ടെക്സ്റ്റൈൽ ടെക്നോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുണിത്തരങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ. നെയ്യുക എന്നർഥം വരുന്ന ലാറ്റിൻ പദമായ 'ടെക്സെറേ'യിൽ നിന്നാണ് 'ടെക്സ്റ്റൈൽ' എന്ന വാക്ക് നിക്ഷ്പന്നമായിട്ടുള്ളത്. വസ്ത്രങ്ങളായി രൂപാന്തരപ്പെടുത്താവുന്ന ഏതു തരം പദാർഥത്തേയും അങ്ങനെ നിർമ്മിക്കപ്പെടുന്ന തുണിത്തരത്തേയും 'ടെക്സ്റ്റൈൽ' എന്ന പദം കൊണ്ട് വിവക്ഷിക്കാറുണ്ട്.

ചരിത്രം[തിരുത്തുക]

ആദ്യകാല ടെക്സ്റ്റെൽ ഉത്പന്നങ്ങൾ നൂലുപയോഗിച്ചുണ്ടാക്കിയ വലകളാവണം എന്നാണ് കരുതപ്പെടുന്നത്. ചരിത്രാതീതകാലത്തെ ആഫ്രിക്കാക്കാരും പെറുവിയന്മാരും ഇത്തരം വലകൾ മെനഞ്ഞിരുന്നതായി അനുമാനിക്കപ്പെടുന്നു. അവർ ആദ്യകാലത്ത് കുടകളും മറ്റും ഉണ്ടാക്കിയിരിക്കാം. പക്ഷേ പെട്ടെന്ന് നശിച്ചുപോകുന്നവ ആയതിനാൽ ഇന്നവയെപ്പറ്റിയുള്ള തെളിവുകളൊന്നും പ്രാപ്തമല്ല. നെയ്ത്തിന്റെ ആദ്യകാല തെളിവുകളുള്ളത് ഏകദേശം 5000 ബി.സി.യിലെ നിയോലിതിക് സംസ്കാരത്തിലാണ്. നൂൽ നിർമ്മിക്കുന്നതിനു മുൻപ് പ്രചാരം ലഭിച്ചത് കൂടയും മറ്റും മെടയുന്നതിനാവണം. പ്രാചീന ഈജിപ്തിൽ പരുത്തി, സിൽക്ക്, കമ്പിളി എന്നിവ കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. 3000 ബി.സി.യോടെ ഇന്ത്യയിലും പരുത്തി തുണിത്തരങ്ങൾ നിർമിച്ചു തുടങ്ങിയെന്നു കരുതപ്പെടുന്നു. ഈ കാലഘട്ടവുമായി ബന്ധപ്പെട്ട ചൈനീസ് രേഖകളിൽ സിൽക്കുത്പാദനത്തെക്കുറിച്ചും പരാമർശങ്ങൾ കാണുന്നു.പ്രാചീന കാലത്ത് അതതു പ്രദേശത്തെ കലാസാംസ്കാരിക സമ്പ്രദായങ്ങൾ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് തുണിത്തരങ്ങൾ നിർമിച്ചിരുന്നത്.

ചായം മുക്കൽ ആദ്യകാലം തൊട്ടേ നിലവിലുണ്ടായിരുന്നു. ബി.സി. രണ്ടാം ശതാബ്ദത്തിലെ റോമാ സാമ്രാജ്യാവശിഷ്ടങ്ങളിൽ നിന്ന്, ചായം മുക്കിയ തുണിത്തരങ്ങൾ, കണ്ടെത്തിയിട്ടുണ്ട്. ചൈനയിലെ താങ് രാജവംശത്തിന്റെ ഭരണകാലത്ത് (618-907 ഏ.ഡി.) നിർമിച്ച സിൽക്കു തുണികൾ ചായം മുക്കി വർണമനോഹരമാക്കപ്പെട്ടവയാണ്. പ്രാചീന ഈജിപ്ത്, പേർഷ്യ, ഇന്ത്യ എന്നിവിടങ്ങളിലും നിറം പിടിപ്പിച്ച തുണിത്തരങ്ങൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മധ്യകാലത്തോടെ മനോഹരമായ പരവതാനികളും മറ്റും തുർക്കികൾ നിർമിച്ചു തുടങ്ങി. ക്രമേണ പരുത്തി വ്യവസായം ഒരു കുടിൽ വ്യവസായം എന്ന രീതിയിൽ ആഗോള വ്യാപകമായിത്തീരുകയും ചെയ്തു. പക്ഷേ 18-ാം ശ.-ത്തിൽ വ്യാവസായിക വിപ്ളവത്തിന്റെ ആരംഭത്തോടെ ശാസ്ത്രീയ രീതികളും തുണി നിർമ്മാണത്തിൽ സ്വീകരിക്കപ്പെട്ടുതുടങ്ങി. ആദ്യകാലത്ത് ലഘു എൻജിനീയറിങ് ഉപകരണങ്ങളും മറ്റും ഇതിനായി നിർമിച്ചിരുന്നു. എങ്കിലും നാരിന്റെ (ഫൈബെറിന്റെ) ഘടനയേയും സ്വഭാവവിശേഷങ്ങളെയുംകുറിച്ചുള്ള അറിവ് പരിമിതമായതുകൊണ്ട് ഫലപ്രദമായ ശാസ്ത്രീയ രീതികൾ ശരിക്കും രൂപപ്പെടുത്താനായില്ല. 19-ാം ശ.-ത്തിന്റെ അവസാനത്തോടെയാണ് നാരുകളുടെ രാസ/ഭൌതിക സ്വഭാവവിശേഷങ്ങളെപ്പറ്റി കൂടുതൽ അറിവ് ലഭിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ഇലക്ട്രോണിക്സിന്റേയും കമ്പ്യൂട്ടറിന്റേയും ആവിർഭാവത്തോടെ ടെക്സ്റ്റൈൽ ഗവേഷണത്തിലും വികസനത്തിലും നൂതന എൻജിനീയറിംഗ്/ഭൗതിക സങ്കേതങ്ങൾ ഉപയോഗിച്ചു തുടങ്ങി. കൃത്രിമ നാരിന്റെ കണ്ടുപിടിത്തമാണ് ഇവയിൽ ഏറ്റവും പ്രധാനം. ഇന്ന് വ്യത്യസ്ത ഘടനയും സ്വഭാവ വിശേഷങ്ങളും ഉള്ള തുണിത്തരങ്ങളും നാരുകളും നിർമ്മിക്കപ്പെടുന്നുണ്ട്. കാർഡിങ് വഴിയുള്ള സിൽവർ നിർമ്മാണം

പ്രകൃതിദത്തമോ കൃത്രിമമോ ആയ ഫിലമെന്റുകളും നാരുകളും ചേർന്നാണ് തുണിയുടെ നിർമ്മാണത്തിനാവശ്യമായ നൂല് നിർമ്മിക്കുന്നത്. അനവധി നാരുകൾ ചേർത്ത് പിരിച്ച് നൂല് നിർമ്മിക്കാം; നാരുകൾ ഒന്നിച്ചു ചേർത്ത് നൂല് തയ്യാറാക്കാം. ഇവ കൂടാതെ ഒറ്റ നാരുകൊണ്ടോ അല്ലെങ്കിൽ കടലാസ്, ലോഹ-ഫോയിൽ (metal foil) തുടങ്ങിയ പദാർഥങ്ങൾ മുറിച്ചെടുത്ത് അവ പിരിച്ചോ (പിരിക്കാതെയും) നൂല് നിർമ്മിക്കാറുണ്ട്. നൂലിന്റെ സ്വഭാവവിശേഷങ്ങൾക്കനുസൃതമായിരിക്കും അതുപയോഗിച്ചുണ്ടാക്കുന്ന തുണിത്തരത്തിന്റെ രൂപവും ഇഴ ഗുണവും (texture).

ടെക്സ്റ്റൈൽ നാരുകൾ[തിരുത്തുക]

Cotton manufacturing processes
Bale Breaker Blowing Room
Willowing
Breaker Scutcher Batting
Finishing Scutcher Lapping
Carding Carding Room
Sliver Lap
Combing
Drawing
Slubbing
Intermediate
Roving Fine Roving
Mule Spinning - Ring Spinning Spinning
Reeling Doubling
Winding Bundling Bleaching
Weaving shed Winding
Beaming Cabling
Warping Gassing
Sizing/Slashing/Dressing Spooling
Weaving
Cloth Yarn (Cheese)- - Bundle Sewing Thread

അസംസ്കൃത പദാർഥങ്ങൾ[തിരുത്തുക]

ടെക്സ്റ്റൈൽ നാരിന് അതിന്റെ കനത്തെ അപേക്ഷിച്ച് നൂറു മടങ്ങെങ്കിലും നീളം ഉണ്ടായിരിക്കണം. ഇലാസ്തികത, ഈർപ്പം വലിച്ചെടുക്കാനുള്ള കഴിവ്, താപത്തേയും സൂര്യപ്രകാശത്തേയും പ്രതിരോധിക്കാനുള്ള ശേഷി, തുണി നിർമ്മാണവേളയിൽ ഉപയോഗിക്കുന്ന രാസപദാർഥങ്ങളുടെയും അലക്കുമ്പോഴും ഡ്രൈക്ളീൻ ചെയ്യുമ്പോഴും ഉപയോഗിക്കുന്ന പദാർഥങ്ങളുടെയും ക്ഷാരണ പ്രക്രിയയെ അതിജീവിക്കാനുള്ള കഴിവ്, പ്രാണികൾ, സൂക്ഷ്മജീവികൾ എന്നിവയെ ചെറുത്തുനിൽക്കാനുള്ള ശക്തി വിശേഷം മുതലായ ഗുണങ്ങളെല്ലാം നാരുകൾക്ക് ആവശ്യമാണ്. ഇവയുടെ ഏറ്റക്കുറച്ചിൽ പരിഗണിച്ചാവും ഓരോതരം തുണിയും നിർമ്മിക്കാനുള്ള നാരുകൾ തിരഞ്ഞെടുക്കുക.

ആദ്യകാലങ്ങളിൽ സസ്യജന്യമോ ജന്തുജന്യമോ ആയ സാമഗ്രികളിൽ നിന്നാണ് നാരുകൾ ഉത്പാദിപ്പിച്ചിരുന്നത്. പരുത്തി, കമ്പിളി, ചണം, സിൽക്ക്, ഫ്ളക്സ് (flex) എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തോടെ കൃത്രിമ നാരുകൾ ഉത്പാദിപ്പിച്ചു തുടങ്ങി- റയോൺ പോലുള്ള പുനർനിർമിത (regenerated) നാരുകൾ, നൈലോൺ, പോളിസ്റ്റർ മുതലായ സിന്തറ്റിക് നാരുകൾ തുടങ്ങിയവ. സാമുവൽ ക്രോംപ്ടൺ കണ്ടുപിടിച്ച മ്യൂൾ

നാരിന്റെ ലഭ്യത, അത് നിർമ്മിക്കാൻ വേണ്ടിവരുന്ന പ്രയത്നം, അവയുടെ ബഹുമുഖ ഉപയോഗശേഷി തുടങ്ങിയവ കണക്കിലെടുത്താണ് നാരുകളുടെ വില നിശ്ചയിക്കുന്നത്. പ്രകൃതിദത്ത നാരുകളുടെ ഉത്പാദനത്തിന് വിശാലമായ ഭൂപ്രദേശങ്ങൾ ആവശ്യമായതിനാൽ പലപ്പോഴും നാരിന്റെ ഉത്പാദന സ്ഥലവും തുണിയുടെ നിർമ്മാണ സ്ഥലവും തമ്മിൽ ഏറെ അകലം ഉണ്ടാവും. എന്നാൽ കൃത്രിമ നാരിന്റെ ഉത്പാദനം തുണിയുടെ നിർമ്മാണ സ്ഥലത്തു തന്നെയാവാം. നിശ്ചിത സ്വഭാവവിശേഷങ്ങളോടുകൂടി, ആവശ്യമുള്ളത്ര അളവിൽ, വളരെ എളുപ്പത്തിൽ അവ നിർമ്മിക്കാനാകും. ഇവയിൽ നിന്ന് നൂല് തയ്യാറാക്കാനും എളുപ്പമാണ്.

നൂൽ നിർമ്മാണം[തിരുത്തുക]

സിൽക്ക് പോലുള്ള മനുഷ്യനിർമിത നാരുകളുടെ ഫിലമെന്റിന് ധാരാളം നീളം ഉള്ളതിനാൽ അവയെത്തന്നെ നൂലാക്കി മാറ്റാനാകും. പക്ഷേ, ചണം, പരുത്തി എന്നിവ പോലെ നീളം കുറഞ്ഞ സ്റ്റാപ്പിൾ (staple) നാരുകൊണ്ട് നൂൽ നിർമ്മിക്കണമെങ്കിൽ നൂൽക്കുക തന്നെ വേണം. കനം കുറഞ്ഞതും മൃദുവുമായിരിക്കും ഫിലമെന്റിൽ നിന്നു ലഭിക്കുന്ന നൂലുകൾ; എന്നാൽ നാരുകളിൽ നിന്നുണ്ടാക്കിയ നൂലുകൾ കനമേറിയതും പരുപരുത്തതുമായിരിക്കും.

പ്രകൃതിദത്ത നാരുകളെ ആദ്യമായി ശുദ്ധീകരിക്കേണ്ടതുണ്ട്. നാരിന്റെ സ്വഭാവത്തിനു ചേർന്ന രാസപദാർഥങ്ങൾ ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്നു. പ്രകൃതിദത്ത നാരുകൾ വ്യത്യസ്ത നീളത്തിലും തരത്തിലും വരുന്നതിനാൽ വിവിധ തരം നാരുകളെ കൂട്ടിക്കലർത്തി ആവശ്യമായ പതം വരുത്തുക പതിവാണ്. 'ബ്ളെൻഡിങ്' (കൂട്ടിക്കലർത്തൽ) എന്ന ഈ പ്രക്രിയയിലൂടെ നീളം, സാന്ദ്രത, ജലാംശം മുതലായവ സമാന തരത്തിലുള്ള നാരുകൾ തയ്യാറാക്കാനാകുന്നു. അതുപോലെ വ്യത്യസ്ത നാരുകൾകൊണ്ട് നൂൽ നിർമ്മിക്കേണ്ട സന്ദർഭങ്ങളിലും കൂട്ടിക്കലർത്തൽ ആവശ്യമായിവരും. സമാന രീതിയിൽ നിർമ്മിക്കപ്പെടുന്ന കൃത്രിമ നാരുകൾക്ക് ഇതാവശ്യമില്ല. തുടർന്ന് നാരുകളെ 'കാർഡിങ്' പ്രക്രിയയ്ക്ക് വിധേയമാക്കുന്നു. നാരുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും അവ സമാന്തരമായി അടുക്കാനുമുള്ള സംവിധാനമാണിത്. വളരെ കനം കുറഞ്ഞ പാളീ രൂപത്തിലാണ് 'കാർഡിങ്' കഴിഞ്ഞ നാരുകൾ ലഭിക്കുക. ഇവയെ ഘനീഭവിപ്പിച്ച് സൃഷ്ടിക്കുന്ന തുടർ സ്ട്രാൻസ് ആണ് 'സിൽവർ' എന്നറിയപ്പെടുന്നത്. ഇതിന് കനവും ഉണ്ടായിരിക്കും. ചില ആവശ്യങ്ങൾക്ക് നീളമുള്ള നാരുകൾ അടങ്ങിയ 'സിൽവർ' തന്നെ വേണ്ടിവരും. ഇത്തരം ഘട്ടങ്ങളിൽ 'സിൽവറി'ൽ നിന്ന് നീളം കുറവായ നാരുകളെ നീക്കം ചെയ്യാനായി 'കോംമ്പിങ്' നടപടി സ്വീകരിക്കുന്നു.

നൂൽ നൂൽപ്പ്[തിരുത്തുക]

നാരുകളെ വലിച്ചു നീട്ടി പരസ്പരം ദൃഢമായി ബന്ധിപ്പിച്ച് പിരിച്ച് നൂലാക്കി മാറ്റുന്ന പ്രക്രിയയാണിത്. നീളക്കുറവുള്ള നാരുകൾ കൊണ്ട് വസ്ത്രം ഉണ്ടാക്കുന്നതിന് ഈ പ്രക്രിയ അത്യന്താപേക്ഷിതമാണ്.നൂൽ നൂൽക്കാനായി മധ്യകാലം വരെ ഡിസ്റ്റാഫും (നൂൽ ചുറ്റുന്ന കോൽ) സ്പിൻഡിലും (നൂൽ പിരിക്കുന്നതിനുള്ള ഉപകരണം) ആണ് ഉപയോഗിച്ചിരുന്നത്. നൂൽക്കേണ്ട നാരുകളെ ഡിസ്റ്റഫിൽ ചുറ്റിയ ശേഷം സ്പിൽഡിലുപയോഗിച്ച് പിരിച്ച് നൂലാക്കി മാറ്റുകയായിരുന്നു പതിവ്. പക്ഷേ, മധ്യകാലത്ത് ഇന്ത്യയിൽ ചർക്ക കണ്ടുപിടിച്ചതോടെ യന്ത്ര സഹായത്താൽ കുറഞ്ഞ സമയം കൊണ്ട് നൂൽ നൂൽക്കാമെന്നായി. നൂലിന്റെ കനം കുറഞ്ഞ സ്ഥലങ്ങളിൽ കൂടുതൽ നാരുകൾ ചേർത്ത് കനം കൂട്ടാനും കട്ടിയേറിയ ഭാഗങ്ങളെ വലിച്ചു നീട്ടി കനം കുറയ്ക്കാനും ചർക്ക സൗകര്യപ്രദമായി. അങ്ങനെ മെച്ചപ്പെട്ടതും ഒരേ രീതിയിലുള്ളതുമായ നൂൽ നിർമിച്ചു തുടങ്ങി. 16-ാം ശ.-ത്തിൽ സാക്സണി ചക്രം (saxony wheel) കണ്ടുപിടിച്ചതോടെ പരുപരുത്ത കമ്പിളിയും പരുത്തിയും തുടർച്ചയായി കൂടുതൽ വേഗത്തിൽ നൂൽക്കാൻ കഴിഞ്ഞു. ജോൺ കെ, ഫ്ളൈയിങ് ഷട്ടിൽ കണ്ടുപിടിച്ചതോടെ (1733), നെയ്ത്തു യന്ത്രത്തിന്റെ വേഗവും വർധിപ്പിക്കാൻ സാധിച്ചു. ഇതേത്തുടർന്ന് നൂൽ നൂൽക്കാനുള്ള പുതിയ യന്ത്രസംവിധാനങ്ങളും ഉണ്ടായി. ഇവയിൽ ഏറ്റവും പ്രചാരം ലഭിച്ച യന്ത്രം 1779-ൽ സാമുവൽ ക്രോംപ്ടൺ (Samuel Crompton) കണ്ടുപിടിച്ച മ്യൂൾ (പഞ്ഞി നൂൽക്കുന്ന ഉപകരണം) ആണ്. ഇതുപയോഗിച്ച് ഒരു വ്യക്തിക്ക് ഒരേ സമയം ആയിരത്തിലേറെ സ്പിൻഡിലുകൾ കൈകാര്യം ചെയ്യാൻ കഴിയും. നൂലിലെ പിരിയുടെ ചരിവിനനുസൃതമായി നൂലുകളെ S-രൂപത്തിലുള്ള പിരിയുള്ളവയെന്നും (S-twist) Z-രൂപത്തിലുള്ള പിരിയുള്ളവയെന്നും (Z-twist) തരം തിരിക്കുന്നു (ചിത്രം 1 കാണുക).

നൂലുകളുടെ വർഗീകരണം[തിരുത്തുക]

നൂലിൽ ഉള്ള നാരുകളുടെ എണ്ണം, നൂലിന്റെ സ്വഭാവം, ഉപയോഗം എന്നിവയെ അടിസ്ഥാനമാക്കിയാണ് നൂലുകളെ വർഗീകരിക്കാറുള്ളത്.

ഇഴകളെ അടിസ്ഥാനമാക്കിയുള്ള വർഗീകരണം[തിരുത്തുക]

S-,Z- പിരിയുള്ളവയായിരിക്കും ഏക ഇഴ (single ply) അഥവാ ഒരിഴ നൂലുകൾ. നാരിഴകൾ കൊണ്ടും ഫിലമെന്റുകൾ കൊണ്ടും ഇവ നിർമ്മിക്കുന്നു. നാരിഴകളാണെങ്കിൽ അവയെ ചെറിയ തോതിൽ പിരിക്കുകയാണ് പതിവ്. പ്രകൃതിദത്ത ഫിലമെന്റുകളെ ഒന്നിച്ച് അടുക്കിയശേഷം പിരിച്ചോ പിരിക്കാതെയോ ക്രമീകരിക്കുന്നു. ഇവ കൂടാതെ ആവശ്യമുള്ളത്ര കനത്തിൽ മുറിച്ചെടുത്ത കൃത്രിമ ഫിലമെന്റുകളെ അടുക്കിയും ഏക ഇഴനൂലുകൾ തയ്യാറാക്കാൻ സാധിക്കും.

നൂൽ നൂറ്റെടുത്ത ചെറിയ നാരുകൾകൊണ്ടാണ് ഏക ഇഴ നൂൽ നിർമ്മിക്കുന്നതെങ്കിലും അവയിലെ നാരുകളെ ഒരുമിച്ച് നിറുത്തി പിരിച്ചുമാത്രമേ നൂൽ നിർമ്മാണം പൂർത്തിയാക്കാനാകുകയുളളു. S-പിരി, Z-പിരി എന്നീ രണ്ടു രീതികളിൽ ഇവയെ പിരിക്കാറുണ്ട്. വസ്ത്ര നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നത് ഇത്തരം ഏക ഇഴ നൂലുകളാണ് (ചിത്രം 2).

പ്ളൈ നൂല്[തിരുത്തുക]

രണ്ടോ അതിലധികമോ ഒരിഴ നൂലുകളെ ഒരുമിച്ച് പിരിച്ചുനിർമ്മിക്കുന്നവയാണിവ. പ്ളൈഡ് നൂലുകൾ, ഫോൾഡഡ് നൂലുകൾ എന്നും ഇവയെ വിളിക്കാറുണ്ട്. ഒരേ ദിശയിൽ പിരിയുള്ള ഒരിഴ നൂലുകളെ നേർ വിപരീത ദിശയിൽ പിരിച്ചുചേർത്താണ് പൊതുവേ ഇവ നിർമ്മിക്കാറുള്ളത്. ഇതിനുപകരം നാരുകളുടേയും ഇഴകളുടേയും പിരികൾ ഒരേ ദിശയിലാണെങ്കിൽ നൂല് കൂടുതൽ പരുപരുത്തതും ദൃഢതരവും ആയിത്തീരും. വ്യവസായ ആവശ്യങ്ങൾക്കായുള്ള കനമേറിയ തുണിത്തരങ്ങൾ, വളരെ ലോലമായ തുണിത്തരങ്ങൾ (sheer fabrics) മുതലായവയുടെ ഉത്പാദനത്തിനാണ് പ്ളൈ നാരുകൾ പ്രയോജനപ്പെടുന്നത്. ചരട് നൂല് (cord yarn)


പ്ലൈ നൂലുകൾ ചേർത്ത് പിരിച്ചാണ് ചരടുകൾ നിർമ്മിക്കുന്നത്. പൊതുവേ അവസാനത്തെ പിരിയുടെ ദിശ ക്രമീകരിക്കുന്നത് പ്ളൈ നൂലുകളുടെ പിരി-ദിശയ്ക്ക് വിപരീതമായിട്ടായിരിക്കും. ഇവയെ വീണ്ടും കേബിൾ നൂല്, ഹവ്സ്റ്റെർ നൂല് എന്ന് രണ്ടായി വർഗീകരിക്കാം. S-പിരിയുള്ള ഒരിഴ നൂലുകളെ Z- പിരിയുള്ള പ്ളൈകളാക്കി അവയെ S- പിരിമൂലം ഒരുമിച്ച് ചേർത്ത് SZS രൂപത്തിൽ തയ്യാറാക്കുന്നവയാണ് കേബിൾ നൂലുകൾ. SSZ അല്ലെങ്കിൽ ZZS രീതിയിൽ മെനഞ്ഞെടുക്കുന്നവയാണ് ഹവ്സ്റ്റെർ നൂലുകൾ. വ്യവസായ ആവശ്യങ്ങൾക്കുള്ള വളരെ കനമേറിയ തുണിത്തരങ്ങൾ, വളരെ നേർമയുള്ള നാരുകൾകൊണ്ടുള്ള ഷീർ തുണിത്തരങ്ങൾ, വടം, ട്വൈൻ (twine) മുതലായവയുടെ നിർമ്മാണത്തിന് ചരടു നൂലുകൾ ഉപയോഗിക്കുന്നു. നോവൽറ്റി നൂലുകൾ

തികച്ചും പ്രത്യേകമായ രീതിയിൽ തയ്യാറാക്കുന്നവയാണ് 'നോവൽറ്റി' നൂലുകൾ. പ്രകൃതിദത്ത നാരുകളുടെ സ്വഭാവവിശേഷം പൂർണമായും നിലനിർത്തിക്കൊണ്ട് മനുഷ്യനിർമിത നാരുകളിൽ ആവശ്യമായ സവിശേഷതകൾ സൃഷ്ടിച്ച് ഇവ രണ്ടും ചേർത്ത് നോവൽറ്റി നൂലുകൾ തയ്യാറാക്കുന്നു. ടെക്സ്ചേഡ് നൂല് (textured yarn), സ്ട്രെച്ച് നൂല് (strech yarn), മെറ്റാലിക് നൂല് (metallic yarn) മുതലായവ നോവൽറ്റി നൂലുകൾ എന്ന ഇനത്തിൽപ്പെടുന്നവയാണ്. ടെക്സ്ചേഡ് നൂല്

സുതാര്യത, വഴുതൽ (തെന്നൽ), പില്ലിങ് (നാരുകൾ ചുരുണ്ടുകൂടി വസ്ത്രത്തിന്റെ പ്രതലത്തിൽ ചെറിയ കുരുക്കുകൾ ഉണ്ടാക്കുന്ന അവസ്ഥ), എന്നിവ കുറയ്ക്കാനായി കൃത്രിമ നാരുകളെയാണ് ആദ്യകാലങ്ങളിൽ ടെക്സ്ചെറിങ് പ്രക്രിയയ്ക്കു വിധേയമാക്കിയിരുന്നത്. ഇതിലൂടെ നൂലുകൾക്ക് വർധിച്ച അതാര്യതയും (opaque), ഇഴ ഗുണവും, രൂപവും, സ്വാംശീകരണശേഷിയും (absorbency) ലഭ്യമാവുന്നു. ഇതിനായി നാരുകളെ കൃത്രിമമായി പ്രത്യേക രൂപത്തിൽ ക്രമീകരിക്കേണ്ടതുണ്ട്. (ചിത്രം-3). നാരുകളുടെ പ്രതലത്തെ പരുപരുത്തതാക്കുകയോ അവയിൽ വ്യത്യസ്ത ഇടവേളകളിൽ പോറലേൽപ്പിക്കുകയോ ചെയ്തശേഷം അവയെ പിരിച്ച് നിർമ്മിക്കുന്നവയാണ് അബ്രേഡെഡ് നൂല് (abraded yarn).


നൂലിൽ വായു തങ്ങിനിർത്താനായി കൃത്രിമ വായു അറകൾ സൃഷ്ടിക്കുന്നത് 'ബൾക്കിങ്ങി'ലൂടെയാണ് (bulking). നൂലിലെ വായു സഞ്ചാരസൗകര്യവും (ventilation) സ്വാംശീകരണശേഷിയും ഇതുമൂലം വർധിക്കുന്നു. ക്രിംപിങ്/കേളിങ്/കോയിലിങ് സംവിധാനങ്ങൾ ഇതിനു സഹായിക്കുന്നു. താപം അല്ലെങ്കിൽ രാസപദാർഥം ഉപയോഗിച്ച് ഇതു നടപ്പാക്കാം.

1970-കളിൽ പരക്കെ നിലനിന്ന ഒരു 'ബൽക്കിങ്' രീതിയാണ് 'ഫാൾസ് ട്വിസ്റ്റ്' സംവിധാനം. ഫിലമെന്റുകളെ പിരിച്ച് ഉറപ്പിച്ചശേഷം വിപരീത ദിശയിൽ പിരിച്ച് പിരികൾ ഇല്ലാതാക്കി വീണ്ടും ചൂടാക്കുന്നു. ഇതുമൂലം നൂലിലെ പിരികൾ ഇല്ലാതാക്കുകയോ ദൃഢതരമാക്കുകയോ ചെയ്യുന്നു. നൈലോൺ നൂലാണെങ്കിൽ അതിനു സ്റ്റഫിങ് ബോക്സ് പ്രക്രിയയ്ക്കു വിധേയമാക്കുന്നു. ചൂടാക്കിയ ഒരു കുഴലിൽ വച്ച് ഫിലമെന്റുകളെ സമ്മർദ വിധേയമാക്കി അല്പം ചുളിവ് നൽകി സാവധാനം പുറത്തേക്കു വലിച്ചെടുക്കുന്നതാണ് ഈ രീതി.

കൂടിയ അളവിലും കുറഞ്ഞ അളവിലും ചുരുങ്ങുന്ന ഫിലമെന്റുകളെ ഉൾപ്പെടുത്തി നൂല് നിർമിച്ചശേഷം നീരാവി പതിപ്പിക്കുകയോ കഴുകുകയോ ചെയ്യുന്നു. തദവസരത്തിൽ ഉയർന്നതോതിൽ ചുരുങ്ങുന്ന നാരുകൾ പെട്ടെന്ന് വലിഞ്ഞുമുറുകി 'ബൾക്കിങ്' നടക്കുന്നു. ഒരു അറയിൽ നൂലുകളെ അടുക്കി അവയിലൂടെ സമ്മർദിത വായു ജെറ്റ് രൂപത്തിൽ കടത്തിവിടുമ്പോൾ നൂലിലെ നാരുകൾ വ്യത്യസ്ത ദിശകളിലായി (random) വലയ രൂപത്തിൽ ക്രമീകരിക്കപ്പെടുന്നു. ഈ വലയങ്ങൾ തമ്മിൽ വിടവും ഉണ്ടാകാറുണ്ട്. തന്മൂലം നൂലിൽ കൂടുതൽ വായു അറകൾ സൃഷ്ടിക്കപ്പെടുന്നു; ഇത് അതിന്റെ സ്വാംശീകരണശേഷിയേയും ഉയർത്തുന്നു. സ്ട്രെച് നൂല്

തുടർച്ചയായുള്ള കൃത്രിമ ഫിലമെന്റുകളെ വളരെ ഞെരുക്കത്തിൽ പിരിച്ച് താപവിധേയമാക്കി ഉറപ്പിച്ചശേഷം (set) വിപരീതദിശയിലായി പിരിച്ച് അവയിലെ പിരികൾ നീക്കം ചെയ്യുന്നു. ഇതുമൂലം നൂല് സ്പ്രിങുപോലുള്ള ഒരു സവിശേഷസ്വഭാവം കൈവരിക്കുന്നു.

ഒരു ഇലാസ്തിക (elastic) പദാർഥത്തെ മുഖ്യ ഘടകമായി ഉപയോഗിച്ച് അതിനെ പ്രകൃതിദത്തമോ കൃത്രിമമോ ആയതും വലിയാത്തതുമായ നാരുകൊണ്ട് പൊതിഞ്ഞും സ്ട്രെച്ച് നൂലുകൾ തയ്യാറാക്കാറുണ്ട്. പ്രകൃതിദത്ത നാരുകളിൽ ഇലാസ്തികത സൃഷ്ടിച്ച് സ്ട്രെച്ച് നൂല് നിർമ്മിക്കുന്നതിനെക്കാളേറെ മെച്ചം മേൽപ്പറഞ്ഞ രീതിയിലൂടെയുള്ള നൂൽ നിർമ്മാണമാണ്.

മെറ്റാലിക് നൂല്[തിരുത്തുക]

പോളിസ്റ്റർ പോലുള്ള സിന്തറ്റിക് പദാർഥത്തിന്റെ പുറത്ത് ലോഹ കണികകൾ പൂശുകയോ പോളിസ്റ്റർ പാളികൾക്കിടയിൽ അലൂമിനിയം ഫോയിൽ തുണ്ടുകൾ ഉറപ്പിക്കുകയോ ചെയ്തശേഷം നിർമ്മിക്കുന്നവയാണ് മെറ്റാലിക് നൂലുകൾ. പ്രകൃതിദത്തമോ കൃത്രിമമോ ആയ പദാർഥങ്ങൾകൊണ്ട് തയ്യാറാക്കപ്പെട്ട നൂലിന്റെ പുറത്ത് ഒരു ലോഹ പാളി പിരിച്ചു മുറുക്കി ഉറപ്പിച്ചും മെറ്റാലിക് നൂലുകൾ നിർമ്മിക്കാം. ഉപയോഗം അടിസ്ഥാനമാക്കിയുള്ള വർഗീകരണം

ഉപയോഗത്തെ അടിസ്ഥാനമാക്കി നൂലുകളെ നിരവധിയിനങ്ങളായി വർഗീകരിക്കാം. യന്ത്രത്തറി ഉപയോഗിച്ച് തയ്യാറാക്കുന്ന തുണിത്തരങ്ങൾക്കുള്ളവ, കൈത്തയ്യലിനുള്ളവ, തയ്യൽ യന്ത്രത്തിലുപയോഗിക്കാനുള്ളവ, പ്രത്യേക ആവശ്യങ്ങൾക്കുള്ളവ - ഇവയാണ് പ്രധാന വിഭാഗങ്ങൾ.

യന്ത്രത്തറിയിൽ തയ്യാറാക്കുന്ന വസ്ത്രങ്ങളിൽ ഏതു തരം നൂലും ഉപയോഗിക്കാം. എന്നാൽ കുറുകെയും നെടുകെയും ഉപയോഗിക്കുന്ന നൂലുകൾ വ്യത്യസ്ത സ്വഭാവത്തിലുള്ളവയായിരിക്കണം. കുറുകെ വരുന്ന നൂലുകളിൽ കൂടിയ അളവിൽ വലിവ് അനുഭവപ്പെടാത്തതിനാൽ വേഗം പൊട്ടിപ്പോകുന്ന നൂലുകളും ഇതിനായി പ്രയോജനപ്പെടുത്താനാകും; ഇവയാണ് ഊടു (weft) നൂലുകൾ. പക്ഷേ, നെടുകെ പാകുന്ന നൂലുകളിൽ വളരെയധികം പ്രതിബലം (stress) അനുഭവപ്പെടുമെന്നതുകൊണ്ട് ഇത്തരം നൂലുകൾ ബലമേറിയതും മൃദുവും ആയിരിക്കണം. പാവ് (warp) നൂലുകളെന്നറിയപ്പെടുന്ന ഇവ ഊടു നൂലുകളെക്കാൾ ബലമേറിയ പിരിയുള്ളവയാണ്. വസ്ത്ര നിർമ്മാണ ഘട്ടത്തിലുണ്ടാവുന്ന സമ്മർദത്തെ ചെറുത്തു നിൽക്കാനാവും വിധം നൂലുകളെ കൂടുതൽ ബലവത്താക്കാൻ കഞ്ഞിപ്പശ (starch) പോലുള്ള പദാർഥങ്ങൾ പാവ് നൂലുകളിൽ തളിക്കുക പതിവാണ്. ഇവ കൂടാതെ തുണിത്തരങ്ങൾക്ക് ചില സവിശേഷതകൾ നൽകാനായി വിവിധ സംവിധാനങ്ങൾ സ്വീകരിക്കാറുണ്ട്. ഊടും പാവും രണ്ടു കനത്തിലുള്ളതായി ക്രമീകരിക്കുക, വ്യത്യസ്ത നാരുകളിൽനിന്ന് ഉണ്ടാക്കിയതോ വെവ്വേറെ അളവിൽ പിരിച്ചെടുത്തതോ ആയ പാവ്, ഊടു നൂലുകൾ ഉപയോഗിക്കുക, ഇതര നൂലിഴകൾക്കിടയിൽ മെറ്റാലിക് നൂലുകൾ കലർത്തുക, തുടങ്ങിയവയാണ് ഇതിനായി സ്വീകരിച്ചുവരുന്ന മാർഗങ്ങൾ.

കൈകൊണ്ട് തുന്നുന്നതിന് രണ്ടോ അതിലധികമോ പ്ളൈകൾ ഉള്ളതും ഒരേ കനത്തിലുള്ളതുമായ നൂലുകളാണുത്തമം. ഉദാഹരണമായി, സ്വറ്ററുകളും പുതപ്പുകളും തയ്യാറാക്കുന്നതിന് മൃദുവും നിബിഡവും നാല് പ്ളൈകൾ ഉളളതുമായ ജെർമെൻടൗൺ (Germantown) നൂലുപയോഗിക്കുമ്പോൾ ഷാളുകളും കുട്ടികൾക്കുള്ള വസ്ത്രങ്ങളും മറ്റും നിർമ്മിക്കാനായി രണ്ട് പ്ളൈകൾ ഉള്ള മൃദുവായ ഷെറ്റ്ലാൻഡ് (Shetland) നൂലുകളാണുത്തമം. ചിത്രത്തയ്യൽ (embroidery) ആവശ്യങ്ങൾക്ക് പിരി കുറവുള്ള പ്ളൈ, ചരടു, നൂലുകൾ പ്രയോജനപ്പെടുന്നു.

സമതുലിതവും നിബിഡവുമായ പിരിയുള്ള പ്ളൈ നൂലുകളാണ് തയ്യൽ യന്ത്രത്തിലുപയോഗിക്കാറുള്ളത്. ഇവയിലെ ഇഴകൾ സമതുലിതമാകയാൽ നൂലിന്റെ ഛേദതലം (cross section) വൃത്താകാരത്തിലായിരിക്കും. സൂചിയുടെ സുഷിരത്തിലൂടെ എളുപ്പത്തിൽ കടന്നുപോകാനും തയ്ക്കുമ്പോൾ ഘർഷണം സൃഷ്ടിക്കാതിരിക്കാനും ഇവയ്ക്കു കഴിയും.

പ്രത്യേക ആവശ്യങ്ങൾക്കായുള്ള വസ്ത്രങ്ങളിൽ, അവയോരോന്നിനും, അനുയോജ്യമായ തരത്തിലുള്ള നൂലുകളാണ്, ഉപയോഗിക്കാറുള്ളത്. വെള്ളം പറ്റിപ്പിടിക്കാത്ത തുണിത്തരങ്ങളിൽ ജലരോധകമായ നൂലുകൾ ഉപയോഗിക്കുമ്പോൾ അലങ്കാര ഭംഗിയുള്ള തയ്യലുകൾക്ക് സാധാരണ തയ്യൽ നൂലുകളെ അപേക്ഷിച്ച് മൂന്നിരട്ടി കനത്തിലുള്ള ബട്ടൺഹോൾ ട്വിസ്റ്റ് ഇനത്തിലുള്ള സിൽക്ക് നൂലുകൾ പ്രയോജനപ്പെടുത്തുന്നു.

ചുരുങ്ങുന്ന വസ്ത്രങ്ങൾക്കും റയോണിനും പരുത്തി നൂലുകളാണ് അനുയോജ്യം; കൃത്രിമമായുണ്ടാക്കിയ (സിന്തറ്റിക്) ചുരുങ്ങാത്ത, വസ്ത്രങ്ങൾക്ക് നൈലോൺ, പോളിസ്റ്റർ നൂലുകളും.

അളവ് രീതികൾ[തിരുത്തുക]

വിവിധ മാർഗങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തിവരുന്നുണ്ട്. നൂലിന്റെ നീളവും ഭാരവും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയാണ് മാപന രീതികൾ എല്ലാം തന്നെ രൂപപ്പെടുത്തിയിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് ഓരോ മാപന രീതിയും നിർവചിക്കപ്പെട്ടത്. അതിനാൽ വ്യത്യസ്ത മാപന സംവിധാനങ്ങൾ തമ്മിൽ ഒരു പൊതു മാനദണ്ഡം കണ്ടെത്തുക പ്രയാസവുമാണ്.

മുഖ്യമായി, പരോക്ഷ രീതി, ഡെനിയെ (Danier) രീതി, ടെക് രീതി എന്നിങ്ങനെ മൂന്നു മാപന രീതികളാണ് ഇന്ന് പ്രാബല്യത്തിലുള്ളത്.

കൂടുതൽ മെച്ചപ്പെട്ട നൂലിന് ഉയർന്ന സംഖ്യ വരുന്ന തരത്തിലുള്ളതാണ് പരോക്ഷ രീതി. ഒരു യൂണിറ്റ് ഭാരത്തിന് എത്ര നീളം നൂല് വേണം എന്നതിനെ അടിസ്ഥാനമാക്കിയുളള നിർവചനമാണിത്. തന്മൂലം തുല്യ ഭാരം സൃഷ്ടിക്കാൻ പരുപരുത്ത നൂലിനെ അപേക്ഷിച്ച് കൂടുതൽ നീളത്തിലുള്ള (അളവിലുള്ള) നേർമയായ നൂല് ഉപയോഗിക്കേണ്ടിവരുന്നു. ഒരു യൂണിറ്റ് ഭാരം സൃഷ്ടിക്കാൻ ആവശ്യമുള്ള നീളത്തെ ഒരു സംഖ്യ കൊണ്ട് സൂചിപ്പിക്കുന്നു. ഈ സംവിധാനത്തിൽ ഗുണമേന്മ ഉയരുന്തോറും നൂലിനെ സൂചിപ്പിക്കുന്ന സംഖ്യയുടെ മൂല്യവും ഉയരുന്നു.

നേരിട്ടുള്ള മാപന രീതിയാണ് ഡെനിയെ സംവിധാനം. ആദ്യകാലങ്ങളിൽ സിൽക്ക് നൂലുകളെ അളന്നിരുന്ന സമ്പ്രദായത്തെ (3000 അടി നൂലിന് ഇത്ര ഡ്രാം ഭാരം) അവലംബിച്ച് നിർവചിക്കപ്പെട്ട ഈ രീതി സിൽക്ക് തുടങ്ങിയ കൃത്രിമ നൂലുകളുടെ അളവിനായി ലോകമെമ്പാടും ഉപയോഗിച്ചുവരുന്നു. 9000 മീ. നൂലിന് ഇത്ര ഭാരം എന്ന രീതിയിലാണ് ഡെനിയെ സംഖ്യ നിർവചിച്ചിരിക്കുന്നത്. ഉദാഹരണമായി 9000 മീ. നീളമുള്ള രണ്ടിനം നൂലുകളുടെ ഭാരം 15 ഗ്രാമും 100 ഗ്രാമും ആണെങ്കിൽ അവ യഥാക്രമം 15 ഡെനിയെ നൂല്, 100 ഡെനിയെ നൂല് എന്നീ പേരുകളിലറിയപ്പെടുന്നു. ഫിലമെന്റ് നൂലിനെക്കാൾ വളരെ ഉയർന്നു ഭാരമുള്ള സ്റ്റാപ്പിൾ നൂലിന് ഈ മാപന രീതി അവലംബിച്ചാൽ വളരെ വലിയ സംഖ്യകളാണു വരുക; തന്മൂലം, അത്തരം നൂലുകളുടെ മാപനത്തിന് ഡെനിയെ രീതി സ്വീകാര്യമല്ല.

1873-ൽ നിർവചിക്കപ്പെട്ടതും ഫിലമെന്റ്, സ്റ്റാപ്പിൽ നൂലുകൾക്ക് ഒരുപോലെ അനുയോജ്യമായതുമാണ് ടെക് രീതി. 3300 അടി അഥവാ 1 കി.മീ. നീളമുള്ള നൂലിന്റെ ഭാരം ഗ്രാമിൽ സൂചിപ്പിക്കുമ്പോൾ ലഭിക്കുന്ന സംഖ്യയാണ് പ്രസ്തുത നൂലിന്റെ ടെക് സംഖ്യ.

വസ്ത്ര നിർമ്മാണം[തിരുത്തുക]

യന്ത്രത്തറി, കൈത്തറി, തുന്നൽ (സിശശിേേഴ) എന്നിവയാണ് വസ്ത്ര നിർമ്മാണത്തിനുള്ള പ്രധാന സംവിധാനങ്ങൾ. യന്ത്രത്തറികൾ ഉപയോഗിച്ചിരുന്നതിന്റെ ആദ്യ രേഖകൾ (4400 ബി.സി.) ഈജിപ്തിലെ അൻ-ബഡാരീയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. രണ്ട് കമ്പുകളുള്ള ഒരു വിലങ്ങൻ തറിയായിരുന്നു അന്ന് പ്രചാരത്തിലുണ്ടായിരുന്നത്. തുടർന്ന് മനുഷ്യർ കാലാകാലങ്ങളിൽ നടത്തിയ വിവിധ കണ്ടുപിടിത്തങ്ങളുടേയും പരീക്ഷണ നിരീക്ഷണങ്ങളുടേയും സഹായത്തോടെ ഇന്നത്തെ ആധുനിക യന്ത്രത്തറികൾ ആവിർഭവിച്ചു. നോ: യന്ത്രത്തറി.

യന്ത്രത്തറിയിൽ പ്രധാനമായും പ്ളെയിൻ, ട്വിൽ, സാറ്റിൻ എന്നിങ്ങനെ മൂന്നു തരത്തിലുള്ള തയ്യൽ രീതികൾ പ്രാബല്യത്തിലുണ്ട് (ചിത്രം 4). ചിത്രം 4. വ്യത്യസ്ത തയ്യൽ രീതികൾ

ഊടും പാവും നൂലുകളെ അടുക്കി ചട്ടക്കൂടുണ്ടാക്കുന്ന രീതിയെ അടിസ്ഥാനമാക്കിയാണ് ഇപ്രകാരം വർഗീകരിച്ചിട്ടുള്ളത്. ഓരോ യൂണിറ്റിലും ഈ രണ്ടു ഊട്-പാവ് നൂലുകൾ ക്രമീകരിക്കുന്നതാണ് പ്ളെയിൻ അഥവാ ടബി രീതി. പാവു നൂലുകളെ സമാന്തരമായി അടുക്കി അവയോരോന്നിന്റേയും മുകളിലും താഴെയുംകൂടി ഇടവിട്ടിടവിട്ട രീതിയിൽ ഊട് നൂലുകൾ കടത്തിവിട്ട് നിർമ്മിക്കുന്ന രീതിയാണിത്. എല്ലാ പാവ് നൂലുകളുടേയും മുകളിലൂടെയും കീഴിലൂടെയും ഊട് നൂല് കടന്നുപോയിക്കഴിയുമ്പോൾ ഒരു തയ്യൽ യൂണിറ്റ് ലഭ്യമാവുന്നു. ഊട് നൂലുകളുടെ എണ്ണം വർധിക്കുന്തോറും തുണിത്തരത്തിന്റെ നീളവും വർധിക്കുന്നു. തുണിത്തരത്തിന് ഏറ്റവും ഉയർന്ന ബലം ലഭിക്കുന്നത് അവയിലെ ഊട്, പാവ് നൂലുകൾ അളവിലും വലിപ്പത്തിലും തുല്യമാകുമ്പോൾ മാത്രമാണ്; ഇവയെ സ.മതുലിത തുണിത്തരങ്ങൾ (balanced fabrics) എന്നു പറയുന്നു.

അടുത്തടുത്ത രണ്ട് പാവ് നൂലുകൾക്കു മുകളിലൂടെ കടന്നശേഷം മൂന്നാമത്തെ പാവിനു കീഴിലൂടെ ഊട് നൂല് കടക്കുന്ന രീതിയിൽ തയ്യാറാക്കുന്നതാണ് ട്വിൽ രീതി. ഒരു ഊട് നൂലിനുശേഷം വരുന്ന അടുത്ത ഊട്, ഒരു പാവ് മുന്നോട്ടോ പിന്നോട്ടോ വരുന്ന തരത്തിലാവും, ക്രമീകരിക്കുക; അതായത് ആദ്യത്തെ ഊട് നൂൽ ഒരു പാവ് നൂലിനു മുകളിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ അടുത്ത ഊട് നൂൽ പാവ് നൂലിനു കീഴിലൂടെയാവും കടന്നുപോവുക.

ട്വിൽ രീതിയോട് സമാനമായതാണ് സാറ്റിൻ രീതി. പക്ഷേ അടുത്തടുത്ത ഊടു നൂലുകളെ ഒരു പാവ് മുന്നോട്ടോ പിറകോട്ടോ എന്ന രീതിയിൽ കൃത്യമായി ചിട്ടപ്പെടുത്തുന്ന സംവിധാനം ഇതിലില്ല.

ഇവ കൂടാതെ കൂടുതൽ സങ്കീർണമായ ഇഴകളും ഉപയോഗിക്കാറുണ്ട്. മൾട്ടിപ്പിൾ പ്ളെയിൻ, പൈൽ (pile), ജക്കേഡ്, ഡോബി (dobby), ഗാസ് (gauze) അഥവാ ലീനോ (leno) മുതലായവ. പാവ്, ഊട് നൂലുകൾ പ്രയോജനപ്പെടുത്തി രണ്ടു തരത്തിൽ തുന്നൽ നടത്താനാകും - റാപ്പ് നിറ്റിങ്ങും, വെഫ്റ്റ് നിറ്റിങ്ങും.

ഫിനിഷിങ്[തിരുത്തുക]

നെയ്തെടുത്ത തുണിത്തരത്തെ കൂടുതൽ സ്വീകാര്യമാക്കുന്നതിനാവശ്യമായ യാന്ത്രിക, രാസ, പ്രവർത്തനങ്ങളിലൂടെയുള്ള മെച്ചപ്പെടുത്തൽ പ്രക്രിയ ഫിനിഷിങ് എന്നാണറിയപ്പെടുന്നത്.

ഉത്പാദനത്തിനായി ഉപയോഗിച്ച പദാർഥങ്ങളുടെ അവശിഷ്ട ഭാഗങ്ങളെ തുണിയിൽ നിന്ന് നീക്കം ചെയ്യുകയാണ് ഫിനിഷിങിന്റെ ആദ്യപടി. ബ്ളീച്ചിങ്, സ്കൗറിങ് (scouring), മെഴ്സെറൈയ്സേഷൻ (mercerization), ഉണക്കൽ (drying), സിൻജിങ് (singeing), ഡികാന്റിങ്, നാപ്പിങ്, ഷിയറിങ്, ബ്രഷിങ് മുതലായവ തുടർന്നു നടപ്പിലാക്കപ്പെടുന്നു.

പ്രകൃതിദത്ത നിറത്തെ നീക്കം ചെയ്യുന്ന പ്രക്രിയയാണ് ബ്ളീച്ചിങ്. ഇത് ഓക്സീകരണത്തിലൂടെയോ നിരോക്സീകരണത്തിലൂടെയോ നടപ്പാക്കാനാകും. പരുത്തി തുണികളേയും മറ്റും മിഴിവുറ്റതും സുദൃഢവും ആക്കാനുള്ള സംവിധാനമാണ് 'മെഴ്സെറൈസേഷൻ'. ഇതിനു വിധേയമാക്കിയ തുണിത്തരങ്ങളെ എളുപ്പത്തിൽ നിറം പിടിപ്പിക്കാനും കഴിയുന്നു. നൂലിനെയോ നാരുകളെയോ സോഡിയം ഹൈഡ്രോക്സൈഡ് ലായനിയിൽ താഴ്ത്തിവച്ചശേഷം അമ്ളം ഉപയോഗിച്ച് നിർവീര്യമാക്കുന്നു (neutralize). വസ്ത്രങ്ങളിലെ അധിക ജലം നീക്കം ചെയ്യുന്നത് ഉണക്കിയാണ്. സെൻട്രിഫ്യൂഗ്, വാക്വം സക്ഷൻ റോൾ മുതലായ ഉപകരണങ്ങളുപയോഗിച്ച് ഏറിയ ഭാഗം ജലവും നീക്കം ചെയ്തശേഷം ചൂടായ ഡ്രയറുകൾക്ക് മുകളിലൂടെ വസ്ത്രങ്ങളെ കടത്തിവിട്ട് അവയിലെ ശേഷിച്ച ജലാംശത്തെ ബാഷ്പീകരിച്ചു കളയുന്നു.

ഫിനിഷിങ് യന്ത്രം[തിരുത്തുക]

കമ്പിളിത്തുണികളിലും മറ്റും നൂലുകൾ പൊങ്ങി നിൽക്കുന്നതരത്തിലുള്ള പ്രതലം സൃഷ്ടിക്കാനുള്ള സംവിധാനമാണ് നാപ്പിങ്. നേരിയ കമ്പികൾ കൊണ്ട് പൊതിഞ്ഞ സിലിണ്ടറുകൾക്കു മുകളിലൂടെ കമ്പിളി വസ്ത്രത്തെ കടത്തിവിട്ട് അവയിലെ ഊട് നൂലുകളെ മുകൾപ്പരപ്പിലേക്ക് വലിച്ചുയർത്തുന്ന പ്രക്രിയയാണിത്. മുഴച്ച് നിൽക്കുന്ന ഊടു നൂലുകളെ മുറിച്ച് ഒരേ ഉയരത്തിൽ ക്രമീകരിക്കുന്ന പ്രക്രിയ ഷിയറിങ് എന്നറിയപ്പെടുന്നു. തുണിത്തരത്തിലുള്ള ഇളകിയ നാരുകളേയും മറ്റും നീക്കം ചെയ്യുന്നത് ബ്രഷിങിലൂടെയാണ്. പൊങ്ങി നിൽക്കുന്ന നാരുകളെയും മറ്റും കത്തിച്ചുകളഞ്ഞ് മൃദുവായ പ്രതലം തീർക്കുന്നതിനുള്ള സംവിധാനമാണ് സിൻജിങ്. ചൂടുപയോഗിച്ച് കമ്പിളിക്കും മറ്റും കൂടുതൽ മിഴിവു നൽകുന്ന പ്രക്രിയയാണ് ഡികാന്റിങ്.

ഇവയെല്ലാം ചെയ്തശേഷം തുണിത്തരത്തിന്റെ പ്രതലത്തെ മിനുസപ്പെടുത്താൻ കലെൻഡെറിങ് (calendering) നടത്തുന്നു. ചൂടായ റോളറുകൾക്കിടയിലൂടെ തുണിത്തരത്തെ കടത്തിവിട്ടാണ് കലെൻഡെറിങ് ചെയ്യുന്നത്. മൃദുവും പരന്നതുമായ ഒരു പ്രതലം തുണിക്ക് ഇതിലൂടെ ലഭിക്കുന്നു.

വസ്ത്രങ്ങൾ ചുരുങ്ങുന്നത് തടയുക, അവയിൽ ചുളിവുകൾ വരാതെ ശ്രദ്ധിക്കുക, പ്രതലത്ത് സൂക്ഷ്മാണുക്കൾ പറ്റിപ്പിടിക്കാതാക്കുക, എന്നിവയ്ക്കായി പ്രത്യേക സംവിധാനങ്ങളുണ്ട്. അതുപോലെ തുണിത്തരങ്ങളിൽ സ്ഥിര വൈദ്യുതി (static electricity) പ്രേരിപ്പിക്കപ്പെടാതിരിക്കാൻ അവയുടെ പുറത്ത് ആന്റിസ്റ്റാറ്റിക് പദാർഥങ്ങൾ പൂശുക പതിവാണ്; വസ്ത്രങ്ങളെ ജലസഹമോ (waterproof) ജലവികർഷകമോ (water repellent) ആക്കാനും അഗ്നിരോധകമാക്കനും (fire proof) സംവിധാനങ്ങളുണ്ട്. നിറം പിടിപ്പിക്കൽ

ഫിനിഷിങിനുശേഷം വസ്ത്രങ്ങളെ കൂടുതൽ ആകർഷകമാക്കാൻ വേണ്ടി അവയെ നിറം പിടിപ്പിക്കുക പതിവാണ്. വിവിധതരം ചായങ്ങൾ രാസപ്രക്രിയകളിലൂടെ തുണിയിൽ പിടിപ്പിക്കുകയാണ് പതിവ്. തുണിത്തരത്തിന്റേയും നാരുകളുടേയും സ്വഭാവത്തിനനുസൃതമായി വ്യത്യസ്ത വർണങ്ങൾ തിരഞ്ഞെടുക്കുന്നു. അയോണിക ബലത്താലോ, ഹൈഡ്രജൻ ബോണ്ടിങ്ങിലൂടെയോ വൻ ഡെർ വാൾസ് ബലം മൂലമോ, കോവാലെന്റ് കെമിക്കൽ ലിങ്കുകളിലൂടെയോ വർണമാത്രകൾ നാരുകളിൽ പറ്റിപ്പിടിച്ചിരിക്കാവുന്നതാണ്.

വർണലായനിയെ ചൂടാക്കി അതിൽ വസ്ത്രത്തെ താഴ്ത്തിവയ്ക്കുന്നതാണ് പൊതുവേയുള്ള നിറം മുക്കൽ രീതി. ഓരോ ഇനം നൂലിനും, നാരിനും, അനുയോജ്യമായ വർണങ്ങൾ ഏതെന്ന് ആദ്യമേ തീരുമാനിച്ചുറപ്പിക്കുന്നു. പ്രകാശം, വെള്ളം എന്നിവ മൂലം വസ്ത്രത്തിൽ പൂശിയ ചായങ്ങൾ ഇളകിപ്പോകാതിരിക്കത്തക്ക വർണലേപന രീതിയാണ് ആവിഷ്ക്കരിക്കേണ്ടത്. ഇതിനുള്ള മാനദണ്ഡങ്ങൾ വിവിധ ടെക്സ്റ്റൈൽ സംഘടനകൾ നിർവചിച്ചിട്ടുണ്ട്. അമേരിക്കൻ അസോസിയേഷൻ ഒഫ് ടെക്സ്റ്റൈൽ കെമിസ്റ്റ്സ് ആൻഡ് കളറിസ്റ്റ്സ് (എ എ ടി സി സി), യൂറോപൈഷ് കോൺടിനെന്റെലെ എച്ച്ദെയിറ്റ്സ് കൊൺവേൻഷെൻ (ഇ സി ഇ) (Europaisch Continentale Echtheitsconvention) പശ്ചിമ യോക്ക്ഷെ റിലെ ബ്രാഡ്ഫോഡിലെ സൊസൈറ്റി ഒഫ് ഡ്രയേഴ്സ് ആൻഡ് കളറിസ്റ്റ്സ് (എസ് ഡി സി) മുതലായ സംഘടനകൾ നിറം മുക്കൽ മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.

ടെക്സ്റ്റൈൽ പ്രിന്റിങ്[തിരുത്തുക]

നിറം പിടിപ്പിച്ചും വിവിധ വർണങ്ങളിലുള്ള ആലേഖനങ്ങൾ നടത്തിയും തുണിത്തരത്തെ അലങ്കരിക്കുന്ന പ്രക്രിയയാണിത്. ബ്ളോക്ക്/റോളർ/സ്ക്രീൻ/താപ പ്രേഷണം എന്നീ നാലു തരത്തിൽ ഇവ നടപ്പാക്കാറുണ്ട്. നിറം പിടിപ്പിച്ചശേഷം താപം/നീരാവി എന്നിവ ഉപയോഗിച്ച് അതിനെ തുണിയിൽ ദൃഢമായി ഉറപ്പിക്കുന്നു. പിന്നീട് തുണികളെ കഴുകി അവശിഷ്ടവർണങ്ങളെ നീക്കം ചെയ്യുന്നു. നോ. ടെക്സ്റ്റൈൽ പ്രിന്റിങ്. വസ്ത്രോപഭോഗം

ഗാർഹിക മേഖല[തിരുത്തുക]

നിത്യോപയോഗത്തിനുള്ള വസ്ത്രങ്ങൾ, കുളിമുറി, കിടപ്പുമുറി, ഭക്ഷണമുറി മുതലായവയിൽ ഉപയോഗിക്കുന്ന തുണിത്തരങ്ങൾ, കർട്ടൻ, പരവതാനി, കംബളം, അപ്ഹോൾസ്ട്രി എന്നിവ ഗൃഹാവശ്യത്തിനുള്ള വസ്ത്രങ്ങളിൽ ഉൾപ്പെടുന്നു. വ്യാവസായിക മേഖല

ആധുനിക നെയ്ത്ത് യന്ത്രസംവിധാനം(രാജപാളയം)[തിരുത്തുക]

വ്യാവസായികാവശ്യങ്ങൾ മൂന്ന് തരത്തിലാകാം. ഒന്ന്, സംയുക്ത പദാർഥ നിർമ്മാണത്തിനുള്ളവ. ഇതര ഉത്പന്നങ്ങൾ നിർമ്മിക്കുമ്പോൾ അവയ്ക്ക് പ്രബലമായ ഒരു അടിത്തറ എന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നവയാണിവ. പൂശൽ, ഇംപ്രഗ്നേഷൻ, ലാമിനേഷൻ, തുടങ്ങിയ വിദ്യകൾ ഇതിനായി ഉപയോഗിക്കാറുണ്ട്. ടയർ, ബെൽറ്റ്, ഹോസ്, കാറ്റ് നിറച്ചു വീർപ്പിക്കാവുന്ന പദാർഥങ്ങൾ, ടൈപ്പ്റൈറ്റർ റിബൺ മുതലായവ ഇതിനുള്ള ഉദാഹരണങ്ങളാണ്.

അരിപ്പകൾ, സ്ക്രീനുകൾ, അലക്കു വ്യവസായത്തിലുപയോഗിക്കുന്ന വലകൾ, ടെക്സ്റ്റൈൽ പ്രിന്റിങിലെ ബാക്ക്ഗ്രൌണ്ട് പ്രിന്റിങ് നടത്താനുള്ള വസ്ത്രങ്ങൾ തുടങ്ങി പ്രോസസിങ് ആവശ്യങ്ങൾക്കുള്ളവയാണ് രണ്ടാമത്തെ ഇനം.

മേൽക്കട്ടി, വിരിപ്പന്തൽ, ടാർപോളിൻ, ടെന്റ്തുണി, ലഗേജ് വസ്തുക്കൾ, പാദരക്ഷകൾ മുതലായവയിൽ നേരിട്ടുപയോഗിക്കുന്നവയാണ് മൂന്നാമത്തെ ഇനം.

സംരക്ഷണ വസ്ത്ര മേഖല[തിരുത്തുക]

ഉഷ്ണം, കഠിന ശൈത്യം തുടങ്ങിയ വ്യത്യസ്ത കാലാവസ്ഥകൾക്കനുയോജ്യമായ വസ്ത്രങ്ങൾ, അഗ്നിശമന പ്രവർത്തനങ്ങൾക്കുള്ളവ, സുഷിരിതാവസ്ഥ അധികമായുള്ള പാരഷൂട്ട് തുണി, ബഹിരാകാശ യാത്രക്കാവശ്യമായ വസ്ത്രങ്ങൾ എന്നിവ ഇവയ്ക്കുദാഹരണങ്ങളാണ്. സുഖപ്രദമായ രീതിയിൽ സംരക്ഷണം നൽകുന്ന തരത്തിലാണ് ഇവ നിർമ്മിക്കപ്പെടുന്നത്.

കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള വസ്ത്ര നിർമ്മാണം[തിരുത്തുക]

കമ്പ്യൂട്ടർ 'എയ്ഡഡ് ഡിസൈൻ' പ്രയോജനപ്പെടുത്തിയുള്ള വസ്ത്രനിർമ്മാണം[തിരുത്തുക]

നാരിന്റെ ആകൃതി, വലിപ്പം, തുണിയിൽ അവയെ ചിട്ടപ്പെടുത്തുന്ന രീതി, മുതലായവയെ ആശ്രയിച്ച് തുണിത്തരങ്ങളുടെ സ്വഭാവത്തിന് വ്യത്യാസം വരാം. അനുയോജ്യമായ നാരുകളുടെ തിരഞ്ഞെടുപ്പ് മുതൽ അവയുടെ ക്രമീകരണം വരെ ഇന്ന് കംപ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്താം. ഇതിന് സഹായിക്കുന്ന ഒരു സോഫ്റ്റ് റ്വെയെർ, ഫ്രാൻഹോഫെർ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ ഇൻഡസ്ട്രിയൽ മാത്തമാറ്റിക്സ് ITWM ലെ ഫ്രെൻസ്-ജൊസെഫ് പെഫ്രെൻഡ്റ്റ് (Franz -Joseph Pfreundt) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഫോം, ഫൈബെർ എന്നീ പദാർഥങ്ങളിൽ കാണുന്ന സങ്കീർണ ജ്യാമിതികളിലൂടെ സൂക്ഷ്മ/ബാഹ്യതല പ്രവാഹ രീതികൾ എങ്ങനെ ഉണ്ടാവുന്നു എന്ന് കംപ്യൂട്ടർ ഉപയോഗിച്ച് സിമുലേറ്റ് ചെയ്ത് (ഇത്തരമൊരു സന്ദർഭം അനുകരണത്തിലൂടെ സൃഷ്ടിച്ച്) നൂതന വസ്ത്രങ്ങൾ രൂപപ്പെടുത്തുന്നു.

ആദ്യമായി, നിലവിലുള്ള പദാർഥങ്ങളുടെ കംപ്യൂട്ടർ ടൊമൊഗ്രെഫി പ്രതിബിംബം തയ്യാറാക്കുന്നു. തുടർന്ന്, അവയുടെ ജ്യാമിതീയ ഘടനകളുപയോഗിച്ച് ഏതാനും ത്രിമാന സംരചനാ മാതൃകകൾ സൃഷ്ടിക്കുന്നു. അതിനുശേഷം ദ്രവഗതിക ഗണിത പ്രക്രിയകളിലൂടെ (hydrodynamic mathematical processes) ഓരോ പദാർഥത്തിലൂടെയുള്ള പ്രവാഹ രീതികളെ വിലയിരുത്തുന്നു. ഇത്തരത്തിൽ ലഭിക്കുന്ന അറിവിനെ നേരത്തെ സൂചിപ്പിച്ച സിമുലേഷൻ സോഫ്റ്റ്വെയെറുകളുടെ ഇൻപുട്ടായി പ്രയോജനപ്പെടുത്തി പുതിയ തുണിത്തരത്തിന് രൂപം നൽകുന്നു. മറ്റു സാങ്കേതിക വിദ്യകളുയർത്തുന്ന വെല്ലുവിളി

ആധുനിക ജീവിതത്തിലെ ഏതാണ്ട് എല്ലാ മേഖലകളിലും വസ്ത്രങ്ങൾ ഉപയോഗത്തിലുണ്ട്. പക്ഷേ, സവിശേഷ സ്വഭാവങ്ങളുള്ള പുതിയ തരം പ്ളാസ്റ്റിക്, കടലാസ് തുടങ്ങിയ പദാർഥങ്ങളുടെ ആവിർഭാവം ടെക്സ്റ്റൈൽ വ്യവസായത്തിന് ഒരു ഭീഷണിയായിത്തീർന്നിട്ടുണ്ട്. ഇവയ്ക്കു ഇന്നുള്ള പരിമിതികൾ മാറുന്നതോടെ വസ്ത്ര നിർമ്മാണത്തിന് കൂടുതൽ ഗുരുതരമായ വെല്ലുവിളികൾ നേരിടേണ്ടിവരും.

അവലംബം[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെക്സ്റ്റൈൽ ടെക്നോളജി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെക്സ്റ്റൈൽ_ടെക്നോളജി&oldid=3088708" എന്ന താളിൽനിന്ന് ശേഖരിച്ചത്