ടേബിൾ ടെന്നീസ്
Highest governing body | ITTF |
---|---|
Nickname(s) | പിങ്ങ് പോങ്ങ്, വിഫ് വാഫ് |
First played | 1880s |
Characteristics | |
Contact | No |
Team members | ഏകാംഗവും ദ്വയാംഗവും |
Mixed gender | പുരുഷന്മാർക്കും സ്ത്രീകൾക്കും |
Category | റാക്കറ്റു് ഉപയോഗിച്ചുള്ള മത്സരം, indoor |
Ball | celluloid, 40 mm |
Olympic | 1988 |
പിങ്ങ്പോങ്ങ് ടേബിൾ ടെന്നീസ് എന്നത് രണ്ടോ നാലോ കളികാർ, അകം പൊള്ളയായ ഭാരം കുറഞ്ഞ പന്തും ചെറിയ ബാറ്റും പ്രത്യേകതരത്തിൽ നിർമ്മിക്കപ്പെട്ട ഒരു മേശയും (TABLE) ഉപയോഗിച്ചുള്ള ഒരിനം കളിയാണ്. ടെന്നിസുമായി ചില കാര്യങ്ങളിൽ സാമ്യമുള്ളതുകൊണ്ട് ടേബിൾ ടെന്നിസ് എന്നു വിളിക്കപ്പെടുന്നു. മേശയുടെ മധ്യത്തിൽ ഘടിപ്പിക്കുന്ന ഉയരം കുറഞ്ഞ നെറ്റും(15 സെന്റിമീറ്റർ) ചെറിയ ബാറ്റും അകം പൊള്ളയായ ഭാരം വളരെ കുറഞ്ഞ പന്തും ഉപയോഗിച്ചാണ് കളിക്കുന്നത്.
ചരിത്രം
[തിരുത്തുക]ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിലാണ് ഈ കളി ഉടലെടുത്തത്. അന്നത്തെ പേര് പിങ്ങ്പോങ്ങ് എന്നായിരുന്നു.[1] 1902-ൽ രൂപംകൊണ്ട പിങ്ങ്പോങ്ങ് അസോസിയേഷൻ 1905-ൽ ശിഥിലമായെങ്കിലും ഈ കളി ഇംഗ്ലണ്ടിൽ വളരെ വേഗത്തിൽ പ്രചാരം ആർജിച്ചു. 1920-ഓടെ ഈ കളി ലോകത്തിന്റെ ഇതര ഭാഗങ്ങളിലും പ്രചാരത്തിലായി. 1921-22-ലാണ് ഈ കളിക്ക് ടേബിൾ ടെന്നിസ് എന്ന പേര് ലഭിച്ചത്. ഇംഗ്ലണ്ട്, ഹംഗറി, ജർമനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ നേതൃത്വത്തിൽ 1926-ൽ അന്താരാഷ്ട്ര ടേബിൾ ടെന്നീസ് ഫെഡറേഷൻ രൂപവത്കരിച്ചു. ഈ ഫെഡറേഷനിലെ സ്ഥാപക അംഗങ്ങൾ ഇംഗ്ലണ്ട്, സ്വീഡൻ, ഹംഗറി, ഇന്ത്യ, ഡെൻമാർക്ക്, ജർമനി, ചെക്കോസ്ലോവാക്യ, ഓസ്ട്രിയ, വെയിൽസ് എന്നിവയാണ്. 90-കളുടെ മദ്ധ്യത്തോടെ അംഗരാജ്യങ്ങളുടെ സംഖ്യ 165-ൽ കൂടുതലായി ഉയർന്നു.
അളവുകൾ
[തിരുത്തുക]ടേബിൾ ടെന്നീസ് മേശയ്ക്ക് 9 അടി നീളവും (2.7 മീ.) അഞ്ചടി (1.5 മീ.) വീതിയുമാണുള്ളത്. തറയിൽ നിന്ന് 30 ഇഞ്ച് (76 സെ.മീ.) ഉയരത്തിൽ ആയിരിക്കണം മേശയുടെ മുകൾ വശം. നെറ്റിന്റെ നീളം 6 അടി (1.8 മീ.) ആണ്. നെറ്റിന്റെ മുകൾഭാഗം മേശയിൽനിന്ന് ആറിഞ്ച് (15 സെ.മീ.) ഉയരത്തിൽ ആയിരിക്കും. ടേബിൾ ടെന്നിസ് പന്തിന്റെ ഭാരം 0.09 ഔൺസും (2.5 ഗ്രാം) വ്യാസം ഏതാണ്ട് 1.5 ഇഞ്ചും (3.8 സെ.മീ.) ആണ്. വെള്ള സെലുലോയിഡോ അതുപോലുള്ള പ്ലാസ്റ്റിക്കോ കൊണ്ടാണ് പന്ത് നിർമ്മിക്കുന്നത്. പന്തിന്റെ അകം പൊള്ളയായിരിക്കും. വളരെ ചെറിയ ബാറ്റാണ് ടേബിൾ ടെന്നിസിൽ ഉപയോഗിക്കുന്നത്. സാധാരണയായി തടികൊണ്ടുണ്ടാക്കുന്ന ബാറ്റിന് രണ്ടു വശവും നേരിയ വലിപ്പമുള്ള സ്പോഞ്ച് റബ്ബറിന് മുകളിലായി റബ്ബർ കൊണ്ട് മൂടിയ പ്രതലമായിരിക്കും
കളിയുടെ രീതി
[തിരുത്തുക]സാധാരണയായി അഞ്ചോ മൂന്നോ ഗെയിമുകളിൽ അധിഷ്ഠിതമായാണ് മത്സരങ്ങൾ നടക്കുന്നത്. ഇവയിൽ ഏറ്റവും കൂടുതൽ ഗെയിമുകൾ ജയിക്കുന്നയാൾ വിജയിയായി പ്രഖ്യാപിക്കപ്പെടും. ഒരു ഗെയിമിൽ ആദ്യമായി 21-ാം പോയിന്റ് നേടുന്നയാൾ ആ ഗെയിം കരസ്ഥമാക്കും. രണ്ട് കളിക്കാരും 20-20 എന്ന തുല്യസ്കോറിലെത്തിയാൽ പിന്നീട് രണ്ട് പോയിന്റിന്റെ വ്യത്യാസത്തിൽ മുന്നേറുന്നയാൾക്കായിരിക്കും ഗെയിം. ഗെയിമിന്റെ തുടക്കം മുതൽ ഓരോ അഞ്ച് പോയിന്റിനും ശേഷം സർവീസ് മാറും. 20-ാമത്തെ പോയിന്റിൽ രണ്ട് കളിക്കാരും തുല്യനിലയിലാണെങ്കിൽ അതിനുശേഷം ഓരോ പോയിന്റ് കഴിയുമ്പോഴും സർവീസ് കൈമാറും. പന്ത് ഉയർത്തിയിട്ട് ബാറ്റ് കൊണ്ട് സർവ് ചെയ്യുമ്പോൾ ആദ്യം പന്ത് മേശയുടെ സ്വന്തം ഭാഗത്ത് തന്നെയാണ് വീഴേണ്ടത്. അതിനുശേഷം നെറ്റിനു മുകളിലൂടെ പന്ത് എതിർ കളിക്കാരന്റെ കോർട്ടിൽ വീഴണം. വളരെയധികം ബുദ്ധി ഉപയോഗിച്ച് കളിക്കേണ്ട ടേബിൾടെന്നിസിൽ കളിയുടെ വേഗത ആവശ്യമുള്ള സമയത്ത് കൂട്ടിയും കുറച്ചും പന്തടിക്കുന്ന ദിശ മാറ്റിയും പന്തിന് കൂടുതൽ സ്പിൻ നൽകിയും എതിർ കളിക്കാരന് മേൽ ആധിപത്യം നേടാം. സിംഗിൾസിൽ ഓരോ കളിക്കാർ തമ്മിലും ഡബിൾസിൽ ഒരു ജോഡി കളിക്കാർ തമ്മിലുമാണ് ഏറ്റുമുട്ടുന്നത്. കളിയുടെ ദൈർഘ്യം കുറയ്ക്കാനും അതുവഴി കാണികളുടെ താത്പര്യം നിലനിർത്താനുമായി മറ്റ് കളികളിൽ എന്നപോലെ ടേബിൾ ടെന്നീസിലും ഇടക്കിടെ നിയമങ്ങളിൽ മാറ്റം വരുത്തുന്നുണ്ട്.
ചാമ്പ്യൻഷിപ്പുകൾ
[തിരുത്തുക]1927-ൽ ലണ്ടനിൽ വച്ചാണ് ആദ്യത്തെ ലോക ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ് നടന്നത്. അന്നു മുതൽ 1939 വരെ മധ്യ യൂറോപ്യൻ രാജ്യങ്ങളിലെ കളിക്കാർ ലോകതലത്തിൽ ഈ കളിയിൽ ആധിപത്യം പുലർത്തി. പുരുഷന്മാരുടെ ടീം ചാമ്പ്യൻഷിപ് ഹംഗറി ഒൻപതു തവണയും ചെക്കോസ്ലൊവാക്യ രണ്ടു തവണയും നേടി. രണ്ടാംലോകയുദ്ധത്തിനുശേഷം 1953 വരെ ചെക്കോസ്ലോവക്യ നാലുതവണയും ഹംഗറി രണ്ടു തവണയും ലോകചാമ്പ്യന്മാരായി. വിക്ടർ ബാർണ എന്ന ഹംഗറിക്കാരൻ അഞ്ചുപ്രാവശ്യം ലോക സിംഗിൾസ് കിരീടവും അതേ രാജ്യക്കാരനായ ഇവാൻ ആൻഡ്രിയാഡിസ് നാലു തവണ ലോക ഡബിൾസ് കിരീടവും നേടി.
ഏഷ്യൻ മുന്നേറ്റം
[തിരുത്തുക]1953 മുതൽ ടേബിൾ ടെന്നിസിൽ ഏഷ്യൻ രാജ്യങ്ങളുടെ ആധിപത്യത്തിന് തുടക്കമായി. പിന്നീടങ്ങോട്ട് പുരുഷ-വനിതാ വിഭാഗങ്ങളിൽ ഏറ്റവും ശക്തരായ രാജ്യങ്ങളായി മുന്നേറിയത് ചൈനയും ജപ്പാനുമാണ്. ഇചിറോ ഒഗിമുറ, ടോഷ്യാക്കി തനാക്കാ എന്നിവരുൾപ്പെടെ അനേകം പ്രഗല്ഭ താരങ്ങളെ ജപ്പാൻ സംഭാവന ചെയ്തു. ഈ രണ്ട് കളിക്കാരും ലോക ചാമ്പ്യന്മാരായപ്പോൾ ചൈനയുടെ ഷുവാങ്ങ്സേതുങ്ങ് മൂന്നു തവണ തുടർച്ചയായി ലോകചാമ്പ്യനായി. സാംസ്കാരിക വിപ്ലവം നടന്നപ്പോൾ ചൈനയിൽ ടേബിൾ ടെന്നിസ് താൽക്കാലികമായി നിർത്തിവച്ചെങ്കിലും 1971 മുതൽ ചൈന വീണ്ടും ലോക നിലവാരത്തിലേക്ക് തിരിച്ചുവന്നു. ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളോടൊപ്പം ഉത്തര കൊറിയയും ടേബിൾ ടെന്നിസിലെ പ്രബലശക്തിയായി ഉയർന്നു. 1980-ലാണ് പ്രഥമ ലോകകപ്പ് ടേബിൾ ടെന്നിസ് ടൂർണമെന്റ് നടന്നത്. ചൈനയുടെ ഗുവോയൂഹ്വാ ആ ചാമ്പ്യൻഷിപ്പിലെ ജേതാവായി. 1988 മുതൽ ടേബിൾ ടെന്നീസിൽ പുരുഷന്മാരുടെയും വനിതകളുടെയും സിംഗിൾസ് മത്സരങ്ങളും ഡബിൾസ് മത്സരങ്ങളും നടക്കുന്നു.
ഇന്ത്യയിൽ
[തിരുത്തുക]1926-ൽ നിലവിൽ വന്ന ഇന്റർനാഷണൽ ടേബിൾ ടെന്നിസ് ഫെഡറേഷന്റെ (ITTF) സ്ഥാപകാംഗങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. 1938-ൽ ടേബിൾ ടെന്നിസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സ്ഥാപിതമായി. 1939-ലാണ് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക ടീം ആദ്യമായി വേൾഡ് ചാമ്പ്യൻഷിപ്പിൽ (TFFI) പങ്കെടുത്തത്. 1926 മുതൽ 38 വരെയുള്ള 12 ചാമ്പ്യൻഷിപ്പുകളിൽ 8 എണ്ണത്തിലും ഇന്ത്യൻ പങ്കാളിത്തം ഉണ്ടായിരുന്നു. ഇന്ത്യ അപ്പോഴൊക്കെ ഔദ്യോഗിക ടീമിനെ അയച്ചിരുന്നില്ല, ഇന്ത്യൻ കളിക്കാർ സ്വമേധയാ പങ്കെടുക്കുകയായിരുന്നു. ഇന്ത്യയിലെ പ്രഥമ ദേശീയ ചാമ്പ്യൻഷിപ്പ് 1938-ൽ കൊൽക്കത്തയിലാണു നടന്നത്. അന്ന് എം. അയൂബ് പ്രഥമ ദേശീയ ചാമ്പ്യനായി (സിംഗിൾസ്). പ്രഥമ വനിതാ സിംഗിൾസ് ദേശീയ ചാമ്പ്യൻ പദവി കരസ്ഥമാക്കിയത് പി. ലിമ ആണ് (1939)
ഇന്ത്യയിലെ എക്കാലത്തെയും മികച്ച ടേബിൾ ടെന്നിസ് കളിക്കാരിൽ പ്രമുഖർ കമലേഷ് മേത്തയും ഇന്ദുപുരിയുമാണ്. ആൺ-പെൺ ദേശീയ ചാമ്പ്യൻഷിപ്പുകൾ ഇവർ 8 തവണ കരസ്ഥമാക്കുകയുണ്ടായി. പ്രശസ്ത ടേബിൾ ടെന്നിസ് (ആൺ) ടീമുകളിൽ മഹാരാഷ്ട്ര-എ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. 1986 മുതൽ '89 വരെ തുടർച്ചയായി ദേശീയ ചാമ്പ്യൻഷിപ്പ് കൊയ്തത് അവരായിരുന്നു. മിക്സഡ് ഡബിൾസിലെ പ്രമുഖർ [മുംബൈ|മുംബൈയിലെ]] ഫറോഖ് ഖൊദെയ്ജിയും കെയ്തി ചാർജ്മാനുമാണ്. റിങ്കു ഗുപ്ത, കസ്തൂരി ചക്രവർത്തി, പൌലോമി ഘട്ടക്ക്, കാസിം അലി, കമലേഷ് മേത്ത തുടങ്ങിയവരും ഇന്ത്യൻ ടേബിൾ ടെന്നിസ് താരനിരയിലെ പ്രമുഖരാണ്. ടേബിൾ ടെന്നിസ് രംഗത്തുനിന്നും അർജുന അവാർഡ് നേടിയിട്ടുള്ള ഇന്ത്യൻ കളിക്കാർ ഇവരാണ്. ജെ.സി. വോഹ്റ (1961), ജി.ആർ.ധിവാൻ (1965), ഉഷാ സുന്ദരരാജ് (1966), ഫറോഖ് ഖൊദെയ്ജി (1967), കാസിം അലി (1969), ജി. ജഗന്നാഥ് (1970), കെയ്ത് ഖൊദെയ്ജി (1971), എൻ. ആർ. ബാജ (1973), ഷൈലജ സലോക്കി (1976), ഇന്ദുപുരി (1979-80), കമലേഷ് മേത്ത (1985), മോണോലിസ ബി മേത്ത (1987), നിയതി ഷാ (1989), മൻമീത്സിങ് വാലിയ (1990), ചേതൻ ബബൂർ (1997), രാമൻ (1998). ഇന്ത്യയിൽ ദേശീയ മത്സരത്തിനുപുറമെ ഒട്ടനവധി പ്രാദേശിക മത്സരങ്ങളുമുണ്ട്. ഇന്ത്യൻ ടേബിൾ ടെന്നിസ് രംഗത്തെ പ്രതിഭകളെ വാർത്തെടുക്കുന്നതിനായി രാജസ്ഥാനിലെ അജ്മീറിൽ ഒരു ടേബിൾ ടെന്നിസ് അക്കാദമി പ്രവർത്തിച്ചുവരുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-13. Retrieved 2009-05-30.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Laws of Table TennisPDF (28.0 KiB)
- Video Archive Table Tennis Archived 2009-03-08 at the Wayback Machine.