ജാരോസ്ലാവ് പെലികൻ
ക്രിസ്തുമതത്തിന്റേയും ക്രിസ്തീയവിശ്വാസസംഹിതയുടേയും മദ്ധ്യകാലബൗദ്ധികതയുടേയും ചരിത്രകാരനായിരുന്നു ജാരോസ്ലാവ് ജാൻ പെലികൻ (ജനനം: ഡിസംബർ 17 1923; മരണം മേയ് 13, 2006). അഞ്ചു വാല്യങ്ങൾ അടങ്ങിയ ക്രിസ്തീയ പാരമ്പര്യം: വിശ്വാസത്തിന്റെ വികാസം ഉൾപ്പെടെ മുപ്പതിലധികം കൃതികൾ രചിച്ച പെലികൻ ക്രിസ്തീയതയുടെ പാശ്ചാത്യ, പൗരസ്ത്യധാരകൾക്ക് തുല്യപ്രാധാന്യം നൽകിക്കൊണ്ട് വിശ്വാസവികാസത്തിന്റെ ചരിത്രം പരിശോധിക്കാൻ ശ്രമിച്ചു.[1]
സഭാചരിത്രകാരനെന്ന നിലയിൽ അദ്ദേഹം ലക്ഷ്യമാക്കിയത് തങ്ങളുടെ മതത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ക്രിസ്ത്യാനികളുടെ 'ഓർമ്മക്കേട്' അവസാനിപ്പിക്കാനായിരുന്നു. ക്രിസ്തീയതയുടെ പൗരസ്ത്യഭൂമികയെക്കുറിച്ച് പാശ്ചാത്യക്രിസ്തീയതയിലും, ക്രിസ്തുമതത്തിന്റെ യഹൂദപശ്ചാത്തലത്തെക്കുറിച്ച് ക്രിസ്ത്യാനികൾക്കിടയിൽ പൊതുവേയും, ജൂത-ക്രൈസ്തവവിശ്വാസങ്ങൾ പങ്കുപറ്റുന്ന ക്ലാസ്സിക്കൽ യവനപാരമ്പര്യത്തെക്കുറിച്ച് യഹൂദർക്കും ക്രിസ്ത്യാനികൾക്കും ഇടയിലും ഉള്ള അജ്ഞത അകറ്റാനും അദ്ദേഹം പരിശ്രമിച്ചു.[2]
ക്രിസ്തീയപാരമ്പര്യത്തിൽ ജീവിതകാലമത്രയും തത്പരനായിരുന്ന പെലികൻ അന്ധമായ പാരമ്പര്യവാദത്തെ എതിർക്കുകയും ചെയ്തു. "പാരമ്പര്യം പരേതരുടെ ജീവനോടെയിരിക്കുന്ന വിശ്വാസമാണ്; പാരമ്പര്യവാദം ജീവിക്കുന്നവരുടെ മൃതവിശ്വാസവും" എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം പ്രസിദ്ധമാണ്.[2]
ജീവിതം
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോ സംസ്ഥാനത്ത് ബഹുഭാഷാപശ്ചാത്തലമുള്ള ലൂഥറൻ കുടിയേറ്റക്കാരുടെ ഒരു കുടുംബത്തിലാണ് പെലികൻ ജനിച്ചത്. നാലുവയസ്സുള്ളപ്പോൾ ഐക്യനാടുകളിൽ കുടിയേറിയ സ്ലോവാക്യക്കാരനായ അദ്ദേഹത്തിന്റെ പിതാവ് പിന്നീട് ലൂഥറൻ പാതിരിയായി ജന്മനാട്ടിലേക്കു പോയി. അമ്മ സെർബിയാക്കാരിയും അമ്മയുടെ അച്ഛൻ അമേരിക്കയിൽ സ്ലോവാക്കിയ ലൂഥറൻ സഭയിലെ മെത്രാനും ആയിരുന്നു. ഈ പശ്ചാത്തലം പെലികന് തീരെ ചെറിയ പ്രായത്തിൽ തന്നെ ഭാഷാപഠനത്തിൽ താത്പര്യം നൽകി. പേന പിടിച്ച് എഴുതാൻ ബുദ്ധിമുട്ടായിരുന്ന രണ്ടരവയസ്സിൽ അമ്മ, തന്നെ ടൈപ്പ്റൈറ്ററിൽ എഴുതാൻ പരിശീലിപ്പിച്ചതായി പെലികൻ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. സ്ലോവാക്കിയൻ, ചെക്ക്, ജർമ്മൻ, ഇംഗ്ലീഷ് ഭാഷകൾ ബാല്യത്തിലും, ഗ്രീക്ക്, ലത്തീൻ, സെർബിയൻ, റഷ്യൻ, എബ്രായ ഭാഷകൾ പിന്നീടും അദ്ദേഹം പഠിച്ചു.[1]
മിസോറിയിൽ സെയ്ന്റ് ലൂയീസിലെ കോൺകോർഡിയ ദൈവശാസ്ത്ര സെമിനാരിയിൽ വിദ്യാർത്ഥിയായ പെലികൻ 1946-ൽ 22 വയസ്സു മാത്രമുള്ളപ്പോൾ ബിരുദം നേടി ലൂഥറൻ ശുശ്രൂഷകന്റെ നിയുക്തിയിലെത്തി. അതേവർഷം അദ്ദേഹം ചിക്കാഗോ സർവകലാശാലയിൽ നിന്ന് പി.എച്ച്. ഡിയും നേടി. മതശുശ്രൂഷകന്റെ നിയുക്തി ഉണ്ടായിരുന്നെങ്കിലും എഴുത്തിന്റെയും അദ്ധ്യാപനത്തിന്റേയും വഴിയാണ് അദ്ദേഹം മുഖ്യമായും പിന്തുടർന്നത്. ആദ്യം ഇൻഡിയാനയിലെ വാൽപരാസിയോ സർവകലാശാലയിലും മാതൃവിദ്യാലയമായ കോൺകോർഡിയാ സെമിനാരിയിലും പഠിപ്പിച്ച പെലികൻ 1962-ൽ യേൽ സർവകലാശാലയിൽ സഭാചരിത്രത്തിന്റെ പ്രൊഫസറായി. 1996-ൽ വിരമിച്ചതിനു ശേഷവും അവിടെ അദ്ദേഹം എമരിറ്റസ് പ്രൊഫസറായി തുടർന്നു.
കൃതികൾ
[തിരുത്തുക]"ക്രിസ്തീയ പാരമ്പര്യം: വിശ്വാസത്തിന്റെ വികാസം" എന്ന അഞ്ചുവാല്യങ്ങൾ ചേർന്ന കൃതിയാണ് പെലികന്റെ മുഖ്യരചന. "കത്തോലിക്കാമതത്തിന്റെ പ്രഹേളിക" എന്ന കൃതി കത്തോലിക്കാവിശ്വാസത്തെ വിമർശനം ഒഴിവാക്കാതെയാണെങ്കിലും അനുഭാവപൂർവം വിലയിരുത്താനുള്ള ശ്രമമാണ്. പ്രൊട്ടസ്റ്റന്റ് നവീകർത്താവായ മാർട്ടിൻ ലൂഥറുടെ കൃതികളുടെ ബഹുവാല്യ ഇംഗ്ലീഷ് പതിപ്പിന്റെ സംശോധനയിൽ അദ്ദേഹം മുഖ്യപങ്കു വഹിച്ചു. വ്യത്യസ്ത ക്രിസ്തീയധാരകളിലെ വിശ്വാസപ്രമാണങ്ങളുടെ വികാസചരിത്രം പരിശോധിക്കുന്ന 'ക്രീഡോ'-യും (Credo) പെലികന്റെ പ്രധാന രചനകളിൽ ഒന്നാണ്. ചരിത്രപ്രയാണത്തിൽ യേശുസങ്കല്പത്തിനു സംഭവിച്ച പരിണാമത്തിന്റെ പഠനമാണ് "യേശു നൂറ്റാണ്ടുകളിലൂടെ" (Jesus through Centuries) എന്ന കൃതി. യേശുവിന്റെ അമ്മയായ മറിയത്തിന്റെ പ്രതിച്ഛായുടെ പരിണാമവികാസങ്ങളുടേയും മനുഷ്യസംസ്കാരത്തിന്റെ ചരിത്രത്തിൽ മറിയം വഹിച്ച പങ്കിന്റേയും പഠനമാണ് "മേരി നൂറ്റാണ്ടുകളിലൂടെ: സംസ്കാരത്തിന്റെ ചരിത്രത്തിൽ അവളുടെ സ്ഥാനം" (Mary through Centuries: Her Place in the History of Culture) എന്ന കൃതി. സംഗീതജ്ഞനായ ജോഹാൻ സെബാസ്റ്റിൻ ബാക്കിന്റെ ക്രിസ്തീയപശ്ചാത്തലം തേടുന്ന "ദൈവശാസ്ത്രജ്ഞന്മാർക്കിടയിൽ ബാക്ക്" (Bach among the Theologians) ആണ് മറ്റൊരു രചന. പെലികന്റെ രചനാസമുച്ചയം മദ്ധ്യകാലദർശനം, നവോത്ഥാനം, വിശുദ്ധ അഗസ്റ്റിന്റെ ചിന്താ-വ്യക്തിത്വങ്ങൾ, കീർക്കെഗാഡ് എന്നീ വിഷയങ്ങളേയും സ്പർശിച്ചു നിൽക്കുന്നു.[3]
പരിവർത്തനം
[തിരുത്തുക]ലൂഥറൻ പാതിരിയുടെ മകനായി പ്രൊട്ടസ്റ്റന്റ് പാരമ്പര്യത്തിൽ ജനിച്ചുവളർന്നെ പെലികൻ തന്റെ ദീർഘായുസിന്റെ അവസാനദശകത്തിൽ(1998) ഓർത്തഡോക്സ് ക്രിസ്തീയതയിലേക്കു പരിവർത്തിതനായി.[4] ഈ പരിവർത്തനം പെട്ടെന്ന് സംഭവിച്ചതല്ലെന്നും 40 വർഷത്തിലേറെ ദീർഘിച്ച പരിചിന്തനത്തിന്റെ ഫലമായിരുന്നെന്നും പെലികന്റെ സുഹൃത്ത് റോബർട്ട് ലൂയി വിൽക്കെൻ വിശദീകരിക്കുന്നു. കുടുംബം ലൂഥറൻ വിശ്വാസം പിന്തുടർന്നിരുന്നെങ്കിലും കിഴക്കൻ യൂറോപ്യൻ-സ്ലാവിക് പശ്ചാത്തലത്തിൽ സ്ലോവാക്യൻ ഭാഷ പഠിച്ചാണ് അദ്ദേഹം വളർന്നത്. പിന്നീട് റഷ്യൻ ഭാഷ പഠിച്ച അദ്ദേഹത്തിന് സ്ലാവിക് സംസ്കാരത്തോട് അതിരറ്റ സ്നേഹ-ബഹുമാനങ്ങൾ ഉണ്ടായിരുന്നു. മരണാനന്തരം, താൻ അദ്ധ്യാപകനായിരുന്ന യേൽ സർവകലാശാലയിയിൽ നടക്കാനിരുന്ന അനുസ്മരണച്ചടങ്ങിൽ റഷ്യൻ നോവലിസ്റ്റ് ദസ്തയോവ്സ്കിയുടെ കരമസോവ് സഹോദരന്മാർ എന്ന കൃതിയിലെ ഗ്രാൻഡ് ഇൻക്വിസിറ്റർ ഖണ്ഡം വായിക്കണമെന്നും റഷ്യൻ സംഗീതജ്ഞൻ സെർജീ റക്മാനിനോഫിന്റെ ഓർത്തഡോക്സ് സായാഹ്നപ്രാർത്ഥനയിലെ ദൈവമാതൃഗീതം ആലപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നതായും വിൽക്കെൻ ചൂണ്ടിക്കാണിക്കുന്നു.[5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Library of Congress, John W. Kluge Prize for Achievement in the Study of Humanity, Jaroslav Pelikan (Winner, 2004)
- ↑ 2.0 2.1 Professor Jaroslav Pelikan, Author of 'The Christian Tradition', "ദ ഇൻഡിപെൻഡന്റ്" ദിനപത്രത്തിലെ ലേഖനം
- ↑ ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിലെ ലേഖനം, Jaroslav Pelikan, Wide-Ranging Historian of Christian Traditions, Dies
- ↑ Yale University, Giffordlectures.org Jaroslav Pelikan Archived 2009-01-24 at the Wayback Machine.
- ↑ ജാരോസ്ലാവ് പെലികനും ഓർത്തഡോക്സിയിലേക്കുള്ള വഴിയും,റോബർട്ട് ലൂയിസ് വിൽക്കെൻ, Concordia Theological Quarterly 74 (2010)