Jump to content

ജോസഫ് പുലിക്കുന്നേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ കത്തോലിക്കാസഭയിലെ പരിഷ്കരണവാദിയും സഭയിലെ പുരോഹിതനേതൃത്വത്തിന്റെ തീവ്രവിമർശകനുമാണ് ജോസഫ് പുലിക്കുന്നേൽ. 1932 ഏപ്രിൽ 14-ന്‌ ഭരണങ്ങാനത്തു ജനിച്ചു. കത്തോലിക്കാ സഭയിലെ നവീകരണത്തെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു മുന്പ്, അദ്ധ്യാപനവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ പ്രവർത്തനമേഖലകളായിരുന്നിട്ടുണ്ട്. കോഴിക്കോട്‌ ദേവഗിരി കോളജിൽ അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ്‌ മെമ്പറായും കെ.പി.സി.സി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌.[1] കേരളാ സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിൽ (കെ.പി.സി.സി.) അംഗമായിരുന്നിട്ടുള്ള പുലിക്കുന്നേൽ, കോൺഗ്രസ് കക്ഷിയിൽ നിന്നു വിഘടിച്ചുപോയവർ ചേർന്ന് 1964-ൽ രൂപം കൊടുത്ത കേരളാ കോൺഗ്രസ്സിന്റെ സ്ഥാപകനേതാക്കളിൽ ഒരാൾ കൂടിയാണ്.[2] 2017 ഡിസംബർ 28 ന് മരണമടഞ്ഞു.[3]

വിമർശകൻ

[തിരുത്തുക]

പതിനാറാം നൂറ്റാണ്ടിൽ പോർത്തുഗീസുകാരുടെ ആഗമനത്തോടെ തുടങ്ങിയ വിദേശമേൽക്കോയ്മയ്ക്കു മുൻപ് നിലവിലിരുന്ന ഭരണവ്യവസ്ഥയിൽ കേരളക്രിസ്ത്യാനികളുടെ ഓരോ പള്ളിയും സ്വതന്ത്രമായിരുന്നെന്നും, പള്ളിയുടെ സമ്പത്തും ഭരണവും, അതിലെ പ്രായപൂർത്തിയായ എല്ലാ അംഗങ്ങളും ചേർന്ന പള്ളിയോഗത്തിൽ നിക്ഷിപ്തമായിരുന്നെന്നും പോർത്തുഗീസ് മേൽക്കോയ്മക്കു കീഴിൽ നടപ്പായ പാശ്ചാത്യമാതൃകയിലുള്ള സഭാഘടനയാണ് ഇതിന് അന്ത്യം കുറിച്ചതെതെന്നും പുലിക്കുന്നേൽ ചൂണ്ടിക്കാട്ടുന്നു.[4] കേരളത്തിലെ കത്തോലിക്കാസഭയുടെ പാശ്ചാത്യസഭാമാതൃകയിലുള്ള അധികാരഘടനയുടെ തലപ്പത്തിരിക്കുന്ന പുരോഹിതനേതൃത്വത്തിന് റോമിലെ മാർപ്പാപ്പയോടല്ലാതെ സാധാരണവിശ്വാസികളോടോ ദേശീയമായ നിയമവ്യവസ്ഥകളോടോ ഉത്തരവാദിത്തമോ വിധേയത്വമോ ഇല്ലെന്നും, രാഷ്ട്രീയ കൊളോണിയലിസത്തിന്റെ തിരോധാനത്തിനു ശേഷവും തുടരുന്ന മത-സാമ്പത്തിക കൊളോണിയലിസത്തിന്റെ ഭാഗമാണതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.[5]

സഭയുടെ സേവനസംരംഭങ്ങളുടെ നടത്തിപ്പിലുള്ള ക്രമക്കേടുകളേയും അഴിമതിയേയും, പൗരോഹിത്യത്തിന്റെ ആഡംബരഭ്രമത്തേയും വിമർശിക്കുന്ന അദ്ദേഹം, മാമ്മോദീസാക്കു പോലും വിലപേശുന്ന പുരോഹിതസംസ്കാരം വളരുമ്പോൾ, ശുഷ്കമായ ആചാരങ്ങൾ കൊണ്ട് ബുദ്ധിയുള്ള വിശ്വാസികളെ സഭയിൽ നിലനിർത്താമെന്നു പുരോഹിതർ ചിന്തിക്കുന്നതായി കുറ്റപ്പെടുത്തുന്നു.[6]

'ഓശാന' മാസിക

[തിരുത്തുക]

സഭയുടെ അധികാരസംവിധാനങ്ങളിൽ സാധാരണവിശ്വാസികൾക്കു കൂടുതൽ പങ്കു കിട്ടും വിധമുള്ള സമൂലപരിവർത്തനത്തിനു വേണ്ടി വാദിക്കുന്ന പുലിക്കുന്നേൽ, 'ഓശാന' എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമാണ്. സഭാനേതൃത്വത്തിനെതിരെയുള്ള വിമർശനങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖ്യമാധ്യമമാണ് ഈ പത്രിക. സഭയുടെ സംഘടനയിലും, സഭാസ്ഥാപനങ്ങളുടെ നടത്തിപ്പിലും, ദൈവശാസ്ത്രത്തിന്റെ വിശകലന-നിഗമനങ്ങളിലും, "സുവിശേഷഗന്ധിയായ പരിവർത്തനവും നവീകരണവും" ആണ് ഈ പ്രസിദ്ധീകരണം ലക്ഷ്യം വയ്ക്കുന്നതെന്ന് 'ഓശാന' മാസികയുടെ ആദ്യലക്കത്തിൽ ചേർത്ത മുഖപ്രസംഗത്തിൽ പുലിക്കുന്നേൽ വ്യക്തമാക്കി[7]

1983-ൽ മലയാളഭാഷയിൽ ഒരു സമ്പൂർണ്ണ 'എക്യൂമെനിക്കൽ' ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് ഇദ്ദേഹം മുൻകൈയ്യെടുത്തു. ആ സംരംഭത്തിന്റെ ഓർഗനൈസിങ്ങ് എഡിറ്ററായിരുന്നു പുലിക്കുന്നേൽ.[8]

വിവാദം

[തിരുത്തുക]

ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ചില സന്നദ്ധസംഘടനകളിൽ വിദേശസഹായത്തിന്റെ വൻ തോതിലുള്ള തിരിമറി നടന്നതായി ആരോപണമുണ്ട്. ഇതേക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു എന്ന അവകാശവാദം 2012-ൽ വാർത്തയായിരുന്നു. ഈ സ്ഥാപനങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ പോലും നടന്നതായി ആരോപിക്കുന്ന സുപ്രീം കോടതി അഭിഭാഷകൻ വിൻസെന്റ് പാനിക്കുളങ്ങര, കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.[9]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-07. Retrieved 2013-07-14.
  2. പുലിക്കുന്നേലുമായി ജസ്റ്റിൻ പാതാളിൽ നടത്തിയ അഭിമുഖം: "മധ്യകേരളത്തിലെ ക്രിസ്ത്യാനികൾ കേരളാകോൺഗ്രസല്ല" - മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ജൂലൈ 4 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്
  3. http://www.madhyamam.com/kerala/joseph-pulikkunnel-passed-away-kerala-news/2017/dec/28/404151
  4. ജോസഫ് പുലിക്കുന്നേൽ, പാറേമാക്കാൽ ഗോവർണ്ണദോരുടെ വർത്തമാനപ്പുസ്തകത്തിന്റെ ആധുനികഭാഷ്യത്തിന് ആമുഖമായി എഴുതിയ 'ചരിത്രപശ്ചാത്തലം' എന്ന ലേഖനം (പുറം ix)
  5. ജോസഫ് പുലിക്കുന്നേൽ, "രാഷ്ട്രീയ കൊളോണിയലിസം അവസാനിച്ചെങ്കിലും മത-സാമ്പത്തിക കൊളോണിയലിസം കൂടുതൽ ശക്തിപ്പെടുന്നു", മാതൃഭൂമി ആഴ്ചപ്പതിപ്പ് 11-17 മാർച്ച് 2012
  6. 2013 ജൂൺ മാസത്തിലെ 'ഓശാന' മാസികയിൽ, "വിശ്വാസപ്രഘോഷണമല്ല, വിശ്വാസ ആചരണമാണ് ആവശ്യം" എന്ന ശീർഷകത്തിൽ എഴുതിയ ലേഖനം (പുറം 9)
  7. 'ഓശാന' മാസിക:1975 ഒക്ടോബർ മാസത്തിലിറങ്ങിയ ഒന്നാം പതിപ്പിലെ മുഖപ്രസംഗം
  8. മലയാളം ബൈബിൾ (1983), ഓശാനപ്രസിദ്ധീകരണം, പാലാ
  9. Joseph Pulikkunnel on the Dock, 2012 നവമ്പർ 8-ലെ സൂര്യാ ന്യൂസ് ടി.വി. വാർത്ത

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോസഫ്_പുലിക്കുന്നേൽ&oldid=3632335" എന്ന താളിൽനിന്ന് ശേഖരിച്ചത്