Jump to content

ടർട്യൂഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോള്യേർ രചിച്ച ഫ്രഞ്ച് നാടകം. പതിനേഴാം നൂറ്റാണ്ടിലെ ഫ്രാൻസിൽ മോള്യേർ തുടങ്ങിവച്ച ഗദ്യനാടക രൂപമായ 'ഫാഴ്സി'ന്റെ ഒരു മാതൃകയാണിത്. പ്രാചീനഗ്രീസിലെ കോമഡി (ശുഭാന്ത നാടകം)യിൽ നിന്നു വ്യത്യസ്തമാണ് ഫാഴ്സ്. മനുഷ്യർക്കിടയിലെ വ്യക്തിഗതമായ ദുർവാസനകളെയും ഹീനപ്രവണതകളെയും നിശിതപരിഹാസത്തിനു വിധേയമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി രചിച്ച ഫാഴ്സുകൾ മോള്യേർ നാടകവേദിയിൽ അവതരിപ്പിക്കുകയും അതൊരു ദൃശ്യനാടകപ്രസ്ഥാനമായി ലോകമെങ്ങും പ്രചരിക്കുകയും ചെയ്തു. വിശ്വാസവഞ്ചനയിലൂടെ കുലീന കുടുംബത്തിന്റെ സ്വത്തും പദവിയും കൈക്കലാക്കി ആ കുടുംബത്തിലെ അംഗങ്ങളെ അനാഥരാക്കുന്ന ചതിയന്മാരുടെ ഹീനമനോഭാവവും തന്ത്രങ്ങളും അനാവരണം ചെയ്യുന്ന നാടകമാണിത്.

ഈ നാടകം 1664-ൽ അരങ്ങേറിയപ്പോൾ അതിനെതിരെ ഭക്തജനങ്ങൾ പ്രതിഷേധിക്കുകയും രാജാവ് നാടകം നിരോധിക്കുകയും ചെയ്തു. 1667-ൽ 'ഇംപോസ്ചർ' എന്ന പേരിൽ ഈ നാടകം വീണ്ടും അവതരിപ്പിച്ചുവെങ്കിലും നിരോധനം തുടർന്നു. 1669-ലാണ് ഈ നിരോധനം പിൻവലിക്കപ്പെട്ടത്.

നായകനായ ടർട്യൂഫ് ഒരു തികഞ്ഞ കാപട്യക്കാരനാണ്. ഭക്തന്റെ പരിവേഷമണിഞ്ഞ് അദ്ദേഹം ഈശ്വരഭക്തനായ ഓർഗോണിന്റെ കുടുംബത്തിൽ കടന്നുകൂടുന്നു. കുടുംബാംഗങ്ങളുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് ഓർഗോൺ തന്റെ മകളെ ടർട്യൂഫിന് വിവാഹം ചെയ്തുകൊടുക്കുകയും സ്വത്തുക്കളെല്ലാം ടർട്യൂഫിന്റെ അധീനതയിലാകുകയും ചെയ്യുന്നു. സ്വന്തം ഭാര്യയായ ഏൽമിറയെ ടർട്യൂഫ് വശീകരിക്കാൻ ശ്രമിക്കുന്നതു കാണുമ്പോഴാണ് ഓർഗോൺ ചതി മനസ്സിലാക്കുന്നത്. പക്ഷെ വീടിന്റെ ഉടമയായി മാറിക്കഴിഞ്ഞ ടർട്യൂഫ് കുടുംബാംഗങ്ങളെ പുറത്താക്കുകയും ഓർഗോണിനെ തടവിലാക്കുകയും ചെയ്യുന്നു. സത്യാവസ്ഥ മനസ്സിലാക്കുന്ന രാജാവ് ടർട്യൂഫിന്റെ വഞ്ചന വെളിപ്പെടുത്തുകയും അദ്ദേഹത്തെ ജയിലിലടയ്ക്കുകയും ചെയ്യുന്നു. ഈ നാടകത്തിലെ വാചാലയായ ഡൊറീൻ എന്ന വേലക്കാരി മോള്യേറുടെ ഒരു മികച്ച കഥാപാത്രസൃഷ്ടിയായി കരുതപ്പെടുന്നു.

ഈ ഭൂമിയിൽ മനുഷ്യന്റെ ദുഷ്പ്രവണതകൾക്ക് പരിധിയില്ലാത്തതിനാലും ആക്ഷേപഹാസ്യത്തിനു ദുഷ്ടശക്തികളെ തിരുത്താൻ കഴിയുമെന്നതിനാലും പരിപാവനത്വം കല്പിച്ച് ഒരു വിഷയവും വിമർശനാതീതമാക്കേണ്ടതില്ലെന്ന് ഈ നാടകത്തിന്റെ അവതാരികയിൽ മോള്യേർ വ്യക്തമാക്കുന്നു.

അവലംബം

[തിരുത്തുക]

അധിക വായനക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Tartuffe എന്ന താളിലുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടർട്യൂഫ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടർട്യൂഫ്&oldid=3633117" എന്ന താളിൽനിന്ന് ശേഖരിച്ചത്