ടി. രാമറാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി. രാമറാവു
ടി. രാമറാവുവിന്റെ ചിത്രം
തിരുവിതാംകൂറിന്റെ ദിവാൻ
ഓഫീസിൽ
1887–1892
Monarchമൂലം തിരുനാൾ
മുൻഗാമിവി. രാമയ്യങ്കാർ
പിൻഗാമിഎസ്. ശങ്കരസുബ്ബയ്യർ
വ്യക്തിഗത വിവരങ്ങൾ
ജനനം1831
തിരുവനന്തപുരം, തിരുവിതാംകൂർ
മരണം1895 ജൂൺ 5
തിരുവനന്തപുരം, തിരുവിതാംകൂർ
ജോലിസിവിൽ സർവന്റ്, ഭരണകർത്താവ്
തൊഴിൽപൊതുപ്രവർത്തകൻ

1887 മുതൽ 1892 വരെ തിരുവിതാംകൂറിന്റെ ദിവാനായിരുന്ന ഭരണകർത്താവാണ് ടി. രാമറാവു (ജനനം: 1831 – മരണം: 1895 ജൂൺ 5). 1906-ലെ തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിൽ വി. നാഗം അയ്യ ഇദ്ദേഹത്തെ "തിരുവിതാംകൂറിലെ സമീപകാലത്തുണ്ടായ ഏറ്റവും ജനപ്രിയനായ ദിവാൻ" എന്നാണ് വിശേഷിപ്പിക്കുന്നത്. സർ. ടി. മാധവറാവു, ആർ. രഘുനാഥറാവു എന്നിവരുടെ കസിനാണ് ഇദ്ദേഹം.

ആദ്യകാലജീവിതവും ഉദ്യോഗങ്ങളും[തിരുത്തുക]

1831-ൽ ശങ്കരം റാവുവിന്റെ പുത്രനായി ട്രിവാൻഡ്രത്താണ് ഇദ്ദേഹം ജനിച്ചത്. പിതാവ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജായിരുന്നു. രാജാസ് ഫ്രീ സ്കൂളിലാണ് ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്. നാഗർകോവിലിലെ എൽ.എം.എസ്. സെമിനാരിയിൽ തുടർ പഠനവും നടത്തുകയുണ്ടായി. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇദ്ദേഹം തിരുവിതാംകൂർ സിവിൽ സർവീസിൽ പ്രവേശിച്ചു. ഗുമസ്തനായാണ് ഇദ്ദേഹം ആദ്യം ജോലി ചെയ്തിരുന്നത്. ജോലിക്കയറ്റം ലഭിക്കാതിരുന്നതിനാൽ ഇദ്ദേഹം ജോലിയുപേക്ഷിച്ച് കോഴിക്കോടുള്ള ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ പരിഭാഷകനായി ജോലി നേടി.

1857-ൽ ഇദ്ദേഹത്തെ കൽക്കുളത്തെ തഹസീൽദാരായി നിയമിച്ചു. ഇദ്ദേഹം ജോലിയിൽ കാണിച്ച താല്പര്യത്തെ യൂറോപ്യൻ മിഷണറിമാർ പുകഴ്ത്തിയിട്ടുണ്ടത്രേ. വേഗം തന്നെ ഇദ്ദേഹത്തിന് ഹുസൂർ കച്ചേരിയിൽ ഡെപ്യൂട്ടി ശിരസ്തദാരായും ഫസ്റ്റ് ശിരസ്തദാരായും ജോലിക്കയറ്റം ലഭിച്ചു. കൊല്ലം ഡിവിഷനിലെ ഡെപ്യൂട്ടി പേഷ്കാരായി ഇദ്ദേഹത്തിന് 1862-ൽ നിയമനം ലഭിച്ചു. 1862 മുതൽ 1878 വരെ ഇദ്ദേഹം ഈ തസ്തികയിൽ തുടർന്നു.

കോട്ടയം ഡിവിഷൻ[തിരുത്തുക]

1878 മുതൽ 1887 വരെ ഇദ്ദേഹം കോട്ടയം ഡിവിഷനിലായിരുന്നു ജോലി ചെയ്തത്. ടി. രാമറാവു 1879-ൽ കോട്ടയം ഡിവിഷന്റെ ദിവാൻ പേഷ്കാരായി. ഈ സമയത്ത് ഡിവിഷൻ തലസ്ഥാനം ചേർത്തലയായിരുന്നു. 1880-ൽ ഇദ്ദേഹം ഡിവിഷൻ ആസ്ഥാനം കോട്ടയത്തേയ്ക്കുമാറ്റി. ആധുനിക കോട്ടയത്തിന്റെ ശി‌ൽപ്പിയായും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്[1] . തിരുനക്കര ക്ഷേത്രമൈതാനം നിർമിച്ചത് ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ്. പോലീസ് സ്റ്റേഷൻ, കോടതി, കോട്ടയം പബ്ലിക് ലൈബ്രറി[2] , ജില്ലാ ആശുപത്രി എന്നിവയും ഇദ്ദേഹമാണ് നിർമിച്ചത്[3] .

കോട്ടയം സി.എം.എസ്. കോളേജിൽ സമർത്ഥരായ കുട്ടികൾക്ക് 25 രൂപ സ്കോളർഷിപ്പ് ഇദ്ദേഹം ഏർപ്പെടുത്തുകയുണ്ടായി. താഴത്തങ്ങാടി വള്ളംകളി, രാമവർമ യൂണിയൻ ക്ലബ് എന്നിവ ആരംഭിക്കുന്നതിലും ഇദ്ദേഹത്തിന് പങ്കുണ്ട്. 1885-ൽ ഇദ്ദേഹത്തിന്റെ കാലത്താണ് പീരുമേട്-ഗുഡലൂർ റോഡ് പണിതത്[3]. കച്ചേരിക്കടവ് ബോട്ട് ജെട്ടി നിർമിച്ചതും ഇക്കാലത്തുതന്നെ[4]

അതിനു ശേഷം ഇദ്ദേഹത്തിന് തിരുവിതാംകൂർ ദിവാനായി നിയമനം ലഭിച്ചു.

തിരുവിതാംകൂർ ദിവാൻ[തിരുത്തുക]

പല നിർമ്മാണപ്രവർത്തനങ്ങളും ഇദ്ദേഹത്തിന്റെ കാലത്ത് നടക്കുകയുണ്ടായി. 1887 ഫെബ്രുവരി 17-ന് ഇംഗ്ലണ്ടിൽ വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ സ്മാരകമായാണ് വിക്ടോറിയ ജൂബിലി ടൌൺ ഹാൾ (വി.ജെ.ടി. ഹാൾ) നിർമ്മിച്ചത്. 1888-ൽ മദ്രാസ് ഗവർണർ കണ്ണിമേറാ പ്രഭു തിരുവനന്തപുരം സന്ദർശിച്ചതിന്റെ സ്മരണയ്ക്കായി പാളയം കണ്ണിമേറാ മാർക്കറ്റ് സ്ഥാപിക്കുകയുണ്ടായി[5].

ഇദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിലാണ് ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ആദ്യയോഗം കൂടിയത്. ഹജൂർകച്ചേരിയുടെ (സെക്രട്ടേറിയറ്റ്) വടക്കേയറ്റത്തുള്ള ദിവാൻ ഓഫീസിന്റെ രണ്ടാം നിലയിലാണ് 1888 ആഗസ്ത് 23 ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക്[6] ചരിത്രപ്രാധാന്യമുള്ള ഈ സംഭവം നടന്നത്. എട്ടുപേരായിരുന്നു ഈ കൗൺസിലിലുണ്ടായിരുന്നത്[7]

പിൽക്കാല ജീവിതവും മരണവും[തിരുത്തുക]

1895 ജൂൺ 5-ന് തിരുവനന്തപുരത്തുവച്ചാണ് ഇദ്ദേഹം മരിച്ചത്.

ശേഷിപ്പുകൾ[തിരുത്തുക]

ഇദ്ദേഹത്തിന്റെ സ്മരണയ്ക്കാണ് ലണ്ടൻ മിഷൻ സൊസൈറ്റിക്കു മുന്നിൽ രാമറാവു വിളക്ക് നിലനിർത്തിവരുന്നത്[5] .

അവലംബങ്ങൾ[തിരുത്തുക]

  1. "സംസ്‌കാരങ്ങളുടെ സംഗമഭൂവിൽ – നാലാം ഭാഗം". ഡൂൾ ന്യൂസ്. 16 ജൂലൈ 2012. Retrieved 5 മാർച്ച് 2013.
  2. ആനിക്കാട്, സുജ (22 സെപ്റ്റംബർ 2009). "അക്ഷരനഗരിയുടെ അക്ഷരപ്പെരുമ". കോട്ടയം വാർത്ത. Retrieved 5 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 കെ. ആർ., പ്രഹ്‌ളാദൻ (8 ഏപ്രിൽ 2012). "കോട്ടയം നഗരത്തിന് 132 വയസ്സ് വിസ്മൃതിയിൽ നഗരശിൽപ്പി". മാതൃഭൂമി. Archived from the original on 2015-09-14. Retrieved 5 മാർച്ച് 2013.
  4. കൃഷ്ണൻ, സരിത (2 ജൂലൈ 2011). "വിസ്മൃതിയുടെ താളുകളിലേക്ക് വഴിമാറുന്ന കച്ചേരിക്കടവ് ബോട്ടുജെട്ടി". Retrieved 5 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
  5. 5.0 5.1 "ദേശചരിത്രം". തിരുവനന്തപുരം കോർപ്പറേഷൻ. Archived from the original on 2012-07-28. Retrieved 5 മാർച്ച് 2013.
  6. "കേരളത്തിന്റെ ജനാധിപത്യ ചരിത്രം". മലയാളി വാർത്ത. 21 നവംബർ 2012. Retrieved 23 ഫെബ്രുവരി 2013.
  7. "ജനാധിപത്യപരിണാമം തിരുവിതാംകൂറിൽ". മാതൃഭൂമി. Archived from the original on 2012-01-15. Retrieved 5 മാർച്ച് 2013.
Persondata
NAME Rao, T. Rama
ALTERNATIVE NAMES
SHORT DESCRIPTION Diwan of Travancore
DATE OF BIRTH 1831
PLACE OF BIRTH Trivandrum, Travancore
DATE OF DEATH June 5, 1895
PLACE OF DEATH Trivandrum, Travancore
"https://ml.wikipedia.org/w/index.php?title=ടി._രാമറാവു&oldid=3985561" എന്ന താളിൽനിന്ന് ശേഖരിച്ചത്