Jump to content

ടാൻടലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Karagöl ("The black lake") in Mount Yamanlar, İzmir, Turkey, associated with the accounts surrounding Tantalus and named after him as Lake Tantalus

ടാൻടലസ് (Tantalus) (പുരാതന ഗ്രീക്ക്: Τάνταλος, Tántalos) ഗ്രീക്കു പുരാണകഥയിലെ ദുരന്തനായകന്മാരിൽ ഒരാളാണ്. വെള്ളവും ആഹാരവും കൈയകലത്തുണ്ടായിട്ടും വിശപ്പും ദാഹവും അകറ്റാനാകാത്ത നില- അതായിരുന്നു സ്വന്തം ദുഷ്കർമങ്ങൾക്കായി ടാൻടലസിന് വിധിക്കപ്പെട്ട ശിക്ഷ. കൊതിപ്പിക്കുക, വ്യാമോഹിപ്പിക്കുക എന്നർഥം വരുന്ന ടാൻടലൈസ് (tantalize ) എന്ന പദത്തിന്റെ ഉത്പത്തിയും ഇതു തന്നെ.[1]

പുരാണകഥ

[തിരുത്തുക]

ടാൻടലസിന്റെ അഹങ്കാരം

[തിരുത്തുക]

സ്യൂസിന്റേയും വനദേവത പ്ലൗടോയുടേയും പുത്രനായിരുന്നു ടാൻടലസ്.സ്യൂസിന് പ്രിയംകരനായിരുന്ന ടാൻടലസിന് ദേവലോകത്തിൽ സ്വതന്ത്രവിഹാരം നടത്താനും ദേവഗണത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്കപ്പെട്ടിരുന്നു. ദേവകൾക്കു മാത്രം പറഞ്ഞിട്ടുള്ള വീഞ്ഞും അമൃതും പോലും ടാൻടലസിനും നല്കപ്പെട്ടു. മാത്രമല്ല, ടാൻടലസിന്റെ അരമനയിൽ വിരുന്നിനു വരാനും ദേവഗണം തയ്യാറായിരുന്നു. ഇതൊക്കെ കൂടി ടാൻടലസിനെ അഹങ്കാരിയാക്കി. ടാൻടലസിന് മൂന്നു മക്കളുണ്ടായിരുന്നു പുത്രന്മാരായ ബ്രോടിയസും പെലോപ്സും, പുത്രി നിയോബും. ദേവഗണത്തെ അപമാനിക്കാനായി ടാൻടലസ് വിരുന്നൊരുക്കി. നരഭോജികളെന്ന് ദേവഗണത്തെ മുദ്രകുത്താനായി ടാൻടലസ്, പെലോപ്സിനെ വെട്ടിനുറുക്കി പാചകം ചെയ്ത് വിരുന്നുകാർക്കു വിളമ്പിക്കൊടുത്തു. [2]

ദേവഗണം സത്യവസ്ഥ ഗണിച്ചെടുത്തു. അവർ ഭക്ഷണം തൊട്ടില്ല. ടാൻടലസ് ശപിക്കപ്പെട്ടു. പാതാളത്തിലെ തെളിനീർതടാകത്തിൽ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടക്കുക. ദാഹിച്ചു വലഞ്ഞു വെള്ളം കുടിക്കാനായുമ്പോൾ ജലനിരപ്പ് താണുപോകും. കൈയെത്തും പൊക്കത്തിൽ പറിച്ചെടുക്കാവുന്ന പലതരം പഴങ്ങൾ. പക്ഷെ കൈയൊന്നു നീട്ടിയാൽ വൃക്ഷത്തിന്റെ ശാഖകൾ ഉയർന്നു പൊങ്ങും.തലക്കു മുകളിൽ ഏതു നിമിഷവും ഉരുണ്ടു വീണേക്കാവുന്ന ഒരു വലിയ പാറക്കല്ലും അങ്ങനെ മരണഭയത്തോടെ എന്നെന്നേക്കുമായി വെള്ളവും ആഹാരവും കൈയകലത്തുണ്ടായിട്ടും വിശപ്പും ദാഹവും കൊണ്ട് വലയാൻ ടാൻടലസ് വിധിക്കപ്പെട്ടു.[3].

പെലോപ്സിനെ ദേവകൾ പുനരുജ്ജീവിപ്പിച്ചു.

ശാപം തലമുറകളിലേക്ക്

[തിരുത്തുക]

ടാൻടലസിന്റെ ദുഷ്കർമങ്ങളുടെ നിഴൽ പിന്നീടുള്ള തലമുറകളിലും വീണതായി കഥ തുടരുന്നു. ആർടമിസിന്റെ കോപത്തിനു പാത്രമായി ബ്രോട്ടിയസ് തീയിൽ ചാടി ആത്മഹത്യ ചെയ്തു.ടാൻടലസിന്റെ അഹങ്കാരം നിയോബിനും പൈതൃകമായി ലഭിച്ചിരുന്നു. നിയോബിന് ഏഴു പുത്രന്മാരും ഏഴു പുത്രികളും (ഇലിയഡിൽ ആറു പുത്രന്മാരും ആറു പുത്രികളും എന്നാണ്) ഉണ്ടായിരുന്നു. ലെറ്റോദേവിയേയും അവളുടെ രണ്ടു മക്കൾ ആർട്ടിമിസിനേയും അപോളോവിനേയും അല്ല, മറിച്ച് പതിനാലു മക്കളുള്ള തന്നെയാണ് പൂജിക്കേണ്ടതെന്ന് നിയോബ് പ്രജകളോടു കല്പിച്ചു. ഈ വടംവലിയിൽ നിയോബിന്റെ എല്ലാ മക്കളും കൊല്ലപ്പെട്ടു.ദുഃഖാർത്തയായ നിയോബ് ശിലയായി രൂപാന്തരപ്പെട്ടെന്നു ബാക്കി കഥ.[4], [5],[6]

പെലോപ്സ് വലിയ ദുരന്തമൊന്നും കൂടാതെ പിന്നീടുള്ള ജീവിതം കഴിച്ചു കൂട്ടി. പക്ഷെ അടുത്ത തലമുറയിൽ ദുരന്തം സംഭവിച്ചു. പൊലോപ്സിന് രണ്ടു പുത്രന്മാരുണ്ടായിരുന്നുു- അട്രിയസ്സും ഥൈയെസ്റ്റസും. മൈസിനയിലെ രാജാവായി അധികാരമേറിയ അട്രിയസ്സിന്റെ ഭാര്യയെ ഥൈയെസ്റ്റസ് വശീകരിച്ചുവെന്നോ അതല്ല.സിംഹാസനം തട്ടിയെടുക്കാൻ ഥൈയെസ്റ്റസ് ശ്രമിച്ചെന്നോ തുടർന്നുണ്ടായ ശത്രുതയിൽ അട്രിയസ്സിന്റെ പുത്രൻ കൊല്ലെപ്പട്ടുവെന്നുമൊക്കെ വിവിധരീതികളിൽ കഥ പറയപ്പെടുന്നു. അതെന്തായാലും ക്രുദ്ധനായ അട്രിയസ് അതി ഭീകരമായ വിധത്തിൽ പകരം വീട്ടി. ഥൈയെസ്റ്റസിന്റെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് പാചകം ചെയ്ത് ഥൈയെസ്റ്റെസിനെ തീറ്റിച്ചു.[7]

അട്രിയസിന്റെ പുത്രന്മാരാണ് ഇലിയഡിലെ പ്രധാനകഥാപാത്രങ്ങളായ അഗമെമ്നണും മെനിലോസും[8]. അട്രിയസിനെ പിന്നീടെപ്പോഴോ ഥൈയെസ്റ്റസ് വധിച്ചുവെന്നും അഗമെമ്നണേയും മെനിലോസിനേയും നാടു കടത്തിയെന്നും കഥയും ഉണ്ട്.[9]. സ്പാർട്ടയിൽ അഭയം തേടിയ അഗമെമ്നണും മെനിലോസും അവിടത്തെ രാജകുമാരികൾ ക്ലൈറ്റംമ്നസ്ട്രയേയും ഹെലനേയും യഥാക്രമം വിവാഹം ചെയ്തു. [10]. അഗമെമ്നൺ ദമ്പതിമാർക്ക് ഇഫിജിനിയ, ഇലക്ട്ര എന്ന രണ്ടു പുത്രിമാരും ഒറസ്റ്റെസ് എന്ന പുത്രനും പിറന്നു. ട്രോജൻ ദൗത്യത്തിനു മുമ്പ് കടൽക്കാറ്റിനെ പ്രീതിപ്പെടുത്താനായി അഗമെമ്നൺ തന്റെ പുത്രി ഇഫിജീനിയയെ ബലിയർപ്പിച്ചു. [11]. ഇതു പൊറുക്കാനാവാതെ ഭാര്യ ക്ലൈറ്റംമ്നസ്ട്രാ, കാമുകനുമൊത്ത് അഗമെമ്നണെ കൊലപ്പെടുത്തി.[12]. ഈ വിവറിഞ്ഞ ഒറെസ്റ്റസ് അമ്മയേയും കാമുകനേയും വധിച്ചു.

വികാരതീവ്രവും നാടകീയവുമായ ഈ കഥകൾ അനേകം വകഭേദങ്ങളോടെ. എസ്കിലസും യൂറിപിഡിസും, സോഫോക്ലീസും ഗ്രീക്കു നാടകമേടയിൽ അവതരിപ്പിച്ചു.

അവലംബം

[തിരുത്തുക]
  1. Tantalus: Encyckopaedia Britannica
  2. Hamilton, പുറം. 236-237.
  3. Hamilton, പുറം. 237.
  4. Hamilton, പുറം. 239.
  5. Niobe Encyclopaedia Britannica
  6. Gregory, പുറം. 145-6.
  7. Atreus: Greek Mythology
  8. Hamilton, പുറം. 238-9.
  9. Atreus: Greek Mythology
  10. Agamemnon- Greek Mythology
  11. Hamilton, പുറം. 181-2.
  12. Hamilton, പുറം. 243.

ഗ്രന്ഥസൂചി

[തിരുത്തുക]
  1. Hamilton, Edith (1969). Mythology: Tales of Gods & Heroes. The New American Library, N.Y.
  2. Gregory, Horace, ed. (2009). Ovids's Metamorphoses. Signet Classics. ISBN 9780451531452.
"https://ml.wikipedia.org/w/index.php?title=ടാൻടലസ്&oldid=3105413" എന്ന താളിൽനിന്ന് ശേഖരിച്ചത്