Jump to content

ടാസിറ്റസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാസിറ്റസ്, കൊർണീലിയസ്
ജനനംca 56 A.D.
മരണംca 117 A.D.
തൊഴിൽSenator, consul, governor, historian
GenreHistory, Silver Age of Latin
വിഷയംHistory, biography, oratory

പുരാതന റോമൻ ചരിത്രകാരനാണ് ടാസിറ്റസ്. ഇദ്ദേഹത്തിന്റെ ജനനസ്ഥലത്തെ പറ്റിയും ജനിച്ച വർഷത്തെ സംബന്ധിച്ചും പേരിനോടൊപ്പം കൊർണീലിയസ് എന്നു ചേർത്തിരിക്കുന്നതിനെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. എ.ഡി. 55-നടുത്ത് ഇദ്ദേഹം ജനിച്ചതായി കരുതപ്പെടുന്നു. സ്വന്തം കൃതികളിൽ നൽകിയിരിക്കുന്ന സൂചനകളും സമകാലികനായിരുന്ന ഇളയ പ്ലിനിയുടെ വിവരണങ്ങളിൽനിന്നു ലഭിക്കുന്ന സൂചനകളുമാണ് ടാസിറ്റസ്സിൻ ജീവിതത്തെപ്പറ്റി നമുക്കു ലഭിക്കുന്ന മുഖ്യവിവരങ്ങൾ. ഭരണപരമായ പല സ്ഥാനങ്ങളും ടാസിറ്റസ് വഹിച്ചിരുന്നതായി കരുതപ്പെടുന്നു. 79-ാമാണ്ടിനോടടുത്ത് സെനറ്ററായി തുടങ്ങി 88-ൽ പ്രേറ്റർ, 97-98ൽ കോൺസൽ, ഏകദേശം 112-113-ൽ പ്രവിശ്യാഗവർണർ എന്നീ പദവികൾ വഹിച്ചിരുന്നതായി സൂചനകളുണ്ട്. 89 മുതൽ 93 വരെ പ്രവിശ്യാഭരണവുമായി ബന്ധപ്പെട്ട് ജർമനിയിൽ താമസിച്ചിരുന്നു എന്നും അഭ്യൂഹിക്കുന്നു.

ഇദ്ദേഹത്തിന്റെ കൃതികളിൽ പ്രധാനപ്പെട്ടവ ഒന്നാം നൂറ്റാണ്ടിലെ റോമൻ ചരിത്രസംബന്ധിയായി രചിക്കപ്പെട്ട രണ്ടു ഗ്രന്ഥങ്ങളാണ്. ഇവ രണ്ടും 104 മുതൽ 117 വരെയുള്ള കാലത്തു രചിക്കപ്പെട്ടതായി അനുമാനിക്കുന്നു. ടൈബീരിയസ് മുതൽ ഡൊമീഷ്യൻ വരെയുള്ള ജൂലിയോ-ക്ലോഡിയൻ, ഫ്ളാവിയൻ ചക്രവർത്തിമാരുടെ ഭരണകാലത്തെ (14-96) ചരിത്രമാണ് ഈ കൃതികളിലുള്ളത്. ഇതിൽ ആദ്യം പൂർത്തിയായതെന്നു കരുതുന്ന ഹിസ്റ്ററീസ്-ൽ ഗൽബാ മുതൽ ഡൊമീഷ്യൻ വരെയുള്ള ചക്രവർത്തിമാരുടെ റോമാസാമ്രാജ്യ ചരിത്രം ഉൾക്കൊള്ളുന്നു. 14-ഓളം ഭാഗങ്ങൾ ഉണ്ടെന്നു കരുതപ്പെടുന്ന ഈ ചരിത്രഗ്രന്ഥത്തിൽ ആദ്യത്തെ നാലും അഞ്ചാമത്തേതിന്റെ കുറച്ചുഭാഗവും മാത്രമാണ് ലഭ്യമായിട്ടുള്ളത്. ആനൽസ് എന്ന രണ്ടാമത്തെ കൃതി ടൈബീരിയസ് മുതൽ നീറോ വരെയുള്ള ചക്രവർത്തിമാരുടെ കാലത്തെ ചരിത്രമാണ്. 16 ഭാഗങ്ങളുള്ള ഇതിന്റെ 9 എണ്ണവും മറ്റു ചിലവയുടെ ഏതാനും അംശങ്ങളും മാത്രമേ കിട്ടിയിട്ടുള്ളു. ടാസിറ്റസ്സിന്റെ ആദ്യത്തേതെന്ന് അറിയപ്പെടുന്ന കൃതി വാഗ്മിത്വകലയെപ്പറ്റി പ്രതിപാദിക്കുന്ന ഡയലോഗ് ഓൺ ഒറേറ്റേഴ്സ് ആണ്. ബ്രിട്ടനിൽ ഗവർണറായിരുന്ന ഭാര്യാപിതാവ് ജൂലിയസ് അഗ്രിക്കോളയുടെ ജീവചരിത്രഗ്രന്ഥമാണ് മറ്റൊന്ന്. ജർമനിയിലെ ജനവിഭാഗങ്ങളുടെ ജീവിതരീതിയെപ്പറ്റി വിവരിക്കുന്ന ജെർമാനിയ എന്നറിയപ്പെടുന്ന ഒരു ഗ്രന്ഥവും ഇദ്ദേഹത്തിന്റേതായുണ്ട്. ഇദ്ദേഹം മരണമടഞ്ഞത് 120-ൽ ആകാനാണ് സാധ്യത എന്ന അഭിപ്രായം നിലവിലുണ്ട്.

കൃതികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]


പുറം കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാസിറ്റസ്, കൊർണീലിയസ് (സു. 55 - സു.120) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാസിറ്റസ്&oldid=2323031" എന്ന താളിൽനിന്ന് ശേഖരിച്ചത്