ഇംഗ്ലണ്ടും സഖ്യരാഷ്ട്രമായിരുന്ന സ്പെയിനുംഫ്രാൻസിനെതിരായി 1809-ൽ നടത്തിയ യുദ്ധമാണ് ടാലവേര യുദ്ധം. മധ്യ സ്പെയിനിൽ താഗസ് നദിക്കരയിലെടാലവേര എന്ന സ്ഥലത്തായിരുന്നു യുദ്ധം നടന്നത്. നെപ്പോളിയാനിക് യുദ്ധങ്ങളിലെ പെനിൻസുലാർ യുദ്ധത്തിന്റെ ഭാഗമായി 1809 ജൂലൈയിൽ നടന്ന യുദ്ധമാണ് ഇത്. നെപ്പോളിയൻ ബോണപ്പാർട്ട് സ്പെയിനിൽ അതിക്രമിച്ചുകടന്ന് തന്റെ സഹോദരൻ ജോസഫ് ബോണപ്പാർട്ടിനെ അവിടെ രാജാവാക്കിയിരുന്നു. ജോസഫിനെ തോല്പ്പിക്കാൻ ബ്രിട്ടീഷ് സൈന്യം ആർതർ വെല്ലസ്ലിയുടെ നേതൃത്വത്തിലും സ്പാനിഷ് സൈന്യം ക്വെസ്റ്റയുടെ നേതൃത്വത്തിലുമായിരുന്നു യുദ്ധം ചെയ്തത്. ജൂലൈ 27-നും 28-നും യുദ്ധം നടന്നു. 28-ന് നടന്ന യുദ്ധത്തിൽ ഫ്രഞ്ചുസേന സംയുക്ത ബ്രിട്ടീഷ്-സ്പെയിൻ സൈന്യത്തോട് പരാജയപ്പെട്ടു. ഇതേത്തുടർന്ന് ജോസഫ് ബോണപ്പാർട്ടിന് മാഡ്രിഡിലേക്കു പിൻവാങ്ങേണ്ടതായും വന്നു.