ടി.സി. അച്യുതമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമായ സംഗീത നൈഷധത്തിന്റെ കർത്താവാണ് ടി.സി. അച്യുതമേനോൻ (1864 - 1942). തെക്കേക്കുറുപ്പത്തു രാമഞ്ചിറമഠത്തിൽ പാറുക്കുട്ടിയമ്മയുടെയും ഗുരുവായൂർ കോട്ടപ്പടി നടുകാട്ടു കൃഷ്ണൻ നമ്പൂതിരിയുടെയും പുത്രനായി 1864-ൽ തൃശൂരിൽ ജനിച്ചു. നൈസർഗികമായ സംഗീതവാസന ചെറുപ്പത്തിലേ പ്രകടമായിരുന്നു. അച്ഛന്റെ വീട്ടിൽ താമസിച്ചുകൊണ്ട് സംസ്കൃതം പഠിച്ചു. കൊല്ലം നാരായണപിള്ളയുടെ നാടകക്കമ്പനി കേരളവർമയുടെ അഭിജ്ഞാനശാകുന്തളം രംഗത്തവതരിപ്പിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. നാടകത്തിൽ താത്പര്യമുണ്ടായിരുന്ന രാമഞ്ചിറമഠത്തിൽ കാവമ്മ ആ നാടകസമിതിയെ തൃശൂരേക്കു ക്ഷണിച്ചു. നാടകങ്ങളിൽ ശ്ലോകത്തേക്കാൾ ആസ്വാദ്യത ഗാനത്തിനാണെന്ന് കാവമ്മ മനസ്സിലാക്കി. അവരുടെ നിർദ്ദേശപ്രകാരമാണ് അച്യുതമേനോൻ സംഗീതനൈഷധം രചിച്ചത്. 1892-ൽ അത് അരങ്ങേറി.കാട്ടാളനായി നാടകകൃത്തും നളനായി കാവമ്മയും അഭിനയിച്ചു (മലയാള നാടകത്തിലെ ആദ്യത്തെ നടി കാവമ്മയാണ്). ഭാഷയിലെ പ്രഥമ സംഗീതനാടകമായ ആ കൃതിക്ക് വമ്പിച്ച പ്രചാരം ലഭിച്ചു. 39 വർഷംകൊണ്ട് 18 പതിപ്പുകളായി 33,800 പ്രതികൾ ചെലവായി. അച്യുതമേനോൻ 1893-ൽ തൃശൂർ അമ്പാടി പാറുക്കുട്ടിയമ്മയെ വിവാഹം ചെയ്തു. സുപ്രഭാതം, ചിത്രഭാനു, ഭാരതി എന്നിങ്ങനെ മൂന്ന് വാരികകൾ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും പല സമയങ്ങളിലായി കുറേക്കാലം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സ്വാതിതിരുനാളും ഇരയിമ്മൻ തമ്പിയും തുടങ്ങിവച്ച സംഗീതപാരമ്പര്യത്തിലെ തിളക്കമുള്ളൊരു കണ്ണിയാണ് ടി.സി. അച്യുതമേനോൻ.

അപകീർത്തിക്കേസ്[തിരുത്തുക]

ഒരു പത്രപ്രവർത്തകൻ എന്ന നിലയിലും അച്യുതമേനാൻ പേരെടുക്കുകയുണ്ടായി. സുപ്രഭാതം, ചിത്രഭാനു, ഭാരതി എന്നിങ്ങനെ മൂന്നു സപ്തദൈനികപത്രികകൾ അദ്ദഹം നടത്തി. സുപ്രഭാതത്തിൽ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനം കൊച്ചിയിൽ പത്രപ്രവർത്തന ചരിത്രത്തിൽ ഒന്നാമത്തെ അപകീർത്തിക്കേസ്സിനു കാരണമായിത്തീർന്നു; അതിൽ അദ്ദേഹത്തിനു കോടതി നിശ്ചയിച്ചപിഴ പൊതുജനങ്ങൾ തന്നെ പണം പിരിച്ച് ഒടുക്കി.[1]

പ്രധാന കൃതികൾ[തിരുത്തുക]

  • സംഗീതനൈഷധം
  • സംഗീതഹരിശ്ചന്ദ്രചരിതം
  • ജനാവാപർവം
  • അവസാന പ്രസ്താവന
  • മദനികാമൻമഥം
  • പദ്മവ്യൂഹഭഞ്ജനം
  • കുചേലഗോപാലം
  • രുക്മിണീസ്വയംവരം
  • ബാലഗോപാലൻ (എല്ലാം നാടകങ്ങൾ)
  • ഭദ്രോത്സവം
  • ഹരിഹരചരിതം (ആട്ടക്കഥകൾ)

എന്നിവയാണ് പ്രധാന കൃതികൾ. ഇവയിൽ ആദ്യത്തെ നാലു കൃതികൾ മാത്രമേ അച്ചടിക്കപ്പെട്ടിട്ടുള്ളു. 1942 ജൂലൈ 8-ന് ടി.സി. അന്തരിച്ചു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടി.സി. അച്യുതമേനോൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. "റ്റി.സി. അച്യുതമേനോൻ" (PDF). കേരള സാഹിത്യ ചരിത്രം അഞ്ചാം ഭാഗം.
"https://ml.wikipedia.org/w/index.php?title=ടി.സി._അച്യുതമേനോൻ&oldid=3517339" എന്ന താളിൽനിന്ന് ശേഖരിച്ചത്