ടിറ്റിവാങ്‍സ മലനിരകൾ
ടിറ്റിവാങ്സ മലനിരകൾ | |
---|---|
Sankalakhiri Range | |
ഉയരം കൂടിയ പർവതം | |
Peak | Gunung Korbu |
Elevation | 2,183 m (7,162 ft) |
വ്യാപ്തി | |
നീളം | 480 km (300 mi) NW/SE |
Width | 120 km (75 mi) NE/SW |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Countries | Malaysia and Thailand |
Range coordinates | 5°58′12″N 101°19′37″E / 5.9699°N 101.3269°E |
Parent range | Tenasserim Hills |
Borders on | Thailand/Malaysia |
ഭൂവിജ്ഞാനീയം | |
Age of rock | Permian, Triassic |
Type of rock | Granite, limestone |
ടിറ്റിവാങ്‍സ മലനിരകൾ, (Malay: Banjaran Titiwangsa; بنجرن تيتيوڠسا) മലയൻ ഉപദ്വീപിലെ ഒരു പ്രധാനപ്പെട്ട മലനിരയാണ്. "ബഞ്ചാരാൻ ബസാർ" (പ്രധാന റേഞ്ച്) എന്നും അറിയപ്പെടുന്ന ഈ മലനിരകൾ മലയൻ ഉപദ്വീപിൻറെ നട്ടെല്ലായി അറിയപ്പെടുന്നു. മലനിരകളുടെ വടക്കൻ ഭാഗം തെക്കൻ തായ്‍ലാൻറിലാണ് സ്ഥിതി ചെയ്യുന്നു. അവിടെ ഇതിനെ സങ്കലാഖിരി റേഞ്ച് (Thai: ทิวเขาสันกาลาคีรี, pronounced [tʰīw kʰǎw sǎn.kāːlāːkʰīːrīː]) എന്ന് പറയുന്നു. ഈ മലനിരകൾ ഒരു സ്വാഭാവിക അതിർത്തിയായി വർത്തിക്കുകയും, മലയൻ ഉപദ്വീപിനെയും തെക്കേ അറ്റത്തെ തായ്‍ലാൻറിനെയും കിഴക്ക്, പടിഞ്ഞാറ് തീരപ്രദേശങ്ങളായി വേർതിരിക്കുകയും ചെയ്യുന്നു. മലനിരകളുടെ നീളം വടക്കുമുതൽ തെക്കുവരെ ഏകദേശം 480 കിലോമീറ്ററാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]വിശാല ടെനാസ്സെറിം പർവ്വത വ്യൂഹത്തിൻറെ ഭാഗമാണ് ഈ മലനിരകൾ. ഇന്തോ-മലയൻ കോർഡില്ലേറയുടെ ഏറ്റവും തെക്ക് ഭാഗത്തായി രൂപംകൊണ്ട് , ടിബറ്റിൽ നിന്ന് ക്രാ ഇസ്തമസ് വഴി മലയൻ ഉപദ്വീപിലേയക്ക് വരെ ഇതു നീളുന്നു.[1] ടിറ്റി വാങ്സ മലനിരകൾ വടക്ക് ഭാഗത്ത് സങ്കലഘിരി മലനിരകളായി തുടങ്ങുകയും പറ്റാനി, തലുബാൻ, സോങ്ഘ്‍ല തുടങ്ങിയ ഉപ ശാഖകളെക്കൂടി ഉൾക്കൊള്ളുന്ന നഖോൺ സി തമ്മരാത് നിരകളുടെ ഒരു ദീർഘീകരണമായി സ്ഥിതിചെയ്യുകയും ചെയ്യുന്നു.
പ്രധാന ശ്രേണികൾ വടക്കുപടിഞ്ഞാറു മുതൽ തെക്ക്കിഴക്കു വരെ ഏകദേശം മലേഷ്യയുടെ അതിർത്തിക്കു കുറുകേകൂടി തെക്കു ദിക്കിൽ ജെലെബു, നെഗെറി സെമ്പിലാൻ എന്നിവിടങ്ങളിൽ അവസാനിക്കുന്നു. താഴ്‍വരയിലെ കുന്നുകൾ വീണ്ടും തെക്കുകിഴക്കൻ ഭാഗത്തേയ്ക്കു നീണ്ട് ജോഹർവരെ എത്തുന്നു. ഈ ഭാഗത്തെ ഏറ്റവും ഉയരം കൂടിയ പർവ്വതം 2,183 മീറ്റർ (7,162 അടി) ഉയരമുള്ള ഗുനുങ് കോർബു ആണ്. അത് ചുണ്ണാമ്പുകല്ലും ഗ്രാനൈറ്റും കൊണ്ട് രൂപപ്പെട്ട പാറക്കൂട്ടങ്ങളാണ്. തായ്‍ലാൻറ് ഭാഗത്തെ ഏറ്റവും ഉയരമുള്ള ഭാഗം, തായ്/മലേഷ്യൻ അതിർത്തിയിൽ യാലാ മേഖലയ്ക്കും (തായ്‍ലാൻറ്) പെരെക്കിനും (മലേഷ്യ) ഇടയിലുള്ള 1,533 മീറ്റർ ഉയരമുള്ള “ഉലു തിത്തി ബസാഹ്” (ยูลูติติ บาซาห์) ആണ്.[2] തെക്കൻ മലനിരകളിൽ ഉയരം കൂടിയത് 1,276 മീറ്റർ ഉയരമുള്ള മൌണ്ട് ഓഫിർ ആണ്.
വൈവിധ്യമാർന്ന ജീവജാലങ്ങളെയും സസ്യജാലങ്ങളെയും പിന്തുണക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മഴക്കാടുകളിലൊന്നാണ് ടിറ്റിവാങ്സ മൗണ്ടൻസ്. കൂടാതെ, ഈ സ്ഥലത്ത് നിന്ന് അതിമനോഹരങ്ങളായ കാഴ്ച്ചകൾ ദർശിക്കുവാനും സാധിക്കുന്നു. ഈ പ്രദേശത്ത് മൌണ്ട് തഹാൻ കാൽനടയാത്രയ്ക്ക് ഉത്തമമായ പ്രദേശമാണ്. അതുപോലെതന്നെ തമൻ നെഗാറ എന്ന പ്രശസ്ത ദേശീയോദ്യാനം സമീപത്തായി സ്ഥിതിചെയ്യുന്നു. ഈ ഭാഗത്തെ ഉഷ്ണമേഖലാ വനങ്ങൾക്ക് ഏകദേശം 130 ദശലക്ഷം വരെ വർഷങ്ങൾ പഴക്കമുള്ളവയാണ്. ഈ പ്രദേശത്തെ മഴക്കാടുകളുടെ കാഴ്ച വളരെ ആവേശകരമാണ്. മക്കാക്വേ, കടുവ തുടങ്ങിയ മൃഗങ്ങളേയും റഫ്ലേഷ്യ സസ്യങ്ങളുടെ ഭീമാകാരങ്ങളായ പുഷ്പങ്ങളും ഈ മേഖലയിൽ കാണാൻ സാധിക്കുന്നു. വാസ്തവത്തിൽ, ഈ ഇനത്തിലെ Rafflesia arnoldii യാണ് ലോകത്തെ ഏറ്റവും വലിയ പുഷ്പം ഉത്പാദിപ്പിക്കുന്നത്. ചില സാഹചര്യങ്ങളിൽ ഈ പൂക്കൾ 100 സെന്റിമീറ്റർ വ്യാസം വരെയും 10 കിലോ തൂക്കംവരെയുമുള്ളതായിരിക്കും. എന്നാൽ ഈ വലിയ പൂവ് വിടരുമ്പോഴുള്ള അതിന്റെ വാസന അത്ര സുഖകരമല്ല. ഈ പൂവിന്റെ പരാഗണം നടത്തുന്ന കാരിയൺ ഈച്ചകളെ (Calliphoridae) ആകർഷിക്കുന്നതിനായി പുഷ്പം ചീഞ്ഞ മാംസത്തിന്റെ ഗന്ധം പുറപ്പെടുവിക്കുന്നു.
റോയൽ ബെലൂം, കാമറൂൺ ഹൈലാന്റ്സ്, ജെന്റിങ് ഹൈലാൻഡ്സ്, ഫ്രാസേർസ് ഹിൽസ് തുടങ്ങിയ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഈ മേഖലയിലായി സ്ഥിതി ചെയ്യുന്നു. ടിറ്റി വാങ്സ വന കോംപ്ലക്സിനെ മുറിച്ചു നിരവധി റോഡുകൾ കടന്നു പോകുന്നു.
സംരക്ഷിത മേഖലകൾ
[തിരുത്തുക]തായ്‍ലാൻറ്
[തിരുത്തുക]- സാൻ കാല ഖിരി ദേശീയോദ്യാനം
- ബുഡോ-സു-ൻഗായി പാഡി ദേശീയോദ്യാനം
- നംതോക്ക് സായി ഖാവോ ദേശീയോദ്യാനം
- ഹലാ ബാല വന്യമൃഗ സങ്കേതം
മലേഷ്യ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Avijit Gupta, The Physical Geography of Southeast Asia, Oxford University Press, 2005. ISBN 978-0-19-924802-5
- ↑ "Gunong Ulu Titi Basah, Thailand - Geographical Names, map, geographic coordinates".