ടി. രാമലിംഗംപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലയാളത്തിൽ സുപ്രധാനമായ നിഘണ്ടുകൾ രചിച്ച പണ്ഡിതനാണ് ടി. രാമലിംഗം‌പിള്ള (ഫെബ്രുവരി 22, 1880 - ഓഗസ്റ്റ് 1, 1968).

1880 ഫെബ്രുവരി 22-നു തിരുവനന്തപുരത്തെ ഒരു തമിഴ് കുടുംബത്തിൽ ടി. രാമലിംഗം‌പിള്ള ജനിച്ചു. പിതാവ് സ്ഥാണുപിള്ള സംസ്കൃതപണ്ഡിതനും ജ്യോതിഷിയുമായിരുന്നു. അതിനാൽത്തന്നെ സംസ്കൃതത്തിന്റെയും തമിഴിന്റെയും ബാലപാഠങ്ങൾ അച്ഛനിൽനിന്ന് സ്വായത്തമാക്കാൻ ഇദ്ദേഹത്തിന് സാധിച്ചു.[1]

തിരുവനന്തപുരത്തും മദ്രാസിലുമായി രാമലിംഗം‌പിള്ള കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കി. 1904-ൽ അദ്ദേഹം ബി.എ. പൂർത്തിയാക്കിയശേഷം സെക്രട്ടറിയേറ്റിൽ ഒരു ഗുമസ്തനായി ഉദ്യോഗത്തിൽ പ്രവേശിച്ചു. 1914-ൽ മലയാളത്തിൽ എം.എ. ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. അദ്ദേഹം ഇംഗ്ലീഷ്, മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി. ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലും രാമലിംഗം‌പിള്ള പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. തിരുവിതാംകൂർ സർക്കാരിന്റെ മുഖ്യ പരിഭാഷകനായി അദ്ദേഹം 10 വർഷം സേവനം അനുഷ്ഠിച്ചു.[1]

രാമലിംഗം‌പിള്ളയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതികൾ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും മലയാള ശൈലീ നിഘണ്ടുവുമാണ്. മുപ്പത്തഞ്ചുവർഷത്തെ നിരന്തര പരിശ്രമംകൊണ്ട് 1956-ൽ 76-ആം വയസ്സിലാണ് ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു പൂർത്തിയാക്കിയത്. മലയാള ശൈലീ നിഘണ്ടു 1937-ൽ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു.[1]

80ആം വയസ്സിനുശേഷം അദ്ദേഹം മറ്റൊരു കൃതി എഴുതാൻ തയ്യാറെടുപ്പുകൾ നടത്തി. ഇതിന്റെ പകുതിയിലധികം ഭാഗം മുന്നോട്ട് പോയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 1968 ഓഗസ്റ്റ് 1-നു 88-ആം വയസ്സിൽ തിരുവനന്തപുരത്തുവെച്ചുതന്നെ അദ്ദേഹം അന്തരിച്ചു.

പ്രധാന കൃതികൾ[തിരുത്തുക]

  • ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു (35 വർഷത്തെ പരിശ്രമം) ഡി.സി.ബുക്സിന്റെ ആധാരശില ഈ നിഘണ്ടുവാണെന്നു ഡി.സി കിഴക്കേമുറി രേഖപ്പെടുത്തിയിട്ടുണ്ട്‌.
  • മലയാള ശൈലി നിഘണ്ടു
  • ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം മിനി നിഘണ്ടു
  • ശൈലികൾ കുട്ടികൾക്ക്
  • പദ്‌മിനി
  • ഷേക്സ്പീയറുടെ പന്ത്രണ്ടു സ്ത്രീരത്നങ്ങൾ
  • ആധുനിക മലയാള ഗദ്യ രീതി
  • സി.ആർ ബോസിന്റെ ജീവചരിത്രം
  • ലേഖന മഞ്ജരി
  • അന്നപൂർണ്ണാലയം(തമിഴ്‌)
  • Aryabhata
  • Horrors of Cruelty to Animals
  • Evolution of Malayalam Drama

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 ടി. രാമലിംഗംപിള്ള (1993). ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു. ഡി.സി. ബുക്സ്, കോട്ടയം. ISBN 81-7130-302-1. {{cite book}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=ടി._രാമലിംഗംപിള്ള&oldid=3632724" എന്ന താളിൽനിന്ന് ശേഖരിച്ചത്