Jump to content

ജീൻ മെസ്ലിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഭRoman Catholic Church
വ്യക്തി വിവരങ്ങൾ
ജനനം(1664-06-15)ജൂൺ 15, 1664
Mazerny, France
മരണംജൂൺ 17, 1729(1729-06-17) (പ്രായം 65)
Étrépigny, France
ദേശീയതFrench
വിഭാഗംRoman Catholic

ഫ്രാൻസിൽ ഷാമ്പേയ്ൻ പ്രവിശ്യയിലെ എട്രെപ്പിനി ഇടവകയിൽ 1689 മുതൽ 1729 വരെയുള്ള 40 വർഷം വികാരിയായിരുന്ന കത്തോലിക്കാ വൈദികനായിരുന്നു ജീൻ മെസ്ലിയർ (ജനനം: 1664 ജനുവരി 15; മരണം: 1729). [1] നിരീശ്വരവാദത്തെ പിന്തുണച്ച് അദ്ദേഹം രചിച്ച പുസ്തകദൈർഘ്യമുള്ള പ്രബന്ധം മരണശേഷം പരസ്യപ്പെടുത്തപ്പെട്ടതോടെയാണ് മെസ്ലിയർ പ്രസിദ്ധനായത്. ഇടവക്കാർക്കുള്ള തന്റെ 'ഓസ്യത്ത്' എന്ന പേരിൽ വിട്ടുപോയ ആ രചനയിൽ മെസ്ലിയർ, ദൈവവിശ്വാസത്തേയും എല്ലാത്തരം മതവിശ്വാസത്തെയും സമ്പൂർണ്ണമായും സംഗ്രമായും തള്ളിപ്പറയുകയും "അബദ്ധങ്ങളുടെയും മുൻവിധിയുടേയും സേവനം ജീവിതചര്യയാക്കിയതിന്" മാപ്പു ചോദിക്കുകയും ചെയ്യുന്നു.[2]

ജീവിതം

[തിരുത്തുക]

ഫ്രാൻസിൽ, ആർദെന്നെസിലെ മാസെർണിയിലാണ് മെസ്ലിയർ ജനിച്ചത്. 1678-ൽ അയൽക്കാരനായ ഒരു വൈദികനിൽ നിന്ന് ലത്തീൻ പഠിക്കാൻ തുടങ്ങിയ മെസ്ലിയർ പിന്നീട് വൈദികപരിശീലനത്തിനായി സെമിനാരിയിൽ ചേർന്നു; മാതാപിതാക്കളെ പ്രീതിപ്പെടുത്താനാണ് താൻ പൗരോഹിത്യം തെരഞ്ഞെടുത്തതെന്ന് തന്റെ 'ഓസ്യത്തിന്' സ്വയം എഴുതിയ ആമുഖക്കുറിപ്പിൽ മെസ്ലിയർ പറയുന്നു. വൈദികവിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1689 ജനുവരി 7-ന് പട്ടം സ്വീകരിച്ചു. തുടർന്ന് ഷാമ്പേയ്ൻ പ്രവിശ്യയിലെ എട്രെപ്പിനി ഇടവകയിൽ നിയുക്തനായി.

ഇടവകയിലെ ദരിദ്രരെ ചൂഷണം ചെയ്തിരുന്ന ഒരു ധനികപ്രഭുവിനു വേണ്ടി പ്രാർത്ഥിക്കാൻ മെസ്ലിയർ വിസമ്മതിച്ചതിനെ തുടർന്ന് ഒരിക്കലുണ്ടായ പരസ്യവിവാദവും സഭാനേതൃത്വത്തിൽ നിന്നു ലഭിച്ച ശകാരവും ഒഴിച്ചാൽ, മെസ്ലിയറുടെ സേവനകാലം പ്രശാന്തവും താരതമ്യേന സംഭവരഹിതവും ആയിരുന്നു. ഇടവകവൈദികന്റെ ചുമതലകൾ അദ്ദേഹം പ്രശ്നരഹിതമായും പരാതിപ്പെടാതെയും നിറവേറ്റി. ആഡംബരമൊന്നുമില്ലാതെ സംയമിയുടെ ജീവിതം നയിച്ച മെസ്ലിയർ, എല്ലാ വർഷവും, തന്റെ വരുമാനത്തിൽ മിച്ചം വന്ന ഓരോ ചില്ലിക്കാശും പാവങ്ങൾക്കു ദാനം ചെയ്തു.[3]

മരിക്കുന്നതിനു മുൻപ് അദ്ദേഹം തനിക്കുണ്ടായിരുന്നതെല്ലാം ഇടവകയിലെ ജനങ്ങൾക്ക് നൽകി. മെസ്ലിയർ മരിച്ച ശേഷം അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന്, 633 പുറമുള്ള ഒരു പ്രബന്ധത്തിന്റെ 3 പ്രതികൾ കണ്ടുകിട്ടി. അതിൽ ആ ഗ്രാമവൈദികൻ, സംഘടിത മതത്തെ അടിസ്ഥാനമില്ലാത്ത സൃഷ്ടി ആയി തള്ളിപ്പറയുകയും ദൈവശാസ്ത്രത്തെ "പ്രകൃതിയുടെ നിദാനങ്ങളെക്കുറിച്ചുള്ള അജ്ഞതയുടെ ചിട്ടപ്പെടുത്തപ്പെട്ട രൂപം" എന്നു വിശേഷിപ്പിക്കുകയും ചെയ്തു.

'ഓസ്യത്ത്'

[തിരുത്തുക]
ഫ്രാൻസിൽ ഷാമ്പേനിലെ എട്രെപിനിയിൽ, മെസ്ലിയറുടെ ഇടവകപ്പള്ളി

നിരീശ്വരചിന്ത

[തിരുത്തുക]

തന്റെ ഓസ്യത്തിൽ മെസ്ലിയർ നിഷേധിച്ചത്, വ്യവസ്ഥാപിത ക്രിസ്തീയതയുടെ ദൈവത്തെ മാത്രമല്ല. എല്ലാ വ്യവസ്ഥാപിത മതങ്ങൾക്കും പുറത്തു നിന്ന ദൈവവാദികളുടെ സ്വാഭാവികമതത്തിലെ സാമാന്യദൈവവും അദ്ദേഹത്തിനു സ്വീകാര്യനായില്ല.[4] ഈ ലോകത്തിലെ തിന്മയുടെ സമസ്യ, നല്ലവനും ജ്ഞാനസമ്പൂർണ്ണനും കാരുണ്യവാനുമായ ദൈവത്തെക്കുറിച്ചുള്ള സങ്കല്പത്തെ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം കരുതി.[5] പ്രപഞ്ചത്തിൽ പ്രകടമാകുന്ന സംവിധാനം, ദൈവാസ്തിത്വത്തെ തെളിയിക്കുന്നതായുള്ള സ്വാഭാവിക മതാനുയായികളുടെ വാദത്തെ അദ്ദേഹം അവർക്കെതിരെ തിരിച്ചു പ്രയോഗിച്ചു. പ്രപഞ്ചസംവിധാനത്തിൽ അനുവദിക്കപ്പെട്ടിരിക്കുന്ന തിന്മ, സർവനന്മയായ ദൈവത്തിൽ വിശ്വസിക്കാതിരിക്കാൻ മതിയായ ന്യായമാണെന്നാണ് അദ്ദേഹം വാദിച്ചത്.[6] സഹനത്തിന് എന്തെങ്കിലും ആത്മീയമൂല്യമുണ്ടെന്ന് സമ്മതിക്കാൻ മെസ്ലിയർ വിസമ്മതിച്ചു.[7]

മെസ്ലിയറുടെ ചിന്ത തീർത്തും നിരീശ്വരമായിരുന്നു.[8] ദൈവത്തെയെന്ന പോലെ അദ്ദേഹം ആത്മാവിനേയും മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യത്തേയും നിഷേധിച്ചു. തന്റെ പ്രബന്ധത്തിന്റെ അഞ്ചാം അദ്ധ്യായത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: "മനുഷ്യന് അഗ്രാഹ്യനാണ് ദൈവമെങ്കിൽ, അവനെക്കുറിച്ചു ചിന്തിക്കാതിരിക്കുകയാവും വിവേകം." എങ്കിലും തുടർന്നു വരുന്ന നൂറു കണക്കിനു പുറങ്ങളിൽ മെസ്ലിയർ ദൈവത്തെക്കുറിച്ചു ചിന്തിക്കുക തന്നെ ചെയ്യുന്നു: അവിടെ ദൈവത്തെ "ഒരു മിദ്ധ്യാജീവി" എന്നു വിശേഷിപ്പിക്കുന്ന അദ്ദേഹം, ദൈവസങ്കല്പം മനുഷ്യരുടെ സാന്മാർഗ്ഗികതക്ക് അനിവാര്യമല്ലെന്നു വാദിക്കുന്നു. "ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യന്റെ ധാർമ്മികമായ ഉത്തരവാദിത്തങ്ങൾ, അവന്റെ സ്വഭാവം നിലനിൽക്കുന്ന കാലത്തോളം മാറുകയില്ല" എന്നാണ് അദ്ദേഹം കരുതിയത്.

മരണാനന്തരജീവിതത്തിലുള്ള പ്രത്യാശ മനുഷ്യന് ആശ്വാസം പകരുമെന്ന വാദവും മെസ്ലിയർക്ക് സ്വീകാര്യമായില്ല. ഭൂരിപക്ഷവും നരകത്തിൽ എത്തിച്ചേരുമെന്നും സ്വർഗ്ഗഭാഗ്യം ഒരു ന്യൂനപക്ഷത്തിനു മാത്രമേ ലഭിക്കുകയുള്ളു എന്നു വിശ്വാസികൾ തന്നെ പറയുന്നു. അതിനാൽ, മരണാനന്തരജീവിതം എന്നത് ഭീതിജനകമായ ഒരു സങ്കല്പമാണ്. തന്നെ പ്രീതിപ്പെടുത്തുന്നവരെ മാത്രം രക്ഷിക്കുകയും ഭൂരിപക്ഷത്തേയും നിത്യദുരിതത്തിൽ തള്ളുകയും ചെയ്യുന്ന ഒരു ദൈവത്തിൽ വിശ്വസിക്കാൻ സംസ്കാരമുള്ളവർ സാധിക്കുകയില്ല. ഇത്രയേറെ കൂരത കാണിക്കുന്നവർ മനുഷ്യരിൽ ആരുണ്ട്? [2]

ദൈവവിശ്വാസം സ്വാഭാവികവും പ്രകൃതിദത്തവും ആണെന്ന ദൈവവാദികളുടെ ന്യായം മെസ്ലിയർ നിരാകരിച്ചു. തീർത്തും അസ്വാഭാവികമായ ഈ വിശ്വാസം ഇളം മനസ്സുകളിൽ തിരുകി കയറ്റുന്നതാണെന്ന് അദ്ദേഹം കരുതി. എല്ലാ കുഞ്ഞുങ്ങളും നിരീശ്വരന്മാരാണ്. ദൈവസങ്കല്പം അവർക്ക് അജ്ഞാതമാണ്. വളർത്തമ്മമാരാണ് നാം പരിചയപ്പെടുന്ന ആദ്യത്തെ ദൈവശാസ്ത്രജ്ഞർ.[2]

ദൈവാസ്തിത്വത്തെ നിഷേധിക്കാൻ മെസ്ലിയർ ഉന്നയിച്ച വാദങ്ങളിൽ മൗലികമെന്നു പറയാൻ കാര്യമായി ഒന്നുമില്ല. ഈശോസഭക്കാരും, കാർട്ടീസിയന്മാരും, ജാൻസെനിസ്റ്റുകളുമായ ദൈവശാസ്ത്രജ്ഞന്മാർ അവരുടെ സംവാദങ്ങളിൽ അവതരിപ്പിച്ച യുക്തികളായിരുന്നു അവയിൽ പലതും: ദൈവാസ്തിത്വത്തെ പിന്തുണച്ച അവർക്കു പോലും അതിനുള്ള തെളിവിന്റെ കാര്യത്തിൽ അഭിപ്രായസമന്വയത്തിലെത്താൻ കഴിഞ്ഞില്ലെന്നത്, ദൈവത്തിൽ വിശ്വസിക്കാൻ അനിഷേധ്യമായ തെളിവൊന്നുമില്ലെന്നതിനു ന്യായമായി മെസ്ലിയർ കരുതി.[4]

യേശുവും മെസ്ലിയറും

[തിരുത്തുക]

ബൈബിളിന്റെ സമഗ്രപഠനമാണ് മെസ്ലിയറെ അവിശ്വാസത്തിലേക്കു നയിച്ചത്. പുതിയനിയമത്തിൽ മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങളിലുള്ള യേശുവിന്റെ വംശാവലികൾ, ഒരേ ദൈവത്തിന്റെ വചനങ്ങളാണെങ്കിൽ, വ്യത്യസ്തമായിരിക്കുന്നതെന്തെന്ന് അദ്ദേഹം ചോദിച്ചു. യൗസേപ്പ് യേശുവിന്റെ പിതാവല്ലെന്നിരിക്കെ, വംശാവലികൾ അദ്ദേഹത്തിൽ ചെന്നെത്തുന്നതെന്തെന്നായിരുന്നു മറ്റൊരു ചോദ്യം. പഴയനിയമത്തിലെ ദാവീദു രാജാവ് വ്യഭിചാരിയാണെന്നിരിക്കെ, അദ്ദേഹത്തിന്റെ വംശത്തിൽ പെടുന്നവനായതിൽ യേശുവിനെ എന്തിനു പുകഴ്ത്തണമെന്നും അദ്ദേഹം ചോദിച്ചു.

മിക്കവാറും നിരീശ്വരന്മാർ വ്യവസ്ഥാപിത ക്രിസ്തീയതയെ വിമർശിച്ചപ്പോഴും യേശുവിനെ മനുഷ്യനെന്ന നിലയിൽ ബഹുമാനിച്ചിരുന്നു. ഈ ബഹുമാനത്തിൽ മെസ്ലിയർ പങ്കുചേർന്നില്ല. യേശുവിനെ മെസ്ലിയർ ഒരു മതഭ്രാന്തനും മനുഷ്യവിരോധിയും ആയി വിലയിരുത്തി. ദീനന്മാരോട് ദാരിദ്ര്യം പ്രസംഗിച്ചവനെ അദ്ദേഹത്തിനു ബഹുമാനിക്കാൻ കഴിഞ്ഞില്ല. പ്രകൃതിദത്തമായ വാസനകളെ അമർച്ച ചെയ്യാനുള്ള യേശുവിന്റെ ആഹ്വാനത്തേയും മെസ്ലിയർ വിമർശിച്ചു. അപ്പനേയും അമ്മയേയും ഉപേക്ഷിച്ച് തന്നെ അനുഗമിക്കാനുള്ള യേശുവിന്റെ വിളിയും മെസ്ലിയറുടെ വിമർശനത്തിൽ പെട്ടു.[2]

ഉപരിവർഗ്ഗവും മതവും

[തിരുത്തുക]

അധികാരം കൈയ്യാളുന്ന ഉപരിവർഗ്ഗങ്ങളുടെ സൃഷ്ടിയാണ് എല്ലാ മതങ്ങളുമെന്ന് മെസ്ലിയർ കരുതി; ജനങ്ങളെ അനുസരണത്തിൽ കുടുക്കിയിടാനായി അധികാരികളും പുരോഹിതന്മാരും ചേർന്നു നടത്തുന്ന ഗൂഢലോചനയിലാണ് മതങ്ങളുടെ പിറവി എന്നു മെസ്ലിയർ കരുതി. ആദിമക്രിസ്ത്യാനികൾ, ഉള്ളതെല്ലാം പങ്കുവച്ചു മാതൃക കാട്ടിയിരിക്കാമെങ്കിലും വ്യവസ്ഥാപിത ക്രിസ്തീയത പിന്നീട്, തിന്മകൾക്കും ഫ്രാൻസിലെ രാജാക്കന്മാരുടേതു പോലുള്ള ക്രൂരാധിപത്യങ്ങൾക്കും കീഴടങ്ങുന്ന പ്രസ്ഥാനമായി അധപതിക്കുകയാണു ചെയ്തത്: എല്ലാ അനീതിയേയും തിന്മയേയും അത്, സർവജ്ഞാനിയായ ഒരു ദൈവത്തിന്റെ ഇംഗിതമായി വ്യാഖ്യാനിച്ചു.[9] ഏറെ പ്രസിദ്ധമായ ഒരു ഉദ്ധരണിയിൽ മെസ്ലിയർ "ലോകത്തിലെ എല്ലാ മഹാമനുഷ്യരേയും അഭിജാതരേയും പുരോഹിതന്മാരുടെ കുടൽമാലയിൽ തൂക്കിക്കൊല്ലാനായെങ്കിൽ" എന്ന് ഒരാൾ ആശിച്ചു പോയേക്കാം എന്നു പറയുന്നു.[10] ഈ പ്രസ്താവന അസംസ്കൃതവും ബീഭത്സവുമാണെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. എന്നാൽ പ്രതികാരത്തിന്റെയും വെറുപ്പിന്റേയോ പരിഗണനകളാലല്ല, നീതിനിഷ്ഠയുടേയും സത്യത്തിന്റേയും ന്യായങ്ങളാൽ, പുരോഹിതരും അഭിജാതരും അർഹിക്കുന്നത് ഇതാണെന്ന് അദ്ദേഹം പറഞ്ഞു.[11]

പിൽക്കാലത്ത് ഫ്രാൻസിൽ ജീവിച്ചിരുന്ന വിഖ്യാതചിന്തകൻ ദിദറോ (Diderot) ഈ പ്രസ്താവനക്ക് നൽകിയ ഭാഷ്യം "അവസാനത്തെ പുരോഹിതന്റെ കുടൽമാല കൊണ്ട്, നമുക്ക് അവസാനത്തെ രാജാവിന്റെ കഴുത്തു ഞെരിക്കാം" എന്നാണ്.[12]

സമൂഹത്തിലെ തിന്മകളുടെ സ്രോതസ്സ് സ്വകാര്യസ്വത്താണെന്നു മെസ്ലിയർ കരുതി. സ്വകാര്യസ്വത്ത് മോഷണമാണെന്നും ഈ മോഷണത്തെ നിലനിർത്താനും വിശുദ്ധമായി ചിത്രീകരിക്കാനും സാധിക്കും വിധം വിദ്യാഭ്യാസവും, മതവും, നിയമവും എല്ലാം ക്രമപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷത്തിനെതിരെയുള്ള ന്യൂനപക്ഷത്തിന്റെ ഈ അതിക്രമം അവസാനിപ്പിക്കാനുള്ള ഒരു വിപ്ലവം തികച്ചും നീതീകരിക്കാവുന്നതാണെന്നും മെസ്ലിയർ എഴുതി.[2]

'സംഗ്രഹങ്ങൾ'

[തിരുത്തുക]

മെസ്ലിയറുടെ ദീർഘകൃതിയുടെ പലവിധം സംഗ്രഹങ്ങൾ കാലക്രമേണ പ്രചരിച്ചു. അവയിൽ പലതും മെസ്ലിയറുടെ ആശയങ്ങളോട് വിശ്വസ്തത പുലർത്താത്തവ ആയിരുന്നു. പല സംഗ്രഹങ്ങളിലും മെസ്ലർ എഴുതാത്ത കാര്യങ്ങൾ ചേർത്തിരുന്നു. മൂലരചനയുടെ ദൈർഘ്യവും കാടുകയറുന്ന ശൈലിയും, സംഗ്രഹങ്ങളുടെ പ്രചാരം വർദ്ധിപ്പിച്ചു. ഇവയിലൂടെ മെസ്ലിയറുടെ ചിന്ത ഫ്രെഞ്ചു ജനതയുടെ മനസ്സിൽ പ്രവേശിപ്പിച്ച് വിപ്ലവത്തിനു വഴിയൊരുക്കിയ വിശ്വാസത്തകർച്ചയുടെ സ്വാധീനങ്ങളിൽ ഒന്നായിത്തീർന്നു.

മെസ്ലിയറെ ഒരു നല്ല വൈദികൻ എന്നു വിശേഷിപ്പിക്കുന്ന വോൾട്ടയർ, അദ്ദേഹത്തിന്റെ കൃതി വീണ്ടും വീണ്ടും വായിക്കാൻ തന്റെ മകളെ ഉപദേശിക്കുന്നു. "സത്യസന്ധരായ എല്ലാ മനുഷ്യരും കീശയിൽ കൊണ്ടു നടക്കേണ്ട കൃതി" എന്ന് അതിനെ അദ്ദേഹം വിശേഷിപ്പിച്ചു. എന്നാൽ മെസ്ലിയറുടെ രചനാശൈലി വോൾട്ടയർക്ക് ഇഷ്ടമായില്ല. "വണ്ടിക്കുതിരയുടെ ശൈലിയിൽ എഴുതുന്നവൻ" എന്ന് അദ്ദേഹം മെസ്ലിയറെ വിശേഷിപ്പിച്ചു.

ഓസ്യത്തിന്റെ ഒരു സംഗ്രഹം 1762-ൽ വോൾട്ടയറും പ്രസിദ്ധീകരിച്ചു.[5] അതിൽ വോൾട്ടയർ, മെസ്ലിയറുടെ വാദങ്ങൾക്ക് വ്യത്യസ്തമായ ഊന്നൽ സ്വയം നൽകുകയോ, ആ വിധമുള്ള ഇതര സംഗ്രഹങ്ങളിൽ നിന്നു കടമെടുക്കുകയോ ചെയ്തു.[13] അതുമൂലം, അദ്ദേഹത്തിന്റെ സംഗ്രഹത്തിന്റെ മെസ്ലിയർ കാണപ്പെടുന്നത്, ഈശ്വരനിഷേധിയായല്ല, വ്യവസ്ഥാപിതമതങ്ങളെ എതിർത്തപ്പോഴും, സ്വാഭാവികമതത്തിലെ ഈശ്വരനെ നിഷേധിക്കാതിരുന്ന ആസ്തികനായാണ്.

2009-ൽ, മെസ്ലിയറുടെ 'ഓസ്യത്ത്'-ന്റെ സമ്പൂർണ്ണ ഇംഗ്ലീഷ് പരിഭാഷ മൈക്കൽ ഷ്രീവ് ആദ്യമായി പ്രസിദ്ധീകരിച്ചു.[14]

അവലംബം

[തിരുത്തുക]
 1. See Morehouse (1936, p.12) and Meslier (2009)
 2. 2.0 2.1 2.2 2.3 2.4 വിൽ ഡുറാന്റ്, വോൾട്ടയറുടെ യുഗം, സംസ്കാരത്തിന്റെ കഥ 9-ആം വാല്യം (പുറങ്ങൾ 611-17)
 3. 1864 introduction to Meslier's Testament
 4. 4.0 4.1 Antognazza, Maria Rosa (2006). "Arguments for the existence of God: the continental European debate", pp. 734-5, in Haakonssen, Knud. The Cambridge History of Eighteenth-century Philosophy, vol. 2. Cambridge University Press.
 5. 5.0 5.1 Fonnesu, Luca (2006). "The problem of theodicy", pp. 766, in Haakonssen, Knud. The Cambridge History of Eighteenth-century Philosophy, vol. 2. Cambridge University Press.
 6. J. O. Lindsay, (1957), The New Cambridge Modern History, page 86. Cambridge University Press.
 7. Peter Byrne, James Leslie Houlden, (1995), Companion Encyclopedia of Theology, page 259. Taylor & Francis
 8. Peter France, (1995), The new Oxford companion to literature in French, page 523. Oxford University Press
 9. John Hedley Brooke, (1991), Science and Religion: Some Historical Perspectives, page 171. Cambridge University Press.
 10. Jean Meslier, Testament, ch. 2: «Il souhaitait que tous les grands de la Terre et que tous les nobles fussent pendus et étranglés avec les boyaux des prêtres.»
 11. George Huppert, (1999), The style of Paris: Renaissance origins of the French Enlightenment, page 108. Indiana University Press
 12. Diderot, Dithrambe sur Féte des Rois: «Et des boyaux du dernier prêtre serrons le cou du dernier roi.»
 13. See Wade (1933) for a discussion of the different versions and Extraits of the manuscript of the Testament
 14. Testament: Memoir of the Thoughts and Sentiments of Jean Meslier. Prometheus Books, 2009. ISBN 1591027497.
"https://ml.wikipedia.org/w/index.php?title=ജീൻ_മെസ്ലിയർ&oldid=3751511" എന്ന താളിൽനിന്ന് ശേഖരിച്ചത്