ടയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു കേടായ ഓട്ടോമൊബൈൽ ടയർ ഉള്ളിൽ സ്റ്റീൽ പ്ലൈ കാണാം

വാഹനങ്ങളുടെ ചക്രത്തിലെ റിമ്മിനു ചുറ്റുമായി ഘടിപ്പിക്കുന്ന തുടർവലയങ്ങളെ ടയർ എന്ന പേരിൽ അറിയപ്പെടുന്നു. റോഡിലൂടെയോ പ്രത്യേക പഥത്തിലൂടെയോ ചക്രം ഉരുണ്ടുനീങ്ങുമ്പോൾ അവയുമായി സമ്പർക്കത്തിലേർപ്പെടുന്ന പ്രതലം ടയറിന്റെ ട്രെഡ്ഡ് എന്നറിയപ്പെടുന്നു. മിനുസമുള്ള പ്രതലത്തിൽ ടയർ തെന്നുന്നതിനെ ചെറുക്കുന്നതും ഈ ട്രെഡ്ഡാണ്.

പ്രധാനമായി രണ്ടുതരം ടയറുകൾ ലഭ്യമാണ്; ലോഹംകൊണ്ട് നിർമിച്ചവയും റബർ കൊണ്ടു നിർമിച്ചവയും. മിനുസമുള്ള ഉരുക്കു പാളത്തിലൂടെ സഞ്ചരിക്കുന്ന തീവണ്ടി ബോഗിയിലെ ചക്രത്തിലുള്ള ടയർ ഇരുമ്പോ ഉരുക്കോ കൊണ്ട് നിർമിച്ചവയാണ്. ചക്രത്തിന്റെ ഉരുളൽ പ്രതിരോധകത കുറഞ്ഞിരിക്കാൻ സഹായിക്കുന്നവയാണ് ഈ ലോഹ ടയറുകൾ.

ചക്രത്തിന്റെ പുറത്ത് ഇറുകിപ്പിടിച്ചിരിക്കുന്ന തരത്തിൽ ഉറപ്പിക്കാവുന്ന ഒരുതരം പരന്ന ലോഹ വളയരൂപമാണ് ലോഹ ടയറിനുള്ളത്. കുറഞ്ഞ ഉരുളൻ പ്രതിരോധകത, ഈടുറപ്പ്, ഉയർന്നതേയ്മാന രോധനശേഷി മുതലായവയാണ് ലോഹ ടയറിന്റെ പ്രധാന ഗുണങ്ങൾ.

പ്രത്യേക പഥത്തിലൂടെയല്ലാതെ സഞ്ചരിക്കേണ്ട വാഹനങ്ങളായ ഓട്ടോമൊബൈൽ, വിമാനം, സൈക്കിൾ എന്നിവയ്ക്ക് തറയിലൂടെ സുഗമമായി സഞ്ചരിക്കുന്നതിന് ഉയർന്ന തോതിലുള്ള ഘർഷണം ലഭിക്കേണ്ടതുണ്ട്. ഉയർന്ന ഘർഷണം നൽകുന്നതോടൊപ്പം ചെറിയ രീതിയിലുള്ള ആഘാതങ്ങളേയും അതിജീവിക്കാനാവുന്ന റബർ ടയറുകളാണ് ഇത്തരം വാഹനങ്ങളിലെ ചക്രങ്ങളിൽ ഉപയോഗിക്കുന്നത്.

റബർ ടയറുകൾ രണ്ടു രീതിയിൽ നിർമ്മിക്കുന്നുണ്ട്;

 1. ഖര/കുഷൻ ടയർ,
 2. വായു നിറയ്ക്കാവുന്ന ന്യൂമാറ്റിക് ടയർ.

വായു നിറച്ച ടയറിനെ മൂന്നായി തരംതിരിച്ചു നിർമ്മിക്കുന്നു;

 1. ബയെസ്-പ്ലൈ,
 2. ബയെസ്-പ്ലൈ ബെൽറ്റഡ്,
 3. റേഡിയൽ-പ്ലൈ ബെൽറ്റഡ് എന്നിങ്ങനെ

1881-ൽ ലണ്ടനിലെ ഹാൻസം കാബുകളിലെ ചക്രങ്ങളിലാണ് ഖര ടയർ ആദ്യമായി ഉപയോഗിച്ചു പരീക്ഷിച്ചത്. തുടർന്ന് റോഡിലോടുന്ന പല വാഹനങ്ങളുടെ ചക്രങ്ങളിലും ഖര ടയറുകൾ ഉപയോഗിച്ചിരുന്നെങ്കിലും റോഡിന്റെ പ്രതലത്തിന് ഇവ ക്ഷതമേൽപ്പിക്കുന്നു എന്ന് മനസ്സിലായതോടെ ഹൈവേകളിൽ ഖര ടയറുകൾ ഘടിപ്പിച്ച ചക്രങ്ങളുള്ള വാഹനങ്ങൾ നിരോധിക്കപ്പെട്ടു. തന്മൂലം ക്രമേണ ഹൈവേയിലോടുന്ന വലിയ ചക്രങ്ങളുള്ള വാഹനങ്ങളിൽ ഖര ടയറുകൾ ഉപയോഗിക്കാതെയായി. എങ്കിലും വ്യാവസായികാവശ്യങ്ങൾക്കായുള്ള ട്രക്ക്, ട്രാക്ക്റ്റർ, ഉന്തുവണ്ടി മുതലായ വാഹനങ്ങളുടെ ചെറിയ ചക്രങ്ങളിൽ ഖര ടയറുകൾ തുടർന്നും ഉപയോഗിച്ചുവന്നു. ഹൈഡ്രോളിക പ്രസ് ഉപയോഗിച്ചോ റിമ്മിലേക്ക് നേരിട്ട് വൾക്കനൈസ് ചെയ്തോ ആണ് ഖര ടയറുകളെ ചക്രത്തിലുറപ്പിക്കുന്നത്. ചില അവസരങ്ങളിൽ ചക്രത്തിനെ ഒരു ലോഹ പാളി കൊണ്ട് പൊതിഞ്ഞശേഷം അതിന്റെ പുറത്തും ഖര ടയർ ഉറപ്പിക്കാറുണ്ട്.

ഖര ടയറിൽ മൃദു റബർ ചേർത്ത് അതിൽ സുഷിരങ്ങളിട്ടാണ് കുഷൻ ടയർ നിർമ്മിക്കുന്നത്. ഇവയ്ക്ക് ഉയർന്ന തോതിലുള്ള ഇലാസ്തികതയും ആഘാതപ്രതിരോധകതയും ഉണ്ട്.

ടയർ എന്ന പദംകൊണ്ട് പൊതുവേ ന്യൂമാറ്റിക് ടയറാണ് വിവക്ഷിക്കപ്പെടുന്നത് എന്നതിനാൽ ഇവിടെ ന്യൂമാറ്റിക് ടയറിനെപ്പറ്റിയാണ് പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്.

ന്യൂമാറ്റിക് ടയർ[തിരുത്തുക]

സ്റ്റഡ്ഡ് ടയർ

ചക്രത്തിന്റെ ആവരണം എന്നതിലുപരി സമ്മർദിത വായുവിനെ പുറത്തുപോകാതെ പിടിച്ചു നിറുത്തുവാനുള്ളൊരു സംവിധാനം കൂടിയാണ് വായു നിറച്ച ന്യൂമാറ്റിക് ടയർ. പ്രസ്തുത ആവരണത്തെ വീണ്ടും റബർ കൊണ്ട് പൊതിഞ്ഞ് നിർമ്മിക്കുന്നതാണ് ട്രെഡ്ഡ്. റോഡുമായി സമ്പർക്കത്തിലേർപ്പെടുന്ന ടയറിന്റെ ട്രെഡ്ഡു തന്നെയാണ് ടയർ പഞ്ചറായി കാറ്റു നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുന്ന ഭാഗവും.

ഖര ടയറിനെ അപേക്ഷിച്ച് ആഘാതങ്ങളെ അതിജീവിക്കാനോ ഭാരം താങ്ങാനോ ന്യൂമാറ്റിക് ടയറിന് സ്വയമേവ കഴിയില്ല. ടയറിലടങ്ങിയിട്ടുള്ള സമ്മർദിത വായുവാണ് ഇതിനുള്ള ശേഷി ലഭ്യമാക്കുന്നത്. സ്വന്തം ഭാരത്തിന്റെ ഏതാണ്ട് 50 മടങ്ങ് ഭാരം താങ്ങാനാവുന്ന ഇത്തരം ടയറുകളിൽ അധിക ഭാരത്തിന്റെ 90 ശ. മാ. താങ്ങുന്നത് ടയറിനുള്ളിലെ വായുവാണ്.

വായു നിറച്ച ടയറിനുള്ള പ്രഥമ പേറ്റന്റ് ലഭ്യമായത് 1845-ൽ ഇംഗ്ലണ്ടിലെ റോബർട്ട് വില്യം തോംസണ്ണിനാണ്. തുകൽകൊണ്ടു നിർമിച്ച പൊള്ളയായ പ്രസ്തുത ടയറിൽ വായു നിറച്ചാണ് ഉപയോഗിച്ചിരുന്നത്. ഏരിയൽ ചക്രങ്ങൾ എന്ന പേരിലും ഇവ അറിയപ്പെട്ടിരുന്നു. അന്ന്, ഇവ ഇംഗ്ലണ്ടിലെ ബ്രോഹം (brougham) വാഹനങ്ങളിലെ ചക്രങ്ങളിലാണ് ഘടിപ്പിച്ചിരുന്നത്. 1,920 കി. മീ. ദൂരം ഇവ ഓടിയെങ്കിലും തോംസണ്ണിന്റെ തന്നെ ഖര ടയറുകൾക്കായിരുന്നു ഏറെ പ്രചാരം. തന്മൂലം ഏതാണ്ട് അരനൂറ്റാണ്ടോളം വായു നിറച്ച ടയർ വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റിയില്ല.

ടയർപ്ലൈൽ നിന്നും ട്രഡ് വേർപെട്ട നിലയിൽ

19-ം ശതകത്തിന്റെ അവസാനം സൈക്കിൾ പ്രചാരത്തിലായതോടെ ന്യൂമാറ്റിക് ടയറിന് വീണ്ടും പ്രചാരം സിദ്ധിച്ചു. 1888-ൽ ബെൽഫാസ്റ്റിലെ മൃഗഡോക്ടറായ ജോൺ ബോയ്ഡ് ഡൺലപ് സൈക്കിളിലുപയോഗിക്കാവുന്ന ന്യൂമാറ്റിക് ടയറിനുള്ള പേറ്റന്റ് കരസ്ഥമാക്കി. താമസിയാതെ ഫ്രാൻസിലെ റബർ നിർമാതാക്കളായ മീഷ്ലേങ് ആൻഡ് സ് യെ ( Michelein&Cie) മോട്ടോർവാഹന ചക്രങ്ങളിൽ ഉപയോഗിക്കാവുന്ന ന്യൂമാറ്റിക് ടയറുകളുടെ നിർമ്മാണമാരംഭിച്ചു. വായു നിറയ്ക്കാവുന്ന ആന്തരിക ട്യൂബും അതിനെ സംരക്ഷിക്കുന്ന ഒരു ബാഹ്യ ആവരണവും ചേർന്ന തരത്തിലാണ് ന്യുമാറ്റിക് ടയർ നിർമിച്ചിരുന്നത്. ടയറിനാവശ്യമായ ഘർഷണ ബലം നൽകിയിരുന്നത് പ്രസ്തുത ബാഹ്യ ആവരണമാണ്. 1950-തുകളിൽ പഞ്ചർ സീലിങ് കണ്ടുപിടിക്കപ്പെട്ടതോടെ ആന്തരിക ട്യൂബ് സംവിധാനം അപ്രത്യക്ഷമായി. പകരം ടയറുകളെ പാളി രൂപത്തിലുള്ള നാരുകൾ കൊണ്ടു (പ്ലൈ) പൊതിഞ്ഞ് സുശക്തമാക്കി. ഇക്കാലത്തു തന്നെ ഇന്ന് പരക്കെ പ്രചാരത്തിലുള്ള റേഡിയൽ പ്ളൈ ടയറിനും മീഷ്ലേങ് രൂപം നൽകുകയുണ്ടായി.

ന്യൂമാറ്റിക് ടയറിനെ ചക്രത്തിൽ പറ്റിപ്പിടിച്ചിരിക്കാൻ സഹായിക്കുന്നത് ടയറിന്റെ അരികുകളിൽ വളയരൂപത്തിൽ ഘടിപ്പിച്ചിട്ടുള്ള ബീഡുകളാണ്. റിമ്മിൽ കാണപ്പെടുന്ന സരണിക്കുള്ളിലൂടെ കടന്നു പോകത്തക്ക രീതിയിൽ ടയർ ഘടിപ്പിച്ചശേഷം വായു നിറയ്ക്കുന്നു. ഇതോടെ ടയറിൽ അനുഭവപ്പെടുന്ന ഉയർന്ന വായു മർദം ടയറിനെ റിമ്മിനോട് ചേർന്നിരിക്കാൻ പ്രാപ്തമാക്കുന്നു. 200-700 കിലോ പാസ്ക്കൽ മർദം അനുഭവപ്പെടുന്ന ടയറുകൾ വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്. ടയറിനു താങ്ങേണ്ടുന്ന ഭാരത്തെ അടിസ്ഥാനമാക്കിയാണ് അതിലാവശ്യമുള്ള മർദം എത്രയാവണമെന്ന് നിശ്ചയിക്കുന്നത്. മർദം ഉയരും തോറും കൂടിയ ഭാരം താങ്ങാനുള്ള ശേഷിയും ലഭിക്കുന്നു.

ന്യൂമാറ്റിക് ടയറുകളുടെ റബർ പാളിയിൽ കാണുന്ന നാടകളാണ് (chords) ഒരു പ്രധാന ഭാഗം. റയോൺ, നൈലോൺ, പോളിയെസ്റ്റർ, ഗ്ലാസ് എന്നിവ ഉപയോഗിച്ച് ആദ്യകാലത്ത് നാടകൾ നിർമിച്ചിരുന്നു. ഇക്കാലത്താകട്ടെ, പോളിയരമിഡ് (polyaramid) എന്ന സിന്തറ്റിക് ഫൈബെറും ഉരുക്കുമാണ് ഇതിലേക്കു കൂടുതലായും പ്രയോജനപ്പെടുത്തിവരുന്നത്. ടയർ ചൂടാകുമ്പോൾ അതോടൊപ്പം വികസിക്കാത്ത ഘടന ഈ നാടകൾക്കുണ്ട്. വായു മർദത്തെ നിലനിറുത്തുക, ടയറിന്റെ വിരൂപണത്തെ ചെറുക്കുക എന്നിവയ്ക്കായിട്ടാണ് നാടകൾ റബർ പാളിയിൽ ഘടിപ്പിക്കുന്നത്. ഉയർന്ന ദൃഢത കൂടാതെ റബറുമായി നല്ല ആസംജകശേഷിയും നാടകൾക്കുണ്ടായിരിക്കണം.

ടയറിന്റെ വിവിധ ഭാഗങ്ങൾ വ്യത്യസ്ത റബർ യൗഗികങ്ങളാൽ നിർമ്മിക്കപ്പെടുന്നു. വായു എളുപ്പത്തിൽ കടന്നു പോകാതിരിക്കാനായി ഉപയോഗിക്കുന്ന ലൈനെർ നിർമ്മിക്കുന്നത് വാതക കാന്തശീലത (permeability to gas) കുറഞ്ഞ ബ്യുടൈൽ റബർ കൊണ്ടാണ്. ഉരസൽ, വഴങ്ങൽ, അന്തരീക്ഷ ഓസോൺ പ്രതിപ്രവർത്തനം എന്നിവയെ അതിജീവിക്കേണ്ട ടയറിന്റെ പാർശ്വ ഭിത്തി നിർമ്മിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. ഉരസൽ പ്രതിരോധകത വർധിപ്പിക്കാൻ 50 ഭാഗം ബ്യുട്ടഡൈൻ റബർ, ടയറിലെ താപ പുഞ്ജനം ചെറുക്കാൻ 50 ഭാഗം പ്രകൃതിദത്ത റബർ, പ്രബലിതമാക്കാൻ 50 ഭാഗം കാർബൺ ബ്ലായ്ക്ക്, ചെറിയ അളവിലുള്ള പ്രോസസ്സിങ് എണ്ണ, പ്രതി-ഓക്സീകാരകം, സംരക്ഷണമെഴുക് എന്നിവ ചേർത്താണ് പാർശ്വ ഭിത്തി പൊതുവേ നിർമ്മിക്കുന്നത്. അപഘർഷണ പ്രതിരോധകത ഉയർന്നിരിക്കണമെന്നതിനാൽ ടയറിന്റെ ട്രെഡ്ഡിന്റെ നിർമ്മാണത്തിന് പ്രകൃതിദത്ത റബർ കുറവായി മാത്രമേ ഉപയോഗിക്കാറുള്ളു. പകരം ദൃഢതയ്ക്കും, ഉരസൽ പ്രതിരോധകത്തിനുമായി 65 ഭാഗം സ്റ്റൈറീൻ-ബ്യൂട്ടഡൈൻ റബർ, 35 ഭാഗം ബ്യൂട്ടഡൈൻ റബർ, 65 ഭാഗം കാർബൺ ബ്ലാക്ക് എന്നിവ ചേർത്താണ് ട്രെഡ് നിർമ്മിക്കുന്നത്.

ടയറിന്റെ ആയുർദൈർഘ്യം വർധിപ്പിക്കാൻ റബർ നിർമ്മാണ യൗഗികങ്ങളുടെ കൂടെ കാർബൺ ബ്ലാക്ക്, സിലിക്ക, പോളിബ്യൂട്ടഡൈൻ പോളിമർ മുതലായവ ചേർക്കുന്നു; എന്നാൽ വൾക്കനൈസിങിലൂടെയും ടയറിന്റെ ആയുർദൈർഘ്യം വർധിപ്പിക്കാനാകും. സൾഫറും ഇതര വസ്തുക്കളും കലർത്തിയ റബർ, ടയർ വാർപ്പിൽ (tyre mould)[1] വച്ച് 20 മിനിറ്റു നേരം 423.15 കെൽവിൻ താപനിലയിൽ നിലനിറുത്തിയാണ് വൾക്കനൈസേഷൻ നടത്തുന്നത്. ഈ പ്രക്രിയ മൂലം റബറിലെ തന്മാത്രകളെ പരസ്പരബന്ധിത രൂപത്തിലാക്കുവാനും റബറിന് ഇലാസ്തികത കൈവരിക്കുവാനും സാധിക്കുന്നു. ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെടുന്ന ന്യൂമാറ്റിക് ടയറിന്റെ പരമാവധി ആയുസ്സ് 150,000 കി. മീറ്ററാണ്.

ബയെസ്-പ്ലൈ ടയർ[തിരുത്തുക]

ടയറിനുള്ളിലെ ട്യൂബിന്റെ അച്ചുതണ്ടിന് 50o കോണിലാണ് (ക്രൗൺ കോൺ) ബയെസ്-പ്ലൈ ടയറുകളിൽ നാടകൾ അടുക്കുന്നത്. അടുത്തടുത്ത പ്ലൈയിലെ നാടകൾ വിപരീത ദിശകളിലായിരിക്കും അടുക്കുക; നാടകളിലനുഭവപ്പെടുന്ന വലിവ് സമതുലിതമാക്കാനുള്ള സംവിധാനം ആണിത്. കനത്ത അധികഭാരം വന്നാൽപ്പോലും എളുപ്പം കേടാവാത്തതിനാൽ വിമാനങ്ങളുടെ ചക്രങ്ങളിൽ ഇത്തരം ടയറുകളാണ് കൂടുതലായി ഉപയോഗിച്ചുവരുന്നത്[2]

ബയെസ്-പ്ലൈ ബെൽറ്റഡ്[തിരുത്തുക]

ബയെസ്-പ്ലൈയിലെ നാടകൾക്കു പുറത്തായി നാടകളുടെ മറ്റൊരു പാളികൂടി ഇവയിലുണ്ടാകും. ബെൽറ്റ് എന്നു പറയുന്ന ഈ പാളി ഫൈബെർ ഗ്ലാസിലാണ് നിർമ്മിക്കുന്നത്. 20% കൂടുതൽ ട്രെഡ്-ആയുസ്, ഉയർന്ന മൈലേജ്, കുറഞ്ഞ ബ്രേക്കിങ് ദൂരം എന്നിവയാണിവയുടെ പ്രധാന ഗുണങ്ങൾ. ഇവ പഞ്ചറാകാനുള്ള സാധ്യതയും താരതമ്യേന കുറവാണ്. ഇവ ഉറപ്പിക്കുമ്പോൾ വാഹനങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതിയാകും.

റേഡിയൽ-പ്ലൈ ബെൽറ്റഡ്[തിരുത്തുക]

ഇതിലും ടയറിനെ വലയം ചെയ്യുന്ന ഒരു ബെൽറ്റുണ്ടാവും. ഉരുക്കു കമ്പിവല കൊണ്ടാണ് ഇവയിലെ നാടകൾ നിർമ്മിക്കുന്നതെന്നതിനാൽ ഉരുക്കു-ബെൽറ്റഡ് റേഡിയൽ ടയർ എന്നും ഇവ അറിയപ്പെടുന്നു. ടയറിനുള്ളിലെ ട്യൂബിന്റെ അച്ചുതണ്ടിനു ഏതാണ്ട് ലംബമായി (79 കോൺ) വരത്തക്ക രീതിയിലാണ് ഇതിൽ നാടകളുടെ പാളികൾ ക്രമീകരിക്കുന്നത്. നിശ്ചിത മർദത്തിൽ ടയറിനു കുറുകെ അനുഭവപ്പെടുന്ന വലിവിനെ ഉച്ചാവസ്ഥയിലാക്കാൻ ഈ സംവിധാനം സഹായിക്കുന്നതോടൊപ്പം വളവുകൾ തിരിയുമ്പോൾ ടയറിലനുഭവപ്പെടുന്ന പാർശ്വിക വിരൂപണം കുറയ്ക്കുകയും ചെയ്യും. മെച്ചപ്പെട്ട സ്റ്റിയറിങ് സൗകര്യം, ഉയർന്ന മൈലേജ്, കുറഞ്ഞ റോളിങ് പ്രതിരോധകത മുതലായ ഗുണമേന്മകളുള്ള റേഡിയൽ ടയർ എളുപ്പത്തിൽ ചൂടാകുകയുമില്ല. തന്മൂലം ദുർഘട കാലാവസ്ഥകളിൽ റേഡിയൽ ടയർ ഉറപ്പിച്ച ചക്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ സുരക്ഷിതം. പക്ഷേ, സാധാരണ ടയറുകൾക്കു പകരം പുതിയ റേഡിയൽ ടയർ ഘടിപ്പിക്കണമെങ്കിൽ വാഹനത്തിലെ സസ്പെൻഷൻ സംവിധാനത്തിന് കാര്യമായ മാറ്റം വരുത്തേണ്ടി വരും. എന്നാൽ വാഹനത്തിന്റെ രൂപകല്പനാവേളയിൽത്തന്നെ റേഡിയൽ ടയറിനുള്ള സൗകര്യം ക്രമപ്പെടുത്താവുന്നതുമാണ്.

മഞ്ഞു ടയർ[തിരുത്തുക]

(snow tyre) ആഴത്തിൽ ട്രെഡ്ഡുള്ള ടയർ മഞ്ഞിൽക്കൂടി സഞ്ചരിക്കുന്ന വാഹന ചക്രങ്ങളിൽ ഉറപ്പിക്കാനുള്ളവയാണ്. ഇത്തരം ടയറുകളിൽ സാമാന്യത്തിലധികം ആഴത്തിലുള്ള ട്രെഡ്ഡാണുള്ളത്. ഇതുമൂലം ഹിമ പ്രതലങ്ങളിൽ കൂടിയുള്ള സഞ്ചാരസമയത്ത് ഇതര ടയറുകളെ അപേക്ഷിച്ച് ഉയർന്ന ഘർഷണം നൽകാൻ ഇവയ്ക്കാവും.[3]

സ്റ്റഡ്ഡഡ് ടയർ[തിരുത്തുക]

ടയറിന്റെ പുറത്ത് സ്റ്റഡ്ഡ് ഘടിപ്പിച്ച ഒരു ചങ്ങലവലയം ഉറപ്പിച്ചാണിവ നിർമ്മിക്കുന്നത്. സ്റ്റഡ്ഡുകളുടെ ടങ്സ്റ്റൺ കാർബൈഡ് അഗ്രങ്ങളാണ് പ്രതലവുമായി സമ്പർക്കത്തിലേർപ്പെടുന്നത്. ഹിമപാളികൾക്കു മുകളിലൂടെ സഞ്ചരിക്കാൻ ഇത്തരം ടയർ ഘടിപ്പിച്ച ചക്രങ്ങളുള്ള വാഹനങ്ങളാണുത്തമം. എന്നാൽ സാധാരണ റോഡിന്റെ പ്രതലത്തെ സ്റ്റഡ്ഡുകളുടെ അഗ്രങ്ങൾ ക്ഷതമേൽപിക്കുമെന്നതിനാൽ ഇത്തരം ടയർ ഘടിപ്പിച്ച ചക്രങ്ങൾ ഉള്ള വാഹനങ്ങൾക്ക് ചില പ്രദേശങ്ങളിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.[4]

ടയർ നിർമ്മാണം[തിരുത്തുക]

ടയറിന്റെ ഭാഗങ്ങൾ

ടയറിന്റെ പാർശ്വ ഭിത്തികളാണ് ആദ്യം നിർമ്മിക്കുന്നത്. ടയറിന് ഉണ്ടാകേണ്ട വ്യത്യസ്ത സ്വഭാവവിശേഷങ്ങൾക്കനുസൃതമായി അനുയോജ്യ പദാർഥങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് പാർശ്വ ഭിത്തിയും ട്രെഡ്ഡും നിർമ്മിക്കേണ്ട പട്ടകൾ തയാറാക്കുന്നത്. ഉരുക്കുകമ്പികളിൽ റബർ പൂശി ബീഡുകളും നിർമ്മിക്കുന്നു. ഉരുക്കോ സിന്തറ്റിക്-ഫൈബെറോ ഇടകലർത്തിയ ഫാബ്രിക്കിൽ റബർ പൂശി നിർമ്മിക്കേണ്ട ടയറിന്റെ ഇനത്തിനനുസരണമായി ഫാബ്രിക്കിനെ കുറുകെയോ ചെറിയ കോണിൽ ചരിച്ചോ മുറിച്ചെടുക്കുന്നു.

ഉടച്ചുമാറ്റാവുന്നതും വീതിയേറിയ വീപ്പയുടെ ആകൃതിയുള്ളതുമായ ഒരിനം സിലിണ്ടർ/ഡ്രം ആണ് ടയർ നിർമ്മാണ യന്ത്രത്തിലെ പ്രധാന ഉപകരണം. മേൽസൂചിപ്പിച്ച ഫ്രാബിക്ക് കൊണ്ട് സിലിണ്ടറിനെ ചുറ്റിയശേഷം അതിന്മേൽ ബീഡുകളും, അവയെ പൊതിയുന്ന തരത്തിൽ പ്ലൈ വശങ്ങളും ക്രമീകരിക്കുന്നു. ബയെസ്-പ്ലൈ ബെൽറ്റഡ്/റേഡിയൽ ഇനമാണ് ടയർ എങ്കിൽ അതിനാവശ്യമായ ബെൽറ്റുകളും പ്ലൈയുടെ മധ്യത്തിലായി ഘടിപ്പിക്കുന്നു. ബലത്തിനായി മിക്കപ്പോഴും വീതികുറഞ്ഞ പട്ടകൾ കൂടി ബീഡുകൾക്കരികിലായി ഉറപ്പിക്കുക പതിവാണ്. തുടർന്ന് ട്രെഡ്ഡ്, പാർശ്വ ഭിത്തി എന്നിവ നിർമ്മിക്കാനാവശ്യമുള്ള റബർ കൊണ്ട് ഫാബ്രിക്കിനെ പൊതിയുന്നു. സിലിണ്ടറിന്മേലുള്ള ഈ പദാർഥങ്ങളെ റോളറുപയോഗിച്ച് സമ്മർദക്ഷമമാക്കി അടുപ്പിച്ചശേഷം സിലിണ്ടർ ഉടച്ചുമാറ്റി ടയർ പുറത്തെടുക്കുന്നു. രണ്ടറ്റവും തുറന്ന ബാരൽ രൂപത്തിലുള്ള ഇത്തരം ടയർ ഗ്രീൻ ടയർ എന്നറിയപ്പെടുന്നു. ഇവയെ വൾക്കനൈസ് ചെയ്ത് പാകപ്പെടുത്തുന്ന സമയത്ത് തന്നെ ട്രെഡ്ഡിൽ ചാലുകളും വാർത്തെടുക്കുന്നു.[5]

ടയർ നിർമ്മാണ മാനദണ്ഡങ്ങൾ[തിരുത്തുക]

ടയറിന്റെ ആകൃതി, പ്രവർത്തനശേഷി എന്നിവയെ അടിസ്ഥാനമാക്കി ചില അന്താരാഷ്ട്ര വിനിർദ്ദേശ മാനദണ്ഡങ്ങൾ നിർവചിക്കപ്പെട്ടിട്ടുണ്ട്. പാസഞ്ചർ വാഹനങ്ങളിലുപയോഗിക്കാവുന്ന റേഡിയൽ ടയറിന്റെ കോഡാണ് P215/70R15. ഇവിടെ P, R എന്നീ അക്ഷരങ്ങൾ യഥാക്രമം പാസഞ്ചർ, റേഡിയൽ എന്നിവയെ സൂചിപ്പിക്കുന്നു. മില്ലിമീറ്ററിൽ ടയറിന്റെ വീതി വ്യക്തമാക്കുന്ന സംഖ്യയാണ് 215. ടയറിന്റെ ആസ്പെക്റ്റ് അനുപാതം (റിം മുതൽ ട്രെഡ്ഡ് വരെയുള്ള പൊക്കവും ടയറിന്റെ വീതിയും തമ്മിലുള്ള അനുപാതം) ആണ് 70. പതിനഞ്ച് എന്ന സംഖ്യ ടയർ ഉറപ്പിക്കേണ്ട റിമ്മിന്റെ വ്യാസത്തെ ഇഞ്ചിൽ സൂചിപ്പിക്കുന്നു. ഇവയ്ക്കു പുറമേ ടയറിന് ആർജിക്കാവുന്ന പരമാവധി വേഗതയെ (മണിക്കൂറിൽ ഇത്ര മൈൽ വേഗത) അടിസ്ഥാനമാക്കിയിട്ടുള്ള കോഡുകളാണ് S (പരമാവധി വേഗത 112 mph), T(118 mph), H(130 mph), V(149 mph), Z(>149mph) എന്നിവ.

ട്രെഡ്ഡിന്റെ തേയ്മാനം സൂചിപ്പിക്കാനും ചില മാനദണ്ഡങ്ങളുണ്ട്. ടയർ ട്രെഡ്ഡിന്റെ തേയ്മാനത്തെ ഒരു നിർദിഷ്ട ടയർ ട്രെഡ്ഡിന്റെ തേയ്മാനത്തെ അടിസ്ഥാനമാക്കി ശതമാന രൂപത്തിലാണ് സൂചിപ്പിക്കാറുള്ളത്. ഉദാഹരണമായി നിർദിഷ്ട ടയറിനെ അപേക്ഷിച്ച് മൂന്നിരട്ടി ട്രെഡ്ഡ് ആയുസ്സുള്ള ടയറിന്റെ ട്രെഡ്ഡ് തേയ്മാന നിരക്ക് 300 ആയിരിക്കും.

അന്താരാഷ്ട്ര കോഡുകൾ കൂടാതെ മറ്റു ചില കോഡിങ് സംവിധാനങ്ങളും നിലവിലുണ്ട്. ഉദാഹരണമായി ആസ്പെക്റ്റ് അനുപാതം 78 ഉള്ളതും, 14 ഇഞ്ച് വ്യാസമുള്ള ചക്രത്തിൽ ഉറപ്പിക്കേണ്ടതുമായ ഒരു റേഡിയൽ ടയറിന്റെ കോഡാണ് FR 7814. ഇവിടെ F ടയറിന്റെ വീതിയെ സൂചിപ്പിക്കുന്നു. ഈസംവിധാനത്തിൽ ഏറ്റവും കുറഞ്ഞ വീതിയുടെ കോഡ് A ആണ്; തുടർന്ന് വീതി കൂടുംതോറും B, C, D, E, F എന്ന രീതിയിൽ കോഡുകൾ നൽകുന്നുണ്ട്.[6]

അവലംബം[തിരുത്തുക]

 1. Solid Tyre Moulding Press
 2. Black Mamba ATV 6 ply Tire
 3. Real World Snow Tire Tests
 4. studded tires - WSDOT
 5. Tire Manufacturing Process
 6. Creation and Adaptation of Norms in a Tire-Mold Manufacturing Organization

പുറംകണ്ണികൾ[തിരുത്തുക]


വീഡിയോ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടയർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടയർ&oldid=2282764" എന്ന താളിൽനിന്നു ശേഖരിച്ചത്