Jump to content

ട്രാവിർടീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രാവിർടീൻ, യെല്ലോസ്റ്റോൺ നാഷനൽ പാർക്കിൽ നിന്നും

ഒരിനം ചുണ്ണാമ്പുകൽ നിക്ഷേപമാണ് ട്രാവിർടീൻ. ഇതിന്റെ രാസസംഘടനം CaCO3 ആണ്. ചുണ്ണാമ്പുകൽ നിക്ഷേപം സമൃദ്ധമായുള്ളതും ഭൂഗർഭജലത്തിൽ കാത്സ്യം കാർബണേറ്റ് അടങ്ങിയതുമായ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കാർബണേറ്റ് പൂരിത ലായനിയിൽ നിന്നും ബാഷ്പീകരണം വഴി ജലം നഷ്ടമാവുമ്പോൾ കാത്സ്യം കാർബണേറ്റ് അടിഞ്ഞു കൂടിയാണ് ഇത്തരം നിക്ഷേപങ്ങൾ രൂപംകൊള്ളുന്നത്. ഉറച്ച ഇത്തരം അർധതാര്യ നിക്ഷേപങ്ങൾ ഇളം നിറങ്ങളിലാണ് പൊതുവേ കാണപ്പെടുന്നത്. ട്രാവിർടീൻ നിക്ഷേപങ്ങൾ സമൃദ്ധമായി കാണപ്പെടുന്ന ഇറ്റലിയിലെ ടിവോളിയുടെ പഴയ റോമൻ പേരായ ടീവെർടിനൊയിൽ നിന്നാണ് ട്രാവിർടീൻ എന്ന പേര് നിഷ്പന്നമായിരിക്കുന്നത്.

ട്രാവിർടീൻ രൂപീകരണത്തിലെ പ്രാഥമികഘട്ടത്തിൽ നിന്ന്

ട്രാവിർടീൻ നിക്ഷേപങ്ങൾ മുഖ്യമായും ചൂടുനീരുറവകളുടെ മുഖങ്ങളിലാണ് രൂപം കൊള്ളുന്നത്. ചെറു അരുവികളുടെ മുഖങ്ങളിലും ചിലപ്പോൾ ഇവ കാണപ്പെടാം. ചുണ്ണാമ്പുകൽ പ്രദേശത്തെ ഭൂഗർഭഗുഹകളിൽ കാണാറുള്ള സ്റ്റാലഗ്റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് നിക്ഷേപങ്ങളിൽ അടങ്ങിയിരിക്കുന്നത് പ്രധാനമായും ട്രാവിർടീനാണ്.

പുരാതന റോമൻ കാലഘട്ടം മുതൽ കെട്ടിടനിർമ്മാണാവശ്യങ്ങൾക്കായി ട്രാവീർടീനിന്റെ ദൃഢതയേറിയ ഇനങ്ങൾ ഉപയോഗിച്ചുവരുന്നു. ഇതിന്റെ സരന്ധ്ര ഇനമായ ടൂഫ ഭിത്തികളുടെ ഉൾവശം അലങ്കരിക്കുവാൻ ഏറെ ഉപയുക്തമാണ്. അലങ്കാരത്തിനുവേണ്ടി ഉപയോഗിക്കുന്ന മെക്സിക്കൻ ഓനിക്സ് അഥവാ ഓനിക്സ് മാർബിൾ ട്രാവിർടീനിന്റെ മറ്റൊരിനമാണ്. മെക്സിക്കോയിലെ ബാജാ കാലിഫോർണിയയിലാണ് ഇത് പ്രധാനമായും ഖനനം ചെയ്യപ്പെടുന്നത്.

ഇറ്റലിയിലെ ടിവോളി, യു. എസ്സിലെ വ്യോമിങ്ങ്, കാലിഫോർണിയ, കൊളറാഡോ തുടങ്ങിയ പ്രദേശങ്ങളിലാണ് ട്രാവിർടീൻ നിക്ഷേപങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ട്രാവിർടീൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ട്രാവിർടീൻ&oldid=2282931" എന്ന താളിൽനിന്ന് ശേഖരിച്ചത്