ടർബിഡിറ്റി പ്രവാഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അവസാദത്തിന്റെയോ അവസാദ മിശ്രിതജലത്തിന്റെയോ സാന്ദ്രതാവ്യതിയാനത്തിന്റെ ഫലമായി രൂപംകൊള്ളുന്ന ഒരു സമുദ്രാന്തര പ്രവാഹം. വൻകരപ്രദേശത്തെ പ്രധാന അപരദന-അവസാദന കാരകമാണ് ടർബിഡിറ്റി പ്രവാഹം. പ്രവർത്തനനിരതമായ വൻകര കളുടെ പ്രാന്തപ്രദേശത്തുള്ള സമുദ്രഗർത്തങ്ങളിലും, നിഷ്ക്രിയ പ്രാന്തങ്ങളിലെ ചരിവുകളിലും, ഉയർന്ന ഭൂഭാഗങ്ങളിലുമാണ് ടർബി ഡിറ്റി പ്രവാഹം ഏറെ സജീവമായി അനുഭവപ്പെടുന്നത്. വൻകരച്ചരിവിന്റെ അറ്റം, അഴിമുഖം, ഡെൽറ്റാമുഖം, കായൽത്തട്ട് എന്നി വിടങ്ങളും ടർബിഡിറ്റി പ്രവാഹത്തിന്റെ നിർഗമന കേന്ദ്രമാകാറുണ്ട്. എന്നാൽ വൻകരച്ചരിവിലെയും മറ്റും അവസാദനിക്ഷേപങ്ങൾക്ക് സംഭവിക്കുന്ന വിസർപ്പണ പ്രക്രിയയുടെ ഫലമായാണ് മുഖ്യമായും ഈ സാന്ദ്രതാപ്രവാഹം രൂപംകൊള്ളുന്നത്. വൻകരച്ചരിവിലെ അവസാദങ്ങൾക്ക് വിസർപ്പണം സംഭവിക്കുന്നതിന്റെ ഫലമായി സംജാതമാകുന്ന പ്രവാഹമോ, അവസാദത്തിന്റെ വൻ നിക്ഷേപം വിതരണം ചെയ്യപ്പെട്ടിട്ടുള്ള ജലപ്രവാഹമോ ആണ് ടർബിഡിറ്റി പ്രവാഹം. ഭൂചലനപ്രകമ്പനം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളും ചിലപ്പോൾ ടർബിഡിറ്റി പ്രവാഹത്തിന്റെ ഉദ്ഭവത്തിന് നിദാനമായേക്കാം.

ടർബിഡിറ്റി പ്രവാഹം ഏറെ സജീവമായിക്കാണുന്ന വൻകരത്തട്ടിലും, വൻകരച്ചരിവിലും ഉള്ള അവസാദനിക്ഷേപങ്ങൾ ഭൂചലനപ്രകമ്പനം മൂലം വ്യാപിക്കുമ്പോൾ അവയിൽ ഭൂരിഭാഗവും സമുദ്രജലത്തിൽ പൊങ്ങിക്കിടക്കുകയും സാന്ദ്രത കൂടിയ അടിത്തട്ടായി പരിവർത്തനം ചെയ്യപ്പെട്ട് താഴേക്ക് പ്രവഹിച്ചു തുടങ്ങുകയും ചെയ്യുന്നു. ഈ പ്രവാഹം വൻകരച്ചരിവിന്റെ അടിത്തട്ടിലെത്തുന്നതോടെ അതിന്റെ വേഗത മന്ദീഭവിക്കുകയും മണൽ ഉൾപ്പെടെയുള്ള സാന്ദ്രത കൂടിയ അവസാദഘടകങ്ങളുടെ നിക്ഷേപം-സബ്മറൈൻ ഫാൻ-രൂപംകൊള്ളുകയും ചെയ്യുന്നു. വൻകരയിലെ നദീജന്യപങ്കാകൃതിയിലുള്ള നിക്ഷേപങ്ങൾക്ക് സമാനമായ 'സബ്മറൈൻ ഫാനു'കളെ മിക്കപ്പോഴും ടർബിഡിറ്റി പ്രവാഹം അതിജീവിക്കാറുണ്ട്. നിക്ഷേപണത്തിന്റെ പാരമ്യത്തിൽ ഇവ സമുദ്രാടിത്തട്ടിൽ വ്യാപിച്ച് 'ടർബിഡൈറ്റ്സ്' എന്ന അവസാദനിക്ഷേപങ്ങൾക്കു ജന്മം നൽകുന്നു.

സമുദ്രാന്തര ഗിരികന്ദരങ്ങളിലെ (submarine canyons) അപരദനപ്രക്രിയയെ നിർവചിക്കുന്നതിനുവേണ്ടിയാണ് ടർബിഡിറ്റി പ്രവാഹത്തെ സംബന്ധിക്കുന്ന പ്രഥമ പരികല്പന നിലവിൽ വന്നത്. ഡച്ച് ഭൂവിജ്ഞാനിയും സമുദ്രഗവേഷകനുമായ ഫിലിപ്പ് ക്യൂനെനൻ ആണ് ആദ്യമായി ടർബിഡിറ്റി പ്രവാഹത്തെ സംബന്ധിക്കുന്ന അടിസ്ഥാനവസ്തുതകൾ ആവിഷ്ക്കരിച്ചത്. ടർബിഡിറ്റി പ്രവാഹത്തിന്റെ അപരദന വാഹകസ്വഭാവത്തെ ആദ്യമായി പഠനവിധേയമാക്കിയതും ക്യൂനെനൻ തന്നെയായിരുന്നു. 1936-ൽ ഇദ്ദേഹം തന്റെ പരീക്ഷണശാലയിൽ ഇതു സംബന്ധിക്കുന്ന ഒരു മാതൃക രൂപകൽപ്പന ചെയ്തു. ടർബിഡിറ്റി പ്രവാഹത്തിന്റെ വേഗതയും പ്രക്ഷുബ്ധതയും നിർണയിച്ച ക്യൂനെനൻ ഈ സാന്ദ്രതാ പ്രവാഹത്തിന് അതു കടന്നുപോകുന്ന മേഖലയെ അപരദന വിധേയമാക്കാനും വലിയൊരളവിൽ അവസാദത്തെ നീക്കം ചെയ്യാനും കഴിയുമെന്നു സിദ്ധാന്തിച്ചു. വൻകരച്ചരിവിൽ മാത്രമല്ല സമുദ്രാടിത്തട്ടിലുടനീളം ടർബിഡിറ്റി പ്രവാഹം പ്രവർത്തനക്ഷമമാണെന്ന് ക്യൂനെനൻ കണ്ടെത്തി.

ഗ്രാൻഡ് ബാങ്ക്സ് (1929), ഓർലിയൻസ്വില്ലെ, അൾജീരിയ (1954) എന്നീ ഭൂചലനങ്ങളുടെ പരിണതഫലമായി സബ്മറൈൻ കേബിളിനുണ്ടായ പൊട്ടൽ ടർബിഡിറ്റി പ്രവാഹത്തെ സാധൂകരിക്കുന്ന നിരവധി തെളിവുകൾ നൽകി. ഭൂചലനത്തിന്റെ ഫലമായി പൊട്ടിയ ഭാഗങ്ങൾക്കിടയിലെ കേബിൾ ടർബിഡിറ്റി പ്രവാഹത്തിൽ ഒലിച്ചുപോകുകയോ, അവസാദത്താൽ മൂടപ്പെടുകയോ ചെയ്തതായി കണ്ടെത്തി.

വൻകരച്ചരിവിന്റെ അടിത്തട്ടിലും അഗാധസമതലത്തിലുമാണ് ടർബിഡിറ്റി പ്രവാഹം അതിന്റെ അവസാദങ്ങൾ നിക്ഷേപിക്കുന്നത്. ശ്രേണീസംസ്തരണ (Graded bedding)മാണ് ടർബിഡിറ്റി പ്രവാഹനിക്ഷേപത്തിന്റെ മുഖ്യസവിശേഷത. സാന്ദ്രത കൂടിയ അവസാദഘടകങ്ങൾ ആദ്യവും, കുറഞ്ഞവ അവസാനവും ശ്രേണീകൃതമായി നിക്ഷേപിക്കപ്പെടുന്നു. അഗാധസമതല നിക്ഷേപങ്ങളിൽ സിൽറ്റിനും ക്ലേയ്ക്കുമായിരിക്കും പ്രാമുഖ്യം. സമുദ്രാന്തര ഗിരികന്ദരങ്ങളിലെ മണൽനിക്ഷേപങ്ങളിൽ ആഴംകുറഞ്ഞ മേഖലയിൽ മാത്രം വസിക്കുന്ന സമുദ്രജീവികളുടെ ജീവാശ്മങ്ങളും കാണാം. സമുദ്രാന്തര ഗിരികന്ദരങ്ങളുടെ അപരദനം, മധ്യ-സമുദ്ര ഗിരികന്ദരളുടെ നിർമിതി, അഗാധസമതലത്തിന്റെ മിനുസപ്പെടുത്തൽ എന്നിവയുടെ മുഖ്യകാരകം കൂടിയാണ് ടർബിഡിറ്റി പ്രവാഹം.


Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടർബിഡിറ്റി പ്രവാഹം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടർബിഡിറ്റി_പ്രവാഹം&oldid=2282959" എന്ന താളിൽനിന്നു ശേഖരിച്ചത്