ടെക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടെക്
The TeX logo
വികസിപ്പിച്ചത്Donald Knuth
ആദ്യപതിപ്പ്1978; 42 years ago (1978)
Stable release
3.1415926 / മാർച്ച് 2008; 12 years ago (2008-03)
Repository Edit this at Wikidata
ഭാഷOriginally WEB
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
തരംTypesetting
അനുമതിപത്രംPermissive
വെബ്‌സൈറ്റ്www.tug.org

കംപ്യൂട്ടർ നിയന്ത്രിത ടൈപ്പ്സെറ്റിങ് സംവിധാനം. ഇതിന്റെ ഉപജ്ഞാതാവ് ഡൊണാൾഡ് ഇ. കുൻത് (Donald E. Kunth) ആണ്. സാധാരണ ഉപയോഗിച്ചുവരാറുള്ള ഡിജിറ്റൽ ടൈപ്പ്സെറ്റിങ്ങിൽ ഗ്രിഡ്ഡുപയോഗിച്ചാണ് പേജിലെ അക്ഷരങ്ങളും ചിഹ്നങ്ങളും രൂപപ്പെടുത്തുന്നത്. ഇതേ രീതിയിൽ മഷിപ്പൊട്ടുകൾ (ink dots) അനുരൂപമായി പേജിൽ ക്രമീകരിക്കാൻ വേണ്ടി കുൻത് തയ്യാറാക്കിയ ഒരു കംപ്യൂട്ടർ പ്രോഗ്രാമാണ് ടെക്. അച്ചടി രീതിയിൽ കണ്ടിരുന്ന മേന്മകളെല്ലാം 'ടെക്കിൽ' ഉൾപ്പെട്ടിട്ടുണ്ട്. ഗണിത സംബന്ധിയായ ടൈപ്പ്സെറ്റിങ്ങിന് ഇത് തികച്ചും അനുയോജ്യമാണ്. ചെറിയ പേഴ്സണൽ കംപ്യൂട്ടറുകൾ മുതൽ മെയിൻ ഫ്രെയിം കംപ്യൂട്ടറുകളിൽ വരെ ഇതിനെ ഉപയോഗപ്പെടുത്താം. വീഡിയൊ സ്ക്രീൻ, ഇംപാക്റ്റ്/ലേസർ പ്രിന്റർ, ഫോട്ടോടൈപ്സെറ്ററുകൾ എന്നിങ്ങനെ വിവിധതരം ഉപകരണങ്ങളിലൂടെ ടെക് ഔട്ട്പുട്ട് ലഭ്യമാക്കാനാവുകയും ചെയ്യും. ഏതു സിസ്റ്റത്തിലൂടെ തയ്യാറാക്കിയാലും ടെക് ഔട്ട്പുട്ടിന് രൂപവ്യത്യാസമുണ്ടാകുന്നില്ല. ഒന്നിലധികം പ്രാവശ്യം ആവർത്തിക്കപ്പെടുന്ന നിർദ്ദേശങ്ങളെ ഒന്നിച്ച് സൂചിപ്പിക്കാവുന്ന മാക്രോസ് (macros) സൗകര്യവും ടെക്കിൽ ലഭ്യമാണ്.

വാക്യഘടന[തിരുത്തുക]

ഒരു പെട്ടിക്കുള്ളിലെ പ്രതിബിംബങ്ങൾ എന്ന രീതിയിലാണ് ടെക്കിൽ അക്ഷരങ്ങൾ അഥവാ ചിഹ്നങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇത്തരം 'പെട്ടികളെ' തമ്മിൽ കുത്തനെയും വിലങ്ങനെയും ബന്ധിപ്പിച്ചുകൊണ്ടാണ് വാക്കുകൾ, വാക്യങ്ങൾ എന്നിവ ടൈപ്പ്സെറ്റു ചെയ്യുന്നത്. ഇതുമൂലം എതാനും മൗലിക രൂപങ്ങളെ മാത്രം ഉപയോഗിച്ച് അനവധി രൂപരേഖകൾ (formats) ടെക്കിൽ നിർവചിക്കാനാകുന്നു.

വാക്കുകൾക്ക് ഹൈഫെനിടുന്ന രീതി[തിരുത്തുക]

ഫ്രാങ് ലിയാങ് (Frank Liang) വികസിപ്പിച്ചെടുത്ത സമ്പ്രദായമാണിത്. വിവിധ ഭാഷകളുമായും ഒരേ ഭാഷയിലെ തന്നെ വ്യത്യസ്ത സങ്കേതങ്ങളുമായും പൊരുത്തപ്പെട്ടുപോകുന്ന തരത്തിലാണിതിന്റെ നിർമ്മാണ രീതി.

ഒരു വാക്കിൽ എവിടെ ഹൈഫെനിടാം എവിടെ ഇട്ടുകൂടാ എന്നൊക്കെ നിശ്ചയിക്കുന്നത് ആ വാക്കിൽ കാണുന്ന മാതൃകകളുടെ (patterns) തന്നെ അടിസ്ഥാനത്തിലാണ്.

ഖണ്ഡിക നിർമ്മാണം[തിരുത്തുക]

ഇവിടെ ഖണ്ഡികകൾക്ക് രൂപം കൊടുക്കുന്നത് മറ്റ് ടൈപ്പ്സെറ്റിങ് രീതികളിൽ നിന്നും തികച്ചും വിഭിന്നമായാണ്. മൈക്കൽ പ്ലാസ്സ് (Michael Plass) വികസിപ്പിച്ചെടുത്ത രീതിയാണിത്. 'പെട്ടി'ക്കുള്ളിൽ 'പെട്ടി' അതിനുള്ളിൽ വീണ്ടും 'പെട്ടി' എന്ന രീതിയിലുള്ള വാക്യ ഘടന

സാധാരണ ടൈപ്പ്സെറ്റിങ്ങിൽ ഖണ്ഡികയിലെ വാചകങ്ങളെ സിസ്റ്റം ഒന്നൊന്നായിട്ടാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ ഒരു ഖണ്ഡികയുടെ അവസാനം വീണ്ടും വാചകങ്ങൾ ചേർത്താൽ വാചകം ചേർക്കുന്ന വരി മുതൽ മാത്രമേ മാറ്റം വരുകയുള്ളു. എന്നാൽ ടെക്കിൽ ഖണ്ഡികകൾ ഒരൊറ്റ യൂണിറ്റായിട്ടാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ പേജ് മാർജിനിന് വിധേയമായി ഖണ്ഡിക ക്രമീകരിക്കുമ്പോൾ അതിലെ വാചകങ്ങളെ ഇടയ്ക്കുവച്ച് മുറിക്കേണ്ടിവരുന്നു. ഇങ്ങനെ സൃഷ്ടിക്കുന്ന ഓരോ ലൈൻ-ബ്രേക്കിനും (line- break) സിസ്റ്റം ഒരു ന്യൂനതാ മൂല്യം (demerit value) നൽകുന്നു. തുടർന്ന് ഖണ്ഡികയിലെ 'ആകെ ന്യൂനതാ മൂല്യം' കണക്കാക്കുന്നു. ഇങ്ങനെ വ്യത്യസ്ത രീതിയിൽ ഖണ്ഡിക രൂപപ്പെടുത്തിയാൽ ഓരോന്നിന്റേയും 'ആകെ ന്യൂനതാ മൂല്യം' കണക്കാക്കി അവയിൽ വച്ച് ഏറ്റവും താഴ്ന്ന 'ന്യൂനതാ മൂല്യം' ലഭിക്കുന്ന ഖണ്ഡികയെ ടെക് തിരഞ്ഞെടുക്കുന്നു. ഇതിനായി സിസ്റ്റത്തിൽ 'ന്യൂനതാ നെറ്റ് വർക്കുകൾ' ഉപയോഗിക്കുന്നു.

ഇന്ന് നൂതന സൗകര്യങ്ങളുള്ള വിവിധതരം ടെക് സംവിധാനങ്ങൾ ലഭ്യമാണ്. 'നെസ്റ്റെഡ് ഡോക്ക്മെന്റുകൾക്ക് ' അനുയോജ്യമായ LATEX, സങ്കീർണങ്ങളായ ഗണിത ക്രിയകൾക്ക് സൗകര്യമുള്ള AMSTEX,ഗ്രന്ഥസൂചി തയ്യാറാക്കാൻ സഹായിക്കുന്ന BIBTEX മുതലായവ ഇതിനുള്ള ഉദാഹരണങ്ങളാണ്. ടെക് ഉപയോക്താക്കളുടെ യൂസെർ ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന ന്യൂസ്ലെറ്ററാണ് TUGboat. യൂസെർ ഗ്രൂപ്പിന് http://www.tug.org എന്ന വെബ്സൈറ്റുമുണ്ട്.

അവലംബം[തിരുത്തുക]

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ TeX എന്ന താളിൽ ലഭ്യമാണ്

ml:ടെക്ക്

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെക്ക്&oldid=3404315" എന്ന താളിൽനിന്ന് ശേഖരിച്ചത്