Jump to content

ടോംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോംസ്
Bornവി.റ്റി.തോമസ്
1929 ജൂൺ 06
കുട്ടനാട്‌
Died27 ഏപ്രിൽ 2016(2016-04-27) (പ്രായം 86)
കോട്ടയം
Nationalityഇന്ത്യൻ
Area(s)Artist
Notable works
ബോബനും മോളിയും

കേരളത്തിലെ ഒരു കാർട്ടൂണിസ്റ്റാണ് ടോംസ് എന്നറിയപ്പെടുന്ന അത്തിക്കളം വാടയ്ക്കൽ തോപ്പിൽ തോമസ് എന്ന വി.റ്റി.തോമസ് (1929 ജൂൺ 6 - 27 ഏപ്രിൽ 2016). ബോബനും മോളിയും എന്ന കാർട്ടൂണിലൂടെയാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

1929 ജൂൺ 6നു ചങ്ങനാശ്ശേരിക്കടുത്ത്കുട്ടനാട്ടിൽ വെളിയനാട്ടിൽ വി.ടി.കുഞ്ഞിത്തൊമ്മന്റെയും(വാടയ്ക്കൽ കുഞ്ഞോമാച്ചൻ) സിസിലി തോമസിന്റെയും മകനായി ടോംസ് ജനിച്ചു.[1] ആദ്യം ബ്രിട്ടിഷ് സൈന്യത്തിൽ ഇലക്ട്രീഷ്യനായി ചേർന്നു. രണ്ടാം ലോകമഹായുദ്ധസമയത്തായിരുന്നു സൈന്യത്തിൽ ചേർന്നത്. ചേർന്ന് ഒരു മാസത്തിനകം യുദ്ധം അവസാനിക്കുകയും ചെയ്തു. സൈന്യം വിട്ട് നാട്ടിൽ തിരികെ എത്തിയ അദ്ദേഹം, തന്റെ ജ്യേഷ്ഠനായ കാർട്ടൂണിസ്റ്റ് പീറ്റർ തോമസിനെ മാതൃകയാക്കിയാണ് വരയിലേയ്ക്കു തിരിഞ്ഞത്. വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ വരയോട് താല്പര്യം ഉണ്ടായിരുന്നു. 30 ആം വയസ്സിലാണ് ബോബനേയും മോളിയേയും കണ്ടെത്തുന്നത്. അവർ അയല്പക്കത്തെ കുട്ടികളായിരുന്നു. അവ്രെ മാതൃകയാക്കിയാണ് അദ്ദേഹം കാർട്ടൂൺ രചിച്ചത്. തെരീസാക്കുട്ടി ആണു സഹധർമ്മിണി. മൂന്ന് ആണ്മക്കളും മൂന്ന് പെണ്മക്കളും ഉണ്ട്. കോട്ടയത്തെ ദീപികയിൽ വരച്ചുകൊണ്ടാണ് ടോംസ് തുടങ്ങിയത്. ബിരുദധാരണത്തിനു ശേഷം മലയാള മനോരമയിൽ 1961-ൽ കാർട്ടൂണിസ്റ്റായി ജോലി തുടങ്ങി. 1987-ൽ വിരമിക്കുന്നതുവരെ മനോരമയിൽ തുടർന്നു. ഇപ്പോൾ മാധ്യമം ആഴ്ചപ്പതിപ്പിൽ ഓർമകളിലെ രേഖാചിത്രം എന്ന തലക്കെട്ടിൽ റ്റോംസ് തന്റെ അനുഭവക്കുറിപ്പ് എഴുതിവരുന്നു.

ബോബനും മോളിയും[തിരുത്തുക]

പ്രധാന ലേഖനം: ബോബനും മോളിയും
ബോബനും മോളിയും

ടോംസിന്റെ ഏറ്റവും പ്രശസ്തമായ കാർട്ടൂണാണ്‌ ബോബനും മോളിയും. മനോരമ വാരികയിലൂടെ 40 വർഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു. ടോംസിന്റെ പ്രധാന കഥാപാത്രങ്ങളായ ബോബനും മോളിയും, കേസില്ലാ വക്കീലായ അച്‌ഛൻ പോത്തൻ, അമ്മ മറിയ, മറ്റുകഥാപാത്രങ്ങളായ അപ്പിഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടൻ, പഞ്ചായത്തു പ്രസിഡന്റ് ഇട്ടുണ്ണൻ, ചേടത്തി (പഞ്ചായത്തു പ്രസിഡന്റ് ചേട്ടന്റെ ഭാര്യ), നേതാവ്, തുടങ്ങിയവർ മലയാളി സമൂഹത്തിന്റെ ഹൃദയത്തിൽ വിഹരിക്കുന്നു.

തന്റെ അയൽപക്കത്തെ രണ്ടു കുട്ടികളുടെ പേരാണു ടോംസ്‌ ഇവർക്കു നൽകിയതു്[2]. ഈ കുട്ടികൾ അവരുടെ ചിത്രം വരച്ചുതരാൻ ചോദിച്ചതായിരുന്നു പ്രചോദനം. പിന്നീടു തന്റെ കുട്ടികൾക്കും അദ്ദേഹം ഇതേ പേരിട്ടു. അയൽപക്കത്തെ കുട്ടികൾ എന്നും ടോംസിന്റെ വേലിചാടി അടുക്കള വഴി സ്കൂളിൽ പോകാറുണ്ടായിരുന്നു. അവരുടെ വികൃതികൾ കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നതിൽ ടോംസിനെ സഹായിച്ചു. ടോംസിന്റെ മകൻ ബോബൻ ഇന്നു ഗൾഫിലും മോളി ഇന്നു ആലപ്പുഴയിലുമാണ്. മോളിക്കു മക്കളുടെ മക്കൾ ആയിക്കഴിഞ്ഞെങ്കിലും കാർട്ടൂൺ കഥാപാത്രങ്ങളായ ബോബനും മോളിയും ഒരിക്കലും വളരുന്നില്ല. ടോംസിന്റെ തന്നെ അഭിപ്രായത്തിൽ പ്രായം ചെന്ന രണ്ടു കാർട്ടൂൺ കഥാപാത്രങ്ങളുടെ വികൃതികൾ ആരും ആസ്വദിക്കയില്ല, അതുകൊണ്ട് ബോബനും മോളിക്കും പ്രായം കൂടുകയുമില്ല.

മലയാളികളുടെ അവസാന പേജിൽതുടങ്ങി പുറകോട്ടുള്ള മാസിക വായനാ ശീലം ബോബനും മോളിയും എന്ന കാർട്ടൂൺ വായിച്ച് (മനോരമ ആഴ്ചപ്പതിപ്പിന്റെ അവസാന പേജിൽ നിന്ന്) കിട്ടിയതാണെന്നു ശ്രുതിയുണ്ട്.

മനോരമയിൽ നിന്നു വിരമിച്ച ശേഷം കലാകൗമുദിയിൽ ടോംസ് ബോബനും മോളിയും പ്രസിദ്ധീകരിക്കാൻ ശ്രമിച്ചെങ്കിലും മനോരമ കേസുകൊടുത്തു. ഒരു ജില്ലാക്കോടതി ടോംസിനെ കാർട്ടൂൺ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും തടഞ്ഞെങ്കിലും ഹൈക്കോടതി 1957 ലെ ഇന്ത്യൻ പകർപ്പവകാശ നിയമപ്രകാരം മനോരമയിൽ ജോലി ചെയ്യുമ്പോൾ വരച്ചതും പിന്നീടു വരക്കുന്നതുമായ എല്ലാ കാർട്ടൂണുകളുടെ ഉടമസ്ഥതയും ടോംസിനു തന്നെയാണെന്നു അസന്നിഗ്ധമായി പ്രഖ്യാപിച്ചു[3][4][5][6] ഇന്നും ടോംസ് കോമിക്സ് ടോംസിന്റെ ഉടമസ്ഥതയിൽ ബോബനും മോളിയും മറ്റുകാർട്ടൂണുകളും പ്രസിദ്ധീകരിക്കുന്നു.[7] ബോബനും മോളിയും പിന്നീട് സിനിമയും ആയി.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-02. Retrieved 2016-05-02.
  2. "ഹിന്ദുവിലെ ഇന്റർവ്യൂ". Archived from the original on 2007-10-01. Retrieved 2006-12-07.
  3. http://metrovaartha.com/2016/04/29/%E0%B4%9A%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A4%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%9F/[പ്രവർത്തിക്കാത്ത കണ്ണി]
  4. https://indiankanoon.org/doc/1434059/
  5. http://www.janmabhumidaily.com/news408619 Archived 2016-04-29 at the Wayback Machine..
  6. http://www.deshabhimani.com/special/news-special-28-04-2016/557024
  7. http://www.madhyamam.com/kerala/2016/apr/28/193201

മറ്റ് ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടോംസ്&oldid=3925475" എന്ന താളിൽനിന്ന് ശേഖരിച്ചത്