ജാബ്രി ഉത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസർകോഡ് ജില്ലയിൽ ബെള്ളൂർ ഗ്രാമപ്പഞ്ചായത്തിൽ കർണാടകാതിർത്തിയോടു ചേർന്നുള്ള ബൻതാജെയിൽ നടക്കുന്ന സവിശേഷമായൊരു ഉൽസവമാണ് 'ജാബ്രി ഉത്സവം'[1].

ജാബ്രി ഗുഹ[തിരുത്തുക]

നെട്ടണിഗെ മഹോതാഭാര മഹാലിംഗേശ്വരക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് ജാബ്രി ഗുഹ. 12 വർഷത്തിലൊരിക്കലാണ് സ്വയംഭൂഗുഹയിൽ (ജാബ്രി ഗുഹ) പ്രവേശിക്കുന്ന ജാബ്രി ഉത്സവം. വിശ്വാസവും ദുരൂഹതയും ചേർന്നുകിടക്കുന്നതാണ് ഗുഹാപ്രവേശാഘോഷം.

ചടങ്ങ്[തിരുത്തുക]

48 ദിവസം പുറംലോകം കാണാതെ വ്രതംനോൽക്കുന്ന കാപ്പാടന്മാരാണ് കാടുകൾ തെളിച്ച് ഗുഹാപ്രവേശത്തിന് വഴിയൊരുക്കുന്നത്. മൊഗേരു സമുദായത്തിലെ അംഗങ്ങളാണ് കാപ്പാടൻമാരാകുന്നത്. ബൻതാജെ വനത്തിലെ ഗുഹയിൽ പ്രവേശിക്കുന്നതിനുമുമ്പ് കല്യാണവും പ്രതീകാത്മകമായി മരണാനന്തരചടങ്ങും നടത്തണമെന്നാണ് വിശ്വാസം [2]. തുടർന്ന് ക്ഷേത്രത്തിനു സമീപത്തുള്ള കുന്നിൻമുകളിൽ തയ്യാറാക്കിയ കുടിലിൽ പുറംലോകവുമായി ഒരു ഒരു ബന്ധവുമില്ലാതെ 48 ദിവസം വ്രതം. ശരീരത്തിലെ രോമങ്ങൾ കളഞ്ഞ് വിവസ്ത്രരായി പച്ചയോലയിൽ കിടന്നാണ് വ്രതം. പാരമ്പര്യമായാണ് സ്ഥാനം ഏറ്റെടുക്കുന്നത്. ക്ഷേത്രത്തിൽനിന്നാണ് ഭക്ഷണം. പരസ്പരം കാണാതെ കുടിലിനുള്ളിലേക്ക് ഭക്ഷണപാത്രം വെയ്ക്കുകയാണ് പതിവ്. ക്ഷേത്രപരിസരത്തുനിന്ന് തുടങ്ങുന്ന ഗുഹാപ്രവേശയാത്രയിൽ മുന്നിലായി വെളുത്ത പുതുവസ്ത്രങ്ങൾ ധരിച്ച് കാപ്പാടന്മാർ തീപ്പന്തവുമായി നടക്കും. രണ്ടുമണിക്കൂറോളം കാട്ടിലൂടെ ചെങ്കുത്തായ കയറ്റം കയറിയാണ് ഗുഹാകവാടത്തിലെത്തുക. ഗുഹയുടെ സമീപംവരെ ഭക്തരുമുണ്ടാകും. ആറടി നീളവും മൂന്നടി വീതിയുമാണ് ഗുഹാകവാടത്തിനുള്ളത്. പത്തടി താഴേക്കിറങ്ങിയാണ് ഗുഹയിൽ കടക്കേണ്ടത്. പാറകൾക്കിടയിലൂടെയുള്ള കുഴിയിലിറങ്ങി വലിയഗുഹയിലേക്ക് പ്രവേശിക്കും. കാപ്പാടൻമാർ ആദ്യം ഗുഹയിലിറങ്ങും. പൂജാകർമങ്ങൾക്കുള്ള സൗകര്യങ്ങൾ ഗുഹയ്ക്കകത്തൊരുക്കാൻ കുറച്ചുസമയം കാത്തിരുന്നതിനുശേഷം കൈവിളക്കേന്തിയ സ്ഥാനികൾ കയറും. തൊട്ടുപിറകിൽ പ്രധാന തന്ത്രിവര്യനും പ്രവേശിക്കും. ഗുഹയ്ക്കകത്തുള്ള കർമങ്ങൾ കഴിഞ്ഞ് തിരിച്ചെത്തുംവരെ ഭക്തർ കാത്തുനിൽക്കും. പവിത്രമെന്നു വിശ്വസിക്കുന്ന ഗുഹയിലെ മണ്ണുമായാണ് ഇവർ പുറത്തേക്കുവരിക. ഗുഹയ്ക്കകത്ത് നടക്കുന്ന കർമങ്ങളോ കണ്ട കാര്യങ്ങളോ ആരോടും പറയാൻ പാടില്ലെന്നാണ് വിശ്വാസം.


അവലംബം[തിരുത്തുക]

  1. [1] Archived 2017-03-13 at the Wayback Machine.|മാതൃഭൂമി ദിനപത്രം 13 മാർച്ച് 2017
  2. [2][പ്രവർത്തിക്കാത്ത കണ്ണി]|ജാബ്രി ഗുഹാപ്രവേശം മെയ് രണ്ടിന്; വഴികാട്ടിയായ കാപ്പാടന്റെ കല്യാണം നടത്തി
"https://ml.wikipedia.org/w/index.php?title=ജാബ്രി_ഉത്സവം&oldid=3804365" എന്ന താളിൽനിന്ന് ശേഖരിച്ചത്