ജാനറ്റ് റൗളി
ജാനറ്റ് റൗളി | |
|---|---|
ജാനറ്റ് റൗളി | |
| ജനനം | ജാനറ്റ് ഡേവിസൺ ഏപ്രിൽ 5, 1925 |
| മരണം | ഡിസംബർ 17, 2013 (88 വയസ്സ്) |
| അൽമ മേറ്റർ | ചിക്കാഗോ സർവകലാശാല |
| അറിയപ്പെടുന്നത് | രക്താർബുദത്തിനും മറ്റ് അർബുദങ്ങൾക്കും കാരണമാകുന്ന ക്രോമസോം ട്രാൻസ്ലോക്കേഷൻ ആദ്യമായി തിരിച്ചറിഞ്ഞത് |
| അവാർഡുകൾ |
|
| Scientific career | |
| Institutions | ചിക്കാഗോ സർവകലാശാല |
ഒരു അമേരിക്കൻ ജനിതകശാസ്ത്രജ്ഞയായിരുന്നു ജാനറ്റ് ഡേവിസൺ റൗളി (ജീവിതകാലം: ഏപ്രിൽ 5, 1925 - ഡിസംബർ 17, 2013). രക്താർബുദത്തിനും മറ്റ് അർബുദങ്ങൾക്കും കാരണമാകുന്ന ക്രോമസോം ട്രാൻസ്ലോക്കേഷൻ ആദ്യമായി തിരിച്ചറിഞ്ഞത് ഇവരായിരുന്നു. ഇതിലൂടെ കാൻസർ ഒരു ജനിതകരോഗമാണെന്ന് തെളിയിക്കപ്പെട്ടു.[1] ജാനറ്റ് റൗളി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിക്കാഗോയിലാണ് ജോലി ചെയ്തത്. ജനിതകശാസ്ത്ര മേഖലയിലെ നേട്ടങ്ങളും സംഭാവനകളും പരിഗണിച്ച് ജീവിതകാലത്തുടനീളം നിരവധി പുരസ്കാരങ്ങളും ബഹുമതികളും അവർക്ക് ലഭിച്ചു.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]ജാനറ്റ് ഡേവിസൺ 1925-ൽ ന്യൂയോർക്ക് നഗരത്തിൽ ജനിച്ചു. അവരുടെ പിതാവ് ഹർഫോർഡും മാതാവ് എഥേൽ ബാലന്റൈനും അദ്ധ്യാപകരായിരുന്നു. പിന്നീട് സ്കൂൾ ലൈബ്രേറിയനാകുന്നതിനായി മാതാവ് അദ്ധ്യാപനം ഉപേക്ഷിച്ചു.
ജാനറ്റ് ഡേവിസൺ ന്യൂജേഴ്‌സിയിലെ ഒരു ജൂനിയർ ഹൈസ്‌കൂളിൽ ചേർന്നു. 1940-ൽ, 15 വയസ്സുള്ളപ്പോൾ, ചിക്കാഗോ സർവകലാശാലയുടെ ലബോറട്ടറി സ്കൂളുകളിലെ ഒരു അഡ്വാൻസ്ഡ് പ്ലേസ്മെന്റ് പ്രോഗ്രാമിൽ പഠിക്കാൻ അവർക്ക് സ്കോളർഷിപ്പ് ലഭിച്ചു. അവിടെ ഹൈസ്കൂളും കോളേജിലെ ആദ്യ രണ്ടു വർഷവും പൂർത്തിയാക്കിയ ശേഷം ചിക്കാഗോ സർവകലാശാലയിൽ ബിരുദപഠനം പൂർത്തിയാക്കി. അവിടെനിന്ന് 1944-ൽ തത്ത്വശാസ്ത്ര ബിരുദവും 1946-ൽ ശാസ്ത്ര ബിരുദവും 1948-ൽ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ മെഡിസിൻ ബിരുദവും നേടി.[2] അക്കാലത്ത് ഓരോ ക്ലാസിലെയും 65 വിദ്യാർത്ഥികളിൽ 3 സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനം ലഭിച്ചിരുന്നത്. മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം ഡോക്ടറായ ഡൊണാൾഡ് ആഡംസ് റൗളിയെ അവർ വിവാഹം കഴിച്ചു. 1951-ൽ ജാനറ്റും ഡൊണാൾഡ് റൗളിയും ചിക്കാഗോയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് പബ്ലിക് ഹെൽത്ത് സർവീസിന്റെ മറൈൻ ഹോസ്പിറ്റലിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി.[3] തുടർന്നും റൗളി ചിക്കാഗോയിൽ ജോലി തുടരുകയും ഡൗൺ സിൻഡ്രോം ഉള്ള കുട്ടികൾക്കായുള്ള ഒരു ക്ലിനിക്കിൽ പ്രവർത്തിക്കുകയും ചെയ്തു. തന്റെ നാല് ആൺമക്കളിൽ ഇളയവന് 12 വയസ്സാകുന്നതുവരെ റൗളി പാർട്ട് ടൈം ആയാണ് ജോലി ചെയ്തത്.
പ്രവർത്തനമേഖല
[തിരുത്തുക]1951-ൽ മെഡിക്കൽ ലൈസൻസ് നേടിയ ശേഷം ഡോ. റൗളി മേരിലാൻഡിലെ മോണ്ട്ഗോമറി കൗണ്ടിയിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ ശിശുപരിചരണ ക്ലിനിക്കുകളിൽ ഫിസിഷ്യനായി ജോലി നോക്കി. 1955-ൽ ചിക്കാഗോയിലെ ഡോ. ജൂലിയൻ ലെവിൻസൺ ഫൗണ്ടേഷനിൽ ഗവേഷണ തസ്തിക ഏറ്റെടുത്തു. വികാസവൈകല്യങ്ങളുള്ള കുട്ടികൾക്കായുള്ള ഒരു ക്ലിനിക്കായിരുന്നു അത്. 1961 വരെ അവർ അവിടെ തുടർന്നു. ഇല്ലിനോയിസ് സർവകലാശാലയുടെ കോളേജ് ഓഫ് മെഡിസിനിൽ ന്യൂറോളജി അദ്ധ്യാപികയായും സേവനമനുഷ്ഠിച്ചു.
1962-ൽ എൻഐഎച്ച് ട്രെയിനിയായിരിക്കെയാണ് കാൻസറിലും ക്രോമസോമുകളിലും റൗളിക്ക് താത്പര്യം ഉണർന്നത്. അക്കാലത്ത് സാധാരണവും അസാധാരണവുമായ മനുഷ്യ ക്രോമസോമുകളിലെ ഡിഎൻഎ ഇരട്ടിക്കലിന്റെ രീതി അവർ പഠിച്ചു.[2] പിന്നീട് ചിക്കാഗോ സർവകലാശാലയിൽ ഹീമറ്റോളജി വിഭാഗത്തിൽ റിസർച്ച് അസോസിയേറ്റായി ചേർന്നു. 1969-ൽ അസോസിയേറ്റ് പ്രൊഫസറും 1977-ൽ പ്രൊഫസറുമായി. 1970-കളിൽ ക്രോമസോമുകളെ തിരിച്ചറിയുന്നതിനായി നിലവിലുണ്ടായിരുന്ന ക്വിനാക്രൈൻ ഫ്ലൂറസെൻസ്, ഗീംസ സ്റ്റെയിനിംഗ് എന്നീ രീതികൾ അവർ കൂടുതൽ വികസിപ്പിച്ചു. കൂടാതെ, ചിലതരം രക്താർബുദങ്ങളുമായി ബന്ധപ്പെട്ട അസാധാരണമായ ഫിലാഡൽഫിയ ക്രോമസോം ചില സന്ദർഭങ്ങളിൽ ക്രോമസോം 9-മായുള്ള ഒരു ട്രാൻസ്ലോക്കേഷനിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കുകയും ചെയ്തു. ഒരു ക്രോമസോമിന്റെ ഒരു ഭാഗം വേർപെട്ട് മറ്റൊരു ക്രോമസോമിനോട് ചേരുന്ന പ്രക്രിയയാണ് ട്രാൻസ്ലോക്കേഷൻ. അക്യൂട്ട് മൈലോജെനസ് രക്താർബുദത്തിൽ ക്രോമസോമുകൾ 8-നും 21-നും ഇടയിലുള്ളതും പ്രോമിലോസൈറ്റിക് രക്താർബുദത്തിൽ 15-നും 17-നും ഇടയിലുള്ളതുമായ ട്രാൻസ്ലോക്കേഷനുകളും അവർ തിരിച്ചറിഞ്ഞു. ചില പ്രോട്ടീൻ റിസപ്റ്ററുകളുടെ സാധാരണ പ്രവർത്തനം പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന റെറ്റിനോയിക് ആസിഡ് എന്ന മരുന്ന് കണ്ടെത്തുന്നതിലും തന്റെ ഗവേഷണത്തിലൂടെ റൗളി സഹായിച്ചു.[4]
1972-ൽ അക്യൂട്ട് മൈലോജെനസ് രക്താർബുദത്തിലാണ് റൗളി ആദ്യമായി ക്രോമസോം ട്രാൻസ്ലോക്കേഷൻ കണ്ടെത്തിയത്.[5] 1970-കളിൽ തന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചപ്പോൾ, പ്രത്യേക ട്രാൻസ്ലോക്കേഷനുകൾ പ്രത്യേക രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് അവർ വാദിച്ചു. കാൻസറിന്റെ കാരണത്തെക്കുറിച്ച് നിലവിലുണ്ടായിരുന്ന വീക്ഷണത്തിന് വിരുദ്ധമായി, അത് ക്രോമസോം തകരാറുകൾ മൂലമാണെന്ന് അവർ സ്ഥാപിച്ചു. ആദ്യഘട്ടത്തിൽ റൗളിയുടെ ആശയങ്ങൾക്ക് ചില എതിർപ്പുകൾ നേരിട്ടെങ്കിലും, അവരുടെ ഗവേഷണങ്ങൾ വളരെയധികം സ്വാധീനം ചെലുത്തി. 1990 ആയപ്പോഴേക്കും വിവിധ കാൻസറുകളിലായി എഴുപതിലധികം ട്രാൻസ്ലോക്കേഷനുകൾ കണ്ടെത്തിയിരുന്നു.
അവാർഡുകളും ബഹുമതികളും
[തിരുത്തുക]1984-ൽ ഡോ. റൗളിയെ ചിക്കാഗോ സർവകലാശാലയിൽ മെഡിസിൻ, സെൽ ബയോളജി, മോളിക്യുലർ ആൻഡ് ഹ്യൂമൻ ജനറ്റിക്സ് എന്നീ വിഷയങ്ങളുടെ പ്രൊഫസറായി നിയമിച്ചു.[3] ശാസ്ത്രവിഭാഗത്തിന്റെ ഇടക്കാല ഡെപ്യൂട്ടി ഡീനായും അവർ സേവനമനുഷ്ഠിച്ചു. 1989-ൽ ജനറൽ മോട്ടോഴ്സ് കാൻസർ റിസർച്ച് ഫൗണ്ടേഷന്റെ ചാൾസ് എസ്. മോട്ട് സമ്മാനവും ക്ലോവ്സ് മെമ്മോറിയൽ അവാർഡും അവർക്ക് ലഭിച്ചു.[2] 1991-ൽ അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1998-ൽ ട്രാൻസ്ലോക്കേഷനെക്കുറിച്ചുള്ള ഗവേഷണത്തിന് അഭിമാനകരമായ ലാസ്കർ അവാർഡ് ലഭിച്ച മൂന്ന് ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു അവർ. 1998-ൽ നാഷണൽ മെഡൽ ഓഫ് സയൻസും ലഭിച്ചു.[6] 2002-ൽ ഡിസ്കവർ മാഗസിൻ റൗളിയെ ശാസ്ത്രരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട 50 വനിതകളിൽ ഒരാളായി തിരഞ്ഞെടുത്തു. 2003-ൽ ശാസ്ത്രത്തിലെ വിശിഷ്ട നേട്ടങ്ങൾക്കുള്ള അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റിയുടെ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ മെഡൽ ലഭിച്ചു.[7] 2009-ൽ അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം[8] അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ ഡോ. റൗളിക്ക് സമ്മാനിച്ചു. ജനിതകശാസ്ത്രത്തിലെ ഗ്രുബർ സമ്മാനവും അവർക്ക് ലഭിച്ചു. 2010-ൽ നാഷണൽ അക്കാദമി ഓഫ് സയൻസസ് അവർക്ക് ജെസ്സി സ്റ്റീവൻസൺ കോവാലെങ്കോ മെഡൽ നൽകി. അടിസ്ഥാന ഗവേഷണ മേഖലയിലെ മികവിനുള്ള ഹോപ്പ് ഫണ്ട്സ് ഫോർ കാൻസർ റിസർച്ച് അവാർഡിനായി 2012-ൽ ഡോ. റൗളി തിരഞ്ഞെടുക്കപ്പെടുകയും ഹോപ്പ് ഫണ്ട്സ് സയന്റിഫിക് അഡ്വൈസറി ബോർഡിലേക്ക് നിയമിക്കപ്പെടുകയും ചെയ്തു. ഗ്ലീവെക് എന്ന മരുന്ന് വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ചതിന് 2012-ൽ മറ്റ് രണ്ട് ശാസ്ത്രജ്ഞർക്കൊപ്പം ആരോഗ്യസംരക്ഷണത്തിനും വൈദ്യശാസ്ത്ര സാങ്കേതികവിദ്യയ്ക്കുമുള്ള ജപ്പാൻ സമ്മാനം നേടി.[9] റൗളിയുടെ ശാസ്ത്രീയ സംഭാവനകൾ മാനിച്ച് യേൽ സർവകലാശാല, ഹാർവാർഡ് സർവകലാശാല എന്നിവ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ അവർക്ക് ഓണററി ഡോക്ടർ ഓഫ് സയൻസ് ബിരുദങ്ങൾ നൽകി. നിരവധി ശാസ്ത്ര-ബഹുമതി സമിതികളിൽ അവർ അംഗവുമായിരുന്നു. അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസും നാഷണൽ അക്കാദമി ഓഫ് സയൻസസും ഈ വിശിഷ്ട സമിതികളിൽ ഉൾപ്പെടുന്നു. അഞ്ഞൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ച അവർ മരണത്തിന് തൊട്ടുമുമ്പുവരെ ചിക്കാഗോ സർവകലാശാലയിൽ ഗവേഷണം തുടർന്നു. 2017-ൽ മരണാനന്തര ബഹുമതിയായി അവരെ നാഷണൽ വിമൻസ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.[10]
മരണം
[തിരുത്തുക]അണ്ഡാശയ അർബുദത്തെത്തുടർന്ന് 2013 ഡിസംബർ 17-ന് 88-ആം വയസ്സിൽ റൗളി അന്തരിച്ചു.[3]
അവലംബം
[തിരുത്തുക]- ↑ "Rowley, Janet D." National Women’s Hall of Fame (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved നവംബർ 19, 2019.
- 1 2 3 "Janet D. Rowley, MD". www.aacr.org (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on ജൂലൈ 1, 2017. Retrieved നവംബർ 18, 2019.
- 1 2 3 "Janet Rowley, cancer genetics pioneer, 1925-2013". University of Chicago News (in ഇംഗ്ലീഷ്). Retrieved നവംബർ 18, 2019.
- ↑ Druker, Brian J. (ജനുവരി 22, 2014). "Janet Rowley (1925-2013)". Nature (in ഇംഗ്ലീഷ്). 505 (7484): 484. doi:10.1038/505484a. ISSN 1476-4687. PMID 24451535.
- ↑ "Janet D. Rowley". www.hematology.org (in അമേരിക്കൻ ഇംഗ്ലീഷ്). ജൂൺ 5, 2018. Archived from the original on സെപ്റ്റംബർ 16, 2019. Retrieved നവംബർ 18, 2019.
- ↑ National Science Foundation – The President's National Medal of Science. Nsf.gov. Retrieved on May 9, 2016.
- ↑ "Benjamin Franklin Medal for Distinguished Achievement in the Sciences Recipients". American Philosophical Society. Retrieved നവംബർ 26, 2011.
- ↑ "President Obama Names Medal of Freedom Recipients" Archived 2009-12-15 at the Wayback Machine, White House Office of the Press Secretary, July 30, 2009
- ↑ Laureates of the Japan Prize Archived 2016-03-10 at the Wayback Machine. japanprize.jp
- ↑ Posted: Sep 17, 2017 12:53 AM EDT (സെപ്റ്റംബർ 17, 2017). "Ten women added to National Women's Hall of Fame in Seneca". Localsyr.com. Archived from the original on സെപ്റ്റംബർ 28, 2017. Retrieved സെപ്റ്റംബർ 28, 2017.
{{cite web}}: CS1 maint: numeric names: authors list (link)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ. "Biography: Dr. Janet Davison Rowley".
- ചിക്കാഗോ മെഡിക്കൽ സെന്റർ. "Janet Rowley, MD, receives Presidential Medal of Freedom for cancer chromosome studies". Archived from the original on ഓഗസ്റ്റ് 16, 2016. Retrieved മാർച്ച് 16, 2020. "Janet Rowley, MD, receives Presidential Medal of Freedom for cancer chromosome studies". Archived from the original on ഓഗസ്റ്റ് 16, 2016. Retrieved മാർച്ച് 16, 2020. , 2009
- ചിക്കാഗോ മെഡിക്കൽ സെന്റർ. "Janet Rowley, MD, awarded Gruber Genetics Prize for chromosome studies". Archived from the original on ഓഗസ്റ്റ് 16, 2016. Retrieved മാർച്ച് 16, 2020. "Janet Rowley, MD, awarded Gruber Genetics Prize for chromosome studies". Archived from the original on ഓഗസ്റ്റ് 16, 2016. Retrieved മാർച്ച് 16, 2020. , 2009
- ചിക്കാഗോ മെഡിക്കൽ സെന്റർ. "Janet Rowley, MD, receives prestigious National Medal of Science at White House ceremony". Archived from the original on ഓഗസ്റ്റ് 16, 2016. Retrieved മാർച്ച് 16, 2020. "Janet Rowley, MD, receives prestigious National Medal of Science at White House ceremony". Archived from the original on ഓഗസ്റ്റ് 16, 2016. Retrieved മാർച്ച് 16, 2020. , ഏപ്രിൽ 27, 1999
- ചിക്കാഗോ മെഡിക്കൽ സെന്റർ. "1998 Lasker Award to Janet Rowley". Archived from the original on ജൂൺ 24, 2016. Retrieved മാർച്ച് 16, 2020. , 1998
- Use mdy dates from May 2016
- CS1 അമേരിക്കൻ ഇംഗ്ലീഷ്-language sources (en-us)
- ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ ശാസ്ത്രജ്ഞർ
- 20-ആം നൂറ്റാണ്ടിലെ വനിതാ ശാസ്ത്രജ്ഞർ
- പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം റെസിപിയൻറ്
- അമേരിക്കൻ ഐക്യനാടുകളിലെ നാഷണൽ അക്കാദമി ഓഫ് സയൻസ് അംഗങ്ങൾ
- അമേരിക്കൻ ജനിതകശാസ്ത്രജ്ഞർ
- അമേരിക്കൻ ജൈവശാസ്ത്രജ്ഞർ
- 2013-ൽ മരിച്ചവർ
- 1925-ൽ ജനിച്ചവർ
