ജൈവാധിനിവേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രദേശത്തെ ജീവജാലങ്ങൾക്ക് ഭീഷണിയുയർത്തി മറ്റൊരു പ്രദേശത്തുനിന്നുള്ള ജീവിവർഗ്ഗങ്ങൾ അവിടെ കടന്നുകയറി പ്രത്യുൽപ്പാദനം നടത്തുന്നതിനെയാണ് ജൈവാധിനിവേശം എന്ന് പറയുന്നത്. ജന്തുലോകത്തിലും സസ്യലോകത്തിലും ജൈവാധിനിവേശം ഉണ്ടാകാറുണ്ട്. ഒരു പ്രദേശത്തെ ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുവാൻ ജൈവാധിനിവേശം കാരണമാകുന്നു. തദ്ദേശീയമായ പല സ്പീഷീസുകളും നാമാവശേഷമാൻ ഇത് കാരണമായേക്കാം. ജൈവവൈവിധ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായാണ് ജൈവാധിനിവേശത്തെ കണക്കാക്കുന്നത്. ഒരു ആവാസവ്യവസ്ഥയിലെ മൊത്തം സ്പീഷീസുകളുടെ എണ്ണം ഈ വഴി കുറഞ്ഞുപോകുന്നതു് അവിടത്തെ ജൈവവൈവിദ്ധ്യത്തെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും.

സ്വഭാവങ്ങൾ[തിരുത്തുക]

 • പെട്ടെന്നു വളരാനുള്ള കഴിവ
 • ലൈംഗികമായും അല്ലാതെയും പെരുകാനുള്ള ശേഷി
 • വിത്തുവിതരണത്തിനുള്ള അസാമാന്യ ശേഷി
 • സാഹചര്യങ്ങളക്കനുസരിച്ച് മാറാനുള്ള കഴിവ്
 • തനത് ജനുസ്സുകളോട് അവയുടെ സാഹചര്യത്തിൽ മത്സരിക്കാനുള്ള കഴിവ്
 • ഭക്ഷ്യവൈവിധ്യം (കിട്ടുന്നമിക്കതിനെയും ഭക്ഷണമാക്കനുള്ള് കഴിവ്)

അതിഥി സ്പീഷീസുകളും അധിനിവേശ സ്പീഷീസുകളും[തിരുത്തുക]

നിലവിലുള്ള ഒരു ആവാസവ്യവസ്ഥയിലേക്കു് പുതുതായി കടന്നുവന്ന ഒരു സ്പീഷീസിനെ നമുക്കു് അതിഥിസ്പീഷീസ് അല്ലെങ്കിൽ അവതീർണ്ണ സ്പീഷീസ് (Introduced species) എന്നു വിളിക്കാം. പല മാർഗ്ഗങ്ങളിലൂടെയും ഒരു അതിഥിജീവിഇനത്തിനു് പുതിയ പരിസ്ഥിതിയിലേക്കു് പ്രവേശിക്കാം.

കാറ്റ്, ജലപ്രവാഹം തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങൾ വഴി:[തിരുത്തുക]

മൺസൂൺ, വാണിജ്യവാതങ്ങൾ തുടങ്ങിയ കാലികമായ കാറ്റുകൾ, ശക്തമായ ചക്രവാതങ്ങൾ, ആകസ്മികമായ കൊടുങ്കാറ്റ്, തുടങ്ങിയവ ചെറിയ ഇനം സസ്യ,ജന്തുക്കളുടേയും സൂക്ഷ്മജീവികളുടേയും ബീജരേണുക്കളുടേയും (pollen)(വിത്തുപൊടി) ദൂരസഞ്ചാരത്തിനിട നൽകാറുണ്ടു്. മുമ്പില്ലാതിരുന്ന തരത്തിൽ ആകസ്മികമായി സംഭവിക്കുന്ന ശക്തമായ കാറ്റുകൾ, വെള്ളപ്പൊക്കം, ജലാശയങ്ങളുടെ ഗതിമാറ്റം, ഉരുൾപ്പൊട്ടൽ പോലുള്ള ഭൂഭ്രംശനങ്ങൾ തുടങ്ങിയവ ഇത്തരം ജീവികളെ അതുവരെ പരിചയിച്ചിട്ടില്ലാത്ത പുതിയ ജൈവമേഖലകളിലേക്കു നയിച്ചെന്നു വരും. അതേ സമയം, മൺസൂൺ കാറ്റിലൂടെയോ സാധാരണ നദീജലപ്രവാഹങ്ങളിലൂടെയോ പതിവായി ഒരേ താളത്തിൽ വന്നെത്തിപ്പെടുന്ന ജീവരാശികളോ വിത്തുപൊടികളോ നിലവിലുള്ള ആവാസവ്യവസ്ഥയുടെ സ്വാഭാവികഭാഗമായി കരുതാനാവും. (കാലിഫോർണിയൻ നദികളിൽ മുട്ട വിരിഞ്ഞ് കടലിലേക്കൊഴുകുന്ന സാൽമൺ മത്സ്യക്കുഞ്ഞുങ്ങൾ ഇത്തരം നൈസർഗ്ഗിക ആവാസസഞ്ചാലനത്തിനു് ഉദാഹരണമാണു്.)

വാഹകരായ മറ്റു സ്പീഷീസുകളിലൂടെ:[തിരുത്തുക]

ദേശാടനം ചെയ്യുന്ന വലിയ മൃഗങ്ങൾ, പക്ഷികൾ, പറന്നു നടക്കുന്ന വിത്തുകൾ തുടങ്ങിയവ പലപ്പോഴും താരതമ്യേന സൂക്ഷ്മമായ ജീവികളുടെ (ഇവ സൂക്ഷ്മാണുക്കളോ, പരാദങ്ങളോ, ബീജരേണുക്കളോ ആകാം) വാഹകരായിത്തീരാറുണ്ടു്. ഇവ ചെന്നെത്തുന്ന ഏതെങ്കിലും ഒരു പ്രദേശത്തെ മാറിയ ജൈവസാഹചര്യങ്ങൾ പിന്നീടു ചെന്നെത്തുന്ന മറ്റൊരു പ്രദേശത്തെ ആവാസവ്യവസ്ഥയെ ബാധിച്ചെന്നു വരാം.

മനുഷ്യന്റെ ഇടപെടൽ മൂലം[തിരുത്തുക]

ആധുനികകാലത്തു് സ്പീഷീസുകളുടെ വൻതോതിലുള്ള ദൂരദേശാന്തരയാത്രകൾക്കു് മുഖ്യ ഉത്തരവാദി മനുഷ്യൻ തന്നെയാണു്. അറിഞ്ഞോ അറിയാതെയോ പല ജീവിവർഗ്ഗങ്ങളേയും നാം ഒരു ആവാസവ്യവസ്ഥയിൽ നിന്നും മറ്റൊരിടത്തേക്കു് മാറ്റിപ്രതിഷ്ഠിക്കുന്നുണ്ടു്. ചില ഉദാഹരണങ്ങൾ:

 1. . കൃഷിവിളയായി - ബ്രസീലിൽ നിന്നും മരച്ചീനി, കൊക്കോ, മെക്സിക്കോയിൽ നിന്നും വാനില, എത്യോപ്പ്യയിൽ നിന്നും കാപ്പി തുടങ്ങിയവ കൃഷി ആവശ്യത്തിനു് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു് വ്യാപിപ്പിച്ചതു്. റബ്ബർ, ഉരുളക്കിഴങ്ങ്, പുകയില തുടങ്ങിയവയെല്ലാം ഈ ഗണത്തിൽ വരും.
 2. . അലങ്കാരത്തിനും കൗതുകത്തിനുമായി - സ്വർണ്ണമത്സ്യം (ഗോൾഡ് ഫിഷ്), പിരാന, പ്രത്യേകയിനം വളർത്തുമൃഗങ്ങൾ, ചില തരം ഈറ്റകൾ ( Arundo donax), സിംഗപ്പൂർ ഡെയ്സി (Sphagneticola trilobata) തുടങ്ങിയവയെ ഇക്കൂട്ടത്തിൽ പെടുത്താം.
 3. . മറ്റു കളകളെയോ ജീവികളേയോ നശിപ്പിക്കാൻ -
 4. . പരീക്ഷണ സാമ്പിളുകളായി -
 5. . വ്യാപാരസാമഗ്രികളിലൂടെയും ചരക്കുകളിലൂടെയും -

ഒരു അവതീർണ്ണസ്പീഷീസ് അതിഥിയായി കടന്നുവരുന്നതു് അധിനിവേശ സ്പീഷീസ് എന്ന നിലയിലായിരിക്കണമെന്നില്ല. പുതിയ ആവാസവ്യവസ്ഥയിൽ സ്വന്തം നിലനിൽപ്പിനും വംശവർദ്ധനവിനും അനുയോജ്യമായ സാഹചര്യങ്ങൾ തുടർച്ചയായി ലഭിക്കുകയാണെങ്കിൽ മാത്രമേ അതിനു മാറിയ പരിസ്ഥിതിയിൽ ദീർഘകാലത്തേക്കു് നിലനിൽക്കാൻ തന്നെ കഴിയുകയുള്ളൂ. ജൈവവിഭവങ്ങളുടെ ലഭ്യതയ്ക്കുവേണ്ടി അതിഥേയ സ്പീഷീസുകളുമായി ഇവയ്ക്കു് തീവ്രമായി മത്സരിക്കേണ്ടി വരാം. അത്തരം മത്സരത്തിൽ വ്യക്തമായി വിജയിക്കുകയും ആതിഥേയ ജീവി ഇനങ്ങൾ തളർന്നുപോവുകയും ചെയ്യുമ്പോളാണു് അവതീർണ്ണ സ്പീഷീസുകളെ അധിനിവേശ സ്പീഷീസുകളായി കണക്കാക്കിത്തുടങ്ങുന്നതു്.

കേരളത്തിൽ[തിരുത്തുക]

ചുരുങ്ങിയതു് അഞ്ചുനൂറ്റാണ്ടു മുമ്പുമുതലെങ്കിലും നമ്മുടെ ആവാസവ്യവസ്ഥകളിൽ മറ്റു സ്പീഷീസുകൾ ഇറക്കുമതി ചെയ്യപ്പെട്ടുതുടങ്ങിയിട്ടുണ്ടു്. ആദ്യകാലത്തു് ഇവയിൽ പലതും സാമ്പത്തികാദായമോ ഭക്ഷ്യോൽപ്പാദനമോ ലക്ഷ്യമാക്കി വൻതോതിൽ കൃഷി ചെയ്യാൻ വേണ്ടി തെക്കേ അമേരിക്ക, ആഫ്രിക്ക, വിദൂരപൂർവ്വദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നു് യൂറോപ്യന്മാർ കൊണ്ടുവന്നതായിരുന്നു. ഇത്തരം സ്പീഷീസുകൾ കാലക്രമത്തിൽ നമ്മുടെ തനതു ജീവരാശികളുമായി ചേർന്നിണങ്ങി നിലനിൽക്കുകയുണ്ടായി. കൃഷി എന്ന നിയന്ത്രിതോൽപ്പാദനത്തിലൂടെ വ്യാപിച്ച ഇവ പിന്നീട് നമ്മുടെ സാധാരണ ജൈവവൈവിധ്യങ്ങളുടെ ഭാഗമായി ഇപ്പോൾ അംഗീകരിക്കപ്പെടുന്നു. എങ്കിൽപ്പോലും ഈ ദീർഘകാലയളവിൽ അവ പൗരാണികമായ മറ്റു പല നാടൻ സ്പീഷീസുകളേയും ഇല്ലാതാക്കുകയോ ജനിതകശുദ്ധി കുറയ്ക്കുകയോ ചെയ്തിട്ടുണ്ടാവാം.

ഇത്തരം ഇറക്കുമതികളുടെത്തന്നെ ഭാഗമായി സൂക്ഷ്മജീവികളുടേയും ഷഡ്പദങ്ങൾ, ചെള്ളുകൾ തുടങ്ങിയ ആശ്രിതജീവികളുടേയും കളകൾ എന്നു വിളിക്കാവുന്ന സസ്യങ്ങളുടേയും ആഗമനം ഉണ്ടായിട്ടുണ്ടു്. ചില സ്പീഷീസുകൾ തുടക്കത്തിൽ കൃഷിയും ഉല്പാദനവും ലാക്കാക്കി എത്തിപ്പെട്ടുവെങ്കിലും പിന്നീട് ലാഭകരമായ ഒരു വിള എന്ന നിലയിൽ അവയ്ക്കു പ്രാധാന്യം നശിക്കുകയും പാഴിനങ്ങളായി മാറുകയും ചെയ്തിട്ടുണ്ടു്. ഇത്തരത്തിൽ ആഫ്രിക്കയിൽ നിന്നും എത്തിപ്പെട്ടതാണു് കമ്യൂണിസ്റ്റ് പച്ച എന്നു കരുതപ്പെടുന്നു.[1]

കൃഷിയോ ഉല്പാദനമോ ലക്ഷ്യമാക്കാതെ, മനുഷ്യൻ ബോധപൂർവ്വമല്ലാതെത്തന്നെ കൊണ്ടുവന്നു് ഇവിടെയെത്തി അനുകൂലസാഹചര്യങ്ങൾ മുതലാക്കി തഴച്ചുവളരുന്ന സ്പീഷീസുകളുടെ ആധിക്യം തുടങ്ങിയതു് ഈ അടുത്ത കാലത്താണു്. വൻതോതിലുള്ള കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതിയാണു് ഈ വർദ്ധിച്ച നിരക്കിനു കാരണം. കേരള വനഗവേഷണകേന്ദ്രത്തിന്റെ നിരീക്ഷണപ്രകാരം, ഇപ്പോൾ കേരളത്തിലെ തനതു ജൈവവ്യവസ്ഥയ്ക്കു് ഭീഷണിയായിക്കൊണ്ടിരിക്കുന്ന അധിനിവേശസസ്യങ്ങളിൽ നാൽപ്പതു ശതമാനവും ഇത്തരത്തിൽ തെക്കേ അമേരിക്കയിൽ നിന്നും എത്തിപ്പെട്ടവയാണു്.[2] ലാറ്റിൻ അമേരിക്ക, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നു് ഇറക്കുമതി ചെയ്യപ്പെടുന്ന മരത്തടികൾ, ഫർണീച്ചർ, വിവിധ രാജ്യങ്ങളീൽ നിന്നു് എത്തിപ്പെടുന്ന ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയവ ഇത്തരം അതിഥി സ്പീഷീസുകളിൽ പെടുന്നു. കൂടാതെ, ആളുകൾ ചില്ലറയായോ മൊത്തമായോ ഇറക്കുമതി ചെയ്യുന്ന അലങ്കാരസസ്യങ്ങൾ, അലങ്കാരമത്സ്യങ്ങൾ, വളർത്തുമൃഗങ്ങൾ ഇവയെല്ലാം യോജിച്ച പരിതസ്ഥിതികളിൽ നിയന്ത്രിതസാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെട്ട് വന്യമായ ജീവവ്യാപനം തുടരാൻ കഴിവുള്ളവയാണു്.

സസ്യ ഇനങ്ങൾ[തിരുത്തുക]

പീച്ചിയിലെ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 4000 നിരീക്ഷണബിന്ദുക്കളിൽ നിന്നും ഡാറ്റ ശേഖരിച്ചുകൊണ്ട് അധിനിവേശ സ്പീഷീസുകളുടെ ഇപ്പോളത്തെ അവസ്ഥ പരിശോധിക്കുകയുണ്ടായി. അവർ സമാഹരിച്ച ഗവേഷണഫലമനുസരിച്ച് 89 സസ്യ ഇനങ്ങൾ നമ്മുടെ ജൈവവൈവിദ്ധ്യങ്ങൾക്കു് ആഘാതമേൽപ്പിക്കുന്നുണ്ടു്. ഇവയിൽ 11 മരങ്ങളും 39 ചെറുചെടികളും 24 കുറ്റിച്ചെടികളും 15 വള്ളിച്ചെടികളും നമ്മുടെ തനതു ജീവജാലങ്ങൾക്കു് ഭീഷണിയുയർത്തുന്നുണ്ടത്രേ. ഇവയിൽ തന്നെ 19 എണ്ണം നിർണ്ണായകമായ അവസ്ഥയിൽ തദ്ദേശീയസസ്യഇനങ്ങളെ പൂർണ്ണമായും നിഷ്കാസനം ചെയ്യത്തക്ക വിധത്തിൽ കിടമത്സരത്തിൽ വിജയിച്ചുകൊണ്ടിരിക്കുന്നു.[2]

കോൺഗ്രസ്സ് പച്ച അഥവ പാർത്തീനിയം ചെടി
ധൃതരാഷ്ട്രർ പച്ച
 1. കമ്യൂണിസ്റ്റ് പച്ച
 2. കോൺഗ്രസ്സ് പച്ച
 3. കൊങ്ങിണി
 4. വലിയ തൊട്ടാവാടി
 5. ധൃതരാഷ്ട്രപ്പച്ച
 6. കുളവാഴ
 7. ആഫ്രിക്കൻ പായൽ
 8. അക്കേഷ്യ
 9. സിംഗപ്പൂർ ഡെയ്സി

ജന്തുക്കൾ[തിരുത്തുക]

 1. ആഫ്രിക്കൻ മുഷി‌
 2. ആഫ്രിക്കൻ ഒച്ച്
 3. ഗപ്പി
 4. ടൈഗർ കൊതുക്
 5. മണ്ഡരി
 6. തിലാപ്പിയ
 7. കൊതുകുവിഴുങ്ങി മത്സ്യം
 8. റെയിൻബോ ട്രോട്ട്
 9. മലേഷ്യൻ വാള
 10. ഗൗര

ഇതും കാണുക[തിരുത്തുക]

 1. ജൈവവൈവിധ്യം

അവലംബം[തിരുത്തുക]

 1. "പച്ചയെല്ലാം പച്ചയല്ല". മലയാള മനോരമ. 10 ജനുവരി 2015. യഥാർത്ഥ സൈറ്റിൽ നിന്ന് 2015-01-10-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 ജനുവരി 2015. 
 2. 2.0 2.1 http://www.thehindu.com/news/states/kerala/article3472447.ece

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

 1. http://www.issg.org/
 2. http://apfisn.net/
 3. http://kurinjionline.blogspot.com/2009/05/blog-post_21.html
 4. http://www.mathrubhumi.info/static/others/special/index.php?id=42009&cat=333&sub=0
 5. http://www.mathrubhumi.com/story.php?id=430818
"https://ml.wikipedia.org/w/index.php?title=ജൈവാധിനിവേശം&oldid=2128537" എന്ന താളിൽനിന്നു ശേഖരിച്ചത്