ജെറോനിമോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Goyaale.jpg

അരിസോണയിൽ ജനിച്ച ഒരു ചിരിക്കാഹുവാ അപ്പാച്ചീ-ഇന്ത്യൻ ഗോത്രനേതാവായിരുന്നു ജെറോനിമോ (1829-1909). 1858-ൽ മെക്സിക്കോക്കാർ നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അമ്മയും കൊല്ലപ്പെട്ടു. തുടർന്ന് മെക്സിക്കോയിലും അമേരിക്കയിലുമായി വെള്ളക്കാർക്കെതിരെ നടന്ന അനവധി മുന്നേറ്റങ്ങളിൽ ജെറോനിമോ പങ്കെടുത്തു. പിന്നീട് കുറെക്കാലം ഒരു സംരക്ഷിതമേഖലയിൽ താമസിച്ചുവരികയായിരുന്നു.

എന്നാൽ 1876-ൽ അമേരിക്കൻ സർക്കാർ ചിരിക്കാഹുവാ ഗോത്രവർഗത്തെ അവരുടെ പരമ്പരാഗത വാസസ്ഥലങ്ങളിൽ നിന്നും സാൻ കാർലോസിലേക്ക് പറിച്ചു നടാൻ ശ്രമിച്ചപ്പോൾ ജെറോനിമോ വീണ്ടും ആഞ്ഞടിച്ചു. തുടർന്നുള്ള പത്തുവർഷക്കാലം ഇടക്കിടെയുള്ള ആക്രമണങ്ങൾ കൊണ്ട് ജെറോനിമോ വെള്ളക്കാരെ പൊറുതിമുട്ടിച്ചു. ഇടവേളകളിൽ സാൻ കാർലോസിൽ കാർഷികവൃത്തിയുമായി കഴിഞ്ഞുകൂടി. 1886 മാർച്ചിൽ ജനറൽ ജോർജ്ജ് ക്രൂക്ക് ജെറോനിമോയെ പിടികൂടുകയും ചിരിക്കാഹുവാ ഗോത്രവർഗത്തെ ഫ്ലോറിഡയിലേക്ക് മാറ്റിപ്പാർപ്പിക്കുവാനുള്ള കരാർ അടിച്ചേൽപ്പിക്കുകയും ചെയ്തു. എന്നാൽ രണ്ട് ദിവസങ്ങൾക്കു ശേഷം ജെറോനിമോ തടവുചാടുകയും ആക്രമണങ്ങൾ തുടരുകയും ചെയ്തു. തുടർന്ന് ജെറോനിമോയെ തളക്കാനുള്ള ദൗത്യം ജനറൽ നെൽസൺ മൈൽസ് ഏറ്റെടുത്തു. അതേവർഷം സെപ്റ്റംബറിൽ മൈൽസ് ജെറോനിമോയെ മെക്സിക്കോയിലേക്ക് പിന്തുടർന്ന് പിടികൂടി. ഗോത്രവർഗ്ഗക്കാരെ ഫ്ലോറിഡയിലേക്കും, പിന്നീട് അലബാമയിലേക്കും, ഒടുവിൽ ഒക്‌ലഹോമയിലെ ഫോർട്ട് സില്ലിലേക്കും മാറ്റിപ്പാർപ്പിച്ചു.

ഫോർട്ട് സില്ലിൽ വച്ച് ജെറോനിമോ ക്രിസ്തുമതം സ്വീകരിച്ചു. 1905-ൽ അമേരിക്കൻ പ്രസിഡൻഡ് തിയോഡർ റൂസ്‌വെൽറ്റിന്റെ സ്ഥാനാരോഹണഘോഷയാത്രയിലും അദ്ദേഹം പങ്കെടുത്തു. 1906-ൽ ജെറോനിമോ പറഞ്ഞുകൊടുത്തെഴുതിച്ച ഓർമ്മക്കുറിപ്പുകൾ ജെറോനിമോസ് സ്റ്റോറി ഓഫ് ഹിസ് ലൈഫ് പ്രസിദ്ധീകരിച്ചു. 1909 ഫെബ്രുവരി 17-ന് ഫോർട്ട് സില്ലിൽ വച്ച് അദ്ദേഹം നിര്യാതനായി. 2011 ൽ അമേരിക്ക നടത്തിയ ഉസാമ ബിൻലാദൻ കൊലപാതക ഓപ്പറേഷന് ഓപ്പറേഷൻ ജെറോനിമോ എന്നാണ് പേരു നൽകിയത്.[1]

അവലംബം[തിരുത്തുക]

  1. "മാതൃഭൂമി.കോം". മൂലതാളിൽ നിന്നും 2012-02-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-05.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെറോനിമോ&oldid=3632181" എന്ന താളിൽനിന്ന് ശേഖരിച്ചത്