Jump to content

ട്രിമറ്റോഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ട്രിമറ്റോഡ
ട്രിമറ്റോഡ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Subkingdom:
Superphylum:
Phylum:
Class:
Trematoda

Rudolphi, 1808
Subclasses

Aspidogastrea
Digenea

പ്ലാറ്റിഹെൽമിന്തസ് ജന്തു ഫൈലത്തിലെ ഒരു വർഗ്ഗമാണ് ട്രിമറ്റോഡ. ട്രിമറ്റോഡകളെല്ലാം തന്നെ പരാദജീവികളാണ്. ചർമം, ചിറകുകൾ, ദഹനവ്യവസ്ഥ, ശ്വസനവ്യവസ്ഥ, രക്തപരിവഹനവ്യവസ്ഥ, വിസർജനവ്യവസ്ഥ, നാഡീവ്യവസ്ഥ, പ്രത്യുത്പ്പാദനവ്യവസ്ഥ തുടങ്ങി ട്രിമറ്റോഡകൾ ആവാസസ്ഥലമാക്കാത്ത ഭാഗങ്ങൾ ആതിഥേയജീവികളിൽ ഉണ്ടാവില്ലെന്നുതന്നെ പറയാം. മനുഷ്യരിലും ഇവ നിരവധി രോഗങ്ങൾക്ക് ഹേതുവാകാറുണ്ട്.

ശരീരഘടന

[തിരുത്തുക]

ട്രിമറ്റോഡകൾ ശ്രദ്ധേയമായ പരജീവി അനുകൂലനങ്ങൾ ഉള്ളവയാണ്. ദ്വിപാർശ്വ സമമിത ത്രിബ്ലാസ്റ്റിക സീലോം രഹിത ശരീരമാണ് ഇവയ്ക്കുള്ളത്. പ്രത്യേക പരിസഞ്ചാരണാവയവങ്ങളും ശ്വസനാവയവങ്ങളും അസ്ഥിവ്യൂഹവും ഗുദവും ഇവയ്ക്കില്ല. സ്വതന്ത്രാവസ്ഥയിൽ ജീവിക്കുന്ന നാടപ്പുഴുക്കളെപ്പോലെ ഇവയ്ക്ക് ബാഹ്യജ്ഞാനേന്ദ്രിയങ്ങൾ, അധിചർമസീലിയകൾ തുടങ്ങിയവയും ഉണ്ടാവില്ല. പാരൻകൈമ എന്നറിയപ്പെടുന്ന ഒരു സംയോജകകല ഇവയുടെ സീലോം നിറഞ്ഞ് കാണപ്പെടുന്നു.

ട്രിമറ്റോഡകളുടെ ശരാശരി നീളം 2 - 15 മില്ലിമീറ്റർ ആണെങ്കിലും ഫാസിയോള ജൈജാന്റിക്ക പോലുള്ള ഇനങ്ങൾ 8 സെന്റിമീറ്റർ വരെ വളരാറുണ്ട്. ആതിഥേയ ജീവികളുടെ അന്നനാളത്തിനുള്ളിൽ ദഹനപ്രക്രിയകളിൽനിന്നും ട്രിമറ്റോഡകളെ സംരക്ഷിക്കുന്നത് ഉപചർമം കൊണ്ടുള്ള കട്ടിയേറിയ ബാഹ്യാവരണമാണ്. ട്രിമറ്റോഡകളിൽ മിക്കവയ്ക്കും വെളുപ്പ് അല്ലെങ്കിൽ ക്രീം നിറമാണെങ്കിലും ശരീരത്തിനുള്ളിൽ മുട്ടകളും ആതിഥേയ ജീവിയുടെ രക്തവും നിറയുമ്പോൾ ഇവ പലപ്പോഴും ചുവപ്പുകലർന്ന തവിട്ടുനിറത്തിലാവും കാണപ്പെടുക. പൊതുവേ പരന്ന ശരീരമുള്ള ജീവികളാണെങ്കിലും പല ആകൃതിയിലും ഇവയെ കാണാൻ കഴിയും. അസ്ഥികൂടത്തിന്റെ അഭാവവും വികാസം പ്രാപിച്ച പേശീവ്യൂഹവും ആകൃതി ഇടയ്ക്കിടെ മാറ്റാൻ ഇവയെ സഹായിക്കുന്നു.

അന്നനാളം

[തിരുത്തുക]

ട്രിമറ്റോഡകളുടെ സാമാന്യം വികാസം പ്രാപിച്ച അന്നനാളത്തിന് വായ, ഗ്രസനി, ആന്ത്ര-സീക്ക തുടങ്ങിയ ഭാഗങ്ങളുണ്ടായിരിക്കും. പേശീസമ്പുഷ്ടമായ ഗ്രസനി ഭക്ഷ്യ വസ്തുക്കൾ വലിച്ചെടുക്കാൻ ട്രിമറ്റോഡകളെ സഹായിക്കുന്നു. ആന്തരപരജീവികളായ ട്രിമറ്റോഡകളിൽ ഗ്ലൂക്കോസ്, ചില അമിനോഅമ്ലങ്ങൾ തുടങ്ങിയവ ഉപചർമം വഴിയും ആഗിരണം ചെയ്യപ്പെടുന്നുണ്ട്.

വിസർജന അവയവം

[തിരുത്തുക]

ട്രിമറ്റോഡകളുടെ വിസർജന അവയവം പ്രധാനമായും ആദി-വൃക്കകം ആണ്. ഓരോ ആദി-വൃക്കകത്തിലും ജ്വാലാകോശം, ശേഖരണനാളികൾ, സഞ്ചി, വിസർജനരന്ധ്രം എന്നിവയുണ്ട്. ആന്തരപരജീവികളായ ട്രിമറ്റോഡകൾ ഐച്ഛികഅവായുജീവികൾ ആണ്.

നാഡീവ്യവസ്ഥ

[തിരുത്തുക]

ശരീരത്തിന്റെ അഗ്രഭാഗത്ത് കാണപ്പെടുന്ന ഒരു ജോടി മസ്തിഷ്ക ഗുച്ഛികയും അതിൽ നിന്നും ആരംഭിക്കുന്ന അനുദൈർഘ്യ തന്ത്രികാരജ്ജുക്കളുമാണ് നാഡീവ്യവസ്ഥയിലെ പ്രധാന ഭാഗങ്ങൾ. ഇവയുടെ ശരീരത്തിനു പുറത്ത് നിരവധി സംവേദകപാപിലകൾ കാണപ്പെടുന്നു. മിറാസിഡിയ, സെർക്കേറിയ തുടങ്ങിയ ലാർവകളിൽ നേത്രകങ്ങളും ഉണ്ടായിരിക്കും.

സഞ്ചാരം

[തിരുത്തുക]

ആതിഥേയ ജീവികളുടെ ശരീരാവയവങ്ങളിൽ പറ്റിപ്പിടിക്കാൻ ട്രിമറ്റോഡകളെ സഹായിക്കുന്നത് ചൂഷകാംഗങ്ങളും അങ്കുശങ്ങളും ആണ്. എന്നാൽ ഇവ സ്ഥിരമായി ഒരു സ്ഥലത്തു തന്നെ ജീവിച്ചുകൊള്ളണമെന്നില്ല. ആതിഥേയരുടെ മസ്തിഷ്കം, നേത്രങ്ങൾ തുടങ്ങിയ ഭാഗങ്ങളിൽ എത്തിച്ചേരാൻ സ്വഭാവികമായും ട്രിമറ്റോഡകൾക്ക് വളരെയധികം സഞ്ചരിക്കേണ്ടിവരും.

പ്രത്യുല്പാദനം

[തിരുത്തുക]

ട്രിമറ്റോഡകളുടെ ശരീരത്തിൽ ഏറ്റവും വികാസം പ്രാപിച്ചിരിക്കുന്നതും ശരീരത്തിനുള്ളിൽ സിംഹഭാഗവും കയ്യടക്കിയിരിക്കുന്നതും പ്രത്യുത്പാദനവ്യവസ്ഥയാണ്. ഇവ ഉഭയലിംഗ ജീവികളാണെങ്കിലും പരബീജസങ്കലനമാണ് സാധാരണയായി സംഭവിക്കുന്നത്. ഒരു അണ്ഡാശയവും ഒന്നോ അതിലധികമോ വൃഷണങ്ങളുമാണ് ഇവയുടെ ശരീരത്തിൽ സാധാരണയായി കാണപ്പെടുന്നത്. സാധാരണയായി ട്രിമറ്റോഡകൾ അണ്ഡജങ്ങളാണെങ്കിലും ചില ജരായുജങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഷിസ്റ്റോസോമ, ഡിഡിമോസോയിഡേ തുടങ്ങിയ ട്രിമറ്റോഡകൾ ഏകലിംഗ ജീവികളാണ്. ഷിസ്റ്റോസോമയിൽ ആൺജീവികളുടെ ശരീരത്തിൽ അധരവശത്ത് കാണപ്പെടുന്ന ഗൈനികോഫോറിക നാളത്തിലാണ് പെൺജീവികൾ കാണപ്പെടുന്നത്.

പരജീവി അനുകൂലനമെന്ന നിലയിൽ ട്രിമറ്റോഡകളുടെ അണ്ഡോത്പ്പാദനശേഷിയും വളരെ വർധിച്ചിരിക്കുന്നു. പതിനായിരം മുതൽ ഒരു ലക്ഷം വരെ മുട്ടകളാണ് ഒരു പ്രജനന കാലയളവിൽ ഒരു ജീവി ഉത്പാദിപ്പിക്കുന്നത്. ട്രിമറ്റോഡകളുടെ ശരീരത്തിൽ നീളമുള്ള ഗർഭപാത്രവും രണ്ട് സംയുഗ്മ്നകനാലുകളും അനവധി മുട്ടകളും കാണാം. പീതകഗ്രന്ഥി ആണ് പീതകോശങ്ങൾ ഉത്പാദിപ്പിക്കുന്നത്. അവയുടെ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട് അണ്ഡവാഹിനിയും മെഹ്‌ലിയുടെ ഗ്രന്ഥിയും ഉണ്ടാവും. ഇവയ്ക്ക് അണ്ഡരൂപീകരണത്തിലും അണ്ഡകവച ഉത്പാദനത്തിലും പ്രധാന പങ്കാണുള്ളത്.

ട്രിമറ്റോഡകളുടെ ജീവിതചക്രം ലളിതമോ സങ്കീർണമോ ആവാം. ജീവിതചക്രത്തിലും മധ്യസ്ഥപരപോഷികളുടെ (inter mediate) എണ്ണത്തിലും ഓരോ സ്പീഷീസിലും വ്യതിയാനങ്ങൾ ഉണ്ടാവുക പതിവാണ്.

വർഗീകരണം

[തിരുത്തുക]

ട്രിമറ്റോഡ വർഗത്തെ മോണോജീനിയ, ഡൈജീനിയ, ആസ്പിഡോഗാസ്ട്രിയ എന്നിങ്ങനെ മൂന്ന് ഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. പുതിയ വർഗീകരണരീതി അനുസരിച്ച് മോണോജീനിയയെ ഒരു പ്രത്യേക വർഗമായിത്തന്നെ കണക്കാക്കിയിട്ടുണ്ട്.

മോണോജീനിയ

[തിരുത്തുക]

മോണോജീനിയ വിഭാഗത്തിൽപ്പെട്ട ട്രിമറ്റോഡകൾക്ക് ശരീരത്തിന്റെ പിൻഭാഗത്ത് നന്നായി വികാസം പ്രാപിച്ച ഒപിസ്ഥാപ്റ്റർ എന്ന സംലഗനഅംഗം ഉണ്ട്. അങ്കുശങ്ങളും ആസംജകഅംഗങ്ങളുമാണ് ആതിഥേയ ജീവികളുടെ ശരീരത്തിൽ പറ്റിപ്പിടിക്കാൻ ജീവിയെ സഹായിക്കുന്നത്. ഈ ഘടകങ്ങൾ ഇവയുടെ വർഗീകരണത്തിലും പ്രധാനപങ്ക് വഹിക്കുന്നു. മോണോജീനിയയിൽ വായയ്ക്കുചുറ്റും കാണുന്ന മുഖ-ചൂഷകാംഗം അല്പവികസിതമായിരിക്കും. ചിലപ്പോൾ ഈ മുഖ-ചൂഷകാംഗം കാണപ്പെട്ടില്ല എന്നുംവരാം. ലളിതമായ ജീവിതചക്രത്തിൽ മധ്യസ്ഥ പരപോഷികൾ ഉണ്ടാവില്ല. വെള്ളത്തിലെത്തുന്ന പ്രച്ഛദരഹിത മുട്ടകൾ സീലിയ നിറഞ്ഞ ഓങ്കോമിറാസിഡിയം എന്ന ലാർവാദശയിലൂടെ വികാസം പ്രാപിച്ച് കുഞ്ഞുങ്ങളായി മാറുകയാണ് ചെയ്യുന്നത്. പ്രധാനമായും ബാഹ്യപരജീവികളായ ഇവ മത്സ്യങ്ങൾ, ഉഭയജീവികൾ, ജലസസ്തനികൾ, കെഫാലോപോഡകൾ തുടങ്ങിയ ജീവികളിലാണ് കാണപ്പെടുന്നത്.

ആസ്പിഡോഗാസ്ട്രിയ

[തിരുത്തുക]

ആസ്പിഡോഗാസ്ട്രിയ എന്ന വിഭാഗത്തിലെ ട്രിമറ്റോഡകളിൽ വളരെ വികാസം പ്രാപിച്ച ഒരു സവിശേഷ അധരചൂഷകാംഗം കാണപ്പെടുന്നു. ഇത് പല കോഷ്ഠകങ്ങളായി വീണ്ടും വിഭജിച്ചിരിക്കും. ഒറ്റയായി കാണുന്ന ആന്ത്രസീക്കയും വൃഷണവും ഈ ഗോത്രത്തിലെ ട്രിമറ്റോഡകളുടെ മറ്റൊരു പ്രത്യേകതയാണ്. ഇവയുടെ ലളിതമായ ജീവിതചക്രത്തിൽ സീലിയ ഉള്ളതോ ഇല്ലാത്തതോ ആയ കോട്ടൈലോസിഡിയം എന്ന ലാർവയാണ് കാണപ്പെടുന്നത്. മൊളസ്ക്കകളിലും ശീതരക്തകശേരുകികളിലും ആന്തരപരജീവികളായി ഇവയെ കാണാം.

ഡൈജീനിയ

[തിരുത്തുക]

ഡൈജീനിയ എന്ന ഗോത്രത്തിലെ ട്രിമറ്റോഡകളിൽ മിക്കതിനും വികാസം പ്രാപിച്ച മുഖചൂഷകാംഗവും അധരചൂഷകാംഗവും ഉണ്ട്. വളരെ സങ്കീർണമായ ഇവയുടെ ജീവിതചക്രത്തിൽ ഒന്നോ അതിലധികമോ മധ്യസ്ഥ പരപോഷികളും കാണപ്പെടുന്നു. ഡൈജീനിയകളുടെ ജീവിതചക്രത്തിൽ സാധാരണയായി പ്രാഥമിക പരപോഷിയായ ഒരു മൊളസ്ക്കും ഒരു മധ്യസ്ഥ അഭിഗമനപരപോഷിയും അന്തിമപരപോഷിയായ ഒരു കശേരുകിയുമാണ് കാണപ്പെടുന്നത്.

മിക്ക സ്പീഷീസിലും ജലത്തിൽ നിക്ഷേപിക്കുന്ന മുട്ട വിരിഞ്ഞ് മിറാസിഡിയം എന്ന സീലിയ നിറഞ്ഞ ലാർവ പുറത്തുവരുന്നു. ആതിഥേയ ജീവിയുടെ വിസർജ്യവസ്തുക്കളിലൂടെയാണ് മുട്ടകൾ ജലത്തിലെത്തുന്നത്. സ്വതന്ത്രമായി നീന്താൻ കഴിവുള്ള മിറാസിഡിയം ലാർവ ശരീരത്തിൽ വേധനം നടത്തുന്നതു വഴിയോ, പൂർണമായി രൂപം കൊണ്ട ലാർവ ഉൾക്കൊള്ളുന്ന മുട്ടകൾ ഭക്ഷിക്കുന്നതു വഴിയോ ആണ് പ്രാഥമിക പരപോഷികളായ മൊളസ്ക്കകളിൽ പരജീവികൾ സംക്രമണം നടത്തുന്നത്. മൊളസ്ക്കകളുടെ ശരീരത്തിൽ അവ സ്പോറോസിസ്റ്റ്, റേഡിയ, സെർക്കേരിയ തുടങ്ങിയ ലാർവകളായി പരിണമിക്കുന്നു. സാധാരണയായി ഈ ലാർവകൾ മൊളസ്ക്കകളുടെ ദഹനഗ്രന്ഥിയിലാവും ജീവിക്കുന്നത്. ഇവയുടെ സീലോമിനുള്ളിൽ കാണപ്പെടുന്ന ജനനകോശങ്ങളുടെ വിഭജനം വഴി അടുത്ത ദശയിലുള്ള നൂറുകണക്കിന് ലാർവകൾ രൂപം കൊള്ളുന്നു. ഈ പ്രതിഭാസത്തെ ബഹുഭ്രൂണത എന്നു പറയുന്നു.

അടുത്ത പരപോഷിയിലേക്ക് സംക്രമണം നടക്കുന്നത് സെർക്കേറിയ ലാർവ വഴിയാണ്. ഇവയ്ക്ക് പരപോഷികളുടെ ശരീരത്തിൽ തുളച്ചുകയറുന്നതിനും പുടീഭവനം നടത്തുന്നതിനും അനുയോജ്യമായ ശരീരാംഗങ്ങളുണ്ട്. കൂടാതെ അന്നനാളം, ചൂഷകം, ദിക്-ബിന്ദു, സ്പർശനേന്ദ്രിയങ്ങൾ, പേശീനിർമിതമായ വാൽ എന്നിവയും സെർക്കേറിയയുടെ ശരീരത്തിലുണ്ട്. സാധാരണഗതിയിൽ ഒരു മത്സ്യമോ ആർത്രൊപോഡോ ആയിരിക്കും ഡൈജീനിയയുടെ രണ്ടാമത്തെ മധ്യസ്ഥപരപോഷിയായി വർത്തിക്കുന്നത്.

മിക്ക ഡൈജീനിയകളിലും സെർക്കേറിയ മെറ്റാസെർക്കേറിയ ലാർവയായി മാറുന്നു. ഇവയിൽ പ്രത്യുത്പാദന വ്യവസ്ഥ വികാസം പ്രാപിച്ചിരിക്കുന്നതോടൊപ്പം മുതിർന്ന ട്രിമറ്റോഡകളിലേതുപോലുള്ള ആസംജക അംഗങ്ങളും കാണപ്പെടുന്നു. പരപോഷികളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചോ ജലസസ്യങ്ങളിൽ പുടീഭവനം സംഭവിച്ചോ ആവും മെറ്റാസെർക്കേറിയ കാണപ്പെടുന്നത്.

മെറ്റാസെർക്കേറിയ സസ്യങ്ങളെയും പരപോഷികളെയും ആഹാരമാക്കുന്നതു വഴി അന്തിമ പരപോഷികളുടെ ശരീരത്തിലേക്ക് പരജീവികൾ കടന്നു ചെല്ലുന്നു. ട്രിമറ്റോഡകളുടെ ജീവിത ചക്രത്തിൽ ബാഹ്യപരിസ്ഥിതിയിലെ വിവിധ ഘടകങ്ങളായ ഊഷ്മാവ്, വെള്ളത്തിന്റെ കലക്കം, പ്രാണവായുവിന്റെ അളവ്, പരപോഷികളുടെ സാന്ദ്രത തുടങ്ങിയവ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ടുതന്നെ ട്രിമറ്റോഡകളുടെ എണ്ണത്തിലും കാലാനുസൃതമായ വ്യതിയാനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതായി കാണാം.

മനുഷ്യരിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ട്രിമറ്റോഡകൾ പ്രധാനമായും ഡൈജീനിയനുകളാണ്. മധ്യഏഷ്യയിലും ദക്ഷിണ പൂർവ ഏഷ്യയിലും കാണപ്പെടുന്ന ഫാസിയോള ബൃസ്കി മനുഷ്യരിൽ വയറുവേദന, വയറിളക്കം, വിളർച്ച, കുടലിലെ പ്രാണിബാധ തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും. പരജീവി സംക്രമണമുള്ള പച്ചക്കറികളും പരിപ്പും മറ്റും വേവിക്കാതെ കഴിക്കുന്നതാണ് രോഗബാധയ്ക്ക് പ്രധാന കാരണം.

ചൈനീസ് ലിവർഫ്ലൂക്ക് എന്നറിയപ്പെടുന്ന ഒപിസ്തോർക്കിസ് സൈനെൻസിസ് മനുഷ്യരുടെ പിത്തവാഹിനിയിലാണ് പറ്റിക്കൂടുന്നത്. പരജീവി സംക്രമണമുള്ള മത്സ്യങ്ങൾ വഴി മനുഷ്യരിലെത്തുന്ന ഈ ട്രിമറ്റോഡ് മഞ്ഞപ്പിത്തം, പിത്താശയക്കല്ലുകൾ, കരളിലെ അർബുദ ബാധ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണക്കാരാണ്. മനുഷ്യരുടെ ആന്ത്രസിരയിൽ കാണപ്പെടുന്ന മറ്റൊരു ട്രിമറ്റോഡ് പരജീവിയാണ് ഷിസ്റ്റോസോമ. ഷിസ്റ്റോസോമ മാൻസോണി എന്ന ഇനം ആഫ്രിക്കയിലും മറ്റ് ഉഷ്ണമേഖലാപ്രദേശങ്ങളിലും ഷിസ്റ്റോസോമ ജാപ്പോണിക്കം ഏഷ്യൻമേഖലയിലും ഷിസ്റ്റോസോമ ഹീമറ്റോബിയം ദക്ഷിണ അമേരിക്ക, ടർക്കി, പോർട്ടുഗൽ തുടങ്ങിയ സ്ഥലങ്ങളിലുമാണ് കാണപ്പെടുന്നത്. ഇത്തരം പരജീവികൾ ഷിസ്റ്റോസോമിയാസിസ് എന്ന രോഗത്തിന് കാരണമായിത്തീരുന്നു. മുള്ളുകളുള്ള ഇവയുടെ മുട്ടകൾ പല ശരീരാവയവങ്ങളിലും മുറിവുകൾ ഉണ്ടാക്കുന്നു. ലോകമെമ്പാടും 300 ദശലക്ഷം മനുഷ്യരാണ് ഏതെങ്കിലുമൊരിനം ഷിസ്റ്റോസോമ ട്രിമറ്റോഡിന്റെ സംക്രമണത്തിന് വിധേയരായിരിക്കുന്നത്.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ട്രിമറ്റോഡ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ട്രിമറ്റോഡ&oldid=3863883" എന്ന താളിൽനിന്ന് ശേഖരിച്ചത്