ടി.കെ. ജോസഫ്
ടി.കെ. ജോസഫ് | |
---|---|
ജനനം | ടി.കെ. ജോസഫ് ചെങ്ങന്നൂർ, കോട്ടയം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചരിത്ര പണ്ഡിതൻ |
അറിയപ്പെടുന്ന കൃതി | മലബാർ നസ്രാണികളുടെ നാലു ചെപ്പേടുകൾ |
ചരിത്ര പണ്ഡിതനും ഗവേഷകനും നിരവധി ചരിത്ര പുസ്തകങ്ങളുടെ രചയിതാവുമാണ് ടി.കെ. ജോസഫ് (1885-1963).
ജീവിതരേഖ
[തിരുത്തുക]കൊല്ലവർഷം 1060 (1885) മിഥുനം 9-ാം തീയതി ചെങ്ങന്നൂരിലെ ഒരു പുരാതന ക്രിസ്ത്യൻ കുടുംബമായ തേരകത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളേജ്, തൃശ്ശി നാപ്പള്ളി സെന്റ് ജോസഫ്സ് കോളേജ്, തിരുവനന്തപുരം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ച് അദ്ദേഹം ബി.എ., എൽ.ടി. പാസ്സായി. ഗവൺമെന്റ് സർവ്വീസിൽ 1914-ൽ അദ്ധ്യാപകനായി പ്രവേശിച്ചു. ഒടുവിൽ ഗവൺമെന്റ് അദ്ദേഹത്തെ യൂണിവേഴ്സിറ്റി പബ്ലിക്കേഷൻ വകുപ്പിൽ സൂപ്രണ്ടായി നിയമിച്ചു. യൂണിവേഴ്സിറ്റിയിൽനിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ജേർണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി' എന്ന ത്രൈമാസികത്തിന്റെ പത്രാധിപ സമിതിയിൽ അദ്ദേഹം അംഗമായിരുന്നു.
നസ്രാണി ദീപിക, മലയാള മനോരമ, ഭാഷാപോഷിണി മുതലായ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ധാരാളം കവിതകളും, സമസ്യാപൂരണങ്ങളും അദ്ദേഹം എഴുതി. ഗവേഷണമണ്ഡലത്തിൽ ശ്രദ്ധതിരിഞ്ഞതോടെ സാഹിത്യപരമായ ലേഖനങ്ങളുടെ രചന നിർത്തി. കൊല്ലത്തെ പുരാതന പള്ളി, കടമറ്റ ലിഖിതം, കൊച്ചിയിലെ പുരാണ വസ്തുക്കൾ, നിരണം കവികൾ, ക്നാനായിൽ തൊമ്മന്റെ ചെപ്പേട്, പാലിയും മലയാളവും, കടമറ്റം കുരിശ്, പറവൂർ പള്ളിയിലെ ലിഖിതം, കുറുവിലങ്ങാട് പള്ളി ലിഖിതം, മനുകുലാതിച്ച മംഗലം, വെളിനെല്ലൂരമ്പലം, ചേകോട്ടാശാൻ, കൊല്ലാടനെന്ന വൈദ്യൻ, മയ്യനാട്ടെ കുടുംബ ചരിത്രങ്ങൾ, നസ്രാണികൾുടെ ചെപ്പേടുകൾ, കടക്കരപ്പള്ളി, എന്നിവ അദ്ദേഹത്തിന്റെ മനോരമയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ്. [1]
പുരാവസ്തു വകുപ്പോ ചരിത്രകാരന്മാരോ മുൻപു കണ്ടിട്ടില്ലാത്ത കടമറ്റം പാലവി കുരിശ്, കുറവിലങ്ങാട്ടു ലിഖിതം, ചേന്ദമംഗലം യൂദ ലിഖിതങ്ങൾ, കൊടുങ്ങല്ലൂർ വട്ടശ്ശേരിക്കല്ല്, തെക്കൻ പറവൂർ ദിനാരം, കുറമ്പനാടം ചീന നാണയം തുടങ്ങിയ പ്രധാന പൂർവവസ്തുക്കളെപ്പറ്റിയെല്ലാം ആദ്യ ലേഖനങ്ങൾ എഴുതിയത് ടി.കെ.ജോസഫായിരുന്നു.[1]
മോഡേൺ റിവ്യൂ, ഇന്ത്യൻ ആന്റിക്വറി, ഏഷ്യാറ്റിക് സൊസൈറ്റി പേപ്പേഴ്‍സ്, ജേർണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. മലയാള സാങ്കേതിക പദങ്ങളുടെ നിർമ്മാണത്തിൽ ഏ.ആർ. രാജരാജവർമ്മ, ഐ.സി. ചാക്കോ എന്നിവരുമായി സഹകരിച്ച് പ്രവർത്തിച്ചു. മലയാളലിപി പരിഷ്കരിക്കണമെന്ന ആശയത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. അനേകവർഷം അദ്ദേഹം പാഠ പുസ്തകക്കമ്മിറ്റിയിലും, പരീക്ഷാ ബോർഡിലും അംഗമായിരുന്നു.[2]
തിരുവിതാംകൂർ യൂണിവേഴ്സിറ്റി പബ്ലിക്കേഷൻ ഡിപ്പാർട്ട്മെൻറിൽ സൂപ്രണ്ടായിരിക്കുമ്പോൾ റിട്ടയർ ചെയ്തു.
1963 മേയ് 8ാം തീയതി അന്തരിച്ചു.
കൃതികൾ
[തിരുത്തുക]- മലബാർ നസ്രാണികളുടെ നാലു ചെപ്പേടുകൾ
- പാചീന ഇന്ത്യയിലെ ക്രിസ്തുമതപ്രചാരം
- തോമസ് കാനാ
- വൈദ്യുതീ വിലാസം
- ഈശ്വരസാക്ഷാൽക്കാരം
- ക്രിസ്തുമതസംഗീതം
- വാനവിലാസം
- സൂര്യസാമ്രാജ്യം[3]
- Thalakkad Christian Inscription of about 800 AD with Facsimile
- Date of Bhaskara Ravi Varman, whogranted the Cochin Jewish Copper-Plates
- Mar Sabor and Mar Prodh, the Kadisas of 825 AD
- Asoka: A Review
- The Malabar Christian Copper Plates
- Six St. Thomses Of South India
അവലംബം
[തിരുത്തുക]- ↑ 1.0 1.1 പ്രിയദർശൻ, ജി (2010). പഴമയിൽ നിന്ന്. കോട്ടയം: മനോരമ. p. 47.
- ↑ മഹാച്ചരിത സംഗ്രഹ സാഗരം, പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണൻ
- ↑ http://campuslib.keralauniversity.ac.in/cgi-bin/koha/opac-detail.pl?biblionumber=74173&shelfbrowse_itemnumber=87400#shelfbrowser
പുറം കണ്ണികൾ
[തിരുത്തുക]- Malabar Christians and Their Ancient Documents
- മലങ്കര നസ്രാണികളുടെ നാലു ചെപ്പേടുകൾ-1925
- ST. THOMAS IN SOUTH INDIA. (Indian Antiquary A Journal Of Oriental Research Vol.57)