ടീച്ചിങ്ങ് മെഷീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാര്യക്ഷമമായ പഠനം ഉറപ്പുവരുത്തുന്നതിന് സഹായകമായ ഉപകരണം അഥവാ സംവിധാനമാണ് ടീച്ചിങ്ങ് മെഷീൻ. ചിത്രങ്ങൾ, അച്ചടിച്ച സാമഗ്രികൾ, ശ്രവ്യമാധ്യമങ്ങൾ എന്നിവയിലൂടെ വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ പകർന്നുകൊടുക്കുകയും അവരുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തി തെറ്റും ശരിയും ബോധ്യപ്പെടുത്തുകയുമാണ് സാധാരണമായി ടീച്ചിങ്ങ് മെഷീനുകൾ ചെയ്യാറുള്ളത്. എന്നാൽ ഇവ ഒരിക്കലും അധ്യാപകന് പകരമാകുന്നില്ല. വ്യാവസായിക രംഗത്തും തൊഴിൽപരമായ മറ്റു രംഗങ്ങളിലും പ്രവർത്തിക്കുന്നവർക്കാവശ്യമായ സാങ്കേതിക പരിജ്ഞാനം നൽകുന്നതിന് ഉപയോഗിക്കപ്പെടുന്ന മെഷീനുകളെയും വിശാലമായ അർഥത്തിൽ ടീച്ചിങ്ങ് മെഷീൻ എന്നു വിശേഷിപ്പിക്കാവുന്നതാണ്.

ചരിത്രം[തിരുത്തുക]

1926-ൽ ആണ് ടീച്ചിങ്ങ് മെഷീൻ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സിഡ്നി എൽ. പ്രെസി ആയിരുന്നു ഇതു രൂപകല്പന ചെയ്തു തയ്യാറാക്കിയത്. വിദ്യാർഥികൾക്ക് ഒരേ ചോദ്യത്തിനു വിവിധ ഉത്തരങ്ങൾ നൽകി ശരിയായ ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന ഒരു ഉപകരണമായിരുന്നു ഇത്. വിദ്യാർഥികളുടെ കഴിവിനെ പരീക്ഷിക്കുവാനും വിലയിരുത്തുവാനും പാഠഭാഗങ്ങൾ അഭ്യസിപ്പിക്കുവാനും ടൈപ്പ് റൈറ്ററിന്റെ ആകൃതിയിലുള്ള ഈ മെഷീനു കഴിയുമെന്നു പ്രെസി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന് അക്കാലത്ത് വേണ്ടത്ര പ്രചാരം സിദ്ധിച്ചില്ല.

1954-ൽ ബി.എഫ്. സ്കിന്നർ ടീച്ചിങ്ങ് മെഷീനുകളെക്കുറിച്ച് ഗവേഷണങ്ങൾ ആരംഭിച്ചു. തുടർന്ന് അമേരിക്കൻ സായുധസേന ചില ടീച്ചിങ്ങ് മെഷീനുകൾ രൂപകല്പന ചെയ്ത് ഉപയോഗപ്പെടുത്തി. സ്കിന്നർ രൂപകല്പന ചെയ്ത ടീച്ചിങ്ങ് മെഷീൻ അമേരിക്കൻ സൈക്കോളജിക്കൽ അസ്സോസിയേഷനിൽ അവതരിപ്പിച്ചതോടെ ടീച്ചിങ്ങ് മെഷീനുകൾ ജനശ്രദ്ധ ആകർഷിക്കുവാൻ തുടങ്ങി. ശ്രദ്ധാപൂർവം സംവിധാനം ചെയ്യുന്ന വിജ്ഞാന ശകലങ്ങൾ വിദ്യാർഥികൾക്ക് ക്രമമായി നൽകുകയും, അവർക്ക് അത് ഗ്രഹിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചതിനുശേഷം അടുത്ത ഭാഗത്തേക്ക് നീങ്ങുകയും ചെയ്യുവാനുപകരിക്കുന്ന രീതിയിലാണ് സ്കിന്നർ തന്റെ ഉപകരണം സംവിധാനം ചെയ്തിരുന്നത്. സമർഥരായ കുട്ടികൾക്ക് വളരെ വേഗത്തിലും അല്ലാത്തവർക്ക് സാവധാനത്തിലും ഓരോ പാഠഭാഗവും നന്നായി പഠിച്ചു മുന്നോട്ടു പോകുവാൻ ഇതുമൂലം കഴിയുന്നു. സ്കിന്നർ രൂപം നൽകിയ മെഷീനെ അടിസ്ഥാനമാക്കി നിർമ്മിച്ചിട്ടുള്ള 'റൈറ്റ് - ഇൻ' മെഷീനുകളാണ് ഇന്ന് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്. ടീച്ചിങ്ങ് മെഷീനിലൂടെ അഭ്യസിക്കുന്ന പാഠഭാഗങ്ങൾ കൂടുതൽ കാലം ഓർമയിൽ തങ്ങി നിൽക്കുന്നതായി ഗവേഷണ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.[1] അഭ്യസിപ്പിക്കേണ്ട പാഠഭാഗങ്ങൾ ശ്രദ്ധാപൂർവം അസൂത്രണം ചെയ്യുകയാണെങ്കിൽ നഴ്സറി തലം മുതൽ കോളജ് തലം വരെയുള്ള ഏതു ഘട്ടത്തിലും ടീച്ചിങ്ങ് മെഷീനുകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ സാധിക്കും. ടീച്ചിങ്ങ് മെഷീനുകൾക്കു പുറമേ റേഡിയോ, ടെലിവിഷൻ, കംപ്യൂട്ടർ എന്നിവയും അധ്യയന സഹായികളായി വ്യാപകമായ തോതിൽ പ്രയോജനപ്പെടുത്തി വരുന്നു.

അവലംബം[തിരുത്തുക]

  1. D. Randy Garrison and Terry Anderson (2003). E-Learning in the 21st Century: A Framework for Research and Practice. Routledge. ISBN 0-415-26346-8.

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ മെഷീൻ ടീച്ചിങ്ങ് മെഷീൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടീച്ചിങ്ങ്_മെഷീൻ&oldid=3997519" എന്ന താളിൽനിന്ന് ശേഖരിച്ചത്