ടി.കെ. അബ്ദുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.കെ. അബ്ദുല്ല
TK Abdulla.jpg
ജനനം 1929
ആയഞ്ചേരി, കോഴിക്കോട് ജില്ല, കേരളം
തൊഴിൽ പ്രഭാഷകൻ, ചിന്തകൻ, ഇസ്ലാമിക പണ്ഡിതൻ
ജീവിതപങ്കാളി(കൾ) കുഞ്ഞാമിന
കുട്ടി(കൾ) 3 മക്കൾ

ഇസ്‌ലാമിക പണ്ഡിതൻ, ചിന്തകൻ, വാഗ്മി എന്നീ നിലകളിൽ കേരളത്തിലും ദേശീയതലത്തിലും ശ്രദ്ധേയനായ വ്യക്തിത്വമാണ് ടി.കെ. അബ്ദുല്ല. ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ സ്ഥാപകാംഗം. ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്റർ. 1972-1979, 1982-1984 കാലയളവുകളിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അധ്യക്ഷൻ[1]. ആദ്യകാലം മുതൽ തന്നെ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗവും 1972 മുതൽ കേന്ദ്ര കൂടിയാലോചനാ സമിതിയംഗവുമാണ്.[2]

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിൽ പ്രശസ്ത മതപണ്ഡിതനായിരുന്ന തറക്കണ്ടി അബ്ദുർറഹ്‌മാൻ മുസ്ലിയാരുടെയും ഫാത്വിമയുടെയും മകനായി 1929ൽ ജനിച്ചു. വാഴക്കാട് ദാറുൽ ഉലൂം, തിരൂരങ്ങാടി ജുമുഅഃ മസ്ജിദ്, പുളിക്കൽ മദീനതുൽ ഉലൂം, കാസർഗോഡ് ആലിയ അറബിക് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. 1959-ൽ ജമാഅത്തെ ഇസ്ലാമിയിൽ അംഗമായി.[3] ആലിയ അറബിക് കോളേജിൽ വിദ്യാർഥിയായിരിക്കുമ്പോൾ, 1950-ൽ ജമാഅത്തെ ഇസ്ലാമി അമീറായിരുന്ന ഹാജിസാഹിബിന്റെ നിർദ്ദേശപ്രകാരം പ്രബോധനം പ്രതിപക്ഷ പത്രത്തിൽ ചേർന്നു. ആദ്യകാലത്ത് പ്രബോധനത്തിൽ തുടർച്ചയായി ലേഖനം എഴുതുകയും ധാരാളം ലേഖനങ്ങൾ ഉറുദുവിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്തിരുന്നു. മൗലാനാ മൗദൂദിയുടെ തഫ്ഹീമുൽ ഖുർആന്റെ ആദ്യഭാഗം ടി. ഇസ്ഹാഖ് അലി മൗലവിയോടൊപ്പം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. 1959-ൽ ഹാജി സാഹിബിന്റെ മരണത്തെ തുടർന്ന് ടി. മുഹമ്മദ് സാഹിബ് പത്രാധിപരും ടി.കെ അബ്ദുല്ലാ സഹപത്രാധിപരുമായി. 1964-ൽ പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോൾ പ്രബോധനം വാരികയുടെ പ്രഥമപത്രാധിപരായി ചുമതലയേറ്റു. 1965 മുതൽ സംഘടനാപരമായ മറ്റുപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നതിനാൽ അദ്ദേഹം പ്രബോധനത്തിന്റെ ദൈനംദിനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നില്ല. എങ്കിലും 1988 വരെ ഔദ്യോഗികമായി പത്രാധിപസ്ഥാനത്ത് തുടർന്നു. 1992-ൽ ബാബരിമസ്ജിദ് തകർക്കപ്പെട്ട സാഹചര്യത്തിൽ നിരോധിക്കപ്പെട്ട പ്രബോധനം 1994-ൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ ടി.കെ ഒരിക്കൽകൂടി ചീഫ് എഡിറ്ററായി. 1995 അവസാനത്തിൽ കെ.സി. അബ്ദുല്ല മൗലവിയുടെ നിര്യാണത്തെ തുടർന്ന് പ്രബോധനത്തിൽ നിന്ന് വിട്ട് ബോധനം ത്രൈമാസികയുടെ മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുത്തു. ആദ്യകാലം മുതൽ ജമാഅത്തെ ഇസ്‌ലാമി ശൂറായിലും 1972 മുതൽ കേന്ദ്ര ശൂറായിലും അംഗമാണ്. 1972-79 ലും 1982-84 ലുമായി രണ്ടുതവണ ജമാഅത്തെ ഇസ്‌ലാമി കേരള ഹൽഖയുടെ അമീർ സ്ഥാനവും വഹിച്ചു. അടിയന്തിരാവസ്ഥയിൽ ജയിൽവാസമനുഭവിച്ചിട്ടുണ്ട്.

സ്ഥാനങ്ങൾ[തിരുത്തുക]

രണ്ട് തവണയായി 10 വർഷത്തിലധികം ജമാഅത്തെ ഇസ്‌ലാമിയുടെ കേരള അമീറായിട്ടുണ്ട്. കേരള മജ്‌ലിസുത്തഅ്‌ലീമിൽ ഇസ്‌ലാമിയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ സ്ഥാപകാംഗമാണ്. കൂടാതെ ഐ. പി. ടി മെമ്പർ, അൽ മദീന ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ, ദൽഹി ദഅ്‌വ ട്രസ്റ്റ് മെമ്പർ, അലിഗഢ് ഇദാറെ തഹ്കീകാതെ ഇസ്ലാമി അംഗം, , ഐ. എസ്. ടി. മെമ്പർ, ഐ. എം. ടി. മെമ്പർ, വിജ്ഞാന കോശം ചീഫ് എഡിറ്റർ, ബോധനം ദ്വൈമാസിക ചീഫ് എഡിറ്റർ, ഐ. പി. എച്ച്. ഉപദേശക സമിതി അംഗം, അൽ ജാമിഅ അൽ ഇസ്ലാമിയ വിസിറ്റിംഗ് പ്രൊഫസർ, കുറ്റ്യാടി ഇസ്ലാമിയ കോളേജ് ട്രസ്റ്റ് ചെയർമാൻ എന്നീ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു.[4]

ആത്മകഥ[തിരുത്തുക]

നടന്നു തീരാത്ത വഴികളിൽ എന്ന പേരിൽ പുതിയ ജീവചരിത്ര പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോൾ. പ്രബോധനം വാരികയിൽ സദ്റുദ്ദീൻ വാഴക്കാട് തയ്യാറാക്കിയ ജീവചരിത്ര പരമ്പര പ്രസിദ്ധീകരിച്ചിരുന്നു.[5]

പ്രഭാഷണങ്ങൾ[തിരുത്തുക]

മലയാളത്തിലുള്ള പ്രഭാഷണകലക്ക് മാതൃകയാണ് ടി.കെ അബ്ദുല്ല. തന്റെ എൺപതുകളിലും പ്രഭാഷണ വേദികളിൽ സജീവമായി ഉണ്ട്.[6] പ്രസിദ്ധമായ പ്രഭാഷണങ്ങൾ ‘നാഴികക്കല്ലുകൾ’ എന്ന പേരിൽ സമാഹരിച്ചിട്ടുണ്ട്. ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച ഇഖ്ബാലിനെ കണ്ടെത്തൽ എന്ന കൃതി കോഴിക്കോട് നടന്ന പ്രഭാഷണങ്ങളുടെ സമാഹാരമാണ്. അല്ലാമാ ഇഖ്ബാലിന്റെ കവിതകൾ പ്രഭാഷണങ്ങളിലെ ശ്രദ്ധേയമായ ഒരിനമാണ്. ശരീഅത്ത് വിവാദ കാലത്ത് കേരളത്തിൽ സജീവമായി ഇസ്‌ലാമികപക്ഷത്ത് നിന്ന് ഇടപെട്ട പ്രഭാഷകനായിരുന്നു. കമ്മ്യൂണിസത്തെ സൈദ്ധാന്തിക തലത്തിൽ നിരൂപണം ചെയ്യുന്ന പ്രഭാഷണങ്ങളും ശ്രദ്ധേയമാണ്. മലയാളത്തെ പോലെ തന്നെ ദേശീയതല ജമാഅത്ത് പരിപാടികളിൽ ടി.കെ നടത്തിയ ഉറുദു പ്രഭാഷണങ്ങളും ശ്രദ്ധയാകർഷിക്കുന്നു.

കുടുംബം[തിരുത്തുക]

ഭാര്യ: കുഞ്ഞാമിന. മക്കൾ: ടി. കെ. എം. ഇഖ്ബാൽ (പ്രബോധനം വാരികയുടെ സബ് എഡിറ്ററായിരുന്നു).ടി. കെ ഫാറൂഖ് (ഡയറക്ടർ, ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ്, ജമാഅത്തെ ഇസ്ലാമി കേരള ശൂറാംഗം.) ഒരു പുത്രിയുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി.കെ._അബ്ദുല്ല&oldid=1874667" എന്ന താളിൽനിന്നു ശേഖരിച്ചത്