ടാക്സോഡിയേസി
ഒരു സസ്യകുടുംബമാണ് ടാക്സോഡിയേസി. അനാവൃതബീജി (Gymnosperms) കളിൽപ്പെടുന്നു. ഈ കുടുംബത്തിൽ 10 ജീനസ്സുകളും 16 സ്പീഷീസുമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷമായ സെക്വയ സെംബർവൈറൻസ് (Sequoia sempervirens) ഇതിലുൾപ്പെടുന്നു. ക്രിപ്റ്റോമേരിയ (Cryptomeria), സയാഡോപിറ്റിസ് (Siadopitys), തയ്വാനിയ (Taiwania) എന്നീ മൂന്നു ജീനസ്സുകൾ ജപ്പാനിൽ മാത്രം കണ്ടുവരുന്നവയാണ്. മെറ്റാസെക്വയ (Metasequoia)യും ഗ്ലിപ് റ്റോസ്ട്രോബസും (Glyptostrobus) ചൈനയിലും, സെക്വയയും സെക്വയഡെൻഡ്രോണും കാലിഫോർണിയയിലും, ചൈനഫിർ (Cunninghamia) ചൈനയിലും ഫോർമോസയിലും വളരുന്നു. ടാൻസ്മേനിയയിൽ അത്രോടാക്സിസി (Athrotaxis)ന്റെ മൂന്നു സ്പീഷീസുണ്ട്. ഫ്ളോറിഡയിലും മെക്സിക്കോയിലും വടക്കേ അമേരിക്കയിലും ടാക്സോഡിയത്തിന്റെ മൂന്നു ഇനങ്ങൾ കാണപ്പെടുന്നു.
ടാക്സോഡിയം സിസ്റ്റിക്കം
[തിരുത്തുക]ഇലകൾ ശല്ക്കങ്ങൾ പോലെയോ അരിവാൾ രൂപത്തിലോ സൂചിപോലെയോ ആയിരിക്കും. സെക്വയയിലും സയാഡോപിറ്റിസിലും ഇലകൾ ദ്വിരൂപാവസ്ഥ (dimorphism) പ്രകടിപ്പിക്കുന്നു. ചിലവ ഇലകൊഴിയും മരങ്ങളാണ്. ഇല ഒറ്റയായോ സർപ്പിലമായി ക്രമീകരിച്ചോ കാണപ്പെടുന്നു. സൂചി പോലുള്ള ഇലകൾ ചുവടുഭാഗം സംയോജിച്ച് ജോടികളായി മാറിയിരിക്കുന്നു.
ഈ കുടുംബത്തിലെ എല്ലാ ഇനങ്ങളും ഏകലിംഗാശ്രയികളാണ്. ആൺകോണുകൾ ചെറുതാണ്. കാറ്റ്കിൻ, റസിം എന്നീയിനം പുഷ്പമഞ്ജരികൾ പോലെ ഇവ ശാഖാഗ്രങ്ങളിലോ ഇലയുടെ കക്ഷ്യങ്ങളിലോ ഉണ്ടാവുന്നു. 2-9 പരാഗകോശങ്ങളുണ്ടായിരിക്കും. പെൺ കോണുകൾ ശാഖാഗ്രങ്ങളിലാണുണ്ടാവുക. 2-9 ബീജാണ്ഡങ്ങളുണ്ടായിരിക്കും. ബീജാണ്ഡങ്ങളുടെ കക്ഷ്യാന്തരിക സഹപത്രങ്ങൾ (subtending bracts) ഭാഗികമായോ പൂർണമായോ അവയോട് ഒട്ടിച്ചേർന്നിരിക്കും. ഗോളാകാരത്തിലുള്ള കോണുകൾ കട്ടിയുള്ളതും ചിരസ്ഥായിയായ ശല്ക്കങ്ങളുള്ളതുമാണ്. 2-9 വിത്തുകളുണ്ടായിരിക്കും.
എല്ലാ ഇനങ്ങളും അലങ്കാരസസ്യങ്ങളായി നട്ടുവളർത്തുന്നവയാണ്. ക്രിപ്റ്റോമേരിയ, ചൈനഫിർ, കുടപൈൻ (Sciadopitys) എന്നിവ ഭൂശോഭ നൽകുന്നതിനു (land scaping) വേണ്ടി നട്ടുവളർത്തുന്നു. ടാക്സോഡിയത്തിന്റെ തടി എളുപ്പത്തിൽ കുമിൾരോഗം ബാധിക്കാത്തതിനാൽ ഗ്രീൻ ഹൗസുകളിൽ താങ്ങുകളും തട്ടുകളുമുണ്ടാക്കാനുപയോഗിക്കുന്നു. സെക്വയ റെഡ്വുഡും വിവിധ പണിത്തരങ്ങൾക്ക് ഉപയോഗിച്ചുവരുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാക്സോഡിയേസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |