ടാക്സേഷൻ എൻക്വയറി കമ്മിഷൻ ഒഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ നികുതി ഘടനയെക്കുറിച്ച് പഠിക്കാൻ 1953-ൽ നിയുക്തമായ കമ്മിഷനാണ് ടാക്സേഷൻ എൻക്വയറി കമ്മിഷൻ ഒഫ് ഇന്ത്യ. സ്വാതന്ത്ര്യപ്രാപ്തിയെത്തുടർന്ന് ഇന്ത്യൻ സമ്പദ്ഘടന സമഗ്രമായി പുനഃസംവിധാനം ചെയ്യുന്നതിന്റെ ഭാഗമായി നികുതി വ്യവസ്ഥ മൗലികമായി പരിഷ്കരിക്കുവാൻ നെഹ്റു ഗവൺമെന്റ് തീരുമാനിച്ചു. ദീർഘകാലം വൈദേശികാധിപത്യത്തിനു കീഴിലായിരുന്ന ഇന്ത്യയുടെ സമ്പദ്ഘടന, ദേശീയ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുവാനുതകുന്ന തരത്തിൽ നവീകരിക്കുന്നതിനു വേണ്ടിയുള്ള പരിഷ്ക്കരണ പദ്ധതിയുടെ അവിഭാജ്യഘടകമായിട്ടാണ് ടാക്സേഷൻ എൻക്വയറി കമ്മിഷനെ നിയോഗിച്ചത്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. ജോൺ മത്തായി ചെയർമാനായുള്ള കമ്മിഷനിൽ വൈകുണ്ഠ്, എൽ. മേത്ത, ഡോ. വി. കെ. ആർ. വി. റാവു, കെ. ആർ. കെ. മേനോൻ, ബി. വെങ്കിട്ട പൈ, ഡോ. ബി. കെ. മദൻ തുടങ്ങിയവരായിരുന്നു അംഗങ്ങൾ. മുൻ ആദായനികുതി കമ്മിഷണറായിരുന്ന സർദാർ ഇന്ദ്രജിത് സിംഗായിരുന്നു കമ്മിഷന്റെ സെക്രട്ടറി. വിഭജനത്തിന്റെയും നാട്ടുരാജ്യങ്ങളുടെ ഉദ്ഗ്രഥനത്തിന്റെയും ഫലമായി അതീവ സങ്കീർണമായിത്തീർന്ന ധനകാര്യ രംഗത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചതിനുശേഷം കമ്മിഷൻ മൂന്നു വാല്യങ്ങളുള്ള ഒരു റിപ്പോർട്ട് കേന്ദ്ര ഗവൺമെന്റിനു സമർപ്പിച്ചു.

കമ്മിഷന്റെ അന്വേഷണ വിഷയങ്ങൾ[തിരുത്തുക]

  1. കേന്ദ്ര-സംസ്ഥാന-പ്രാദേശിക നികുതികൾ വിവിധ വിഭാഗം ജനങ്ങളിലും വിവിധ സംസ്ഥാനങ്ങളിലുമുളവാക്കുന്ന സ്വാധീനം;
  2. ഇന്ത്യയുടെ പുതിയ വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും സാമ്പത്തിക അസമത്വങ്ങൾ ലഘൂകരിക്കുന്നതിനും നിലവിലുള്ള നികുതി വ്യവസ്ഥ എത്രത്തോളം ഉപയുക്തമാണെന്നുള്ള പരിശോധന;
  3. മൂലധന രൂപീകരണത്തിലും ഉത്പാദനമേഖലയുടെ വികാസത്തിലും നികുതിഘടന ചെലുത്തുന്ന സ്വാധീനം;
  4. വിലക്കയറ്റം പോലെയുള്ള അസന്തുലിതാവസ്ഥകൾ നേരിടുന്നതിൽ നികുതി വ്യവസ്ഥയ്ക്കുള്ള പങ്ക്;
  5. നികുതി വ്യവസ്ഥയിൽ വരുത്തേണ്ട മാറ്റങ്ങൾ.

പ്രവർത്തനരേഖ[തിരുത്തുക]

വിശദമായ പഠനം നടത്തുന്നതിന്റെ മുന്നോടിയായി കമ്മിഷൻ ഒരു ചോദ്യാവലി തയ്യാറാക്കുകയും അത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അയച്ചു കൊടുക്കുകയും ചെയ്തു. ഇന്ത്യയുടെ പൊതുവിലുള്ള നികുതിവ്യവസ്ഥ, പ്രത്യക്ഷ-പരോക്ഷ നികുതികൾ, കാർഷികാദായ നികുതി, ഭൂമിയിൽ നിന്നുള്ള വരുമാനം, ജലസേചനനിരക്കുകൾ, മറ്റു കേന്ദ്ര-സംസ്ഥാന നികുതികൾ, പ്രാദേശിക നികുതികൾ എന്നിങ്ങനെ ആറു ഭാഗങ്ങളുള്ള ചോദ്യാവലിയാണ് കമ്മിഷൻ തയ്യാറാക്കിയത്. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക ലക്ഷ്യങ്ങളും പഞ്ച വത്സര പദ്ധതികളും വിജയകരമായി നിർവഹിക്കുന്നതിന് യുക്തിസഹവും ശാസ്ത്രീയവുമായ ഒരു നികുതി സമ്പ്രദായം ആവശ്യമാണ്. വ്യാവസായിക-കാർഷിക മേഖലകളിലെ വർധിച്ച മുതൽമുടക്കിനും ക്ഷേമ പ്രവർത്തനങ്ങൾക്കും ആവശ്യമായ സാമ്പത്തിക വിഭവങ്ങളുടെ സുപ്രധാന സ്രോതസ്സാണ് നികുതികൾ. അതിനാൽ പുതിയ സാമ്പത്തിക നയത്തിനനുസൃതവും ഫലപ്രദവുമായ ഒരു നികുതിവ്യവസ്ഥയ്ക്ക് രൂപം നൽകുകയെന്നതായിരുന്നു ടാക്സേഷൻ എൻക്വയറി കമ്മിഷന്റെ ദൗത്യം. വിഭജനത്തിന്റെയും നാട്ടുരാജ്യങ്ങളുടെ ഉദ്ഗ്രഥനത്തിന്റെയും ഫലമായി അതീവ സങ്കീർണമായിത്തീർന്ന ധനകാര്യ രംഗത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചതിനുശേഷം കമ്മിഷൻ മൂന്നു വാല്യങ്ങളുള്ള ഒരു റിപ്പോർട്ട് കേന്ദ്ര ഗവൺമെന്റിനു സമർപ്പിച്ചു. കേന്ദ്ര-സംസ്ഥാന-പ്രാദേശിക നികുതികളുൾപ്പെടെ ഇന്ത്യയുടെ നികുതിവ്യവസ്ഥയെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഒന്നാം വാല്യത്തിലുള്ളത്. ഭരണഘടനയിൽ വിഭാവന ചെയ്തിട്ടുള്ള നികുതിഘടനയെക്കുറിച്ചും പൊതു ചെലവിന്റെ സ്വഭാവത്തെക്കുറിച്ചും വികസനപദ്ധതിക്കാവശ്യമായ ധന സമാഹരണത്തെക്കുറിച്ചുമൊക്കെ ഒന്നാം വാല്യത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസന നിലവാരത്തിന് അനുയോജ്യമായ നികുതി നയത്തിന്റെ സവിശേഷതകൾ, മുഖ്യ നികുതികളിൽ വരുത്തേണ്ട മാറ്റങ്ങൾ, നികുതിയേതര വരുമാന സ്രോതസ്സുകൾ എന്നീ ഘടകങ്ങളും പഠനവിധേയമാക്കിയിട്ടുണ്ട്. റിപ്പോർട്ടിന്റെ രണ്ടാം വാല്യം പ്രധാനമായും കേന്ദ്രനികുതികളെക്കുറിച്ചുള്ള അപഗ്രഥനത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രത്യക്ഷ-പരോക്ഷ നികുതികളായ ആദായനികുതി, കസ്റ്റംസ് ആൻഡ് എക്സൈസ് തീരുവ എന്നിവയുടെ ഘടനയും സ്വഭാവവും വിശദമായി പരിശോധിക്കുന്നു. മൂന്നാം വാല്യം സംസ്ഥാന നികുതികളെക്കുറിച്ചാണ്. ഭൂനികുതി, കാർഷിക നികുതി, വില്പന നികുതി എന്നിവയാണ് പ്രധാന സംസ്ഥാന നികുതികൾ. പ്രാദേശിക നികുതികളെക്കുറിച്ചും വിശദമായി പരിശോധിക്കുന്നുണ്ട്.

നിർദ്ദേശങ്ങൾ[തിരുത്തുക]

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികസനേതര ചെലവുകൾക്കുമേൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കമ്മിഷൻ നിർദ്ദേശിക്കുകയുണ്ടായി. സാമ്പത്തിക അസമത്വങ്ങൾ ലഘൂകരിക്കുന്നതിന് പൊതു വരുമാനം ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നികുതി വരുമാനം വർധിപ്പിക്കുന്നതിനും സാമ്പത്തിക പുനർവിതരണം നീതിയുക്തമാക്കുന്നതിനും ഉയർന്ന വരുമാനക്കാരിൽ നിന്നും ഉയർന്ന നിരക്കിലുള്ള നികുതി ഈടാക്കണമെന്നാണ് കമ്മിഷന്റെ നിർദ്ദേശം. ഗ്രാമീണമേഖലയിലെ സമ്പന്നവിഭാഗങ്ങളെ നികുതിഘടനയ്ക്ക് കീഴിൽ കൊണ്ടുവരാനുള്ള മാർഗങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. പരോക്ഷ നികുതികളുടെ പ്രാധാന്യം റിപ്പോർട്ടിൽ എടുത്തു പറയുന്നു. സംസ്ഥാനങ്ങളുടെ സ്വയം ഭരണാധികാരം ഹനിക്കാതെ തന്നെ, രാജ്യത്തിനു മുഴുവൻ ബാധകമായ ഒരു ഏകീകൃത നികുതിവ്യവസ്ഥയ്ക്കു രൂപം നൽകേണ്ടത് അടിയന്തര പ്രാധാന്യമർഹിക്കുന്നു എന്നതായിരുന്നു കമ്മിഷന്റെ സുപ്രധാന നിഗമനം.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എൻക്വയറി കമ്മിഷൻ ഒഫ് ഇന്ത്യ ടാക്സേഷൻ എൻക്വയറി കമ്മിഷൻ ഒഫ് ഇന്ത്യ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.