Jump to content

ടോമിറ്റാരോ മാകിനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോമിറ്റാരോ മാകിനോ

സസ്യവർഗ്ഗീകരണത്തിലെ സംഭാവനകളാൽ ജപ്പാനിലെ സസ്യശാസ്ത്രജ്ഞന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ശാസ്ത്രജ്ഞനാണ് ടോമിറ്റാരോ മാകിനോ- Tomitaro Makino (牧野 富太郎 Makino Tomitarō?, ഏപ്രിൽ 24, 1862 – ജനുവരി 18, 1957). ജപ്പാനിലെ സസ്യശാസ്ത്രത്തിന്റെ പിതാവായി ഇദ്ദേഹം അറിയപ്പെടുന്നു.[1] ലിനയസിന്റെ രീതി പിൻതുടർന്ന് ജപ്പാനിലെ സസ്യങ്ങളെ വർഗ്ഗീകരിച്ച ആദ്യത്തെ ശാസ്ത്രകാരന്മാരിൽ മുൻപന്തിയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. തന്റെ Makino's Illustrated Flora of Japan -ൽ അദ്ദേഹം 50000 -ലേറെ സ്പെസിമനുകളെയാണ് ഡോക്കുമെന്റ് ചെയ്തിരിക്കുന്നത്. പഠനം പൂർത്തിയാവാതെ ഗ്രാമർ സ്കൂളിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം പീന്നിട് പി എച് ഡി നേടുകയും, ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ജപ്പാനിലെ സസ്യശാസ്ത്രദിനമായി അഘോഷിക്കപ്പെടുകയും ചെയ്യുന്നു.

ആദ്യകാലജീവിതം

[തിരുത്തുക]

കോച്ചിയിലെ സകാവയിൽ ആണ് അദ്ദേഹം ജനിച്ചത്. കുട്ടിയായിരിക്കുമ്പോഴേ മാതാപിതാക്കൾ നഷ്ടപ്പെട്ട അദ്ദേഹത്തെ മുത്തശ്ശിയാണ് വളർത്തിയത്. സ്കൂളിൽ നിന്നും രണ്ടുവർഷത്തിനുശേഷം പഠനം മതിയാക്കി പുറത്തിറങ്ങിയെങ്കിലും അദ്ദേഹത്തിന് ഇംഗ്ലീഷ്, ഭൂമിശാസ്ത്രം, സസ്യശാസ്ത്രം എന്നിവയോട് വലിയ ആഭിമുഖ്യമുണ്ടായിരുന്നു. 1880 -ൽ നാട്ടിൽ പ്രാഥമികവിദ്യാലയത്തിൽ അധ്യാപനം തുടങ്ങിയ അദ്ദേഹം തന്റെ ആദ്യത്തെ സസ്യശാസ്ത്രപ്രബന്ധം പ്രസിദ്ധീകരിച്ചു.

1884 -ൽ തന്റെ സസ്യശാസ്ത്രതാല്പര്യങ്ങൾ നേടിയെടുക്കാൻ ടോക്യോ സർവ്വകലാശാലയിലേക്ക് പോയ അദ്ദേഹം റ്യോകിച്ചി യതാബെയോടൊപ്പം പ്രവർത്തിച്ചു. 1890 -ൽ വിവാഹിതനായ അദ്ദേഹത്തിന് 13 മക്കൾ ഉണ്ടായിരുന്നു.

സംഭാവനകൾ

[തിരുത്തുക]

1887 -ൽ അദ്ദേഹം സസ്യശാസ്ത്രത്തിൽ ഒരു ഗവേഷണ ജേർണൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1936 -ൽ താൻ കണ്ടുപിടിച്ച 1000 സസ്യങ്ങൾ ഉൾപ്പെടെ 6000 സ്പീഷിസുകളെപ്പറ്റി വിവരിക്കുന്ന ആറു വാല്യമുള്ള മാകിനോ ബുക്ക് ഓഫ് ബോട്ടണി അദ്ദേഹം പ്രസിദ്ധീകരിച്ചു. 1940 -ൽ അദ്ദേഹം പ്രസിദ്ധീകരിച്ച മാകിനോസ് ഇല്യുസ്ട്രേറ്റഡ് ഫ്ലോറ ഓഫ് ജപ്പാൻ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗ്രന്ഥവും വിജ്ഞാനകോശവുമാണ്. 1948 -ൽ ഹിരോഹിതോ ചക്രവർത്തി അദ്ദേഹത്തെ സസ്യശാസ്ത്രത്തെക്കുറിച്ച് പ്രസംഗിക്കാൻ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയുണ്ടായി.

പിൽക്കാലം

[തിരുത്തുക]

ആകെ മാകിനോ 2500 -ലേറെ സസ്യങ്ങളെ നാമകരണം ചെയ്യുകയുണ്ടായി, അതിൽ 1000 എണ്ണം പുതിയ സ്പീഷിസുകളും 1500 എണ്ണം പുതിയ ഇനങ്ങളും ആയിരുന്നു. ഇവ കൂടാതെ മാകിനോ 600 പുതിയ സ്പീഷിസുകൾ കണ്ടെത്തുകയും ചെയ്തു. 1957 -ൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് 400000 ത്തോളമുള്ള സ്പെസിമനുകളുടെ ശേഖരം ടോക്യോ മെട്രോപൊളിറ്റൻ സർവകലാശാലക്ക് സംഭാവനയായി നൽകപ്പെടുകയുണ്ടായി. ടൊക്യോയിലെ മാകിനോ ഹെർബേറിയവും തന്റെ നാട്ടിലെ ഗോഡായ് മലയിലെ മാകിനോ ബൊട്ടാണിക്കൽ ഗാർഡനും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടവയാണ്. ടോക്യോയുടെ ബഹുമാനിത പൗരനായി അദ്ദേഹത്തെ നാമകരണം ചെയ്തിരുന്നു.

തെരഞ്ഞെടുത്ത കൃതികൾ

[തിരുത്തുക]

അദ്ദേഹത്തിന്റെ സംഭാവനകളെപ്പറ്റിയുള്ള കണക്കെടുപ്പിൽ, OCLC/WorldCat 4 ഭാഷകളിലായി ഏതാണ്ട് 270 -ലേറെ എഴുത്തുകളും 430 -ലേറെ പ്രസിദ്ധീകരണങ്ങളും 1060 -ലേറെ ലൈബ്രറി ഹോൾദിംഗുകളും ഉൾപ്പെടുന്നു.[2]

  • Makino shokubutsugaku zenshū (Makino's Book of Botany) Sōsakuin, 1936
  • Makino shin Nihon shokubutsu zukan (Makino's New Illustrated Flora of Japan), Hokuryūkan, 1989, ISBN 4-8326-0010-9

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ടോമിറ്റാരോ_മാകിനോ&oldid=3804805" എന്ന താളിൽനിന്ന് ശേഖരിച്ചത്