ജി.പി. രാജരത്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ജി.പി. രാജരത്നം
തൂലികാ നാമംരത്ന
തൊഴിൽപ്രൊഫസർ, എഴുത്തുകാരൻ
ദേശീയതഇന്ത്യൻ
Genreഫിക്ഷൻ

കന്നഡയിലെ ഒരു പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവും കവിയുമായിരുന്നു ജി.പി. രാജരത്നം(1904-1979).[1] ഭ്രമര എന്നതാണ് രാജരത്നത്തിൻറെ തൂലികാനാമം.

ജീവിതരേഖ[തിരുത്തുക]

ജി.പി. രാജരത്നത്തിൻറെ സ്വദേശം ഇന്നത്തെ ചാമരാജനഗർ ജില്ലയിലെ (അന്ന് മൈസൂർ ജില്ല) ഗുണ്ഡൽപേട്ടെ ആണ്. അദ്ദേഹത്തിൻറെ പൂർവജൻമാർ തമിഴ്നാട്ടിലെ നാഗപട്ടണത്തിനു അടുത്തുള്ള തിരുക്കണ്ണാപുരം എന്ന അഗ്രഹാരത്തിൽ നിന്ന് ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യഭാഗത്തിൽ മൈസൂരിലേക്ക് കുടിയേറി. ജി.പി. രാജയ്യങ്കാർ എന്നതാണ് രാജരത്നത്തിന്റെ ആദ്യനാമം.[അവലംബം ആവശ്യമാണ്] രാജരത്നത്തിൻറെ അച്ഛൻ ജി.പി. ഗോപാലകൃഷ്ണ അയ്യങ്കാർ അക്കാലത്തെ മികച്ച അദ്ധ്യാപകരിൽ ഒരാളായിരുന്നു. കന്നഡ സാഹിത്യത്തിൽ സ്വർണ്ണ മെഡലോടെ എം.എ. ബിരുദപഠനം പൂർത്തിയാക്കി. 1931-ൽ രാജരത്നം അദ്ദേഹത്തിൻറെ അച്ഛൻ തുടങ്ങിയ സ്ക്കൂളിൽ അദ്ധ്യാപകനായി. പിന്നീട് സർക്കാർ ജോലികൾക്ക് വേണ്ടി ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. മാസ്തിയുടെ പ്രേരണയോട് കൂടി സാഹിത്യരചന തുടർന്നു. മാസ്തിയുടെ പ്രോത്സാഹനത്താൽ രചിച്ച കൃതിയാണ് ബൗദ്ധ സാഹിത്യ എന്ന ഗ്രന്ഥം.

രാജരത്നത്തിൻറെ ആദ്യ ഭാര്യ ലളിതമ്മ വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം മരിച്ചുപോയി. കുറേ കഴിഞ്ഞാണ് സീതമ്മയെ കല്യാണം കഴിച്ചത്. ഇങ്ങനെയുള്ള ജിവിത പ്രാരബ്ധങ്ങൾക്ക് ഒടുവിൽ 1938ൽ കന്നഡ ലെൿച്ചററായി നിയമനം ലഭിച്ചു. കർണാടകയിലെ വിവിധ ഇടങ്ങളിൽ ജോലി ചെയ്ത് അദ്ദേഹം ഒരു നല്ല അദ്ധ്യാപകനെന്ന പേരു സമ്പാദിച്ചു. 1964-ൽ ബെംഗലൂരിലെ സെണ്ട്രൽ കോളജിൽ നിന്നും പ്രൊഫസ്സർ സ്ഥാനത്തോടെ വിരമിച്ചു.

അറിയപ്പെട്ട കന്നഡ എഴുത്തുകാരനും കവിയുമായ കെ.എസ്. നിസ്സാർ അഹമ്മദ് രാജരത്നത്തിന് കുട്ടികളുടെ മനസ്സറിയുവാനും അവരുടെ ആവിശ്യങ്ങൾ മനസ്സിലാക്കുവാനും ഉള്ള പ്രത്യേകമായ കഴിവുണ്ടെന്ന് വിശേഷിപ്പിക്കുകയുണ്ടായി.[2]

കൃതികൾ[തിരുത്തുക]

സാധാരണക്കാരൻറെ ജീവിതമാണ് രാജരത്നത്തിൻറെ കൃതികളുടെ ഇതിവൃത്തം. കന്നഡ ഭാഷയോടുള്ള അദമ്യമായ സ്നേഹം രാജരത്നത്തിൻറെ കൃതികളിൽ ദർശിക്കാവുന്നതാണ്. ഭാഷാപ്രയോഗത്തിലും സാഹിത്യ രചനയിലും ടി.പി. കൈലാസത്തിൻറെ പ്രകടമായ പ്രഭാവം രാജരത്നത്തിന് ഉണ്ടായിരുന്നു.

കോട്ട ശിവരാമ കാരന്ത് പുത്തൂരിലെ ബാലവനത്തിൽ നടത്തിയിരുന്ന മക്കള മേള എന്ന കുട്ടികൾക്കായുള്ള സാഹിത്യ ശിൽപ്പശാലകൾ രാജരത്നത്തിന് മേൽ സ്വാധീനം ചെലുത്തി. രാജരത്നം കുട്ടികൾക്ക് വേണ്ടി മാത്രം എഴുപതോളം കൃതികൾ രചിച്ചു. കന്നഡ ഭാഷയിൽ ശിശുസാഹിത്യത്തിന്റെ തുടക്കം പഞ്ജെ മംഗേശ രാവുവിൽ നിന്നാണെങ്കിൽ അതിനെ പരിപോഷിപ്പിച്ചത് രാജരത്നമാണ് എന്ന് പറയാം.

രാജരത്നത്തിന് ഇംഗ്ലീഷ്, സംസ്കൃതം, പ്രാകൃതം, പാളി, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളും കരസ്ഥമായിരുന്നു. എങ്കിലും തികഞ്ഞ നാടൻ ഭാഷാപ്രയോഗങ്ങളിലൂടെയാണ് രാജരത്നം തൻറെ വൈശിഷ്ട്യം പ്രകടിപ്പിച്ചത്.

പ്രശസ്ത പാട്ടുകാരൻ മൈസൂർ അനന്തസ്വാമി രാജരത്നത്തിൻറെ കവിതകൾ ലളിതസംഗീത രൂപത്തിൽ അവതരിപ്പിച്ചു. അങ്ങനെയുള്ള പാട്ടുകളിൽ ഹേൾക്കൊള്ളക്കൊന്ദൂരു, സുംസുംക്കേനേ തുടങ്ങിയവ ഏറ്റവും പ്രശസ്തമാണ്. [3] ഇവയിൽ ചിലതൊക്കെ പിൽക്കാലത്ത് സിനിമാഗാനങ്ങളായും പ്രശസ്തമായി.

വിവിധ സാഹിത്യമേഖലകളിലായി 295-ൽ പരം കൃതികൾ രാജരത്നം രചിച്ചിട്ടുണ്ട്.

  • തുത്തൂരി - കവിതാ സമാഹാരം
  • രത്നന പദഗളു - കവിതാ സമാഹാരം
  • എണ്ട്കുഡ്ക്ക രത്ന - കവിതാ സമാഹാരം
  • നാഗന പദഗളു - കവിതാ സമാഹാരം
  • കഡലെപുരി - കവിതാ സമാഹാരം
  • ഗുലഗഞ്ജി - കവിതാ സമാഹാരം
  • കന്ദന കാവ്യമാലെ - കവിതാ സമാഹാരം
  • ഗണ്ടുകൊടലി - നാടകം
  • പുരുഷ സരസ്വതി - കാവ്യ വിഡംബനം
  • ബുദ്ധന ജാതക കഥെഗളു - ബൌദ്ധ ജാതകങ്ങളെ കുറിച്ചുള്ളവ
  • ധർമ്മദാനി ബുദ്ധ
  • ചീനാദ ബൌദ്ധയാത്രികരു
  • ഭഗവാൻ മഹാവീര
  • മഹാവീരന മാത്തുകഥെ
  • ഗൊമ്മടേശ്വര ഭഗവാൻ
  • പാർശ്വനാഥ ജൈന അറുവത്തു മൂവരു

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1969ൽ കർണാടക സാഹിത്യ അക്കാദമി പുരസ്കാരം.
  • 1976ൽ ദക്ഷിണ കന്നഡ ജില്ലാ സാഹിത്യ സമ്മേളനത്തിൻറെയും ശിവമൊഗ്ഗ സാഹിത്യ സമ്മേളനത്തിൻറെയും അദ്ധക്ഷ പദവി.
  • 1977ൽ മൈസൂർ സർവ്വകലാശാല നൽകുന്ന ഡോക്ട്ടറേറ്
  • 1978ൽ ദില്ലിയിൽ സുവർണ്ണ സാഹിത്യ സമ്മേളനത്തിൻറെ അദ്ധ്യക്ഷ പദവി.

മരണം‍[തിരുത്തുക]

ജി.പി. രാജരത്നം 1979ലെ മാർച്ച് 13ന് മരിച്ചു.

അവലംബങ്ങൾ[തിരുത്തുക]

  1. Modern Indian literature, an anthology. Vol. 2. New Delhi: Sahitya Akademi. 1992. p. 645. Retrieved 2010-01-02.
  2. "25 works of children's writer G.P. Rajarathnam released". The Hindu. 2008-03-22. Archived from the original on 2008-06-19. Retrieved 2010-01-02.
  3. "Create awareness on importance of reading books". The Hindu. 2007-07-09. Archived from the original on 2007-12-04. Retrieved 2010-01-02.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജി.പി._രാജരത്നം&oldid=3775958" എന്ന താളിൽനിന്ന് ശേഖരിച്ചത്