ജോൺ വിക്ലിഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ വിക്ലിഫ്
ജനനംക്രി.വ.1328-നടുത്ത്
പ്രെസ്വെൽ ഇംഗ്ലണ്ട്
മരണം1384 ഡിസംബർ 31 (56-നടുത്ത പ്രായത്തിൽ)
ലട്ടർവർത്ത്, ഇംഗ്ലണ്ട്
കാലഘട്ടംമദ്ധ്യകാലചിന്ത
പ്രദേശംപാശ്ചാത്യചിന്ത
ശ്രദ്ധേയമായ ആശയങ്ങൾഇംഗ്ലീഷ് ബൈബിൾ പരിഭാഷ
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

പതിനാലാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന (ജനനം: 1328-നടുത്ത്; മരണം: 1384 ഡിസംബർ 31) ഒരു സ്കൊളാസ്റ്റിക് ചിന്തകനും ദൈവശാസ്ത്രജ്ഞനും, അൽമായപ്രബോധകനും[1], ബൈബിൾ പരിഭാഷകനും, മതനവീകർത്താവും സർവകലാശാലാദ്ധ്യാപകനും ആയിരുന്നു ജോൺ വിക്ലിഫ്. പാശ്ചാത്യക്രിസ്തീയതയിൽ മാർപ്പാപ്പയുടെ നേതൃത്വത്തിലുള്ള റോമൻ കത്തോലിക്കാസഭയുടെ നയങ്ങൾക്കും മേധാവിത്വത്തിനെതിരെ കലാപമുയർത്തിയ ആദ്യത്തെ പ്രമുഖ നവീകർത്താവാണ് വിക്ലിഫ്. പുരോഹിതവിരുദ്ധവും ബൈബിൾ കേന്ദ്രീകൃതവുമായ നവീകരണങ്ങൾക്കു വേണ്ടി നിലകൊണ്ട അദ്ദേഹത്തിന്റെ അനുയായികൾ "ലോലർഡുകൾ"(Lollards) എന്നറിയപ്പെട്ടു. ലോലർഡുകളുടെ കലാപം,[1] പ്രൊട്ടസ്റ്റന്റ് നവീകരണത്തിനു വഴിതെളിച്ചതായി കരുതപ്പെടുന്നതിനാൽ വിക്ലിഫിനെ പാശ്ചാത്യ സഭയിലെ "നവീകരണത്തിന്റെ പ്രഭാതനക്ഷത്രം" (Morning Star of Reformation) എന്നു വിളിക്കുക പതിവാണ്. രാഷ്ട്രീയാധികാരത്തിന്മേലുള്ള മാർപ്പാപ്പയുടെ സ്വാധീനത്തിന്റെ ആദ്യവിമർശകരിൽ ഒരാളായിരുന്നു വിക്ലിഫ്.[2]

തുടക്കം[തിരുത്തുക]

വടക്കൻ യോർക്ക്ഷയറിലെ ഗ്രാമമായ വിക്ലിഫിനടുത്തുള്ള ഹിപ്സ്‌വെൽ എന്ന സ്ഥലത്താണ് ജോൺ വിക്ലിഫ് ജനിച്ചത്. ഓക്സ്ഫോർഡിൽ പഠിച്ച അദ്ദേഹം അവിടെ ദൈവശാസ്ത്രത്തിന്റെ പ്രൊഫസറായിത്തീരുകയും 1360-ൽ ഒരു വർഷക്കാലം അവിടത്തെ ബാലിയോൽ കലാലയത്തിന്റെ അധിപനായിരിക്കുകയും ചെയ്തു. പുരോഹിതനായി അഭിഷേകം ചെയ്യപ്പെടുകയും പല ഇടവകകളുടേയും ഭരണത്തിന്റെ ചുമതല കിട്ടുകയും ചെയ്ത ശേഷവും സർവകലാശാലയിലെ അദ്ധ്യാപകവൃത്തി തുടർന്നു.

ആശയങ്ങൾ[തിരുത്തുക]

എഴുത്തിൽ മുഴുകിയിരിക്കുന്ന ജോൺ വിക്ലിഫ്

1309 മുതൽ 1378 വരെ കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനായ മാർപ്പാപ്പായുടെ ആസ്ഥാനം റോമിൽ നിന്ന് ഫ്രാൻസിലെ അവിഞ്ഞോണിലേക്കു മാറിയിരുന്നു. "ബാബിലോണിലെ പ്രവാസം" എന്നറിയപ്പെടുന്ന ആ മാറ്റത്തിന്റെ അവസാനം, 1378 മുതൽ 1417 വരെ റോമിലെ മാർപ്പാപ്പയ്ക്കു പുറമേ അവിഞ്ഞോണിൽ ഒരു വിരുദ്ധമാർപ്പാപ്പ (anti-Pope) കൂടി വാഴുന്ന പാശ്ചാത്യഛിദ്രത്തിനു (Western Schism) തുടക്കമിട്ടു. 'പ്രവാസത്തിന്റെ' അന്തിമവർഷങ്ങളിലും "പാശ്ചാത്യഛിദ്രത്തിന്റെ" ആരംഭത്തിലുമായിരുന്നു വിക്ലിഫ് തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചത്.

ഇംഗ്ലണ്ടിലെ വിശ്വാസികളിൽ നിന്നു പിരിക്കുന്ന പള്ളിപ്പണം (tithe), ശത്രുരാജ്യമായ ഫ്രാൻസിന്റെ നിയന്ത്രണത്തിൽ കഴിയുന്ന മാർപ്പാപ്പാമാർക്കു കൊടുക്കുന്നതിനെ ദേശീയധനത്തിന്റെ ചോർച്ചയും ദുരുപയോഗവുമായി വിക്ലിഫ് ചിത്രീകരിച്ചു. ഇംഗ്ലണ്ടിൽ നിന്നു പണം പിരിക്കാൻ റോമിലെ മാർപ്പാപ്പയ്ക്ക് അധികാരമില്ലെന്നും "ഔദാര്യം വീട്ടിൽ തുടങ്ങുന്നു" (charity begins at home) എന്ന നിയമമനുസരിച്ച് ഇംഗ്ലണ്ടിലെ വിശ്വാസികളുടെ സംഭാവന നാട്ടിലെ ആവശ്യങ്ങൾക്കുപയോഗിക്കണമെന്നും അദ്ദേഹം വാദിച്ചു. ഹെൻറി എട്ടാമൻ ഇംഗ്ലീഷ് സഭയെ റോമിന്റെ മേൽക്കോയ്മയിൽ നിന്നു വിടുവിക്കുന്നതിനു ഒന്നര നൂറ്റാണ്ടു മുൻപ് വിക്ലിഫ് അത്തരം സ്വാതന്ത്ര്യപ്രഖ്യാപനത്തിനു വേണ്ടി വാദിച്ചു.[3]ഇംഗ്ലണ്ടിലെ തന്നെ സഭാസ്ഥാപനങ്ങളുടെ സമ്പന്നതയേയും വിക്ലിഫ് വിമർശിച്ചു. യേശുവും അപ്പസ്തോലന്മാരും ധനം ശേഖരിച്ചുവച്ചിരുന്നില്ലെന്നും ധനം കുന്നുകൂട്ടിവയ്ക്കുന്ന പൗരോഹിത്യം അതിന്റെ ധാർമ്മികത നഷ്ടപ്പെടുത്തുന്നതിനാൽ സഭയുടെ നിയന്ത്രണത്തിലുള്ള ധനം സർക്കാർ പിടിച്ചെടുക്കുകയാണു വേണ്ടതെന്നും അദ്ദേഹം കരുതി.

വിശുദ്ധന്മാരുടെ പുണ്യസമ്പത്തുപയോഗിച്ചുള്ള ദണ്ഡവിമോചനത്തിലൂടെ മരണശേഷമുള്ള ശുദ്ധീകരണപീഡയിൽ നിന്ന് ആത്മാക്കളെ കരകയറ്റാൻ സഭയ്ക്കു കഴിയും എന്ന വാദത്തെ അദ്ദേഹം ചോദ്യം ചെയ്തു. ഈവിധമുള്ള പീഡനമുക്തിയ്ക്കായി കാശുമുടക്കുന്നതിനെ അദ്ദേഹം വിഡ്ഢിത്തമെന്നു വിശേഷിപ്പിച്ചു. പാപമോചനത്തിനായി പുരോഹിതന്മാരോട് നടത്തുന്ന ചെവിക്കുമ്പസ്സാരത്തെ വിക്ലിഫ് ചെകുത്താന്റെ കണ്ടുപിടിത്തമെന്നു വിശേഷിപ്പിച്ചു. വിശ്വാസികളെ പുരോഹിതന്മാരുടെ അധികാരത്തിൽ തളച്ചിടാൻ മാത്രമാണ് അതുപകരിക്കുന്നത്. വിശുദ്ധ കുർബ്ബാനയിലെ ബലിവസ്തുക്കളായ അപ്പത്തിനും വീഞ്ഞിനും യേശുവിന്റെ ശരീരരക്തങ്ങളായി വസ്തുപരിണാമം (transubstantiation) സംഭവിക്കുന്നു എന്ന സിദ്ധാന്തത്തേയും വിക്ലിഫ് ചോദ്യം ചെയ്തു. ബലിവസ്തുക്കളിൽ യേശുവിന്റെ ആത്മീയസാന്നിദ്ധ്യം മാത്രമാണ് അദ്ദേഹം അംഗീകരിച്ചത്.

ബൈബിൾ പരിഭാഷ[തിരുത്തുക]

സാധാരണക്കാരുടെ ഭാഷയിലേക്കുള്ള ബൈബിളിന്റെ പരിഭാഷയെ അദ്ദേഹം ശക്തമായി പിന്തുണച്ചു. ജെറോമിന്റെ ലത്തീൻ ബൈബിൾ ഭാഷ്യമായ വുൾഗാത്തയിൽ നിന്നുള്ള അദ്ദേഹത്തിന്റെ പരിഭാഷ "വിക്ലിഫിന്റ് ബൈബിൾ" എന്ന പേരിൽ അറിയപ്പെടുന്നു.[4] വിക്ലിഫ് ബൈബിൾ അതിന്റെ സമ്പൂർണ്ണരൂപത്തിൽ വിക്ലിഫിന്റെ പരിഭാഷയാണെന്ന് ഒരുകാലത്ത് കരുതപ്പെട്ടിരുന്നു. എങ്കിലും ഇന്ന് ആരും അങ്ങനെ കരുതുന്നില്ല. ഈ പരിഭാഷയിൽ നാലു സുവിശേഷങ്ങളും, ഒരുപക്ഷേ മുഴുവൻ പുതിയനിയമം തന്നെയും, വിക്ലിഫ് സ്വയം നിർവഹിച്ചതാകാം. പഴയനിയമത്തിന്റെ പരിഭാഷ അദ്ദേഹത്തിന്റെ അനുചരന്മാർ നടത്തിയതുമാകാം.[5] വിക്ലിഫിന്റെ ബൈബിൾ 1384-ൽ പൂർത്തിയായതായി കരുതപ്പെടുന്നു.[5] അതിന്റെ മാറ്റങ്ങളോടു കൂടിയ പുതിയ പതിപ്പുകൾ വിക്ലിഫിന്റെ സഹചരൻ ജോൺ പർവിയും മറ്റുള്ളവരും 1388-ലും 1395-ലും പൂർത്തിയാക്കി. [6]

കർഷകലഹള[തിരുത്തുക]

കാനഡയിൽ ടൊറോണ്ടോയിലെ വിക്ലിഫ് കോളേജ് ചാപ്പലിലെ വിക്ലിഫിന്റെ വർണ്ണചിത്രം

പ്രകോപനപരമായ ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ വിക്ലിഫിനെ ശിക്ഷിക്കാൻ ഇംഗ്ലണ്ടിലെ സഭാനേതൃത്വം ശ്രമിച്ചെങ്കിലും പൗരോഹിത്യത്തിന്റെ രാഷ്ട്രീയാധികാരത്തോട് ഭരണവർഗ്ഗത്തിൽ പൊതുവേയുണ്ടായിരുന്ന എതിർപ്പും ലങ്കാസ്റ്ററിലെ പ്രഭു ജോൺ ഗാണ്ടിന്റെ ശക്തമായ പിന്തുണയും അദ്ദേഹത്തിനു രക്ഷയായി. ഏറെ രാഷ്ട്രീയ-സാമ്പത്തിക പ്രസക്തിയുള്ള ഒരുതരം താത്ത്വികകമ്മ്യൂണിസവും അരാജകത്വവാദവും വിക്ലിഫിന്റെ ദൈവശാസ്ത്രത്തിന്റെ ഉപോല്പന്നങ്ങളായിരുന്നു. ദൈവകൃപയിൽ കഴിയുന്നവരെല്ലാം എല്ലാത്തിന്റേയും ഉടമസ്ഥത ദൈവവുമായി പങ്കിടുന്നുവെന്ന് അദ്ദേഹം വാദിച്ചു. സ്വകാര്യസ്വത്തും ഭരണകൂടവും ആദിമാതാപിതാക്കളുടെ പാപത്തിന്റെ ഫലം മാത്രമാണെന്നും വിക്ലിഫ് കരുതി. കർഷകർക്കും സാമാന്യജനങ്ങൾക്കും ഇടയിൽ വലിയ സ്വീകാര്യത കിട്ടിയ വിക്ലിഫിന്റെ ഈവക ആശയങ്ങൾ, 1381-ൽ രാജ്യവ്യാപകമായുണ്ടായ കർഷകകലാപത്തിന്റെ മുഖ്യപ്രേരകശക്തിയായി. അടിച്ചമർത്തപ്പെട്ട ആ കലാപത്തിന്റെ നിലപാടുകളെ വിക്ലിഫ് തള്ളിപ്പറഞ്ഞെങ്കിലും കലാപത്തോടെ രാഷ്ട്രീയാധികാരസ്ഥാനങ്ങൾക്ക് അദ്ദേഹം അസ്വീകാര്യനായി.[3]

മരണം, ശേഷം[തിരുത്തുക]

ബൊഹേമിയയിൽ വിക്ലിഫിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചതിനു കൊല്ലപ്പെട്ട ജാൻ ഹസ്

1384-ൽ റോമിലെത്തി സ്വന്തം നിലപാടു വിശദീകരിക്കാൻ അർബൻ ആറാമൻ മാർപ്പാപ്പ വൈക്ലിഫിനോടാവശ്യപ്പെട്ടു. അതിനു പറ്റിയ ആരോഗ്യസ്ഥിതിയിലല്ലായിരുന്ന വിക്ലിഫ് ആ വർഷം അവസാനം വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കവേ ഹൃദയാഘാതത്തിൽ മരിച്ചു.

വിക്ലിഫിന്റെ കാലശേഷം 1408-ൽ നിലവിൽ വന്ന ഓക്സ്ഫോർഡ് നിയമസംഹിത അദ്ദേഹത്തിന്റെ രചനകളിൽ ചിലതിനെ വിലക്കുകയും, പ്രത്യേകാനുമതി ഇല്ലാതെ ഇംഗ്ലീഷ് ഭാഷയിലേക്കു ബൈബിൾ പരിഭാഷപ്പെടുത്തുന്നതു പാഷണ്ഡതയായി പ്രഖ്യാപിക്കുകയും ചെയ്തു. വിക്ലിഫ് മരിച്ചു മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം 1415-ൽ പാശ്ചാത്യസഭയിലെ ഛിദ്രം അവസാനിപ്പിക്കാൻ കോൺസ്റ്റൻസിൽ ചേർന്ന സൂനഹദോസ്, മദ്ധ്യയൂറോപ്പിലെ ബൊഹീമിയയിൽ വിക്ലിഫിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന ജാൻ ഹസിനെ ചുട്ടുകൊല്ലാൻ തീരുമാനിക്കുകയും പാഷണ്ഡിയായി പ്രഖ്യാപിച്ച് വിക്ലിഫിനു ഭ്രഷ്ടു കല്പിക്കുകയും ചെയ്തു. വിക്ലിഫിന്റെ രചനകൾ അഗ്നിക്കിരയാക്കാനും ഭൗതികാവശിഷ്ടം കുഴിച്ചെടുക്കാനും കൂടി സൂനഹദോസിന്റെ ഉത്തരവിൽ പറഞ്ഞിരുന്നു. ജാൻ ഹസിനെതിരെയുള്ള തീരുമാനം 1415 ജൂലൈ 6-നു നടപ്പാക്കി. 1428-ൽ, മാർട്ടിൽ അഞ്ചാമൻ മാർപ്പാപ്പയുടെ നിർദ്ദേശമനുസരിച്ച് വിക്ലിഫിന്റെ ശരീരം കുഴിച്ചെടുത്ത് തീയിടുകയും ഭസ്മം സംസ്കാരസ്ഥാനത്തിനടുത്തുള്ള സ്വിഫ്റ്റ് നദിയിൽ ഒഴുക്കുകയും ചെയ്തു.[7]

അവലംബം[തിരുത്തുക]

  1. 1.0 1.1 Chris Roberts (2006) Heavy Words Lightly Thrown: the reason behind rhyme, Thorndike Press ISBN 0-7862-8517-6
  2. The Reader's Encyclopedia; 2nd ed., Vol. 2, p. 1105, New York: Thomas Y. Crowell Company, 1965, LCCN 65-12510.
  3. 3.0 3.1 ദ റിഫർമേഷൻ, സംസ്കാരത്തിന്റെ കഥ ആറാം ഭാഗം, വിൽ ഡുറാന്റ് (പുറങ്ങൾ 30-37)
  4. Steinmetz, Sol (2008), Semantic Antics, New York: Random House Reference, ISBN 0375426124
  5. 5.0 5.1 Kenyon, Sir Frederic G. (1909), "English Versions", in James Hastings (ed.), A Dictionary of the Bible, Exactly how much of it was done by Wyclif's own hand is uncertain. {{citation}}: Cite has empty unknown parameters: |month= and |coauthors= (help)
  6. Catholic Encyclopedia Versions of the Bible
  7. കത്തോലിക്കാ വിജ്ഞാനകോശം ജോൺ വിക്ലിഫ് "....Council of Constance in 1415 ordered his remains to be taken up and cast out. This was done in 1428."
"https://ml.wikipedia.org/w/index.php?title=ജോൺ_വിക്ലിഫ്&oldid=4075653" എന്ന താളിൽനിന്ന് ശേഖരിച്ചത്