ജോഗേശ്വരി ഗുഹകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോഗേശ്വരി ഗുഹകൾ
Jogeshwari Caves inside.jpg
ജോഗേശ്വരി ഗുഹകൾ, ഉൾഭാഗം
Locationജോഗേശ്വരി, മുംബൈ, മഹാരാഷ്ട്ര
Elevation15 മീ (49 അടി)
Entrances3
Difficultyലളിതം

മുംബൈയിലെ ജോഗേശ്വരിയിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രസഞ്ചയമാണ് ജോഗേശ്വരി ഗുഹകൾ. ഹിന്ദു, ബുദ്ധ മതങ്ങളുടെ ക്ഷേത്രങ്ങളും ശിൽപ്പങ്ങളുമാണ് ഈ ഗുഹകളിലുള്ളത്.

ചരിത്രം[തിരുത്തുക]

520 മുതൽ 550 വരെ പഴക്കമുള്ളതാണ് ഈ ഗുഹകൾ[1]. അജന്ത, എലിഫന്റാ എന്നീ ഗുഹകൾക്ക് മധ്യേയാണ് ജോഗേശ്വരി ഗുഹകളുടെ നിർമ്മാണകാലം. പുരാവസ്തുഗവേഷകനായ ഡോ. എ.പി. ജാംഖേദ്ക്കറുടെ അഭിപ്രായത്തിൽ എലിഫന്റാ ഗുഹകളിലെ മികച്ച ശിൽപ്പങ്ങളൊരുക്കിയ ശിൽപ്പികളുടെ പരിശീലനക്കളരിയായിരുന്നു ഈ ഗുഹകൾ[2]. ഇവ മഹായാന ബുദ്ധമത ശൈലിയുടെ അവസാനഘട്ടത്തിൽ പെട്ടവയാണ്. പിന്നീട് ഹിന്ദുക്ഷേത്രങ്ങളായിത്തീർന്നു. ചരിത്രകാരനും പണ്ഡിതനുമായ വാൾട്ടർ സ്പിങ്കിന്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ ആദ്യകാലത്തെ ഏറ്റവും പ്രമുഖമായ ഹിന്ദു ഗുഹ ക്ഷേത്രമാണ് ജോഗേശ്വരി. ഇത് ഏറ്റവും നീളമേറിയ ഗുഹാക്ഷേത്രവുമാണ്[3].

ഘടന[തിരുത്തുക]

പടവുകളുടെ ഒരു നീണ്ട നിര സന്ദർശകരെ ഈ ഗുഹയിലെ പ്രധാന ഹാളിലേക്ക് നയിക്കുന്നു. നിരവധി സ്തൂപങ്ങളും ഒരു ലിംഗവുമുണ്ട്. ദത്താത്രേയൻ, ഹനുമാൻ, ഗണപതി എന്നിവരുടെ പ്രതിമകൾ ചുവരുകളിൽ കാണാം. ഭാഗികമായി തകർന്ന രണ്ട് ദ്വാരപാലകപ്രതിമകളുമുണ്ട്. ഈ പ്രദേശത്തിന്റെ പേരിന് കാരണമായ ജോഗേശ്വരി ദേവിയുടെ (യോഗേശ്വരി) വിഗ്രഹവും കാൽപ്പാടുകളും ഇവിടെയുണ്ട്. ഗുജറാത്തിൽ നിന്നും കുടിയേറിയ ഒരു ജനവിഭാഗവും മറാഠികളും ഈ ദേവതയെ കുലദൈവമായി കരുതി ആരാധിക്കുന്നു.

സംരക്ഷണം[തിരുത്തുക]

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഈ ഗുഹകൾ. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയുടെ അരികിലായി സ്ഥിതി ചെയ്യുന്ന ഈ ഗുഹകളെ അനധികൃത കൈയ്യേറ്റങ്ങൾ സാരമായി ബാധിച്ചിട്ടുണ്ട്. സമീപത്തുള്ള പ്രതാപ് നഗർ ചേരിയോടനുബന്ധിച്ചുള്ള കൈയേറ്റവും മാലിന്യം തള്ളലും ഗുഹകൾക്ക് ഭീഷണിയായി തുടരുന്നു. ജൻഹിത് മഞ്ച് എന്ന സാമൂഹ്യ സംഘടന ഈ ഗുഹകളുടെ സംരക്ഷണത്തിനായി 2005 ഏപ്രിലിൽ ഒരു പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. ഇതേതുടർന്ന് കോടതി ഇടപെട്ട് 750-ഓളം കുടിയേറ്റക്കാരെ ഒഴിപ്പിക്കുകയും 13,000 ച. മീറ്റർ സ്ഥലം ഒരു ഉദ്യാനത്തിനായി നീക്കിവയ്ക്കുകയും ചെയ്തു[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഇന്ത്യൻ എക്സ്പ്രസ്സ്, ജൂൺ 3, 2016
  2. ലൈവ് ഹിസ്റ്ററി ഇന്ത്യ, നവംബർ 20, 2017
  3. Walter M. Spink; University of Michigan. Center for South and Southeast Asian Studies (1967). Ajanta to Ellora. Marg Publications. ശേഖരിച്ചത് 19 April 2012.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോഗേശ്വരി_ഗുഹകൾ&oldid=2853490" എന്ന താളിൽനിന്ന് ശേഖരിച്ചത്