ജിസാറ്റ്-6

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജിസാറ്റ്-6 (ഇൻസാറ്റ്-4ഇ)
പ്രമാണം:GSat-6 (1).JPG
ജിസാറ്റ് 6 ഉപഗ്രഹം
സംഘടനഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
(ഐ.എസ്.ആർ.ഒ.)
 ഇന്ത്യ
ഉപയോഗലക്ഷ്യംവാർത്താവിനിമയ ഉപഗ്രഹം
Satellite ofഭൂമി
ഭ്രമണപഥത്തിൽ എത്തിയ ദിവസംഓഗസ്റ്റ് 27, 2015
സെപ്റ്റംബർ 6, 2015 (83 ഡിഗ്രി കിഴക്ക് രേഖാംശം)
വിക്ഷേപണ തീയതിഓഗസ്റ്റ് 27, 2015,
സമയം:വൈകിട്ട് 4.52 (IST)
വിക്ഷേപണ വാഹനംജി.എസ്.എൽ.വി.-ഡി6
വിക്ഷേപണസ്ഥലംസതീഷ് ധവാൻ സ്പേസ് സെന്റർ
ശ്രീഹരിക്കോട്ട
 ഇന്ത്യ
പ്രവർത്തന കാലാവധി9 വർഷം (പ്രതീക്ഷിക്കുന്നത്)
Homepageഐ.എസ്. ആർ.ഒ. വെബ്സൈറ്റ്
പിണ്ഡം985 കിലോഗ്രാം

2015 ഓഗസ്റ്റ് 27-ന് ഐ.എസ്.ആർ.ഒ. വിജയകരമായി വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്-6 (GSAT-6).[1] ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സേന്ററിൽ നിന്നും ക്രയോജനിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജി.എസ്.എൽ.വി.-ഡി6 റോക്കറ്റുപയോഗിച്ചാണ് ഉപഗ്രഹത്തെ ഭൂസ്ഥിര ഭ്രമണപഥത്തിൽ (Geostationary orbit) എത്തിച്ചത്. ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ച് വിജയകരമായി വിക്ഷേപിച്ച രണ്ടാമത്തെ ഉപഗ്രഹമാണിത്. ഇന്ത്യയുടെ 25-ആമത്തെ ഭൂസ്ഥിര വാർത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്-6. [2]

ഉപഗ്രഹത്തെക്കുറിച്ച്[തിരുത്തുക]

ആധുനിക വാർത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്-6. ജിസാറ്റ് ശ്രേണിയിലെ പന്ത്രണ്ടാമത്തെ ഉപഗ്രഹമായ ഇതിന്റെ പിണ്ഡം 985 കിലോഗ്രാമാണ്.[2] ക്യുബോയിഡ് (Cuboid) ആകൃതിയിലുള്ള ഉപഗ്രഹത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ആന്റിനയാണ്. ഒരു കുട പോലെ വിടർത്തുവാൻ സാധിക്കുന്ന ആന്റിനയുടെ വ്യാസം ആറു മീറ്ററാണ്. ഉപഗ്രഹങ്ങൾക്കു വേണ്ടി ഐ.എസ്.ആർ.ഒ. ഇതിനു മുമ്പ് നിർമ്മിച്ചിട്ടുള്ള ആന്റിനകളിൽ ഏറ്റവും വലുതാണിത്.[2] ഇന്ത്യയിലെ സുപ്രധാനമായ അഞ്ചു കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തുവാൻ ഇതിനു സാധിക്കും.

83 ഡിഗ്രി കിഴക്ക് രേഖാംശത്തിലെ ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റിസഞ്ചരിക്കുന്ന ഉപഗ്രഹം ഇന്ത്യയിൽ എസ് ബാൻഡ് വാർത്താവിനിമയ സൗകര്യങ്ങൾ ലഭ്യമാക്കും.[2] ഒമ്പതു വർഷമാണ് ഉപഗ്രഹത്തിൻറെ പ്രവർത്തന കാലാവധി.[1]

ജി.എസ്.എൽ.വി.-ഡി6[തിരുത്തുക]

ജിസാറ്റ് 6-നെ ഭ്രമണപഥത്തിലെത്തിക്കുവാനായി ഉപയോഗിച്ച 49.1 മീറ്റർ നീളമുള്ള റോക്കറ്റാണ് ജി.എസ്.എൽ.വി.-ഡി6 (GSLV-D6). [1] ജി.എസ്.എൽ.വി. റോക്കറ്റുപയോഗിച്ചു നടത്തിയ ഒമ്പതാമത്തെ ദൗത്യമായിരുന്നു ജിസാറ്റ് 6ന്റെ വിക്ഷേപണം.[2]

ഭാരമേറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുവാനാണ് ജി.എസ്.എൽ.വി. റോക്കറ്റുകളുപയോഗിക്കുന്നത്. ജിസാറ്റ് ശേണിയിലെ അഞ്ച് ഉപഗ്രഹങ്ങൾ 2001,2003,2004,2007,2014 വർഷങ്ങളിൽ വിക്ഷേപിച്ചത് ജി.എസ്.എൽ.വി. റോക്കറ്റുകളുപയോഗിച്ചായിരുന്നു. [2]

ക്രയോജനിക് സാങ്കേതികവിദ്യ[തിരുത്തുക]

ഒരു ക്രയോജനിക് എഞ്ചിൻ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതികവിദ്യ (Cryogenic Upper Stage (CUS)) ഉപയോഗിച്ചു പ്രവർത്തിക്കുന്ന എഞ്ചിനായിരുന്നു ജി.എസ്.എൽ.വി.-ഡി6ന്റേത്.

2010 ഏപ്രിൽ 15-ന് ഐ.എസ്.ആർ.ഒ. ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരീക്ഷണം പരാജയമായിരുന്നു. എന്നാൽ 2014 ജനുവരി 5-ന് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജി.എസ്.എൽ.വി.-ഡി5 റോക്കറ്റുപയോഗിച്ച് ജിസാറ്റ്-14 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുവാൻ ഐ.എസ്.ആർ.ഓ.യ്ക്കു കഴിഞ്ഞു. അതോടെ അമേരിക്ക, റഷ്യ, ജപ്പാൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷം ഇന്ത്യയ്ക്കും ക്രയോജനിക് വിദ്യ സ്വന്തമായി.[3] ജിസാറ്റ്-14നു ശേഷം ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ചത് ജിസാറ്റ്-6ന്റെ വിക്ഷേപണത്തിനായിരുന്നു.

ഇന്ധനം[തിരുത്തുക]

ജി.എസ്.എൽ.വി.-ഡി6 റോക്കറ്റിലുപയോഗിച്ച ഇന്ധനം ദ്രാവകരൂപത്തിലുള്ള ഹൈഡ്രജനും ഓക്സിജനുമായിരുന്നു.[1] വിക്ഷേപണത്തിനായി 1132 കിലോഗ്രാം ഇന്ധനമായിരുന്നു ഉപയോഗിച്ചത്.[4] ഉപഗ്രഹത്തിന്റെ ഭാരം വെറും 985 കിലോഗ്രാം മാത്രമായിരുന്നു.!! അങ്ങനെ മൊത്തത്തിൽ 2117 കിലോഗ്രാം ഭാരവും വഹിച്ചുകൊണ്ടാണ് ജി.എസ്.എൽ.വി.-ഡി6 പറന്നുയർന്നത്.[1]

ഉപഗ്രഹ വിക്ഷേപണം[തിരുത്തുക]

2015 ഓഗസ്റ്റ് 27-ആം തീയതി വൈകിട്ട് 4.52-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ജിസാറ്റ്-6 വിക്ഷേപിച്ചത്.[1] പതിനേഴു മിനിറ്റുകൾക്കുള്ളിൽ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. 2015 സെപ്റ്റംബര് 6-ന്,ലക്ഷ്യസ്ഥാനമായ 83 ഡിഗ്രി കിഴക്ക് ഭ്രമണപഥത്തിൽ ഉപഗ്രഹം എത്തിച്ചേർന്നതായി ഐ.എസ്.ആർ.ഒ. അറിയിച്ചിരുന്നു.[5] ആർ. ഉമാമഹേശ്വരൻ ആയിരുന്നു ദൗത്യത്തിൻറെ ഡയറക്ടർ.[1]

ലക്ഷ്യങ്ങൾ[തിരുത്തുക]

വാർത്താവിനിമയത്തിനായി വിക്ഷേപിച്ച ഉപഗ്രഹമാണ് ജിസാറ്റ്-6. എസ് ബാൻഡിൽ 5 സ്പോട്ട് ബീമുകളിലും സി ബാൻഡിൽ ഒരു നാഷണൽ ബീമിലുമാണ് ഉപഗ്രഹം ആശയവിനിമയ സൗകര്യങ്ങൾ നൽകുക. പ്രതിരോധ മേഖലയിലായിരിക്കും ഉപഗ്രഹത്തിന്റെ സേവനം കൂടുതലായി ലഭിക്കുക.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 'ഐ.എസ്.ആർ.ഒ.യുടെ ഓണസമ്മാനം, ജിസാറ്റ് 6 വിക്ഷേപണം വിജയം.',മലയാള മനോരമ, 2015 ഓഗസ്റ്റ് 28, കൊല്ലം എഡിഷൻ, പേജ്-6
  2. 2.0 2.1 2.2 2.3 2.4 2.5 'GSLV puts GSAT-6 in orbit', The Hindu, Trivandrum edition, 2015 August 28, page-13
  3. മലയാള മനോരമ, 2014 ജനുവരി 6
  4. "GSVL-D6, ISRO, Access date-2015 August 28". Archived from the original on 2016-05-13. Retrieved 2015-08-28.
  5. 'ജിസാറ്റ്-6 ഭ്രമണപഥത്തിൽ', മലയാള മനോരമ, 2015 സെപ്റ്റംബർ 7, പേജ്-6, കൊല്ലം എഡിഷൻ.
"https://ml.wikipedia.org/w/index.php?title=ജിസാറ്റ്-6&oldid=3804429" എന്ന താളിൽനിന്ന് ശേഖരിച്ചത്