ജെറ്റ് എൻജിൻ
ഉയർന്ന വേഗത്തിൽ വാതകങ്ങൾ പുറന്തള്ളി തള്ളൽ ബലം അഥവാ ത്രസ്റ്റ് സൃഷ്ടിക്കുന്ന തരം എൻജിനുകളെ ജെറ്റ് എൻജിൻ എന്നു പറയുന്നു. ന്യൂട്ടന്റെ മൂന്നാം ചലനനിയമം അടിസ്ഥാനമാക്കിയാണ് ജെറ്റ് എൻജിനുകൾ പ്രവർത്തിക്കുന്നത്. ടർബോജെറ്റ്, ടർബോഫാൻ, റോക്കറ്റ് എൻജിൻ, റാംജെറ്റ്, പൾസ്ജെറ്റ്, പമ്പ്‌ജെറ്റ് എന്നിങ്ങനെ വിവിധ തരം ജെറ്റ് എൻജിനുകൾ ഉണ്ട്. ബ്രൈട്ടൺ ചംക്രമണത്തിൽ പ്രവർത്തിക്കുന്ന ഗ്യാസ് ടർബൈനുകളെ ആണ് സാധാരണയായി ജെറ്റ് എൻജിൻ എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ടർബൈൻ മുഖേന തിരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു കംപ്രസർ ആണ് ഇതിലെ മുഖ്യഭാഗം. ഈ കംപ്രസറിൽ നിന്ന് പുറന്തള്ളപ്പെടുന്ന പ്രവാഹം എഞ്ചിന് ആവശ്യമുള്ള തള്ളൽ ബലം നൽകുന്നു.
പ്രധാന ഭാഗങ്ങൾ
[തിരുത്തുക]ഒരു ജെറ്റ് എൻജിന് തണുത്തതും ചൂടുള്ളതുമായ രണ്ടു ഭാഗങ്ങൾ ഉണ്ടായിരിക്കും. എൻജിനുള്ളിലേക്ക് പ്രവഹിക്കുന്ന തണുത്ത വായു ജ്വലന അറയിൽ (കമ്പസ്‌ഷൻ ചേംബർ) വെച്ച് വികസിച്ച് ചൂടുള്ളതായിത്തീരുന്നു.
- തണുത്ത ഭാഗം:
- ഷാഫ്റ്റ്: (രണ്ടു ഭാഗങ്ങളിലും പൊതുവായി കാണപ്പെടുന്നു.)
- ചൂടു കൂടിയ ഭാഗം
- കംബസ്‌ഷൻ ചേംബർ
- ടർബൈൻ
- ആഫ്റ്റർ ബർണർ
- നോസിൽ
- സൂപ്പർസോണിക് നോസിൽ
ജെറ്റ് എൻജിനുകൾ
[തിരുത്തുക]വിവിധ തരം ജെറ്റ് എൻജിനുകളുടെ താരതമ്യം.
എൻജിൻ | പ്രത്യേകത | ഗുണങ്ങൾ | ദോഷങ്ങൾ |
---|---|---|---|
വാട്ടർ ജെറ്റ് | നോസിൽ വഴി വെള്ളം പിന്നിലേക്ക് ശക്തിയായി പുറന്തള്ളുന്നു | വെള്ളത്തിന് അധികം ആഴമില്ലാത്ത സ്ഥലങ്ങളിൽ അനുയോജ്യം,ശക്തമായ എൻജിൻ. | പ്രൊപ്പല്ലറിനേക്കാളും കാര്യക്ഷമത കുറവ്. ജലത്തിൽ കാണുന്ന ഖര അവശിഷ്ടങ്ങൾ പ്രവർത്തനത്തെ ബാധിക്കുന്നു. |
മോട്ടോർജെറ്റ് | ഇന്നത്തെ ജെറ്റ് എൻജിനുകളുടെ പുരാതന മോഡൽ. വായു ഉള്ളിലേക്ക് ശക്തിയായി ഉള്ളിലേക്കെടുക്കുന്ന പിസ്റ്റൺ എൻജിനും ജെറ്റ് എക്സോസ്റ്റും. | പ്രൊപ്പല്ലറിനേക്കാളും പുറന്തള്ളൽ പ്രവേഗം, ഉന്നത പ്രവേഗങ്ങളിൽ നല്ല തള്ളൽ ബലം നൽകുന്നു | ഭാരക്കൂടുതൽ, കുറഞ്ഞ പ്രയോഗക്ഷമത |
ടർബോജെറ്റ് | ടർബൈൻ എൻജിനുകൾക്ക് പൊതുവായി പറയുന്ന പേര് | ലളിതമായ രൂപകല്പന, സൂപ്പർസോണിക് വേഗതയിൽ പ്രയോഗക്ഷമത കൂടുതൽ (~M2) | അടിസ്ഥാനപരമായ രൂപകല്പന, സബ്സോണിക് വേഗങ്ങളിൽ പ്രയോഗക്ഷമതയും ശക്തിയും മെച്ചപ്പെടുത്താനുള്ള പരിഷ്കാരങ്ങൾ കാണപ്പെടുന്നില്ല, ശബ്ദമലിനീകരണം ഉണ്ടാക്കുന്നു. |
ടർബോഫാൻ | സാധാരണ ഉപയോഗത്തിലുള്ളതിൽ പ്രചാരമേറിയ എൻജിൻ. ബോയിങ്747 പോലുള്ള യാത്രാവിമാനങ്ങളിലും പല യുദ്ധ വിമാനങ്ങളിലും ഉപയോഗിക്കുന്നു. സൂപ്പർസോണിക് വേഗതകളിൽ 'ആഫ്റ്റർബർണർ' ഉപയോഗിക്കുന്നു. എൻജിൻ കേന്ദ്രത്തിനു ചുറ്റും വായു പ്രവഹിക്കാൻ കംപ്രസറിന്റെ ആദ്യഭാഗം വിസ്താരമുള്ളതായിരിക്കും. | ഉയർന്ന ദ്രവ്യ പ്രവാഹ നിരക്കും താഴ്ന്ന പുറന്തള്ളൽ വേഗവും മൂലം എൻജിൻ താരതമ്യേന നിശ്ശബ്ദമായിരിക്കും, അതിനാൽ സബ്സോണിക് വേഗങ്ങളിലെ സഞ്ചാരത്തിന് അനുയോജ്യം. | സങ്കീർണ്ണമായ രൂപകല്പന, വലിയ വ്യാസമുള്ള എൻജിൻ, ഭാരക്കൂടുതലുള്ള ബ്ലേഡുകളുടെ ആവശ്യം.ആഘാതതരംഗങ്ങളുടെ രൂപവത്കരണം എൻജിനെ സാരമായി ബാധിക്കുമെന്നതിനാൽ നിശ്ചിതമായ ഉന്നത പ്രവേഗം മാത്രമേ സാധ്യമാകൂ. |
റോക്കറ്റ് | പ്രൊപ്പലന്റും ഓക്സീകാരികളും റോക്കറ്റിൽ തന്നെ ഉണ്ടായിരിക്കും. | ചലിക്കുന്ന യന്ത്രഭാഗങ്ങൾ കുറവ്, മാക്ക് 0 മുതൽ മാക്ക് 25+ വരെ വേഗത, ഉയർന്ന വേഗങ്ങളിൽ പ്രയോഗക്ഷമത കൂടുതൽ (> മാക്ക് 10), ത്രസ്റ്റ്\വെയ്റ്റ് നിരക്ക് 100ൽ കൂടുതൽ, വായു സ്വീകരണി ഇല്ല, ഉയർന്ന കംപ്രഷൻ നിരക്ക്, ഉയർന്ന പുറന്തള്ളൽ വേഗത (ഹൈപ്പർസോണിക്) , മികച്ച കോസ്റ്റ്\ത്രസ്റ്റ് നിരക്ക്, പരിശോധിക്കാൻ എളുപ്പം, ശൂന്യാകാശത്തും പ്രവർത്തിക്കുന്നു, ഉപരിതലവിസ്തീർണ്ണം കുറവാകയാൽ അമിത താപം ഉത്പാദിപ്പിക്കപ്പെടുന്നില്ല, ടർബൈൻ ഇല്ല. | ധാരാളം പ്രൊപ്പലന്റ് ആവശ്യം, വളരെ കുറഞ്ഞ വിശിഷ്ട ആവേഗം. പുറന്തള്ളുന്ന വാതകങ്ങളുടെ പുനരുപയോഗം സാധ്യമല്ല. ഓക്സീകാരികൾ റോക്കറ്റിൽ തന്നെ ഉൾപ്പെടുത്തുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ശബ്ദമലിനീകരണകാരി. |
റാംജെറ്റ് | ഉള്ളിലെത്തുന്ന വായു എൻജിന്റെ മുൻവശത്ത് കാണപ്പെടുന്ന നാളം മുഖേന സങ്കോചിക്കുന്നു | ചലിക്കുന്ന യന്ത്ര ഭാഗങ്ങൾ ഇല്ല, മാക്0.8 മുതൽ മാക്5+ വരെ വേഗത, ഉയർന്ന വേഗങ്ങളിൽ (>മാക്2.0)പ്രയോഗക്ഷമത കൂടുതൽ,ജെറ്റ് എൻജിനുകളിൽ വച്ച് ഏറ്റവും ഭാരം കുറഞ്ഞത്,ടർബൈൻ ബ്ലേഡുകൾ ഇല്ലാത്തതിനാൽ എൻജിൻ തണുപ്പിക്കാൻ എളുപ്പം. | എൻജിൻ പ്രവർത്തിക്കാൻ ഉയർന്ന പ്രാരംഭപ്രവേഗം ആവശ്യം,കുറഞ്ഞ കംപ്രഷൻ റേഷ്യോ മൂലം കുറഞ്ഞ വേഗങ്ങളിൽ പ്രയോഗക്ഷമത കുറവ് |
ടർബോപ്രോപ് (ടർബോഷാഫ്റ്റിന് സമാനം) | പ്രോപ്പല്ലർ, (ഹെലികോപ്റ്ററിന്റെ) റോട്ടർ എന്നിവ തിരിക്കാനാവശ്യമായ ഊർജ്ജം നൽകുന്ന ഗ്യാസ് ടർബൈൻ എൻജിനുകൾ.അതിനാൽ ഇവയെ ജെറ്റ് എൻജിനുകളായി കണക്കാക്കുന്നില്ല. | താഴ്ന്ന സബ്സോണിക് വിമാന വേഗങ്ങളിൽ ഉയർന്ന ക്ഷമത.ബലമുള്ള ഷാഫ്റ്റ്. | വിമാനങ്ങൾക്ക് നിയന്ത്രിതമായ ഉന്നതവേഗം മാത്രമേ കൈവരിക്കാൻ സാധിക്കൂ.ശബ്ദമലിനീകരണകാരി. |
പ്രോപ്പ്‌ഫാൻ | ഒന്നോ അതിൽ കൂടുതലോ പ്രൊപ്പല്ലറുകളുള്ള ടർബോപ്രോപ്പ് എൻജിന് സമാനം. | ഇന്ധനക്ഷമത കൂടുതൽ,ടർബോഫാനിനേക്കാൾ കുറഞ്ഞ ശബ്ദമലിനീകരണം,ഉയർന്ന വേഗത,1980കളിലെ ഇന്ധനക്ഷാമകാലത്ത് വിമാനങ്ങളിൽ ധാരാളം ഉപയോഗിച്ചു | സങ്കീർണ്ണതകളാൽ ഇത്തരം എൻജിനുകൾ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. |
പൾസ്ജെറ്റ് | വായുവിനെ സങ്കോചിപ്പിക്കുന്നതും കംബസ്‌ഷൻ നടക്കുന്നതും മറ്റു എൻജിനുകളിൽ നിന്ന് വിപരീതമായി ഇടവിട്ടാണ്.ചില ഡിസൈനുകൾ വാൽവുകളും ഉപയോഗിക്കുന്നു. | ലളിതമായ രൂപകൽപന | ശബ്ദ മലിനീകരണകാരി,കുറഞ്ഞ ക്ഷമത,എൻജിനിലുപയോഗിക്കുന്ന വാൽവുകൾ എളുപ്പത്തിൽ ഉപയോഗശൂന്യമാകാൻ സാധ്യത. |