ജൂൾസ് റിമെറ്റ്
ജൂൾസ് റിമെറ്റ് | |
|---|---|
Rimet in 1933 | |
| 3rd President of FIFA | |
| പദവിയിൽ 1 March 1921 – 21 June 1954 | |
| മുൻഗാമി | Daniel Burley Woolfall |
| പിൻഗാമി | Rodolphe William Seeldrayers |
| President of FFF | |
| പദവിയിൽ 1919–1942 | |
| പിൻഗാമി | Henri Jevain |
| പദവിയിൽ 1944–1949 | |
| മുൻഗാമി | Henri Jevain |
| പിൻഗാമി | Emmanuel Gambardella |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | Jules Ernest Séraphin Valentin Rimet 14 ഒക്ടോബർ 1873 Theuley, Haute-Saône, France |
| മരണം | 16 ഒക്ടോബർ 1956 (83 വയസ്സ്) Suresnes, Seine, France |
| തൊഴിൽ | Football administrator |
| ഒപ്പ് | |
ഒരു ഫ്രഞ്ച് ഫുട്ബോൾ ഭാരവാഹിയായിരുന്നു ജൂൾസ് ഏർനെസ്റ്റ് സെറാഫിൻ വാലന്റിൻ റിമെറ്റ് (ഫ്രഞ്ച്: [ʒyl ʁimɛ]; 1873 ഒക്ടോബർ 14 – 1956 ഒക്ടോബർ 16) . 1921 മുതൽ 1954 വരെ അദ്ദേഹം ഫിഫയുടെ (FIFA) മൂന്നാമത്തെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 33 വർഷം പദവിയിലിരുന്ന അദ്ദേഹം ഫിഫയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന വ്യക്തിയായിരുന്നു. 1919 മുതൽ 1942 വരെയും പിന്നീട് 1944 മുതൽ 1949 വരെയും അദ്ദേഹം ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റായും പ്രവർത്തിച്ചു.
റിമെയറ്റിന്റെ നേതൃത്വത്തിൽ ആദ്യത്തെ ഫിഫ ലോകകപ്പ് മത്സരം 1930-ൽ സംഘടിപ്പിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ലോകകപ്പ് ട്രോഫിക്ക് ജൂൾസ് റിമെറ്റ് ട്രോഫി എന്ന പേര് നൽകിയത്. 1897-ൽ റെഡ് സ്റ്റാർ ക്ലബ് ഫ്രാൻസെയ്സ് (Red Star Club Français) എന്ന പേരിൽ സ്ഥാപിതമായ ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബായ റെഡ് സ്റ്റാറിന്റെ സ്ഥാപകനും അദ്ദേഹം ആയിരുന്നു
ആദ്യകാല ജീവിതം
[തിരുത്തുക]ജൂൾസ് ഏർനെസ്റ്റ് സെറാഫിൻ വാലന്റിൻ റിമെറ്റ് 1873 ഒക്ടോബർ 14-ന് കിഴക്കൻ ഫ്രാൻസിലെ ഓട്ട്-സോൺ (Haute-Saône) ഡിപ്പാർട്ട്മെന്റിലെ ത്യൂലെ (Theuley) എന്ന ചെറിയ തദ്ദേശ ഭരണപ്രദേശത്താണ് ജനിച്ചത്.[1] അദ്ദേഹത്തിന്റെ പിതാവ് ഒരു പലചരക്ക് വ്യാപാരിയായിരുന്നു. ജൂൾസിന് പതിനൊന്ന് വയസ്സുള്ളപ്പോൾ, 1884-ൽ കുടുംബം പാരീസിലേക്ക് താമസം മാറി.
നിയമപഠനം നടത്തി അഭിഭാഷകനായിത്തീർന്ന റിമെറ്റ് 1897-ൽ റെഡ് സ്റ്റാർ (Red Star) എന്ന കായിക ക്ലബ്ബ് സ്ഥാപിച്ചു. അംഗങ്ങൾക്കിടയിൽ വർഗ്ഗപരമായ വിവേചനം പാടില്ലെന്ന റിമെയുടെ ആദർശങ്ങൾക്കനുസൃതമായാണ് ഈ ക്ലബ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് ജനപ്രീതി നേടിവരികയായിരുന്ന ഫുട്ബോളും ക്ലബ്ബിൽ കളിച്ചിരുന്ന കായിക ഇനങ്ങളിലൊന്നായിരുന്നു. റിമെറ്റിന് 17 വയസ്സുള്ളപ്പോൾ, ലിയോ പതിമൂന്നാമൻ മാർപ്പാപ്പ ജോലിയുടെ അന്തസ്സിനെക്കുറിച്ചുള്ള റെറും നൊവാരം (Rerum novarum) എന്ന ചാക്രികലേഖനം പ്രസിദ്ധീകരിച്ചു. കത്തോലിക്കാ വിശ്വാസിയായിരുന്ന റിമെറ്റിനെ ഈ രേഖ ആഴത്തിൽ സ്വാധീനിക്കുകയും അതിലെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന് പ്രചോദനമേകുകയും ചെയ്തു.[2]
ഫുട്ബോളും ഫിഫയും
[തിരുത്തുക]1904-ൽ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (Fédération Internationale de Football Association — FIFA) സ്ഥാപിക്കുന്നതിൽ ജൂൾസ് റിമെറ്റ് പങ്കാളിയായിരുന്നു. ആഗോളതലത്തിൽ ഒരു പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള പദ്ധതികൾ ഈ പുതിയ സംഘടനയ്ക്ക് ഉണ്ടായിരുന്നെങ്കിലും, പകരം 1908-ലെ വേനൽക്കാല ഒളിമ്പിക്സിന്റെ ഭാഗമായി ഒരു അമേച്വർ ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നതിലാണ് സംഘടന ഏർപ്പെട്ടത്.

ഒന്നാം ലോകമഹായുദ്ധം റിമെറ്റിന്റെയും ഫിഫയുടെയും പദ്ധതികളെ താൽക്കാലികമായി തടസ്സപ്പെടുത്തി.[3] അദ്ദേഹം ഫ്രഞ്ച് സൈന്യത്തിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുകയും ധീരതയ്ക്കുള്ള അംഗീകാരമായി ക്രോയ ദെ ഗെർ (Croix de Guerre) ബഹുമതി അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. യുദ്ധത്തിനുശേഷം, അദ്ദേഹം 1919-ൽ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റായി. തുടർന്ന് 1921 മാർച്ച് 1-ന് ഫിഫയുടെ പ്രസിഡന്റായി ചുമതലയേറ്റു.[3] [4]1954 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. [5]ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ദീർഘകാലം പ്രസിഡന്റായിരുന്ന വ്യക്തി അദ്ദേഹമാണ്.
ഇംഗ്ലീഷ്, വെൽഷ്, സ്കോട്ടിഷ് ഫുട്ബോൾ അസോസിയേഷനുകളുടെ അംഗത്വം ആദ്യവർഷങ്ങളിൽ നഷ്ടപ്പെട്ടെങ്കിലും, റിമെറ്റിന്റെ നേതൃത്വത്തിൽ ഫിഫയിലെ അംഗരാജ്യങ്ങളുടെ എണ്ണം 12-ൽ നിന്ന് 85 ആയി ഉയർന്നു. പ്രസിഡന്റ് പദവിയിലെത്തിയതോടെ, ആഗോളതലത്തിൽ ഒരു ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം വീണ്ടും ആരംഭിച്ചു. എന്നാൽ അമേച്വർ ഫുട്ബോൾ അസോസിയേഷനുകളും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ സ്ഥാപകനായ പിയറി ദെ കുബെർട്ടിനും ഈ ആശയത്തോട് എതിർപ്പ് പ്രകടിപ്പിച്ചു.[3]
ലോകകപ്പ്
[തിരുത്തുക]1928-ൽ റിമെറ്റിന്റെ നേതൃത്വത്തിൽ ഫിഫ (FIFA) ഒരു "ലോകകപ്പ്" മത്സരം നടത്തുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ട് പോയി. തെക്കേ അമേരിക്കയിലെ പ്രൊഫഷണൽ ഫുട്ബോൾ രീതികളും, കൂടാതെ യാത്രാച്ചെലവുകൾ മുഴുവൻ വഹിക്കാമെന്ന് ഉറുഗ്വേ ഫുട്ബോൾ അസോസിയേഷൻ വാഗ്ദാനം ചെയ്തതും കാരണം ഈ ടൂർണമെന്റ് ഉറുഗ്വേയിൽ നടത്താൻ തീരുമാനിച്ചു. ലോകകപ്പിനായി ഉറുഗ്വേയിലേക്കുള്ള യാത്രയിൽ, റിമെറ്റ് മത്സരത്തിൽ പങ്കെടുക്കുന്ന യൂറോപ്യൻ ടീമുകൾക്കൊപ്പം 'എസ്എസ് കോണ്ടെ വെർഡെ' (SS Conte Verde) എന്ന കപ്പലിലാണ് സഞ്ചരിച്ചത്. ആ സമയമെല്ലാം അദ്ദേഹം ട്രോഫി തന്റെ ബാഗിൽ സൂക്ഷിച്ചിരുന്നു.,[6] [3]
എങ്കിലും, ആദ്യത്തെ ഏതാനും ലോകകപ്പുകൾ എവിടെ നടത്തണം എന്നതിനെക്കുറിച്ച് റിമെറ്റ് എടുത്ത തീരുമാനങ്ങൾ വിമർശനങ്ങൾക്ക് വഴിവെച്ചു. 1930-ലെ ലോകകപ്പിൽ പങ്കെടുക്കുന്നതിനായി കളിക്കാർക്ക് മൂന്ന് മാസത്തോളം തങ്ങളുടെ രാജ്യങ്ങളിലെ ആഭ്യന്തര ടൂർണമെന്റുകളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നതായിരുന്നു യൂറോപ്യൻ രാജ്യങ്ങളുടെ പരാതിക്ക് കാരണം. യൂറോപ്പിൽ നിന്ന് നാല് രാജ്യങ്ങൾ (ഫ്രാൻസ്, ബെൽജിയം, റൊമാനിയ, യുഗോസ്ലാവിയ) മാത്രമാണ് ടീമുകളെ അയക്കാനുള്ള ക്ഷണം സ്വീകരിച്ചത് എന്നതിന് പ്രധാന കാരണവും ഇതായിരുന്നു. റിമെറ്റിന്റെ സ്വാധീനം കാരണമാണ് ഈ രാജ്യങ്ങൾ പോലും പങ്കെടുക്കാൻ സമ്മതിച്ചതെന്ന് കരുതപ്പെടുന്നു.[6] തൊട്ടടുത്ത ലോകകപ്പ് ബെനിറ്റോ മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിൻ കീഴിലായിരുന്ന ഇറ്റലിയിലാണ് നടന്നത്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും അതിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും ഈ ടൂർണമെന്റ് ഉപയോഗിക്കപ്പെട്ടു എന്നതും, അതിനെ റിമെറ്റ് പിന്തുണച്ചു എന്ന് ആരോപിക്കപ്പെട്ടതും വിവാദമായി.[3]
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, 1950-ലെ ഫിഫ ലോകകപ്പ് മുതൽ മത്സരത്തിൽ പങ്കെടുക്കാൻ ബ്രിട്ടീഷ് ഫുട്ബോൾ അസോസിയേഷനുകൾ തീരുമാനിച്ചു. ഈ ടൂർണമെന്റിൽ ഉറുഗ്വേ രണ്ടാം തവണയും വിജയിച്ചപ്പോൾ, റിമെറ്റ് നേരിട്ടാണ് വിജയികളായ ഉറുഗ്വേ ടീമിന് ട്രോഫി സമ്മാനിച്ചത്.[7]ഈ ടൂർണമെന്റ് സ്ഥാപിക്കുന്നതിനായി റിമെറ്റ് നടത്തിയ പരിശ്രമങ്ങൾ അദ്ദേഹത്തെ 1956-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യുകയും ചെയ്തു.[3]
അവസാനകാലവും പൈതൃകവും
[തിരുത്തുക]1956-ൽ, തന്റെ 83-ാം ജന്മദിനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം സെയിനിലെ സുറെസ്നസിൽ വെച്ച് റിമെറ്റ് അന്തരിച്ചു. 2004-ൽ അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി 'ഫിഫ ഓർഡർ ഓഫ് മെറിറ്റ്' നൽകി ആദരിച്ചു; അദ്ദേഹത്തിന്റെ ചെറുമകൻ ഇവ്സ് റിമെറ്റാണ് ഈ പുരസ്കാരം ഏറ്റുവാങ്ങിയത്. ലോകകപ്പിന്റെ ഉപജ്ഞാതാവ് എന്ന ബഹുമതി അദ്ദേഹത്തിനുള്ളതാണ്.[8]
ആദ്യത്തെ ലോകകപ്പ് ട്രോഫിക്ക് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം 'ജൂൾസ് റിമെ ട്രോഫി' എന്ന് പേര് നൽകി. 1966-ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിന് തൊട്ടുമുമ്പ് ട്രോഫി മോഷണം പോയെങ്കിലും, 'പിക്കിൾസ്' എന്ന നായ അതിനെ കണ്ടെത്തി.[3] 1970-ലെ ലോകകപ്പിൽ ബ്രസീൽ മൂന്നാം തവണയും കിരീടം നേടിയതോടെ ആ ട്രോഫി അവർക്ക് സ്ഥിരമായി നൽകപ്പെട്ടു. 1983-ൽ റിയോ ഡി ജനീറോയിൽ വെച്ച് അത് വീണ്ടും മോഷണം പോയി. മോഷ്ടാക്കൾ അത് ഉരുക്കി കളഞ്ഞിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ഇതിന് കൃത്യമായ തെളിവുകളൊന്നുമില്ല. തുടർന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ആ ട്രോഫിയുടെ ഒരു പകർപ്പ് നിർമ്മിച്ചു. ട്രോഫി പലതവണ കാണാതായതിനെക്കുറിച്ചും അതിന്റെ അന്തിമസ്ഥാനത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.[9][10] ഫ്രാൻസിലെ ത്യൂലിയിൽ (Theuley), ഗോൾപോസ്റ്റോട് കൂടിയ ഒരു പെനാൽറ്റി ബോക്സിനുള്ളിൽ റിമെയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.[3]
2014-ൽ പുറത്തിറങ്ങിയ 'യുണൈറ്റഡ് പാഷൻസ്' (United Passions) എന്ന ജീവചരിത്ര സിനിമയിൽ, അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഫ്രഞ്ച് നടൻ ജെറാർഡ് ഡിപാർഡിയു ആണ് റിമെയെ അവതരിപ്പിച്ചത്.[11]
അവലംബങ്ങൾ
[തിരുത്തുക]- ↑ "Rimet, Jules Ernest Séraphin Valentin (1873–1956)". FranceArchives (in ഫ്രഞ്ച്). Ministère de la Culture. Retrieved 3 June 2026.
- ↑ Duggan, Michael (14 June 2018). "The Catholic visionary who founded the World Cup". Catholic Herald. Retrieved 30 January 2023.
- 1 2 3 4 5 6 7 8 Lichfield, John (5 June 2006). "Jules Rimet: The man who kicked off the World Cup". The Independent. Retrieved 10 April 2012.
- ↑ "History of FIFA – More associations follow". FIFA. Archived from the original on 21 November 2007. Retrieved 10 April 2012.
- ↑ Murray, Scott (23 March 2011). "Which Fifa presidents have served longer than Sepp Blatter?". The Guardian. Retrieved 10 April 2012.
- 1 2 "History of FIFA – The first FIFA World Cup". FIFA. Archived from the original on 5 November 2007. Retrieved 10 April 2012.
- ↑ "Uruguay world's champion". The Guardian. 16 July 1950. Retrieved 10 April 2012.
- ↑ "Sheffield FC are Real's equals at FIFA Congress". The Star. 22 May 2004. Retrieved 10 April 2012.
{{cite news}}: CS1 maint: deprecated archival service (link) - ↑ "Jules Rimet Cup". FIFA. Archived from the original on 18 March 2013. Retrieved 10 April 2012.
- ↑ Kuper, Simon (3 March 2012). "My quest for football's Holy Grail". The Financial Times. Archived from the original on 10 December 2022. Retrieved 10 April 2012.
- ↑ Barry, Dan (1 June 2015). "FIFA Film: An Epic Fantasy". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 10 August 2017.
- Jean-Yves Guillain, La Coupe du monde de football, l'œuvre de Jules Rimet, Éditions Amphora, 1998