ഉള്ളടക്കത്തിലേക്ക് പോവുക

ജി. വിവേകാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി. വിവേകാനന്ദൻ
ജനനം(1923-05-05)5 മേയ് 1923
കോവളം സമീപം, തിരുവിതാംകൂർ (ഇപ്പോൾ കേരളം), ഇന്ത്യ
മരണം23 ജനുവരി 1999(1999-01-23) (75 വയസ്സ്)
തൊഴിൽഎഴുത്തുകാരൻ
Notable work
Parent(s)എൻ. ഗോവിന്ദൻ (പിതാവ്), കെ. ലക്ഷ്മി (മാതാവ്)
അവാർഡുകൾ

മലയാളത്തിലെ ഒരു എഴുത്തുകാരനാണ്‌ ജി. വിവേകാനന്ദൻ (5 മെയ് 1923 - 23 ജനുവരി 1999). നോവൽ, നാടകം, കഥാസമാഹാരം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികളുടെ രചയിതാവാണ് അദ്ദേഹം. 1986-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.

ആദ്യകാലം

[തിരുത്തുക]

1923 മെയ് 5 ന് തിരുവനന്തപുരം ജില്ലയിലെ കോവളത്തിനടുത്ത് കൊല്ലിയൂർ ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ: എൻ. ഗോവിന്ദൻ. അമ്മ: കെ. ലക്ഷ്മി. പൂങ്കുളം സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിലും നെല്ലിമൂട് ഹൈസ്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോമ്പൗണ്ടർ പരീക്ഷ പാസായ അദ്ദേഹം പിന്നീട് രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തിൽ ചേർന്നു. യുദ്ധമേഖലകളിൽ സേവനമനുഷ്ഠിച്ച ശേഷം തിരിച്ചെത്തിയ അദ്ദേഹം തിരുവനന്തപുരം സർക്കാർ ആശുപത്രിയിൽ കോമ്പൗണ്ടറായി ജോലിയ്ക്ക് ചേർന്നു. തുടർന്ന് അദ്ദേഹം പ്രൈവറ്റായി പഠിച്ച് ഇന്റർമീഡിയറ്റും ബി.എ ബിരുദവും നേടി. പിന്നീട് ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്നതിന് മുമ്പ് ആകാശവാണിയിൽ ഉദ്യോഗത്തിൽ പ്രവേശിച്ച അദ്ദേഹം അനൌൺസറായും പിന്നീട് തിരക്കഥാകൃത്തായും വാർത്താ വായനക്കാരനായും ജോലി ചെയ്തു. അതിനുശേഷം സംസ്ഥാന പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ സാംസ്കാരിക വികസന ആഫീസണറും (കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസറും) പിന്നാലെ ഡയറക്ടറുമായി. കേരള സ്റ്റേറ്റ് ഫിലിം ഡെവെലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചു. അദ്ദേഹം ഡയറക്ടറായിരിക്കുമ്പൊഴാണ് ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥാപിച്ചത്. വിരമിച്ചശേഷം കേരള കൗമുദിയിൽ അസിസ്റ്റന്റ് എഡിറ്ററായി ജോലിചെയ്തു.[1]

സാഹിത്യരംഗം

[തിരുത്തുക]

വിവേകാനന്ദൻ്റെ സാഹിത്യ സംഭാവനയിൽ 20 നോവലുകളും 15 കഥാസമാഹാരങ്ങളും 6 നാടകങ്ങളും ഉൾപ്പെടുന്നു. ശ്രുതിഭംഗം, കള്ളിച്ചെല്ലമ്മ, വാർഡ് നമ്പർ ഏഴ്, യക്ഷിപറമ്പ്, ഹിമമനുഷ്യൻ, അമ്മു, നിശബ്ദ തിരമാലകൾ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. അദ്ദേഹത്തിൻ്റെ ശ്രുതിഭംഗം എന്ന നോവലിന് 1986-ലെ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു മറ്റൊരു കൃതിയായ കള്ളിച്ചെല്ലമ്മ 1969-ൽ ഒരു മലയാള ചലച്ചിത്രമായി വെള്ളിത്തിരയിലെത്തി. വിവേകാനന്ദൻ തന്നെ തിരക്കഥയും സംഭാഷണവും എഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് പി ഭാസ്കരനാണ്. തുടർന്ന് ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, മഴക്കാർ, ടാക്സി ഡ്രൈവർ, വാർഡ് നമ്പർ 7, ഒരു യുഗസന്ധ്യ, വിസ തുടങ്ങി നിരവധി സിനിമകൾക്ക് കഥയെഴുതി.

ചെറുകഥ, നോവൽ, നാടകം എന്നീ‍ വിഭാ‍ഗങ്ങളിലായി 50-ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ശ്രുതിഭംഗം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

വ്യക്തിജീവിതം

[തിരുത്തുക]

1959 ൽ അദ്ദേഹം പി. ലളിതയെ വിവാഹം കഴിച്ചു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായിരിക്കെയാണ് വിവേകാനന്ദൻ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചത്. 1999 ജനുവരി 23 ന് വിവേകാനന്ദൻ അന്തരിച്ചു.

കൃതികൾ

[തിരുത്തുക]
  • ശ്രുതിഭംഗം
  • പോക്കുവെയിൽ
  • വാർഡ് നമ്പർ 7
  • കള്ളിച്ചെല്ലമ്മ
  • അമ്മ
  • യക്ഷിപ്പറമ്പ്

അവലംബങ്ങൾ

[തിരുത്തുക]
  1. "ജി വിവേകാനന്ദൻ". M3DB (in ഇംഗ്ലീഷ്). Retrieved 2023-07-11.
"https://ml.wikipedia.org/w/index.php?title=ജി._വിവേകാനന്ദൻ&oldid=4643377" എന്ന താളിൽനിന്ന് ശേഖരിച്ചത്