയിൽ സാമ്പത്തിക ശാസ്ത്രപഠനത്തിനായി പോകാൻ തീരുമാനിച്ചപ്പോൾ, മഹാത്മാഗാന്ധിയുടെ അനുഗ്രഹം നേടാൻ ബംഗ് ആഗ്രഹിച്ചു. ആശ്രമം സന്ദർശിക്കുന്നതിനുള്ള കാരണമറിഞ്ഞപ്പോൾ ഗാന്ധിജി ഒരു വാചകം മാത്രം പറഞ്ഞു. "നിങ്ങൾക്ക് സാമ്പത്തികശാസ്ത്രം പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അമേരിക്കയിലേക്ക് പോകരുത്, ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് പോവുക." ഗാന്ധിജിയുമായി നടന്ന കൂടിക്കാഴ്ചയോടെ അദ്ദേഹത്തിന്റെ ജീവിതം പൂർണമായി മാറി. അദ്ദേഹം തന്റെ വിദ്യാർത്ഥികളുമായി ഗ്രാമീണ മേഖലയിലെ കൃഷിയിടങ്ങളിൽ കർഷകരോടൊത്ത് അവരെ പോലെ ജീവിച്ചുകൊണ്ട് സാമ്പത്തികശാസ്ത്രം പഠിച്ചു തുടങ്ങി.

രാഷ്ട്രീയത്തിൽ[തിരുത്തുക]

ഗ്രാമത്തിൽ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് പഠിക്കവേ ഭൂദാൻ, ഗ്രാംദാൻ പ്രസ്ഥാനങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ജയപ്രകാശ് നാരായണന്റെ അനുയായി ആയിരുന്ന അദ്ദേഹം രാജ്യത്തെ മറ്റ് പ്രമുഖ നേതാക്കന്മാരോടൊത്ത് സർവോദയ പ്രസ്ഥാനത്തിൽ ചേർന്നു. 1962 ൽ ഇന്ത്യ-ചൈന യുദ്ധത്തിലും ജയപ്രകാശ് നാരായണന്റെ നിലപാടായ അഹിംസാത്മക പ്രതിരോധത്തെ അദ്ദേഹം പിന്തുണച്ചു. [3][4]

മരണം[തിരുത്തുക]

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 2013 ജനുവരി 27-ന് അന്തരിച്ചു. മരിക്കുമ്പോൾ 95 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. വാർധയിലെ തന്റെ ഫാം ഹൗസിലായിരുന്നു അന്ത്യം. ബംഗ് കുടുംബവസതിയിൽ സംസ്കരിച്ചു[5].

അവാർഡുകൾ[തിരുത്തുക]

  • 1992 ൽ ജമ്‌നാലാൽ ബജാജ് പുരസ്കാരം നേടി.. പത്താമത്തെ രാഷ്ട്രപതി കെ.ആർ. നാരായണൻ അവാർഡ് സമ്മാനിച്ചു.
  • 2012 ൽ നാഗ് ഭൂഷൻ ബഹുമതി നേടി.
  • 2013 ജനുവരിയിൽ സാമൂഹ്യസേവനത്തിന് മഹാരാഷ്ട്ര ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായി.

അവലംബം[തിരുത്തുക]

  1. "Gandhian Thakurdas Bang passes away". Hindustan Times. 2013-01-27. Archived from the original on 2014-12-19. Retrieved 2013-08-01.
  2. http://rajbhavan.maharashtra.gov.in/pdf/%2813.11.2010%29_Speech_at_the_75th_anniversary_of_Mahatma_Gandhi%27s_visit_to_Mathrubhumi.pdf[പ്രവർത്തിക്കാത്ത കണ്ണി]
  3. "Jayaprakash Narayan: A Centenary Volume - Google Books". Books.google.co.in. Retrieved 2013-08-01.
  4. "Gandhi's Peace Army: The Shanti Sena and Unarmed Peacekeeping - Thomas Weber - Google Books". Books.google.co.in. 1988-11-26. Retrieved 2013-08-01.
  5. https://translate.google.co.in/translate?hl=en&sl=mr&u=https://divyamarathi.bhaskar.com/news/MAH-VID-NAG-senior-freedom-fighter-thakurdas-bang-took-his-last-breath-in-wardha-4160712-NOR.html&prev=search
"https://ml.wikipedia.org/w/index.php?title=ഠാക്കൂർദാസ്_ബംഗ്&oldid=3633123" എന്ന താളിൽനിന്ന് ശേഖരിച്ചത്