Jump to content

ജാവൻ സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യോഗ്യകർത്താ സുൽത്താനേറ്റ് കൊട്ടാരത്തിലെ പ്രധാന പവലിയൻ
test1
മുൻ കാഴ്ച
പിൻ കാഴ്ച
പുരുഷന്മാരുടെ ജാവനീസ് പരമ്പരാഗത വസ്ത്രം Blangkon ഒപ്പം Kris എന്ന കത്തിയും ധരിക്കുന്നത് ജാവനീസ് സംസ്കാരത്തിന്റെ പ്രധാന ആചാരങ്ങളിലൊന്നാണ്, പ്രത്യേകിച്ച് വിവാഹ ചടങ്ങുകളിൽ സാധാരണയായി വധുവിന്റെയും വരന്റെയും കുടുംബം ധരിക്കുന്നത്.

ജാവനീസ് സംസ്കാരം (ജാവൻ സംസ്കാരം) ജാവനീസ് ജനതയുടെ സംസ്കാരമാണ്. ഇന്തോനേഷ്യയിലെ മധ്യ ജാവ, യോഗ്യക്കാർത്ത, കിഴക്കൻ ജാവ എന്നീ പ്രവിശ്യകളിലാണ് ജാവനീസ് സംസ്കാരം കേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധ കുടിയേറ്റങ്ങൾ കാരണം, സുരിനാം (ജനസംഖ്യയുടെ 15% ജാവനീസ് വംശജരാണ്), വിശാലമായ ഇന്തോനേഷ്യൻ ദ്വീപസമൂഹം, [1] കേപ് മലായ്, [2] മലേഷ്യ, എന്നിങ്ങനെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത് കാണാം. സിംഗപ്പൂർ, നെതർലാൻഡ്സ്, മറ്റ് രാജ്യങ്ങളിൽ ജാവനീസ് സംസ്കാരങ്ങളുടെ വിവിധ വശങ്ങളായ ഗമെലൺ സംഗീതം, പരമ്പരാഗത നൃത്തങ്ങൾ [3] വായാങ് കുലിത് എന്ന നിഴൽ നാടകം പോലുള്ളവ [4] കുടിയേറ്റക്കാർ അവരോടൊപ്പം കൊണ്ടുവന്നു.

ജാവനീസ് ജനതയുടെ പടിഞ്ഞാറോട്ടുള്ള കുടിയേറ്റം പടിഞ്ഞാറൻ ജാവയിലെയും ബാന്റനിലെയും ഉൾനാടൻ സുന്ദനീസ് സംസ്കാരത്തിൽ നിന്ന് വ്യത്യസ്തമായ ഒരു തീരദേശ ജാവനീസ് സംസ്കാരം സൃഷ്ടിച്ചു. ഏറ്റവും വലിയ വംശീയ വിഭാഗമായതിനാൽ, ജാവനീസ് സംസ്കാരവും ആളുകളും ഇന്തോനേഷ്യൻ രാഷ്ട്രീയത്തെയും സംസ്കാരത്തെയും സ്വാധീനിക്കുന്നതിനാൽ, ഈ പ്രക്രിയയെ ചിലപ്പോൾ ജാവനൈസേഷൻ എന്ന് വിശേഷിപ്പിക്കുന്നു.

സാഹിത്യം[തിരുത്തുക]

ഹൈന്ദവ ഇതിഹാസമായ മഹാഭാരതത്തിലെ അഞ്ച് പാണ്ഡവ സഹോദരന്മാർ ജാവനീസ് നിഴൽ നാടകം വായാങ് കുലിത്തിൽ വിവരിക്കുന്നു.

ജാവനീസ് സാഹിത്യ പാരമ്പര്യം ഇന്തോനേഷ്യയിലെ ഏറ്റവും ആദ്യത്തേതും അതിപുരാതനവുമായ സാഹിത്യ പാരമ്പര്യങ്ങളിൽ ഒന്നാണ്. ഹൈന്ദവ ഇതിഹാസമായ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പഴയ ജാവനീസ് ഭാഷയിലേക്കുള്ള വിവർത്തനങ്ങൾ ഏകദേശം 9 മുതൽ 11 വരെ നൂറ്റാണ്ടുകളിലെ മേഡംഗ് രാജ്യത്തിന്റെയും കെദിരി രാജ്യത്തിന്റെയും കാലഘട്ടത്തിലാണ് നടന്നത്. കേദിരി രാജ്യകാലത്തു രചിക്കപ്പെട്ട സ്മരദഹന എന്ന കാവ്യം പിന്നീട് സിയാമിലേക്കും കംബോഡിയയിലേക്കും വ്യാപിച്ച പാൻജി കഥകളുടെ ആമുഖമായി മാറി. മറ്റ് പ്രധാന സാഹിത്യകൃതികൾ കെൻ അറോക് കെൻ ഡെഡെസ് എന്നിവ പരാരാട്ടണിനെ (രാജാക്കന്മാരുടെ പുസ്തകം) അടിസ്ഥാനമാക്കി രചിച്ചതാണ്. തന്റെ രാജാവിനെ തട്ടിയെടുക്കുകയും പുരാതന ജാവനീസ് രാജ്യത്തിന്റെ രാജ്ഞിയെ വിവാഹം കഴിക്കുകയും ചെയ്ത അനാഥന്റെ കഥയാണ് പാരാരട്ടണ്.

മജാപഹിതിന്റെ ഭരണകാലത്ത് നിരവധി ശ്രദ്ധേയമായ കൃതികൾ രചിക്കപ്പെട്ടു . നഗരക്രേതാഗാമ എന്ന കൃതി മജാപഹിത് ഭരണകാലത്തിന്റെ പ്രതാപകാലം വിവരിക്കുന്നു . തന്തു പഗേലാറൻ എന്ന കൃതി ദ്വീപിന്റെ പുരാതന ഉത്ഭവവും അതിന്റെ അഗ്നിപർവ്വത സ്വഭാവവും വിശദീകരിക്കുന്നു. കാകാവീൻ സുതസോമ എന്ന കൃതി , മജാപഹിതിന്റെ ഭരണകാലത്ത് എംപു തന്തുലാർ എഴുതിയതാണ്. ഇന്തോനേഷ്യയുടെ മുദ്രാവാക്യമായ ഭിന്നേക തുങ്ഗൽ ഇക്ക യുടെ ഉറവിടമാണിത് , ഇത് സാധാരണയായി നാനാത്വത്തിൽ ഏകത്വം എന്നാണ് വിവർത്തനം ചെയ്യപ്പെടുന്നത്, അക്ഷരാർത്ഥത്തിൽ ഇതിന്റെ അർത്ഥം '(എന്നിരുന്നാലും) കഷണങ്ങളാണെങ്കിലും ഒന്ന്' എന്നാണ്. കക്കാവിൻ സുതസോമ എന്ന കൃതി മതപരമായ സഹിഷ്ണുതയേക്കുറിച്ച് പഠിപ്പിക്കുന്നു, പ്രത്യേകിച്ച് ഹിന്ദു, ബുദ്ധ മതങ്ങൾക്കിടയിൽ.[5]

ജാവയിലെ ഇസ്ലാമിന്റെ വ്യാപനവുമായി ബന്ധപ്പെട്ട ഒരു കൃതി ആണ് ബാബാദ് താനാ ജാവി. ബാബാദ് ദിപാൻഗോരോ ഡിപോനെഗോറോ രാജകുമാരന്റെ കഥ പറയുന്നു.

ആത്മീയത[തിരുത്തുക]

മതം[തിരുത്തുക]

മജാപഹിത് സാമ്രാജ്യം[തിരുത്തുക]

ചരിത്രപരമായി, ജാവനീസ് പിന്തുടരുന്നത് ഹിന്ദുമതം, ബുദ്ധമതം, കെബാറ്റിനൻ എന്നിവയുടെ സമന്വയ രൂപമാണ് . അവരുടെ സമൂഹത്തിലെ മജാപഹിത് സാമ്രാജ്യത്തിന്റെ മതസഹിഷ്ണുതയെ Bhinnêka tunggal ika tan hana dharma mangrwa എന്ന് സംഗ്രഹിക്കാം. ('സത്യത്തിൽ ദ്വന്ദതയില്ലാത്തതിനാൽ അവ വ്യത്യസ്തമാണ്, എന്നാൽ അവ ഒരേ തരത്തിലുള്ളതാണ്'). [5]

പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഇസ്ലാമും ക്രിസ്തുമതവും ജാവയിൽ എത്തി പതുക്കെ വ്യാപിക്കുവാൻ തുടങ്ങി. ആന്തരികവും ബാഹ്യവുമായ സംഘർഷങ്ങൾ കാരണം, പതിനാറാം നൂറ്റാണ്ടിൽ മജാപഹിത് സാമ്രാജ്യം തകർന്നു. പുതിയ ഇസ്ലാമിക രാജാക്കന്മാരുടെ കീഴിൽ ഇസ്ലാം അതിവേഗം വ്യാപിച്ചു. കൊളോണിയൽ ശക്തികളുടെ മേൽനോട്ടത്തിലായിരുന്നു ക്രിസ്തുമതത്തിന്റെ വ്യാപനം.

എല്ലാ പുതിയ മതങ്ങളും അക്ഷരാർത്ഥത്തിൽ തന്നെ ജാവൻ വംശജർ എടുത്തില്ല, പകരം ജാവനീസ് പരമ്പരാഗത മൂല്യങ്ങൾക്കനുസരിച്ച് അവർ അവയെ വ്യാഖ്യാനിക്കുകയും പ്രാദേശിക സംസ്കാരത്തിന് തനതായ പുതിയ മതവിശ്വാസം സൃഷ്ടിക്കുകയും ചെയ്തു.

ഇസ്ലാം[തിരുത്തുക]

മജാപാഹിത് കാലഘട്ടത്തിൽ ആധുനിക ആച്ചേയിലെ പെർലാക്ക്, സമുദ്ര പസായി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളുമായി വ്യാപാരം നടത്തുകയോ ബന്ധങ്ങൾ സ്ഥാപിക്കുകയോ സ്ഥാപിക്കുകയോ ചെയ്തപ്പോഴാണ്, [6] ഇസ്‌ലാം ആദ്യമായി ജാവയുമായി സമ്പർക്കം പുലർത്തുന്നത്. ഇസ്ലാമിക ധാരണയെ സ്വാധീനിക്കുന്നതിൽ സൂഫിസം പതിനാലാം നൂറ്റാണ്ടിൽ ഒരു പ്രധാന പങ്ക് വഹിച്ചു, മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള തുടങ്ങിയ വിശ്വാസങ്ങളെയും [7] ജിന്ന്, ഭൂതങ്ങൾ, പ്രേതങ്ങൾ തുടങ്ങിയ വിശ്വാസങ്ങളെയും സ്വാധീനിച്ചു. [8]

ദ്വീപിലേക്ക് പുതിയ മുസ്ലീം രാജാക്കന്മാർ വഴി ഉണ്ടായ സലഫി ഇസ്ലാമിന്റെ പരിചയപ്പെടുത്തൽ എല്ലായ്‌പ്പോഴും സമാധാനപരമായിരുന്നില്ല. പുതിയ ഭരണാധികാരികളെ നിരസിച്ച ജാവനീസ് പ്രഭുക്കന്മാരെയും കർഷകരെയും അവർ കീഴടക്കി.  കീഴടങ്ങാഞ്ഞവർ അയൽരാജ്യമായ ബാലിയിലേക്ക് പലായനം ചെയ്തു, അവിടെ അവർ ബാലിനീസ് ഹിന്ദു മതത്തിനും സംസ്കാരത്തിനും വലിയ സംഭാവനകൾ നൽകി. ജാവയിൽ തുടരുന്ന ചില ഹിന്ദുക്കൾ മതംമാറ്റം ഒഴിവാക്കാൻ ബ്രോമോ പർവതത്തിന് സമീപമുള്ള ടെംഗർ പോലുള്ള വിദൂര പ്രദേശങ്ങളിലേക്ക് സ്വയം പിൻവാങ്ങി. ജാവയുടെ ഇസ്ലാമികവൽക്കരണ സമയത്ത്, ഇസ്ലാമിക ആത്മീയാചാര്യനായിരുന്ന സുനൻ  ജാവയിൽ ഇസ്‌ലാമിന്റെ മിതവാദ രൂപത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ സജീവമായിരുന്നു. അദ്ദേഹം പിന്നീട് പുതിയ മാതരം സുൽത്താനേറ്റിന്റെ ഉപദേശകനായി നിയമിക്കപ്പെട്ടു. [9] ഭൂരിഭാഗം ജാവക്കാരും (97%) സുന്നിസത്തിന്റെ ഷാഫിയ പാരമ്പര്യമാണ് പിന്തുടരുന്നത്.

ക്രിസ്തുമതം[തിരുത്തുക]

ഒരു ന്യൂനപക്ഷമായ ജാവനീസ് ക്രിസ്ത്യാനിറ്റി പ്രൊട്ടസ്റ്റന്റിസവും കത്തോലിക്കാ മതവും (2.5%) പിന്തുടരുന്നു, അവർ മധ്യ ജാവയിൽ പ്രത്യേകിച്ച് സെമരംഗ്, സുരകാർത്ത, മഗെലാംഗ് എന്നിവയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കത്തോലിക്കാ മതത്തിൽ വിശ്വസിക്കുന്നവർ യോഗ്യക്കാർത്തയിലും .

ഹിന്ദു-ബുദ്ധമതം[തിരുത്തുക]

മറ്റൊരു ന്യൂനപക്ഷം ബുദ്ധമതക്കാരും ഹിന്ദുക്കളുമാണ്, അവർ കൂടുതലും കിഴക്കൻ ജാവയിലാണ് കാണപ്പെടുന്നത്. ജാവനീസ് ടെംഗർ ഗോത്രം ഇന്നും ജാവനീസ്-ഹിന്ദു മതം ആചരിക്കുന്നു . [10]

കെബറ്റിനാൻ[തിരുത്തുക]

കെബാറ്റിനാൻ തത്ത്വങ്ങൾ ആന്തരികമായ ഒരു അന്വേഷണത്തെ ഉൾക്കൊള്ളുന്നു, എന്നാൽ കാതലായ മനസ്സിന്റെ സമാധാനം, പ്രപഞ്ചവുമായുള്ള ബന്ധം, സർവ്വശക്തനായ ദൈവവുമായുള്ള സങ്കൽപ്പമാണ്. കെബാറ്റിനൻ കർശനമായി ഒരു മതപരമായ കൂടിച്ചേരൽ അല്ലെങ്കിലും, ജാവനീസ് പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അത് ധാർമ്മികവും ആത്മീയവുമായ മൂല്യങ്ങളെ അഭിസംബോധന ചെയ്യുന്നു. ഇസ്‌ലാം, യഹൂദമതം, ക്രിസ്‌ത്യാനിത്വം എന്നിവ പോലെ സാധാരണ അർത്ഥത്തിൽ ഇതൊരു മതമല്ല. ബൈബിളും ഖുറാനും പോലുള്ള വേദഗ്രന്ഥങ്ങളോ പ്രവാചകന്മാരോ ഇല്ല. സോഹാർട്ടോയുടെ കാലഘട്ടത്തിൽ, ഈ ന്യൂനപക്ഷം അംഗീകരിക്കപ്പെടുകയും പെങ്കാനട്ട് കെപ്പർകയാൻ ആയി സംരക്ഷിക്കപ്പെടുകയും ചെയ്തു.

ചടങ്ങുകൾ[തിരുത്തുക]

പരമ്പരാഗത ജാവനീസ് ആചാരങ്ങൾ അല്ലെങ്കിൽ ചടങ്ങുകൾ ആയ ധ്യാനം, സ്ലാമേട്ടൻ (നല്ല വാർത്തകൾ പ്രതീക്ഷിച്ചു കൊണ്ടുള്ള പ്രാർത്ഥനകൾ) , നലോനി മിറ്റോണി (സ്ത്രീയുടെ ആദ്യ ഗർഭധാരണത്തോട് അനുബന്ധിച്ച് ഗർഭം അതിന്റെ ഏഴാം മാസത്തിൽ ആയിരിക്കുമ്പോൾ, ഗർഭം അതിന്റെ ഏഴാം മാസത്തിൽ ആയിരിക്കുമ്പോൾ ഈ ചടങ്ങ് നടത്തപ്പെടുന്നു), പതംഗ്പുലുഹ്ദിനാനൻ, ന്യാറ്റസ്, ന്യുവു(വ്യക്തി മരിച്ചതിന് ശേഷമുള്ള 40, 100, 1000 ദിവസങ്ങളിൽ നടത്തുന്ന പ്രാർത്ഥനകൾ) എന്നിവയുടെ വേരുകൾ കെബാറ്റിനാൻ വിശ്വാസത്തിൽ ആണ്. മറ്റ് വിശ്വാസങ്ങളിലെ ജാവൻ വംശജർ അവയെ അതിനനുസരിച്ച് പരിഷ്കരിക്കുന്നു, പകരം മുസ്ലീങ്ങൾ, ക്രിസ്ത്യൻ അല്ലെങ്കിൽ ഹിന്ദു പ്രാർത്ഥനകൾ ഉൾപ്പെടുത്തുന്നു. ചടങ്ങുകളുടെ വിശദാംശങ്ങൾ ഒരു സമൂഹത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും മറ്റൊന്നിൽ.

ഗ്രെബെഗ് മൗലൂദ്[തിരുത്തുക]

സുരകാർത്തയിലെ ഗ്രെബെഗ് മൗലുദ്

ഇസ്‌ലാമിന്റെ വിശുദ്ധ സന്ദേശവാഹകനായ മുഹമ്മദിന്റെ ജനനത്തെ അനുസ്മരിക്കാൻ കെരാട്ടൺ സുരക്കാർത്തയുടെയും ജോഗ്‌ജക്കാർത്തയുടെയും രാജകീയ കോടതി നടത്തുന്ന ഒരു പരമ്പരാഗത ചടങ്ങാണ് ഗ്രെബെഗ് മൗലുദ്. പതിനഞ്ചാം നൂറ്റാണ്ടിലെ ഡെമാക് രാജവംശത്തിന്റെ കാലത്താണ് ഈ ചടങ്ങ് ആദ്യമായി നടന്നത്. വലിയ പള്ളികളിൽ പ്രാർത്ഥനകൾ, പരേഡ്, ജനങ്ങളുടെ കാർണിവൽ എന്നിവയോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്.

ജാവനീസ് കല്യാണം[തിരുത്തുക]

ദമ്പതികളുടെ ആചാരവും സാമൂഹിക നിലയും അനുസരിച്ച് ജാവനീസ് വിവാഹങ്ങൾക്ക് നിരവധി വ്യത്യാസങ്ങളുണ്ട്. സുരകാർത്തൻ, ജോഗ്‌ജക്കാർത്ത, പേസ് കെസാട്രിയൻ, പേസ് അഗേങ് എന്നിവ വ്യതിയാനങ്ങളിൽ ഉൾപ്പെടുന്നു. വിവാഹ ചടങ്ങുകളിൽ സിരാമൻ, മിഡോദരേനി, പെനിങ്ങ്സെതൻ, ഇജാബ് (മുസ്ലിംകൾക്ക്) അല്ലെങ്കിൽ വിവാഹ കൂദാശ (ക്രിസ്ത്യാനികൾക്ക്) എന്നീ ചടങ്ങുകൾ ഉൾപ്പെടുന്നു.

സിരാമൻ[തിരുത്തുക]

വരനെയും വധുവിനെയും അവരവരുടെ വീടുകളിൽ, കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും കുളിപ്പിക്കുന്നു. നവ ദമ്പതികൾക്ക് നല്ല ഗതി വരണേ എന്ന് പാർത്ഥനകളും ചടങ്ങിനോടനുബന്ധിച്ച് നടത്തുന്നു.

മിഡോദരേനി ചടങ്ങ്[തിരുത്തുക]

ഇജാബ്, പംഗിഹ് ചടങ്ങുകളുടെ തലേന്നാണ് ഈ മിഡോദരേനി നടക്കുന്നത്. ദേവി എന്നർത്ഥം വരുന്ന വിഡോദരി എന്ന വാക്കിൽ നിന്നാണ് മിദോദരേനി ഉണ്ടായത്. ആ സായാഹ്നത്തിൽ, വധു ഒരു ദേവതയെപ്പോലെ ഒരുങ്ങി സുന്ദരിയാകുന്നു. പുരാതന വിശ്വാസമനുസരിച്ച്, ദേവതകൾ സ്വർഗത്തിൽ നിന്ന് അവളെ സന്ദർശിക്കണം.

കല്യാണ മുറിയിൽ വെച്ചിരിക്കുന്ന സാധനങ്ങൾ:

 • കെമ്പാർ മയങ്ങിന്റെ ഒരു കൂട്ടം (സമാനമായ ഈന്തപ്പന പൂക്കൾ).
 • രണ്ട് മൺപാത്രങ്ങൾ (സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ, അരി, നിലക്കടല മുതലായവ കൊണ്ട് നിറച്ചത്) ബാങ്കോ തുലാക്ക് തുണികൊണ്ട് പൊതിഞ്ഞത്.
 • രണ്ട് കിണ്ടികൾ (വിശുദ്ധജലം നിറച്ചത്) ദാദാപ് സ്‌റെപ് ഇലകൾ കൊണ്ട് പൊതിഞ്ഞു.
 • കട്ടിലിനടിയിൽ പലതരം സുഗന്ധദ്രവ്യങ്ങളുള്ള ഇലകളും പൂക്കളും (യുകുബ്) ഉള്ള ഒരു ട്രേ.
 • വെറ്റില (സുറുഹ് ആയു).
 • പാക്ക് (അരിക്കാ നട്ട്)
 • ലെട്രെക് ഡിസൈനുള്ള ഏഴ് തരം തുണികൾ

6.00 മണി മുതൽ വധു മുറിയിൽ താമസിക്കണം. അർദ്ധരാത്രി വരെ ചില മുതിർന്ന സ്ത്രീകളോടൊപ്പം കഴിയുന്ന അവൾക്ക് അവർ ഉപയോഗപ്രദമായ ഉപദേശം നൽകുന്നു. വരാനിരിക്കുന്ന വരന്റെ കുടുംബവും അവളുടെ വളരെ അടുത്ത സുഹൃത്തുക്കളും അവളെ കുറച്ചുനേരം സന്ദർശിക്കണം; എല്ലാവരും സ്ത്രീകളായിരിക്കണം. വധുവിന്റെ മാതാപിതാക്കൾ അവസാനമായി അവൾക്ക് ഭക്ഷണം നൽകണം. അടുത്ത ദിവസം മുതൽ, അവൾ ഭർത്താവിന്റെ ഉത്തരവാദിത്തത്തിലാണ്.

അർദ്ധരാത്രിയിൽ വഴിപാട് മുറിയിൽ നിന്ന് പുറത്തെടുക്കാം, അതിലൂടെ കുടുംബത്തിനും അതിഥികൾക്കും അത് കഴിക്കാം. മുറിക്ക് പുറത്ത്, വധുവാകാൻ പോകുന്ന വധുവിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും വരാൻ പോകുന്ന വരന്റെ കുടുംബത്തെ കണ്ടുമുട്ടുന്നു.

നലോനി മിറ്റോണി[തിരുത്തുക]

ഒരു സ്ത്രീയുടെ ആദ്യ ഗർഭധാരണത്തോട് അനുബന്ധിച്ച് ഗർഭം അതിന്റെ ഏഴാം മാസത്തിൽ ആയിരിക്കുമ്പോൾ, ഗർഭം അതിന്റെ ഏഴാം മാസത്തിൽ ആയിരിക്കുമ്പോൾ ഈ ചടങ്ങ് നടത്തപ്പെടുന്നു. കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നു. നല്ല കുട്ടിക്കും പ്രസവത്തിനുമുള്ള പ്രത്യാശയെ പ്രതീകപ്പെടുത്തുന്ന ബാത്തിക്കിന്റെ ഏഴ് പാളികളാൽ മാതാവ് ആവരണം ചെയ്യപ്പെടും . ചടങ്ങിനോട് അനുബന്ധിച്ച് പ്രാർത്ഥനകൾ ഉണ്ടാകും. ചടങ്ങിൽ പരമ്പരാഗത ഭക്ഷണവും വിളമ്പുന്നു.

സെലപാനൻ[തിരുത്തുക]

ഒരു കുട്ടിക്ക് 35 ദിവസം പ്രായമുള്ളപ്പോൾ നടത്തുന്ന, പുതു ജീവനെ ആഘോഷിക്കുന്ന ഒരു ആചാരം ആണിത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തും. കുട്ടിയുടെ മുടിയും വടിക്കുകയും നഖം വെട്ടുകയും ചെയ്യും. പ്രാർത്ഥനകൾ, മതപരമായ ഗ്രന്ഥ പാരായണങ്ങൾ , ഒരു സ്ലാമേട്ടൻ എന്നിവ പരിപാടിയുടെ സാധാരണ ഭാഗങ്ങൾ ആണ്. ചടങ്ങിനു ശേഷം, കേക്കുകളും മധുരപലഹാരങ്ങളും മുട്ടകളും (പുതിയ ജീവൻ്റെ പ്രതീകം) എല്ലാവരുമായി പങ്കിടും.

തെധക് സിതെൻ[തിരുത്തുക]

ഒരു കുട്ടിക്ക് ഏകദേശം എട്ട് മാസം പ്രായമാകുമ്പോൾ ഈ ചടങ്ങ് നടത്തുന്നു. കുട്ടി നടക്കാൻ തുടങ്ങുന്നത് ആഘോഷിക്കാനായി കുടുംബാംഗങ്ങളെ ക്ഷണിക്കുന്നു.

ഖിതൻ[തിരുത്തുക]

ഒരു ആൺകുട്ടിയെ സംബന്ധിച്ചിടത്തോളം, ഖിതൻ അല്ലെങ്കിൽ പരിച്ഛേദനം (ലിംഗാഗ്രചർമ്മം മുറിക്കുന്ന ചേലാകർമ്മം), പ്രായപൂർത്തിയാകാനുള്ള ഒരു പ്രധാന ചടങ്ങ് ആണ്. ആൺകുട്ടിക്ക് 6 മുതൽ 12 വയസ്സ് വരെ പ്രായമുള്ളപ്പോൾ ഈ ആചാരം സാധാരണയായി നടക്കുന്നു. ചേലാകർമ്മത്തെ തുടർന്ന് ആടിനെ ബലിയർപ്പിക്കുക, സ്ലാമേട്ടൻ നടത്തുക, വയാങ് കുളിറ്റ് (നിഴൽ പാവക്കൂത്ത്) പ്രകടനം എന്നിവ പതിവാണ്. [11] ജാവനീസ് ജനതയെ, ബാലിനീസ് ജനതയും, ടെംഗറീസ് ജനതയുമായി വേർതിരിക്കുന്ന ഒരു ഘടകമാണ് ഈ ചടങ്ങ്, ഇപ്പോഴും ബാലിനീസ് ജനതയിലും, ടെംഗറീസ് ജനതയിലും ഹിന്ദുക്കൾ കൂടുതലാണ്.

റുവതാൻ ജെംബെൽ[തിരുത്തുക]

ദിയെങ് സമുദായത്തിലെ ഹിന്ദു കുട്ടികൾ മുടി വടിക്കുന്ന ദിവസം. ക്ഷേത്രങ്ങളിൽ ദൈവങ്ങൾക്ക് അന്ന് വലിയ വഴിപാട് ചടങ്ങ് നടക്കുന്നു. തുടർന്ന് സമൂഹം ഒരു ഉത്സവം സംഘടിപ്പിക്കുന്നു. വിനോദസഞ്ചാരികൾ സാധാരണയായി ഈ ചടങ്ങ് കാണാൻ ഒഴുകിയെത്തും.

സ്ലാമേട്ടൻ[തിരുത്തുക]

നല്ല വാർത്തകൾ പ്രതീക്ഷിച്ചു കൊണ്ടുള്ള പ്രാർത്ഥനകൾ. സാധാരണയായി തൂമ്പയാണ് ഭക്ഷണമായി നൽകുന്നത്.

പതംഗ്പുലുഹ്ദിനാനൻ, ന്യാറ്റസ്, ന്യുവു[തിരുത്തുക]

ഒരു വ്യക്തി മരിച്ചതിന് ശേഷമുള്ള 40 ആം, 100 ആം, 1000 ദിവസങ്ങളിൽ നടത്തുന്ന പ്രാർത്ഥനകൾ.

നയേക്കർ[തിരുത്തുക]

റമദാൻ മാസത്തിന് മുന്നെ, കുടുംബാംഗങ്ങൾ എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബറിടങ്ങൾ സന്ദർശിച്ച് അവരുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു.

ലാബുവാൻ[തിരുത്തുക]

കെബാറ്റിനൻ വിശ്വാസികൾ തങ്ങളുടെ നിർഭാഗ്യം അകറ്റാൻ കടലിലേക്കോ പർവതത്തിലേക്കോ മൂടുപടം എറിയുന്ന ഒരു കെജാവെൻ ചടങ്ങ്.

സാമൂഹിക ഘടന[തിരുത്തുക]

ജാവനീസ് പ്രഭുവും (പ്രിയായി) പ്രഭുവിൻ്റെ സേവകരും, c. 1865.

അമേരിക്കൻ നരവംശശാസ്ത്രജ്ഞനായ ക്ലിഫോർഡ് ഗീർട്സ് 1960-കളിൽ ജാവനീസ് സമൂഹത്തെ മൂന്ന് അലിറാൻ അല്ലെങ്കിൽ "ശാഖകൾ" ആയി വിഭജിച്ചു : സന്ത്രി, അബംഗൻ, പ്രിയായി . അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, സന്ത്രികൾ യാഥാസ്ഥിതിക ഇസ്‌ലാം പിന്തുടർന്നു, ഹിന്ദുവും ആനിമിസ്റ്റ് ഘടകങ്ങളും ഇടകലർന്ന ഇസ്‌ലാമിന്റെ സമന്വയ രൂപമായിരുന്നു അബംഗൻ (പലപ്പോഴും കെജാവെൻ എന്ന് വിളിക്കപ്പെടുന്നു), പ്രിയായി കുലീനതയായിരുന്നു. [12]

എന്നാൽ ഇന്ന് ഗീർട്‌സിന്റെ അഭിപ്രായം പലപ്പോഴും എതിർക്കപ്പെടുന്നു, കാരണം അദ്ദേഹം സാമൂഹിക ഗ്രൂപ്പുകളെ വിശ്വാസ ഗ്രൂപ്പുകളുമായി കലർത്തി. പുറത്തുനിന്നുള്ളവരെ വർഗ്ഗീകരിക്കുന്നതിൽ ഈ സാമൂഹിക വർഗ്ഗീകരണം പ്രയോഗിക്കുന്നതും ബുദ്ധിമുട്ടായിരുന്നു, ഉദാഹരണത്തിന് അറബ്, ചൈനീസ്, ഇന്ത്യൻ വംശജരായ മറ്റ് തദ്ദേശീയമല്ലാത്ത ഇന്തോനേഷ്യക്കാർ.

വടക്കൻ തീരപ്രദേശത്ത് സാമൂഹിക വർഗ്ഗീകരണം വളരെ കുറവാണ്, അവിടെ താരതമ്യേന സാമൂഹിക വ്യവസ്ഥ കൂടുതൽ സമത്വമാണ്.

സുൽത്താൻമാർ[തിരുത്തുക]

യോഗ്യകർത്താ സുൽത്താനേറ്റിന്റെയും സുരകാർത്ത സുൽത്താനേറ്റിന്റെയും രാജകൊട്ടാരങ്ങളായ കെരാറ്റണുകൾ ജാവനീസ് സംസ്കാരത്തിന്റെയും സാമൂഹിക സംഭവങ്ങളുടെയും കേന്ദ്രമാണ്. അവർ ഭരിക്കുന്ന രാജാക്കന്മാരല്ലെങ്കിലും, അവരെ ഇപ്പോഴും സമൂഹത്തിൽ വളരെ ബഹുമാനിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്നു. സുൽത്താനെ അഭിസംബോധന ചെയ്യുമ്പോൾ, ഒരാൾ ഉൽകൃഷ്‌ടമായ ഭാഷാ രീതിയായ "ക്രോമോ ഇംഗിൽ" സംസാരിക്കണമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, എന്നാൽ ഇന്ന് ഔപചാരികമായ ഭാഷയായ ഭാഷാ ഇന്തോനേഷ്യയും അംഗീകരിക്കപ്പെടുന്നു.

എല്ലാ ജാവനീസും ഒരിക്കലെങ്കിലും യോഗ്യകാർത്ത സുൽത്താനേറ്റിന്റെയും സുരകർത്താ സുനനേറ്റിന്റെയും പ്രജകളായിരുന്നില്ല.

പ്രിയായി[തിരുത്തുക]

പ്രിയായികൾ ഒരു കാലത്ത് നാട് ഭരിക്കുന്ന പ്രഭുക്കന്മാരുടെ ഭാഗമായിരുന്നു, അവർക്ക് ഇന്നത്തെ സാമൂഹിക വ്യവസ്ഥയിൽ കാര്യമായ ചുമതലകൾ ഒന്നും ഇല്ല. ഇന്തോനേഷ്യയിലെ ഭരിക്കുന്ന രാഷ്ട്രീയ പ്രമുഖരിൽ ചിലർ പ്രിയായികൾ ആയിരുന്നവരുടെ പിൻഗാമികളാണ്. അവർ ഇപ്പോൾ പൊതു സമൂഹത്തിന്റെ ഭാഗമാണ്, കൂടാതെ അവർ നിരവധി മേഖലകളിൽ പ്രവർത്തിക്കുന്നു.

ഗ്രാമങ്ങൾ[തിരുത്തുക]

ജാവയിലെ പ്രധാന ഭരണ യൂണിറ്റാണ് ഗ്രാമങ്ങൾ. ഇത് രണ്ട് തരങ്ങളായി തിരിച്ചിരിക്കുന്നു: 1) സാധാരണയായി ഗ്രാമപ്രദേശങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തോടുകൂടിയ ദേശ.

2)സാധാരണയായി നഗരപ്രദേശങ്ങളിൽ ഇന്തോനേഷ്യൻ ഗവൺമെന്റ് നിയമിക്കുന്ന നേതൃത്വം ഉള്ള കെലുരഹാൻ. ഗ്രാമ ഭരണം നിയന്ത്രിക്കുന്നത് ഉദ്യോഗസ്ഥരാണ്, ഇപ്പോഴും അവരുടെ പരമ്പരാഗത ജാവനീസ് പേരുകളിൽ അവർ അറിയപ്പെടുന്നു. ലുറ (ഗ്രാമത്തലവൻ), ലുറയെ സഹായിക്കാനായുള്ള കാരിക്ക് (വില്ലേജ് സെക്രട്ടറി), കമിതുവ (സാമൂഹിക കാര്യങ്ങളുടെ ഉദ്യോഗസ്ഥൻ), ജഗബയ (സുരക്ഷാ ഉദ്യോഗസ്ഥൻ), മൊദീൻ ( ഇസ്ലാമിക കാര്യങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും വേണ്ടിയുള്ള ഓഫീസ്, അറബിക് ഇമാം അദ്- ദിനിൽ (അല്ലെങ്കിൽ വിശ്വാസത്തിന്റെ നേതാവ്) നിന്ന് ഉരുത്തിരിഞ്ഞത്) . [13]

ഈ ഉദ്യോഗസ്ഥർക്ക് പരമ്പരാഗതമായി ശമ്പളം പണമായി ലഭിച്ചിരുന്നില്ല, എന്നാൽ ഗ്രാമത്തിലെ പൊതുഭൂമിയിൽ തനാഹ് ബെങ്കോക്ക് എന്ന് വിളിക്കപ്പെടുന്ന ഒരു ഭാഗം കൃഷി ചെയ്യാൻ അവരെ അനുവദിച്ചു. [14] ആധുനിക ഇന്തോനേഷ്യയിൽ, 17 വയസും അതിൽ കൂടുതലുമുള്ള, അല്ലെങ്കിൽ ഇതിനകം വിവാഹിതരായ ഗ്രാമീണരുടെ സാർവത്രിക വോട്ടവകാശം വഴിയാണ് ഇപ്പോൾ വില്ലേജ് മേധാവിയെ നേരിട്ട് തിരഞ്ഞെടുക്കുന്നത്. [15] സ്വാതന്ത്ര്യത്തിനുമുമ്പ് സാക്ഷരതാ നിരക്ക് കുറവായിരുന്നതിനാൽ, എതിരാളികളായ സ്ഥാനാർത്ഥികൾ അവരുടെ പ്രചാരണ ചിഹ്നമായ പഴങ്ങൾ, പച്ചക്കറികൾ അല്ലെങ്കിൽ പരമ്പരാഗത ഭക്ഷണങ്ങൾ പോലുള്ള പൊതു ഇനങ്ങൾ ഉപയോഗിക്കുന്നത് പതിവാണ്. ഗ്രാമത്തലവന്റെ തിരഞ്ഞെടുപ്പ് സാധാരണയായി കക്ഷിരഹിതമാണ്.

കുടുംബം[തിരുത്തുക]

സാംസ്കാരികമായി, ജാവനീസ് ആളുകൾ ഒരു ഉഭയകക്ഷി ബന്ധുത്വ സമ്പ്രദായം സ്വീകരിക്കുന്നു, [16] [17] പുരുഷന്മാരുടെയും സ്ത്രീകളുടെയും പിൻഗാമികൾക്ക് തുല്യ പ്രാധാന്യമുണ്ട്. ആ നിലയ്ക്ക് ഇന്ത്യയിലോ ചൈനയിലോ ഉള്ള പിതൃസംസ്‌കാരങ്ങൾ പോലെ ഒരു പുരുഷ അവകാശി ഉണ്ടാകാൻ മുൻഗണനയില്ല. ജാവക്കാർക്ക് കുടുംബപ്പേര് ഉണ്ടാകുന്നത് പതിവില്ല. സ്ത്രീകൾക്ക് ഉയർന്ന സ്വയംഭരണാധികാരമുണ്ട്, ജാവനീസ് സംസ്കാരത്തിൽ അവർക്ക് ബഹുമാനിക്കപ്പെടുന്നു. [17]

ഒരു പരമ്പരാഗത വിവാഹത്തിൽ, വരന്റെ കുടുംബമാണ് വധുവിനെ തിരഞ്ഞെടുക്കുന്നത്. വിവാഹത്തിന് മുമ്പ്, വരന്റെ വീട്ടുകാർ വധുവിന്റെ കുടുംബത്തിന് ഒരു തുക നൽകും. അതിനുശേഷം, വധുവിന്റെ വീട്ടുകാർക്ക് വിവാഹച്ചെലവിന്റെ ഉത്തരവാദിത്തം ഉണ്ട്. വരന്റെ വീട്ടുകാർക്ക് സാമ്പത്തികമായി സഹായിക്കാൻ കഴിയും, പക്ഷേ അവർ അത് ചെയ്യാൻ ബാധ്യസ്ഥരല്ല. പരമ്പരാഗതമായി, വിവാഹമോചനം സ്വീകാര്യമല്ല, എന്നാൽ ഭർത്താവ് രണ്ടാം ഭാര്യയെയോ വെപ്പാട്ടിയെയോ സ്വീകരിക്കുന്നത് സ്വീകാര്യമായിരുന്നു. യുവ ജാവനീസ് സാധാരണയായി ഈ ആചാരങ്ങൾ പാലിക്കുന്നില്ല, ഇന്ന് മിക്ക ജാവനീസ് സ്ത്രീകളും അവിശ്വസ്തതയെ (വിശ്വാസവഞ്ചന) ചെറുക്കുകയും വിവാഹമോചനം തിരഞ്ഞെടുക്കുകയും ചെയ്യും. ജാവയിൽ വിവാഹമോചനം സ്വീകാര്യമായിക്കൊണ്ടിരിക്കുകയാണ്. [18]

ഭാഷ[തിരുത്തുക]

ജാവനീസ് അക്ഷരമാല

ജാവനീസ് ഭാഷകളുടെ ഓസ്‌ട്രോണേഷ്യൻ കുടുംബത്തിലെ അംഗമാണ്, കൂടാതെ ഇന്തോനേഷ്യയിലെ മറ്റ് ഭാഷകളുമായി അടുത്ത ബന്ധമുള്ളതും എന്നാൽ വ്യത്യസ്തവുമാണ്. [19] സർവ്വവ്യാപിയായ സംസ്‌കൃത ഭാഷാ സ്വാധീനം ഇത് ശ്രദ്ധേയമാണ്. പ്രത്യേകിച്ചും സാഹിത്യ ജാവനീസ് ഭാഷകളിൽ ഇതിൻ്റെ സ്വാധീനം കാണപ്പെടുന്നു. [20] ജാവയിലെ ഹിന്ദു, ബുദ്ധ സ്വാധീനങ്ങളുടെ നീണ്ട ചരിത്രമാണ് ഇതിന് കാരണം.

ഇന്തോനേഷ്യയിലെ ഭൂരിഭാഗം ജാവനീസുകളും ദ്വിഭാഷക്കാരാണ്, അവർ ഇന്തോനേഷ്യൻ, ജാവനീസ് ഭാഷകളിൽ പ്രാവീണ്യമുള്ളവരാണ്. [21] 1990ൽ നടന്ന ഒരു പൊതു വോട്ടെടുപ്പിൽ, ഏകദേശം 12% ജാവനീസ് ഇന്തോനേഷ്യൻ ഭാഷ ഉപയോഗിച്ചു, ഏകദേശം 18% പേർ ജാവനീസ് ഭാഷ, ഇന്തോനേഷ്യൻ ഭാഷ എന്നിവ ഉപയോഗിച്ചു, ബാക്കിയുള്ളവർ ജാവനീസ് ഭാഷ മാത്രമായി ഉപയോഗിച്ചു.

ജാവനീസ് ഭാഷ സാധാരണയായി എഴുതപ്പെട്ടിരുന്നത് ബ്രാഹ്മി ലിപിയിൽ നിന്ന് ഉത്ഭവിച്ച ഒരു ലിപി ഉപയോഗിച്ചാണ്, ഇത് പ്രാദേശികമായി ഹനാചരക അല്ലെങ്കിൽ കാരകൻ എന്നറിയപ്പെടുന്നു. ഇന്തോനേഷ്യൻ സ്വാതന്ത്ര്യത്തിനു ശേഷം അത് എഴുതുന്നത് ലാറ്റിൻ അക്ഷരമാലയുടെ ഒരു രൂപത്തിലേക്ക് മാറ്റി.

ജാവനീസ് ഭാഷ ഇന്തോനേഷ്യയുടെ ഔദ്യോഗിക ഭാഷയാക്കിയിട്ടില്ലെങ്കിലും, ജാവനീസ് ഭൂരിപക്ഷ പ്രദേശങ്ങളിൽ ആശയവിനിമയത്തിന് അതിന് 'പ്രാദേശിക ഭാഷ' എന്ന പദവിയുണ്ട്. ഈ ഭാഷ ജാവനീസ് വംശീയ സ്വത്വത്തെ നിർവചിക്കുന്ന സവിശേഷതകളിലൊന്നായതിനാൽ അതിനെ ഒരു 'വംശീയ ഭാഷ' ആയും കാണാൻ കഴിയും. [22]

തൊഴിലുകൾ[തിരുത്തുക]

കിഴക്കൻ ജാവയിലെ സെമെരു പർവതത്തിന്റെ ചരിവിലുള്ള ഗ്രാമം. കൊളോണിയൽ കാലഘട്ടത്തിലെ പെയിന്റിംഗ്.

ഇന്തോനേഷ്യയിൽ, എല്ലാ തൊഴിലുകളിലും, പ്രത്യേകിച്ച് ഗവൺമെന്റിലും സൈന്യത്തിലും ജാവനീസ് കാണാം.

കൃഷി[തിരുത്തുക]

പരമ്പരാഗതമായി, ഭൂരിഭാഗം ജാവൻ വംശജരും കർഷകരാണ്. ജാവയിലെ ഫലഭൂയിഷ്ഠമായ അഗ്നിപർവ്വത മണ്ണ് കാരണം ഇത് പ്രത്യേകിച്ചും സാധാരണമായിരുന്നു. അവരുടെ ഏറ്റവും പ്രധാനപ്പെട്ട കാർഷികോൽപ്പന്നം അരിയാണ്. 1997-ൽ, ഇന്തോനേഷ്യയുടെ 55% അരിയും ഉത്പാദിപ്പിച്ചത് ജാവയിൽ ആണെന്ന് കണക്കാക്കപ്പെട്ടിരുന്നു. [23] ഭൂരിഭാഗം കർഷകരും ചെറിയ തോതിലുള്ള നെൽവയൽ ജോലി ചെയ്യുന്നു, ഏകദേശം 42% കർഷകർ 0.5 ഹെക്ടറിൽ താഴെയുള്ള നെൽവയലാണ് കൃഷി ചെയ്യുന്നത്. [23] മഴക്കാലം കുറവുള്ള മണ്ണ് ഫലഭൂയിഷ്ഠമല്ലാത്ത പ്രദേശങ്ങളിൽ, മരച്ചീനി പോലുള്ള മറ്റ് പ്രധാന വിളകൾ കൃഷി ചെയ്യുന്നു. [24]

കമ്മാരപ്പണി (ഇരുമ്പുപണി)[തിരുത്തുക]

സെമറിന്റെ രൂപമുള്ള ഒരു അലങ്കാര ക്രിസ്. ബിലാഹിന് പതിമൂന്ന് ലുക്ക് ഉണ്ട്.

ജാവനികളെ സംബന്ധിച്ചിടത്തോളം, കമ്മാരന്മാർ (ഇരുമ്പുപണിക്കാർ) പരമ്പരാഗതമായി ബഹുമാനിക്കപ്പെടുന്നു. ചില കമ്മാരന്മാർ പൂർണ്ണതയിലെത്താൻ ഉപവസിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നു. ജാവനീസ് ഇരുമ്പുപണിക്കാർ കാർഷിക ഉപകരണങ്ങളും ഗെയിംലാൻ ഉപകരണങ്ങൾ, ക്രിസ് തുടങ്ങിയ സാംസ്കാരിക ഇനങ്ങളും പോലുള്ള ഉപകരണങ്ങളുടെ ഒരു ശ്രേണി ഉണ്ടാക്കി നൽകുന്നു. [25] മജാപഹിത് യുദ്ധത്തിന്റെ സവിശേഷതയായി തോക്കുകളും പീരങ്കികളും അയവില്ലാതെ ഉപയോഗിച്ചിരുന്നു. മെറിയം എന്നറിയപ്പെടുന്ന ജാവനീസ് വെങ്കല ബ്രീച്ച്-ലോഡഡ് സ്വിവൽ-ഗൺ, മജാപഹിത് നാവികസേനയും നിർഭാഗ്യവശാൽ കടൽക്കൊള്ളക്കാരും എതിരാളികളായ പ്രഭുക്കന്മാരും സർവ്വ ഇടത്തും ഉപയോഗിച്ചു. മജാപഹിത് സാമ്രാജ്യത്തിന്റെ തകർച്ച കാരണം അസംതൃപ്തരായ വെങ്കല പീരങ്കിപ്പണിക്കാർ, ബ്രൂണെ, ആധുനിക സുമാത്ര, മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്ക് കുടിയേറി വ്യാപിച്ചു, പ്രത്യേകിച്ച് മകാസർ കടലിടുക്കിലെ കടൽക്കൊള്ളക്കാരിൽ നിന്ന് ഉള്ള സംക്ഷണത്തിനായി ചരക്ക് കപ്പലുകളിൽ സ്വിവൽ തോക്കിന്റെ സാർവത്രിക ഉപയോഗത്തിലേക്ക് അത് നയിച്ചു. [26]

കെറിസ് ഒരു പ്രധാന ഇനം കത്തികൾ ആണ്. പാരമ്പര്യമായി ലഭിക്കുന്ന പ്രധാന കമ്മാരന്മാർ നിർമ്മിച്ച അവ ചരിത്രപരമായ മൂല്യമുള്ളതാണ്. പാമ്പിനെപ്പോലെ ബ്ലേഡുള്ള കേറിസിന്റെ രൂപകൽപ്പന എതിരാളികളുടെ വയറു കീറുകയും പരിക്ക് കൂടുതൽ ഗുരുതരമാക്കുകയും ചെയ്യുന്നതാണ്. ജാവനീസ് കാന്റിങ് (ബാത്തിക്കിൽ മെഴുക് പുരട്ടുന്നത്) ചെയ്യുമ്പോൾ, അത് സങ്കീർണ്ണമായ ബാത്തിക്ക് ഉണ്ടാക്കാൻ അവരെ പ്രാപ്തരാക്കുന്നു.

വെള്ളിപ്പണികൾക്കും വെള്ളി കരകൗശല വസ്തുക്കൾക്കും പ്രശസ്തമാണ് കോട്ട ഗെഡെ . [27]

ബാത്തിക്[തിരുത്തുക]

ബാത്തിക് തുണിത്തരങ്ങൾ ഉണ്ടാക്കുന്നത് സ്ത്രീകൾക്ക് ഒരു പരമ്പരാഗത നേരംപോക്ക് ആണ്. പെക്കലോംഗൻ, കൗമാൻ, കമ്പുങ് തമൻ, ലവേയാൻ തുടങ്ങിയ ചില ഗ്രാമങ്ങൾ ബാത്തിക് ശൈലിയിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്.

തടി കൊത്തുപണി[തിരുത്തുക]

ഡച്ച് ഈസ്റ്റ് ഇൻഡീസ് കാലഘട്ടത്തിൽ ജാവനീസ് മരപ്പണിക്കാർ പരമ്പരാഗത മുഖംമൂടികൾ നിർമ്മിക്കുന്നു.

ജാവനീസ് കലയായ മരം കൊത്തുപണി പരമ്പരാഗതമായി പ്രതിമകൾ, (വയാങ്-) പാവകൾ, മുഖംമൂടികൾ എന്നിങ്ങനെ വിവിധ സാംസ്കാരിക ചിഹ്നങ്ങളിൽ പ്രയോഗിക്കുന്നു.

കലണ്ടർ[തിരുത്തുക]

ഗ്രിഗോറിയൻ കലണ്ടർ, ഇസ്‌ലാമിക കലണ്ടർ എന്നീ രണ്ട് കലണ്ടറുകൾക്കൊപ്പം ജാവനീസ് കലണ്ടർ ജാവനീസ് ആളുകൾ ഉപയോഗിക്കുന്നു. ഗ്രിഗോറിയൻ കലണ്ടർ ഇന്തോനേഷ്യയുടെ ഔദ്യോഗിക കലണ്ടറാണ്, അതേസമയം ഇസ്ലാമിക കലണ്ടർ മുസ്ലീങ്ങളും ഇന്തോനേഷ്യൻ സർക്കാരും മതപരമായ ആരാധനകൾക്കും പ്രസക്തമായ ഇസ്ലാമിക അവധി ദിനങ്ങൾ തീരുമാനിക്കുന്നതിനും ഉപയോഗിക്കുന്നു. ജാവനീസ് കലണ്ടർ നിലവിൽ സാംസ്കാരിക പരിപാടികൾക്ക് (സതു സുര പോലുള്ളവ) ഉപയോഗിക്കുന്നു. ഒരു ചാന്ദ്ര കലണ്ടർ എന്ന നിലയിൽ, അതിന്റെ യുഗവർഷം AD 125-ൽ ആയിരുന്നു, ഇന്നത്തെ ജാവനീസ് കലണ്ടർ സമ്പ്രദായം 1633-ൽ സുൽത്താൻ അഗൂങ്, ഇസ്ലാമിക കലണ്ടർ അടിസ്ഥാനമാക്കി സ്വീകരിച്ചു. മുമ്പ്, ജാവനീസ് ആളുകൾ ഹിന്ദു കലണ്ടറിനെ അടിസ്ഥാനമാക്കി സൗര കലണ്ടർ ഉപയോഗിച്ചിരുന്നു.

മറ്റ് പല കലണ്ടറുകളിൽ നിന്നും വ്യത്യസ്തമായി, ജാവനീസ് കലണ്ടർ പസാരൻ സൈക്കിൾ എന്നറിയപ്പെടുന്ന 5 ദിവസത്തെ ആഴ്ച ഉപയോഗിക്കുന്നു. ഇത് ഇന്നും ഉപയോഗത്തിലുണ്ട്, ഗ്രിഗോറിയൻ കലണ്ടറിന്റെയും ഇസ്ലാമിക് കലണ്ടറിന്റെയും ആഴ്ചയിലെ 7-ദിവസങ്ങൾ ഉപയോഗിച്ച് സൂപ്പർഇമ്പോസ് ചെയ്‌ത് 35-ദിവസത്തെ വെറ്റോനൻ സൈക്കിൾ എന്നറിയപ്പെടുന്നു.

കല[തിരുത്തുക]

ജാവനീസ് ഉത്ഭവ കലാരൂപങ്ങൾ ഇന്തോനേഷ്യയിലും മുഴുവൻ ദ്വീപസമൂഹത്തിലും പ്രസിദ്ധമാണ്. ഹിന്ദു, ബുദ്ധ സംസ്കാര പാരമ്പര്യങ്ങളാൽ സ്വാധീനിക്കപ്പെട്ട ജാവനീസ് വയാങ് പാവകളി സുപ്രസിദ്ധമാണ്. വയാങ് പാരമ്പരയിലുള്ള കഥകൾ ആയ ലക്കോൺ, കൂടുതലും ഇന്ത്യയിൽ നിന്നുള്ള രാമായണ മഹാഭാരത ഇതിഹാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് . ഈ ഇതിഹാസങ്ങളും കഥകളും വയാങ് പാവകളിയേയും ജാവനീസ് ക്ലാസിക്കൽ നൃത്തങ്ങളേയും സ്വാധീനിച്ചു. ഇസ്ലാമിൽ നിന്നും പാശ്ചാത്യ ലോകത്തിൽ നിന്നുമുള്ള സ്വാധീനവും കാണാം. ബാത്തിക്, ക്രിസ് ഡാഗർ കലകൾ ഉത്ഭവിച്ചത് ജാവയിൽ നിന്നാണ്.

സംഗീതം[തിരുത്തുക]

ജാവയിലും ബാലിയിലും പരമ്പരാഗത ശൈലിയിൽ ഉള്ള ഗമെലൺ സംഗീത മേളങ്ങൾ കാണപ്പെടുന്നു. ഈ കലാരൂപങ്ങളെല്ലാം ജാവനീസ് സംസ്കാരത്തിലും പാരമ്പര്യത്തിലും ഒരു പ്രധാന സ്ഥാനം വഹിക്കുന്നു.

വാസ്തുവിദ്യ[തിരുത്തുക]

കുടൂസിൽ നിന്നുള്ള ഒരു പരമ്പരാഗത ജാവനീസ് വീട്
പ്രംബനനിലെ കാൻഡി പ്ലോസൻ (9-ആം നൂറ്റാണ്ട്).

അവരുടെ നീണ്ട ചരിത്രത്തിലുടനീളം, ജാവനീസ് ജനത ഹിന്ദു സ്മാരകങ്ങൾ, ബുദ്ധ സ്തൂപങ്ങൾ, മോർച്ചറി ക്ഷേത്രങ്ങൾ, കൊട്ടാര സമുച്ചയങ്ങൾ, പള്ളികൾ തുടങ്ങി നിരവധി സുപ്രധാന കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

പ്രംബനന്റെ ഹിന്ദു ക്ഷേത്രവും ബോറോബുദൂരിലെ ബുദ്ധമത ക്ഷേത്രവുമാണ് മതപരമായ സ്മാരകങ്ങളുടെ ജാവനീസ് മാതൃകകൾ. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇവ രണ്ടും ഒമ്പതാം നൂറ്റാണ്ടിലെ ക്ഷേത്രങ്ങളാണ്. മെറാപ്പി പർവതത്തിന്റെ ഒരു ചരിവിൽ യോഗ്യകാർത്ത നഗരത്തിനടുത്താണ് ഇവ രണ്ടും സ്ഥിതി ചെയ്യുന്നത്.

അതേസമയം, കിഴക്കൻ ജാവയിലെ ട്രോവുലാനിലെ മജാപഹിത് കിംഗ്ഡത്തിന്റെ (എഡി 14 മുതൽ 16 വരെ നൂറ്റാണ്ടുകൾ) മുൻ തലസ്ഥാന നഗരത്തിന്റെ അവശിഷ്ടങ്ങളിൽ മതേതര കെട്ടിട നിർമ്മിതിയുടെ ഉദാഹരണം കാണാൻ കഴിയും. സമുച്ചയം 11 കി.മീ x 9 കി.മീ വിസ്തീർണ്ണം ഉള്ളതാണ്. 20 മുതൽ 40 മീറ്റർ വരെ വീതിയുള്ള ഒരു കനാൽ, ശുദ്ധീകരണത്തിനായുള്ള കുളങ്ങൾ, ക്ഷേത്രങ്ങൾ, ഐക്കണിക് സ്പ്ലിറ്റ് ഗേറ്റുകൾ എന്നിങ്ങനെ വിവിധങ്ങളായ ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച കെട്ടിടങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. [28] ഈ തലസ്ഥാന സമുച്ചയം നിലവിൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി മാറുന്നതിനുള്ള ഒരു സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്നു.

പരമ്പരാഗത ജാവനീസ് കെട്ടിടം അതിന്റെ തടി തൂണുകൾ താങ്ങി നിർത്തുന്ന ട്രപസോയിഡ് ആകൃതിയിലുള്ള മേൽക്കൂര കൊണ്ട് തിരിച്ചറിയാൻ കഴിയും. [29] ജാവനീസ് കെട്ടിടത്തിലെ മറ്റൊരു പൊതു സവിശേഷത പെൻഡോപോ ആണ് (തുറന്ന വശവും നാല് വലിയ തൂണുകളുമുള്ള ഒരു പവലിയൻ). കെട്ടിടങ്ങളുടെ തൂണുകളും മറ്റ് ഭാഗങ്ങളും സമൃദ്ധമായി കൊത്തിയെടുത്തവ ആയിരിക്കും. ഈ വാസ്തുവിദ്യാ ശൈലി യോഗ്യക്കാർത്തയിലെ സുൽത്താനേറ്റുകളുടെ കൊട്ടാരങ്ങളിലും ( ഹാമെങ്കുബുവോനോ, പകുലാമാൻ കൊട്ടാരങ്ങൾ), സുരകാർത്തയിലെ ( പകുബുവോനോ, മങ്കുനെഗരൻ കൊട്ടാരങ്ങൾ) എന്നിവിടങ്ങളിൽ കാണാം. [30]

ജാവയിലെ പരമ്പരാഗത മസ്ജിദുകൾ സവിശേഷമായ ജാവനീസ് ശൈലി നിലനിർത്തുന്നു. പള്ളിയുടെ പ്രധാന സവിശേഷതയായി അതിൽ പെൻഡോപോ മോഡൽ അതിന്റെ പ്രാർത്ഥനാ ഹാളായി ഉപയോഗിക്കുന്നു. സാധാരണ മുസ്ലീം താഴികക്കുടത്തിന് പകരം ട്രപസോയിഡൽ മേൽക്കൂരയാണ് ഉപയോഗിക്കുന്നത്. ഈ മേൽക്കൂരകൾ പലപ്പോഴും പല നിലകൾ ഉള്ളതും ടൈലുകൾ ഒട്ടിച്ചതും ആണ്. [31] സാധാരണ മുസ്ലിം പള്ളികളിൽ കാണുന്ന താഴികക്കുടങ്ങൾ ഉപയോഗിക്കാത്തതിനു പുറമേ, പരമ്പരാഗത ജാവനീസ് മുസ്ലിം പള്ളികളിൽ പലപ്പോഴും മിനാരങ്ങൾ ഉണ്ടാകില്ല. [32] ജാവയിലെ പല പള്ളികളിലും പൊതു കെട്ടിടങ്ങളിലും മുൻകാല ഹിന്ദു-ബുദ്ധമത കാലഘട്ടത്തിലെ സ്പ്ലിറ്റ് ഗേറ്റ് ഇപ്പോഴും ഉപയോഗിക്കുന്നു.

പരമ്പരാഗത രീതിയിലുള്ള ജാവനീസ് വാസ്തുവിദ്യ ഉപയോഗിക്കുന്ന മുസ്ലിം പള്ളികളുടെ ശ്രദ്ധേയമായ ചില ഉദാഹരണങ്ങൾ അഗുങ് ഡെമാക് മോസ്‌ക്, മെനാറ കുഡസ് മോസ്‌ക്, ഗ്രാൻഡ് മോസ്‌ക് ഓഫ് ബാന്റൻ എന്നിവയാണ്. ഹൈന്ദവ ശൈലിയിലുള്ള ശിലകൾ കൊണ്ട് ഉള്ള വാസ്തുവിദ്യ ഉൾക്കൊള്ളുന്നതിനാൽ കുഡൂസ് പള്ളിയും ശ്രദ്ധേയമാണ്.

പേരുകൾ[തിരുത്തുക]

ജാവക്കാർക്ക് സാധാരണയായി കുടുംബപ്പേരുകൾ ഉണ്ടാകില്ല. പലർക്കും സുകാർണോ, സുഹാർട്ടോ എന്നിങ്ങനെ ഒരൊറ്റ പേര് മാത്രമേയുണ്ടാകൂ. ജാവനീസ് വംശജരുടെ പേരുകൾ പരമ്പരാഗത ജാവനീസ് ഭാഷകളിൽ നിന്ന് വന്നേക്കാം, പക്ഷേ അവയിൽ പലതും സംസ്കൃതത്തിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നവയായിരിക്കും. സു- എന്ന ഉപസർഗ്ഗം ഉള്ള പേരുകൾ, (സു- എന്നാൽ നല്ലത് എന്നർത്ഥം) വളരെ സാധാരണമാണ്. ഇസ്‌ലാമിന്റെ ആവിർഭാവത്തിനുശേഷം, പല ജാവൻ വംശജരും അറബിക് പേരുകൾ ഉപയോഗിക്കാൻ തുടങ്ങി, പ്രത്യേകിച്ച് ഇസ്‌ലാമിക സ്വാധീനം ശക്തമായിരുന്ന തീരപ്രദേശങ്ങളിൽ. സാധാരണക്കാർക്ക് സാധാരണയായി ഒരു വാക്കിന്റെ പേരുകൾ മാത്രമേ ഉണ്ടാകൂ, പ്രഭുക്കന്മാർ രണ്ടോ അതിലധികമോ പദങ്ങളുടെ പേരുകൾ ഉപയോഗിക്കുന്നു, എന്നാൽ അപൂർവ്വമായി ഒരു കുടുംബപ്പേര്. മറ്റ് സംസ്കാരങ്ങളുടെ സ്വാധീനം കാരണം, പലരും മറ്റ് ഭാഷകളിൽ നിന്നുള്ള പേരുകൾ ഉപയോഗിക്കാൻ തുടങ്ങി, പ്രധാനമായും യൂറോപ്യൻ ഭാഷകളുടെ സ്വാധീനം കൊണ്ട് . ക്രിസ്ത്യൻ ജാവനീസ് സാധാരണയായി ലാറ്റിൻ സ്നാപന നാമങ്ങളും തുടർന്ന് പരമ്പരാഗത ജാവനീസ് നാമവും ഉപയോഗിക്കുന്നു.

ചില ആളുകൾ പിതാവിന്റെയോ പൂർവ്വികൻറെയോ പേരിൽ നിന്നും ഉത്ഭവിച്ച ഒരു പേരും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, അബ്ദുറഹ്മാൻ വാഹിദിന്റെ പേര് സ്വാതന്ത്ര്യ സമര സേനാനിയും മന്ത്രിയുമായിരുന്ന പിതാവിന്റെ പേരിൽ നിന്നാണ് ( വാഹിദ് ഹാസിം ) ഉൾഭവിച്ചത്. വാഹിദ് ഹാസിമിന്റെ പേര് അദ്ദേഹത്തിന്റെ പിതാവിന്റെ പേരിൽ നിന്നാണ് ഉൾഭവിച്ചത്: പ്രശസ്ത ഇസ്ലാമിക പുരോഹിതനും നഹ്‌ദലത്തുൽ ഉലമ സംഘടനയുടെ സ്ഥാപകനുമായ ഹാസിം അസ്യാരിയുടെ പേരിൽ നിന്നും.

പാചകരീതി[തിരുത്തുക]

ജാവനീസ് പാചകരീതിയുടെ ഉദാഹരണം. ഘടികാരദിശയിൽ: വറുത്ത തേമ്പെ, മിലിഞ്ചോ പടക്കങ്ങൾ, തേക്കിന്റെ ഇലയിൽ പൊതിഞ്ഞ ചോറിനൊപ്പം ഗുഡെഗ്, പച്ചമുളക് സാമ്പൽ, നാരങ്ങ അരിഞ്ഞത്.
ടുംപെങ്, അഗ്നിപർവ്വതത്തെ പ്രതീകപ്പെടുത്തുന്ന ഒരു ജാവനീസ് അരി വിഭവം.

ജാവനീസ് പാചകരീതിയും സംസ്കാരവും ദ്വീപിലെ പ്രധാന ഭക്ഷണമായ അരിയ്ക്ക് ഏറ്റവും മുഖ്യമായ സ്ഥാനം കൊടുക്കുന്നു. ഒരാൾ ഇതുവരെ ചോറ് കഴിച്ചിട്ടില്ലെങ്കിൽ ഭക്ഷണം കഴിക്കരുതെന്ന് ആണ് ജാവനീസ് ജനതയുടെ ഒരു ആചാരം. [33] ബ്രെഡ് കഴിക്കുന്ന വിദേശികളും (യൂറോപ്യന്മാർ) മറ്റ് ദ്വീപുകളിൽ താമസിക്കുന്നവരും സാഗോ കഴിക്കുന്നവരുമായി (ഉദാഹരണത്തിന് മൊളൂക്കക്കാർ ) ജാവനീസ് അവരെ വേർതിരിക്കുന്നത് അരി കഴിക്കാത്തവർ എന്നാണ്. അരി വികസനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്, അതേസമയം മരച്ചീനിയും കിഴങ്ങുവർഗ്ഗവും ദാരിദ്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. [34]

ജാവനീസ് പാചകരീതി ഓരോ പ്രദേശങ്ങൾക്കനുസരിച്ച് വളരെ വ്യത്യസ്തമാണ്. കിഴക്കൻ ജാവനീസ് പാചകരീതിയിൽ കൂടുതൽ ഉപ്പിട്ടതും എരിവ് ഉള്ളതുമായ ഭക്ഷണങ്ങൾക്കാണ് മുൻഗണന നൽകുന്നത്. [35] മധ്യ ജാവനീസ് പ്രദേശത്തുള്ളവർ കൂടുതലും മധുരമുള്ള ഭക്ഷണങ്ങളാണ് ഇഷ്ടപ്പെടുന്നത്.

ജാവനീസ് പാചകരീതിയിലെ ഒരു പ്രശസ്തമായ ഭക്ഷണമായ റുജാക് സിംഗൂർ, [36] (മാരിനേറ്റ് ചെയ്ത പശുവിന്റെ ചുണ്ടുകളും മൂക്കും), പച്ചക്കറികൾ, ചെമ്മീൻ, കൊഞ്ച്, എന്നിവയോടൊപ്പം മുളകരച്ച സമ്മന്തി, നിലക്കടല സോസ് എന്നിവയ്ക്കൊപ്പം വിളമ്പുന്നു. കിഴക്കൻ ജാവയിലെ [[സുരബായ]]യുടെ പരമ്പരാഗത ഭക്ഷണമായി റുജാക് സിങ്ഗുർ കണക്കാക്കപ്പെടുന്നു.

ഇളം ചക്കപഴം (നങ്ക), പനഞ്ചക്കരയും തേങ്ങാപ്പാലും ചേർത്ത് മണിക്കൂറുകളോളം തിളപ്പിച്ച് ഉണ്ടാക്കുന്ന ഗുഡെഗ്, യോഗ്യകാർത്ത [37], സെൻട്രൽ ജാവ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു പരമ്പരാഗത ഭക്ഷണ വിഭവം ആണ്.

ജാവനീസ് വംശജരുടെ സാലഡ് വിഭവമാണ് റുജാക്ക്. കഷണങ്ങളാക്കിയ പഴങ്ങളും പച്ചക്കറികളും ചേർത്ത് മസാലകൾ നിറഞ്ഞ പാം ഷുഗർ ഡ്രെസ്സിംഗിനൊപ്പം വിളമ്പുന്ന സാലഡാണ് റുജാക്. പൊടിച്ച മുളക്, ഈന്തപ്പഴം പഞ്ചസാര, നിലക്കടല എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന മധുരവും ചൂടും മസാലയും ഉള്ള ഡ്രസ്സിംഗ് കാരണം ഇത് പലപ്പോഴും എരിവും മസാലയും ഉള്ള ഫ്രൂട്ട് സാലഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

അസംസ്കൃതവും ചെറുതായി വേവിച്ചതും ബ്ലാഞ്ച് ചെയ്തതോ ആവിയിൽ വേവിച്ചതോ ആയ പച്ചക്കറികൾ, പുഴുങ്ങിയ മുട്ടകൾ, വേവിച്ച ഉരുളക്കിഴങ്ങ്, വറുത്ത ടോഫു, ടെമ്പെ, ലോണ്ടോംഗ് (വാഴയിലയിൽ പൊതിഞ്ഞ അരി) എന്നിവയുടെ സാലഡാണ് ഗാഡോ-ഗാഡോ.

ജാവനീസ് പാചകരീതിയിലെ ഒരു സാധാരണ ചേരുവയാണ് പെസെൽ എന്നറിയപ്പെടുന്ന മുളക് [38] കൊണ്ടുള്ള ഒരു തരം പീനട്ട് സോസ്. വിവിധ തരം റുജാക്ക് , ഗാഡോ-ഗാഡോ എന്നിവയിൽ ഇത് ഉപയോഗിക്കുന്നു. അരിയും ചെമ്മീനും മുട്ടയും പച്ചക്കറികളും ചേർത്ത് ഉണ്ടാക്കുന്ന നാസി പെസൽ (പെസൽ റൈസ്) ഉണ്ടാക്കാൻ പെസൽ ഒറ്റ സോസ് ആയും ഉപയോഗിക്കാം. [39]

അരി മഞ്ഞളും ചേർത്ത് പാചകം ചെയ്ത മഞ്ഞനിറമുള്ള കോണാകൃതിയിലുള്ള അഗ്നിപർവ്വതത്തിന്റെ രൂപത്തിൽ വിളമ്പുന്ന ഒരു അരി വിഭവം ആണ് ടുമ്പെംഗ്.[40] ജാവയിലെ ചടങ്ങുകളുടെ ഒരു പ്രധാന ഭാഗമാണിത്. ജന്മദിനം, വീട് മാറൽ, അല്ലെങ്കിൽ മറ്റ് ചടങ്ങുകൾ എന്നിവ പോലുള്ള മുഖ്യമായ പരിപാടികളിൽ തുംപെംഗ് വിളമ്പും. [41] പരമ്പരാഗതമായി, മുളയിൽ നിന്ന് ഉണ്ടാക്കിയ ബെസെക് എന്ന് പേരുള്ള വൃത്താകൃതിയിലുള്ള പ്ലേറ്റിൽ വറുത്ത ചിക്കൻ, വേവിച്ച മുട്ട, പച്ചക്കറികൾ, ആട്ടിൻ മാംസം എന്നിവയ്‌ക്കൊപ്പം തുംപെങ്ങ് വിളമ്പുന്നു .

ജാവയിലെ ഒരു ശ്രദ്ധേയമായ ഭക്ഷണമാണ് ടെമ്പെ, സോയാ ബീൻ പൂപ്പൽ ഉപയോഗിച്ച് പുളിപ്പിച്ച മാംസത്തിന് പകരമായിട്ടാണിത് പാകം ചെയ്യുന്നത്. ജാവയിലെ പ്രോട്ടീന്റെ പ്രധാന സ്രോതസ്സാണ് ഇത്, സസ്യാഹാരികൾക്ക് മികച്ച മാംസത്തിന് പകരക്കാരനായി ലോകത്ത് ഇത് പ്രചാരത്തിലുണ്ട്.

ഇതും കാണുക[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • കോയഞ്ചരനിൻഗ്രാട്ട് . (1985). ജാവനീസ് സംസ്കാരം. സിംഗപ്പൂർ: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്.

കുറിപ്പുകൾ[തിരുത്തുക]

 1. Shucker, M. A. M. (1986). Muslims of Sri Lanka: avenues to antiquity. Jamiah Naleemia Inst.
 2. Williams, Faldela (1988). Cape Malay Cookbook. Struik. ISBN 978-1-86825-560-3.
 3. Matusky, Patricia Ann; Sooi Beng Tan (2004). The music of Malaysia: the classical, folk, and syncretic traditions. Ashgate Publishing. pp. 107. ISBN 978-0-7546-0831-8.
 4. Osnes, Beth (2010). The Shadow Puppet Theatre of Malaysia: A Study of Wayang Kulit with Performance Scripts and Puppet Designs. McFarland. p. 26. ISBN 978-0-7864-4838-8.
 5. 5.0 5.1 "Departemen Hukum dan Hak Asasi Manusia Republik Indonesia - UUD 1945 - UUD 1945". Archived from the original on 2010-02-12. Retrieved 2011-06-09.
 6. Wink, André (2004). Indo-Islamic society, 14th-15th centuries. BRILL. p. 217. ISBN 978-90-0413561-1.
 7. "Javanese Religion".
 8. Muhaimin, A.G. (2006). The Islamic Traditions of Cirebon: Ibadat and Adat among Javanese Muslims. ANU E Press. pp. 35. ISBN 978-1-920942-31-1.
 9. "WALISONGO". Archived from the original on 2022-11-18. Retrieved 2022-11-18.
 10. Beatty, Andrew (1999). Varieties of Javanese religion: an anthropological account. Cambridge University Press. ISBN 978-0-521-62473-2.
 11. Koentjaraningrat (2007). Villages in Indonesia. Equinox Publishing. ISBN 978-979-378051-1.
 12. McDonald, Hamish (1980). Suharto's Indonesia. Melbourne: Fontana. pp. 9–10. ISBN 0-00-635721-0.
 13. Antlöv, Hans; Sven Cederroth (1994). Leadership on Java: gentle hints, authoritarian rule. Routledge. p. 108. ISBN 978-0-7007-0295-4.
 14. Antlöv, Hans; Sven Cederroth (1994). Leadership on Java: gentle hints, authoritarian rule. Routledge. p. 108. ISBN 978-0-7007-0295-4.
 15. "Proses Pemilihan Kepala Desa Dalam Rangka Pelaksanaan Democracy". Archived from the original on 2012-03-12. Retrieved 2022-11-18.
 16. Ward, Kathryn B. (1990). Women workers and global restructuring. Cornell University Press. pp. 46. ISBN 978-0-87546-162-5.
 17. 17.0 17.1 Emmerson, Donald K. (1999). Indonesia beyond Suharto: polity, economy, society, transition. M.E. Sharpe. p. 242. ISBN 978-1-56324-890-0.
 18. Geertz, Clifford (1976). The religion of Java. University of Chicago Press. ISBN 978-0-226-28510-8.
 19. Robson, Stuart; Singgih Wibisono (2002). Javanese English dictionary. Tuttle Publishing. ISBN 978-0-7946-0000-6.
 20. Marr, David G.; Anthony Crothers Milner (1986). Southeast Asia in the 9th to 14th centuries. Institute of Southeast Asian Studies. ISBN 978-9971-988-39-5.
 21. Errington, James Joseph (1998). Shifting languages: interaction and identity in Javanese Indonesia. Cambridge University Press. ISBN 978-0-521-63448-9.
 22. Robson, Stuart; Singgih Wibisono (2002). Javanese English dictionary. Tuttle Publishing. ISBN 978-0-7946-0000-6.
 23. 23.0 23.1 Gérard, Françoise; François Ruf (2001). Agriculture in crisis: people, commodities and natural resources in Indonesia, 1996-2000. Routledge. p. 301. ISBN 978-0-7007-1465-0.
 24. Dunham, Stanley Ann; Alice G. Dewey (2009). Surviving Against the Odds: Village Industry in Indonesia. Duke University Press. p. 50. ISBN 978-0-8223-4687-6.
 25. Dunham, Stanley Ann; Alice G. Dewey (2009). Surviving Against the Odds: Village Industry in Indonesia. Duke University Press. p. 50. ISBN 978-0-8223-4687-6.
 26. Thomas Stamford Raffles, The History of Java, Oxford University Press, 1965, ISBN 0-19-580347-7, 1088 pages.
 27. Tadié, J (1998), Guillaud, Dominique; Seysset, M.; Walter, Annie (eds.), Kota Gede : le devenir identitaire d'un quartier périphérique historique de Yogyakarta (Indonésie); Le voyage inachevé... à Joël Bonnemaison, ORSTOM, archived from the original on 9 August 2020, retrieved 20 April 2012
 28. Ministry of Culture and Tourism of the Republic of Indonesia (October 6, 2009). "Trowulan - Former Capital City of Majapahit Kingdom". United Nations Educational, Scientific and Cultural Organization (UNESCO) World Heritage Convention.
 29. Karaton Ngayogyakarta Hadiningrat (2002). Kraton Jogja: the history and cultural heritage. Kraton Yogyakarta, Indonesia Marketing Association. ISBN 978-979-969060-9.
 30. Eliot, Joshua; Liz Capaldi; Jane Bickersteth (2001). Indonesia handbook, Volume 3. Footprint Travel Guides. p. 303. ISBN 978-1-900949-51-4.
 31. Kusno, Abidin (2000). Behind the postcolonial: architecture, urban space, and political cultures in Indonesia. Routledge. p. 3. ISBN 9780415236157.
 32. Singh, Nagendra Kr (2002). International encyclopaedia of Islamic dynasties. Anmol Publications. p. 148. ISBN 978-81-2610403-1.
 33. Kalekin-Fishman, Devorah; Kelvin E. Y. Low (2010). Everyday Life in Asia: Social Perspectives on the Senses. Ashgate Publishing, Ltd. p. 52. ISBN 978-0-7546-7994-3.
 34. DuFon, Margaret A.; Eton Churchill (2006). Language learners in study abroad contexts. Multilingual Matters. p. 110. ISBN 978-1-85359-851-7.
 35. DuFon, Margaret A.; Eton Churchill (2006). Language learners in study abroad contexts. Multilingual Matters. p. 110. ISBN 978-1-85359-851-7.
 36. Tania, Vania (2008). Djakabaia: Djalan-djalan dan Makan-makan. Gramedia Pustaka Utama. ISBN 978-979-223923-2.
 37. Tempat Makan Favorit di 6 Kota. AgroMedia. 2008. p. 136. ISBN 978-979-006166-8.
 38. Witton, Patrick; Mark Elliott; Paul Greenway; Virginia Jealous (2003). Indonesia. Lonely Planet. p. 108. ISBN 978-1-74059-154-6.
 39. Soebroto, Chris (2004). Indonesia OK!!: the guide with a gentle twist. Galangpress Group. p. 72. ISBN 978-979-934179-2.
 40. Kim, Hyung-Jun (2006). Reformist Muslims in Yogyakarta Village: the Islamic transformation of contemporary socio-religious life. ANU E Press. p. 126. ISBN 978-1-920942-34-2.
 41. Owen, Sri (1999). Indonesian Regional Food and Cookery. Frances Lincoln Ltd. p. 173. ISBN 978-0-7112-1273-2.
"https://ml.wikipedia.org/w/index.php?title=ജാവൻ_സംസ്കാരം&oldid=3924804" എന്ന താളിൽനിന്ന് ശേഖരിച്ചത്