ഉള്ളടക്കത്തിലേക്ക് പോവുക

ജെസ്സി ജാക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റവറന്റ്
ജെസ്സി ജാക്സൺ
ജെസ്സി ജാക്സൺ 1983-ൽ
ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിൽ നിന്നുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഷാഡോ സെനറ്റർ
പദവിയിൽ
1991ജനുവരി 3  1997 ജനുവരി 3
മുൻഗാമിപദവി സ്ഥാപനം
പിൻഗാമിപോൾ സ്ട്രോസ്
വ്യക്തിഗത വിവരങ്ങൾ
ജനനം
ജെസ്സി ലൂയിസ് ബേൺസ്

(1941-10-08)ഒക്ടോബർ 8, 1941
Greenville, South Carolina, U.S.
മരണംഫെബ്രുവരി 17, 2026(2026-02-17) (84 വയസ്സ്)
ചിക്കാഗോ, Illinois, U.S.
അന്ത്യവിശ്രമംOak Woods Cemetery
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളി
(m. 1962)
കുട്ടികൾ6, including Santita, Jesse Jr., Jonathan, and Yusef
വിദ്യാഭ്യാസം
ഒപ്പ്

അമേരിക്കയിലെ ഇതിഹാസ തുല്യനായ പൗരാവകാശ നേതാവായിരുന്നു റവറന്റ് ജെസ്സി ജാക്സൺ (1941 ഒക്ടോബർ 8 – 2026 ഫെബ്രുവരി 17). ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനൊപ്പം പൗരാവകാശ പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന ബാപ്റ്റിസ്റ്റ് ശുശ്രൂഷകനായിരുന്നു അദ്ദേഹം[1]. 1984-ലും 1988-ലും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായി മത്സരിച്ച അദ്ദേഹം, അമേരിക്കൻ രാഷ്ട്രീയത്തിൽ കറുത്തവർഗ്ഗക്കാരുടെ ശബ്ദം ശക്തമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. അദ്ദേഹം സ്ഥാപിച്ച റെയിൻബോ പുഷ് കോളിഷൻ സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങളിൽ ഇന്നും പ്രധാന പങ്ക് വഹിക്കുന്നു.

ഡെമോക്രാറ്റിക് പാർട്ടിയുടെ കരുത്തുറ്റ മുഖം

[തിരുത്തുക]

1941 ഒക്ടോബർ 8-ന് സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിലായിരുന്നു ജെസ്സി ജാക്സന്റെ ജനനം. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം 1964 മുതൽ 1966 വരെ ചിക്കാഗോ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി.

അമേരിക്കൻ രാഷ്ട്രീയത്തിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കരുത്തുറ്റ മുഖമായിരുന്നു അദ്ദേഹം. രണ്ട് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ചരിത്രം കുറിച്ചു.

കുടുംബം

[തിരുത്തുക]

1962-ൽ ജാക്വലിൻ ജാക്സണെ വിവാഹം കഴിച്ചു. ജെസ്സി ജാക്സൺ ജൂനിയർ, ആഷ്ലി ജാക്സൺ, സാന്റിറ്റ ജാക്സൺ എന്നിവരുൾപ്പെടെയുള്ള മക്കളുണ്ട്.

സാമൂഹിക നീതിക്കും സാമ്പത്തിക സമത്വത്തിനുമായി പോരാട്ടങ്ങൾ

[തിരുത്തുക]

അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങൾക്കായി മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനൊപ്പം അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ലോകചരിത്രത്തിന്റെ ഭാഗമാണ്. വംശീയ വിവേചനത്തിനെതിരെ അദ്ദേഹം ഉയർത്തിയ ശബ്ദം വരുംതലമുറകൾക്കും ആവേശമായി നിലകൊള്ളും. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ അടുത്ത അനുയായിയായിരുന്ന ജെസ്സി ജാക്സൺ, അമേരിക്കയിലെ ആഫ്രിക്കൻ-അമേരിക്കൻ വംശജരുടെ അവകാശങ്ങൾക്കായി ജീവിതം മാറ്റിവെച്ചു . സാമൂഹിക നീതിക്കും സാമ്പത്തിക സമത്വത്തിനുമായി അദ്ദേഹം സ്ഥാപിച്ച സംഘടന വംശീയ അതിർവരമ്പുകൾക്ക് അതീതമായി ജനങ്ങളെ ഒന്നിപ്പിച്ചു. മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് പുറമെ, അന്താരാഷ്ട്ര തലത്തിൽ തടവിലാക്കപ്പെട്ട അമേരിക്കൻ പൗരന്മാരെ നയതന്ത്ര ചർച്ചകളിലൂടെ മോചിപ്പിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.

1984-ലും 1988-ലും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ചരിത്രം കുറിച്ച അദ്ദേഹം, വെറും ഒരു സ്ഥാനാർത്ഥി എന്നതിലുപരി വംശീയമായ വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ വിപ്ലവകാരിയായിരുന്നു. ആഫ്രിക്കൻ-അമേരിക്കൻ വംശജരിൽ നിന്ന് വൈറ്റ് ഹൗസിലേക്ക് ഗൗരവകരമായ വെല്ലുവിളി ഉയർത്തിയ ആദ്യ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഈ പോരാട്ടമാണ് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ബരാക് ഒബാമയ്ക്ക് പ്രസിഡന്റ് പദവിയിലേക്കുള്ള വഴി തുറന്നുകൊടുത്തത്.

2026 ഫെബ്രുവരി 17-ന് 84-ാം വയസ്സിൽ അന്തരിച്ചു. പ്രോഗ്രസീവ് സുപ്രാന്യൂക്ലിയർ പാൾസി എന്ന നാഡീരോഗത്തോട് ദീർഘകാലം പോരാടിയ ശേഷമാണ് അദ്ദേഹം അന്തരിച്ചത്.

ചിക്കാഗോയിൽ 2026 മാർച്ച് 6 വെള്ളിയാഴ്ച നടന്ന അന്ത്യോപചാര ചടങ്ങിൽ ആയിരങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റുമാർ, പ്രമുഖ സെലിബ്രിറ്റികൾ, പൗരാവകാശ നേതാക്കൾ, വിവിധ മതവിഭാഗങ്ങൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ചടങ്ങിൽ പങ്കെടുത്തു. മുൻ യുഎസ് പ്രസിഡന്റുമാരായ ബരാക് ഒബാമ, ബിൽ ക്ലിന്റൺ, ജോ ബൈഡൻ, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, റവ. അൽ ഷാർപ്ടൺ എന്നിവരുൾപ്പെടെയുള്ള പ്രഭാഷകർ പങ്കെടുത്ത പ്രധാന പൊതു ശവസംസ്കാര ചടങ്ങായ "ദി പീപ്പിൾസ് സെലിബ്രേഷൻ" ഹൗസ് ഓഫ് ഹോപ്പിലാണു നടന്നത്.

മാർച്ച് 7-ന് റെയിൻബോ പുഷ് കോളിഷൻ ആസ്ഥാനത്ത്, ഓക്ക് വുഡ്സ് സെമിത്തേരിയിൽ അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നു. ശേഷം ഒരു സ്വകാര്യ, അന്തിമ അനുസ്മരണ ചടങ്ങും നടന്നു.

അവലംബം

[തിരുത്തുക]
  1. മാർട്ടിൻ ലൂഥർ കിങിന്റെ രാഷ്ട്രീയദൗത്യം 1968-നുശേഷം ഏറ്റെടുത്തയാളായിരുന്നു ജെസ്സി ജാക്സൺ എസ്. ഗോപാലകൃഷ്ണൻ, മാതൃഭൂമി, 2026 ഫെബ്രു.20
"https://ml.wikipedia.org/w/index.php?title=ജെസ്സി_ജാക്സൺ&oldid=4616413" എന്ന താളിൽനിന്ന് ശേഖരിച്ചത്