ടി.ഇ. വാസുദേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.ഇ. വാസുദേവൻ
ടി.ഇ. വാസുദേവൻ
ജനനം1917 ജൂലൈ 16
തൃപ്പൂണിത്തുറ, എറണാകുളം, കേരളം
മരണം2014 ഡിസംബർ 30
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രനിർമാതാവും വിതരണക്കാരനും
ജീവിതപങ്കാളി(കൾ)എം.കെ. രാധമ്മ
കുട്ടികൾവത്സല

മലയാളത്തിലെ ഏറ്റവും പ്രമുഖരായ ചലച്ചിത്ര വ്യവസായികളിൽ ഒരാളായിരുന്നു നിർമാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവൻ(1917 - 30 ഡിസംബർ 2014). മലയാളചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജെ.സി ദാനിയേൽ അവാർഡ് ആദ്യ വർഷം ലഭിച്ചത് വാസുദേവനാണ്.[1]

ജീവിതരേഖ[തിരുത്തുക]

1917 ജൂലൈ 16-ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ശങ്കരമേനോൻ-യശോദാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1936 ൽ എറണാകുളത്ത് ഇലക്ട്രിക്കൽ പവർ കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫറായി ജോലിയിൽ പ്രവേശിച്ചു. 1938-ൽ തൃപ്പൂണിത്തുറയിൽ രണ്ടു മാസം താൽകാലിക പ്രദർശനശാല നടത്തി. 1940അസോസിയേറ്റഡ് പിക്ചേഴ്സ് എന്ന ചലച്ചിത്രവിതരണ സ്ഥാപനത്തിന് തുടക്കം കുറിച്ചു.

97-ആം വയസ്സിൽ 2014 ഡിസംബർ 30-ന് അർബുദ രോഗത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.[2]

ചലച്ചിത്രവിതരണരംഗത്ത്[തിരുത്തുക]

ആദ്യ കാലത്ത് ഹിന്ദി ചിത്രങ്ങൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്. പ്രഗതി ഹരിശ്ചന്ദ്ര എന്ന ചിത്രം വിതരണം ചെയ്തുകൊണ്ടാണ് വാസുദേവനും അസോസിയേറ്റഡ് പിക്ചേഴ്സും മലയാളചലച്ചിത്രവ്യവസായരംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലന്റെ നിർമാതാക്കളായിരുന്ന സേലം മോഡേൺ തീയറ്റേഴ്സ് നിർമ്മിച്ച, മലയാളത്തിലെ ആദ്യത്തെ വർണചിത്രമായ കണ്ടം ബച്ച കോട്ട് വിതരണം ചെയ്തത് വാസുദേവന്റെ വിതരണക്കമ്പനിയാണ്‌.

പിൽക്കാലത്ത് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ആയിരത്തോളം ചിത്രങ്ങൾ വിതരണം ചെയ്തു.

ചലച്ചിത്രനിർമ്മാണരംഗത്ത്[തിരുത്തുക]

1950ൽ ജയമാരുതി പിക്ചേഴ്സ് എന്ന സ്ഥാപനം തുടങ്ങിക്കൊണ്ട് ചലച്ചിത്രനിർമ്മാണ രംഗത്തെത്തിയ വാസുദേവൻ മദ്രാസിലേക്ക് താമസം മാറ്റുകയും ചെയ്തു. അമ്മ, ആശാദീപം, നായരു പിടിച്ച പുലിവാൽ, കുട്ടിക്കുപ്പായം, സ്നേഹസീമ, പുതിയ ആകാശം പുതിയ ഭൂമി, കൊച്ചിൻ എക്സ്പ്രസ്, ലോട്ടറി ടിക്കറ്റ്, ഡെയ്ഞ്ചർ ബിസ്ക്കറ്റ്, കണ്ണൂർ ഡീലക്സ്, സ്ഥാനാർഥി സാറാമ്മ, ഭാര്യമാർ സൂക്ഷിക്കുക, കാവ്യമേള, ഫുട്ബോൾ ചാമ്പ്യൻ, മണിയറ, മൈലാഞ്ചി, മറുനാട്ടിൽ ഒരു മലയാളി, ജിമ്മി, കല്യാണ ഫോട്ടോ, പാടുന്ന പുഴ തുടങ്ങി അൻപതോളം ചിത്രങ്ങൾ നിർമിച്ചു. സ്നേഹസീമ(1954), നായരുപിടിച്ച പുലിവാൽ(1956), പുതിയ ആകാശം പുതിയ ഭൂമി(1964), കാവ്യമേള(1965), ഏഴുതാത്ത കഥ(1970) എന്നീ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചു. എം. കൃഷ്ണൻനായർ സംവിധാനം ചെയ്ത കാലം മാറി കഥ മാറി(1987) ആണ് ഏറ്റവുമൊടുവിൽ നിർമിച്ച ചിത്രം. കുഞ്ചാക്കോക്കും പി.സുബ്രഹ്മണ്യത്തിനും ശേഷം ഏറ്റവുമധികം ചിത്രങ്ങൾ നിർമിച്ചയാളും വാസുദേവനാണ്.

മറ്റു ഭാഷകളിലും ജയമാരുതി ചിത്രങ്ങൾ നിർമിച്ചു. ജയമാരുതിയുടെ ബാനറിൽ നിർമിച്ചിട്ടുള്ള പല ചിത്രങ്ങൾക്കും വി. ദേവൻ എന്ന പേരിൽ കഥയെഴുതിയിരുന്നതും വാസുദേവനായിരുന്നു. 33 വർഷം മദ്രാസിൽ താമസിച്ച അദ്ദേഹം കേരളത്തിൽ ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുടങ്ങാൻ മുൻകൈ എടുത്തു. 1983ൽ നാട്ടിലേക്ക് താമസം മാറ്റി.

പുരസ്കാരങ്ങൾ[തിരുത്തുക]

മലയാളചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജെ.സി ദാനിയേൽ അവാർഡ് ആദ്യ വർഷം ലഭിച്ചത് വാസുദേവനാണ്. 1989ൽ ഇന്ത്യൻ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോൾ ആദരിക്കപ്പെട്ട 75 ചലച്ചിത്രപ്രതിഭകളിൽ വാസുദേവനും ഉണ്ടായിരുന്നു. ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സംഘടനകളും സ്ഥാനമാനങ്ങളും[തിരുത്തുക]

മലയാളചലച്ചിത്രപരിഷത്തിന്റെ സ്ഥാപക പ്രസിഡൻറ്, കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെയും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും പ്രസിഡൻറ്, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ തിരുവനന്തപുരം പാനൽ അംഗം, ദേശീയ ചലച്ചിത്രവികസന കോർപ്പറേഷന്റെ തിരക്കഥാസമിതി അംഗം തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തിൽ അഞ്ചു വർഷം നീണ്ട ഉദ്യമത്തിലൂടെ വാസുദേവൻ തയ്യാറാക്കിയ മലയാള സിനിമാ ചരിത്രം കേരള ചലച്ചിത്ര അക്കാദമി സി.ഡി റോം ആയി പുറത്തിറക്കിയിട്ടുണ്ട്. ഇത് പുസ്തകമായും പ്രസിദ്ധീകരിക്കുന്നുണ്ട്. എറണാകുളത്ത് പനമ്പള്ളി നഗറിലാണ് താമസം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-31. Retrieved 2014-12-30.
  2. "ടി.ഇ. വാസുദേവൻ അന്തരിച്ചു". http://www.mathrubhumi.com. mathrubhumi. Archived from the original on 2014-12-31. Retrieved 2014 ഡിസംബർ 30. {{cite web}}: Check date values in: |accessdate= (help); External link in |website= (help)
"https://ml.wikipedia.org/w/index.php?title=ടി.ഇ._വാസുദേവൻ&oldid=3776041" എന്ന താളിൽനിന്ന് ശേഖരിച്ചത്