ജലദോഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജലദോഷം
സ്പെഷ്യാലിറ്റിFamily medicine, infectious diseases, ഓട്ടോറൈനോലാറിംഗോളജി Edit this on Wikidata

ലോകത്തിലെ ഏറ്റവും സാധാരണമായ അസുഖമാണ് ജലദോഷം(ആംഗലേയത്തിൽ: Common Cold). വൈറസ് മൂലമാണ്‌ ഇതു പകരുന്നത്. ശ്വാസനാളിയുടെ മുകൾ ഭാഗത്താണീ അസുഖം ലക്ഷണങ്ങൾ സൃഷ്ടിക്കുന്നത്. തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ചികിത്സയില്ലെങ്കിലും ഏഴുമുതൽ പത്തുവരെ ദിവസങ്ങൾ കൊണ്ട് തനിയെ മാറുന്ന അസുഖമാണിത്, എന്നിരുന്നാലും ജലദോഷം വരുമ്പോൾ മറ്റസുഖങ്ങൾ പിടിപെടാനും അത് മരുന്നില്ലാതെ മാറാതിരിക്കാനും സാധ്യതയുണ്ട്. രോഗത്തിന്റെ ചില ലക്ഷണങ്ങൾ മൂന്നാഴ്ച്ചവരെ നീണ്ടുനിൽക്കാറുണ്ട്. 200-ലധികം വൈറസുകൾ ജലദോഷത്തിനു കാരണമാകാറുണ്ടെങ്കിലും റൈനോവൈറസ് എന്നയിനമാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്.

ശ്വസനനാളത്തിന്റെ മുകൾഭാഗത്തെ രോഗബാധകളെ വർഗ്ഗീകരിക്കുന്നത് രോഗബാധ ഉണ്ടാകുന്ന ശരീരഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ്. ജലദോഷം മൂക്കിനെയും തൊണ്ടയെയും (ഫാരിഞ്ചൈറ്റിസ്), സൈനസുകളെയുമാണ് (സൈനസൈറ്റിസ്) സാധാരനഗതിയിൽ ബാധിക്കുന്നത്. ചിലപ്പോൾ കണ്ണുകളെയും (കൺജൻക്ടിവൈറ്റിസ് ബാധിക്കാറുണ്ട്. രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് പ്രധാനമായും രോഗാണുവിനെതിരേ ശരീരത്തിലെ പ്രതിരോധവ്യവസ്ഥയുടെ പ്രതികരണം മൂലമാണ്. കൈകൾ കഴുകുന്നതാണ് രോഗം വരാതെ തടയാനുള്ള ഏറ്റവും പ്രധാനമാർഗ്ഗം. ആവശ്യമുള്ള സമയത്ത് ഫേസ് മാസ്കുകൾ ഉപയോഗിക്കുന്നതും രോഗം തടയാൻ സഹായകമാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ജലദോഷത്തിന് ഫലപ്രദമായ ചികിത്സകൾ ലഭ്യമല്ല. എങ്കിലും രോഗലക്ഷണങ്ങൾ ചികിത്സിക്കാവുന്നതാണ്. മനുഷ്യരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന അസുഖമാണിത്. സാധാരണഗതിയിൽ മുതിർന്ന ഒരാളെ ഒരു വർഷം രണ്ടോ മൂന്നോ തവണ ജലദോഷം ബാധിക്കും. കുട്ടികളെ വർഷം തോറും ആറുമുതൽ പന്ത്രണ്ടുവരെ തവണ ഈ അസുഖം ബാധിക്കാറൂണ്ട്. ചരിത്രാതീതകാലം മുതൽ തന്നെ ഈ അസുഖം മനുഷ്യരെ ബാധിക്കുന്നുണ്ട്.

ചരിത്രം[തിരുത്തുക]

ജലദോഷം പുരാതന കാലം മുതല്ക്കേ മനുഷ്യനെ ബുദ്ധിമുട്ടിച്ചിട്ടുണ്ടായിരിക്കണം. ഈജിപ്തിലെ ശിലാചിത്രങ്ങളിൽ ജലദോഷത്തെ കുറിച്ചുള്ള രചനകൾ ലഭ്യമാണ്. ഗ്രീക്കു ഭിഷഗ്വരനും സൈദ്ധാന്തികനുമായ ഹിപ്പോക്രാറ്റസ് ക്രി. മു. 5 നൂറ്റാണ്ടിൽ ജലദോഷത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. ആയുർവേദത്തിൽ ജലദോഷത്തിനെ കുറിച്ച് വിവരണവും പ്രതിവിധികളും നൽകിയിട്ടുണ്ട്. ഭാരതീയർ തന്നെയായിരിക്കണം ആദ്യമായി ജലദോഷത്തിനു പ്രതിവിധി നിശ്ചയിച്ചിട്ടുള്ളത്. ച്യവനനും ധന്വന്തരിയും അവരുടേതായ പ്രതിവിധികൾ നിർദ്ദേശിച്ചിട്ടുണ്ട്.

സൂക്ഷ്മാണുക്കളാണിതിനുകാരണം എന്ന സിദ്ധാന്തം 19 നൂറ്റാണ്ടിലാണ് ആദ്യമായ് ചർച്ച ചെയ്യപ്പെട്ടത്. ബാക്ടിരിയയെ കണ്ടു പിടിച്ച കാലത്ത് അവയാണ് ഇതിനു കാരണം എന്ന് കരുതി ആൻറിബയോട്ടിക്കുൾ പ്രതിവിധിയായി കൊടുത്തിരുന്നു. 1890 മുതൽ വൈറസുകൾ ഉണ്ട് എന്ന് വിശ്വസിച്ചിരുന്നു എങ്കിലും തെളിയിക്കപ്പെട്ടിരുന്നില്ല. 1914 ല് വാൾട്ടർ ക്രൂസെ എന്ന ജർമ്മൻ പ്രൊഫസ്സർ ആണ് ജലദോഷത്തിനു കാരണം വൈറസ് എന്ന് കാണിച്ചത്. അദ്ദേഹം ജലദോഷം ഉള്ള ഒരാളുടെ മൂക്കിലെ സ്രവം നേർപ്പിച്ച് ബാക്ടിരിയ വിമുക്തമാക്കി മറ്റു സന്നദ്ധരായ മനുഷ്യരുടെ മൂക്കിൽ വച്ച് അസുഖം പടർത്തിക്കാണിച്ചു. പകുതി പേർക്കെങ്കിലും അസുഖം ബാധിച്ചു. എന്നാൽ ഇത് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടില്ല, എന്നിരുന്നാലും 1920 ല് അൽഫോൺസ് ഡൊഷെ ഈ പരീക്ഷണം ചിമ്പാൻസി കുരങ്ങിലും മനുഷ്യനിലും ആവർത്തിച്ചപ്പോൾ ഈ സിദ്ധാന്തം പരക്കെ അംഗീകരിക്കപ്പെട്ടു തുടങ്ങി. എങ്കിലും പല ഗ്രന്ഥങ്ങളിലും മറ്റ് രോഗകാരികളെക്കുറിച്ച് പരാമർശം തുടർന്നു. 1946 ല് ഇംഗ്ലണ്ടിലെ സിവിലിയൻ മെഡിക്കൽ റിസർച്ച് കൌൺസിലിൽ വച്ച് റൈനോവൈറസ് കണ്ടുപിടിക്കപ്പെട്ടു. 1950 കളിൽ ഗവേഷകർ ജലദോഷത്തിനു കാരണമായ വൈറസുകളെ ടിഷ്യൂ കൾച്ചർ മുഖേന വളർത്താൻ തുടങ്ങി. 1970 കളിൽ ഇന്റെർഫെറൊൺഉപയോഗിച്ച് ജലദോഷത്തിനെ ചികിത്സിക്കാം എന്ന് കണ്ടെത്തി. എങ്കിലും ചിലവേറിയതായതിനാൽ പ്രാവർത്തികമായില്ല. സിങ്ക് ഗ്ലുക്കോണേറ്റ് ഉപയോഗിച്ച് പ്രതിവിധി നിർദ്ദേശിച്ച ഇതേ സി.സി.യു. (കോമൺ കോള്ഡ് യൂനിറ്റ്) 1989 പ്രവർത്തനം നിർത്തുകയും ചെയ്തതോടെ ആ വഴിക്കുള്ള ശ്രമങ്ങൾ നിലച്ചു.[1]

രോഗ കാരണങ്ങൾ[തിരുത്തുക]

പകർച്ച വ്യാധിയായ ജലദോഷത്തിന്റെ കാരണം പലതരം വൈറസുകളാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും റൈനോ വൈറസ്, കൊറോണാ വൈറസ് എന്നിവയും അത്ര പ്രധാനമല്ലാത്ത പാരാമിക്സോ വൈറസുകളും, എക്കോ വൈറസുകളും ഇത് ഉണ്ടാക്കുന്നു, എണ്ണൂറിൽ പരം ജലദോഷകാരികളായ വൈറസുകൾ വേർതിരിച്ചിട്ടുണ്ട്. വൈറസുകളുടെ പ്രത്യേകത എന്തെന്നാൽ അവയ്ക്കു സ്വയം മാറ്റം വരുത്തി മരുന്നുകളിൽ നിന്ന് പ്രതിരോധം കൈവരിക്കാൻ സാധിക്കും എന്നതാണ്. അതു കൊണ്ട് ഇന്ന് വൈദ്യശാസ്ത്രം ഏറ്റവും പേടിക്കുന്ന ജീവിയും ഇതു തന്നെ.

രോഗ കാരികളായ വൈറസുകൾ മൂക്കിലും ശ്വാസനാളികളിലും ആണ് സ്ഥാനം ഉറപ്പിക്കുന്നത്. ഇതിനു കാരണമായി വിശ്വസിക്കുന്നത് കുറഞ്ഞ താപനിലയും വൈറസുകൾക്ക് പാർക്കാൻ പറ്റിയ കോശങ്ങളുടേ ഉയർന്ന ലഭ്യതയുമാണ്. തണുപ്പ്കാലത്തും മഴക്കാലത്തും ജലദോഷം കൂടുതലായി കാണപ്പെടുന്നതിനു കാരണമായി പുതിയ ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത് ഇക്കാലയളവിലെ ഭൂമിയിലുള്ള അൾട്രാവയലറ്റ് രശ്മികളുടെ കുറവും തല്ഫലമായി ശരീരത്തിലുണ്ടാകുന്ന വൈറ്റമിൻ D യുടെ കുറവു കൊണ്ടേന്നാണു.[2]

പകർച്ച[തിരുത്തുക]

രോഗം ഉള്ളയാളുടെ മൂക്കിൽ നിന്നു വരുന്ന സ്രവത്തിൽ അനേകം വൈറസുകൾ അടങ്ങിയിരിക്കും. ഇവ തുമ്മുമ്പോളോ, മൂക്കു ചീറ്റുമ്പോളോ കണികകളായി അന്തരീക്ഷത്തിൽ പറക്കാനിടയാവുന്നു. ഇത് ശ്വസിക്കുന്ന മറ്റൊരാൾക്ക് രോഗം പിടിപെടാം. എന്നാൽ നല്ല ആരോഗ്യമുള്ള ഒരാളുടെ ശരീരം ഇതിനെതിരെ ചെറുത്തു നില്പ് പ്രകടിപ്പിക്കും. എന്നാൽ ശരീരത്തിന്റെ താപനിലയിൽ വ്യത്യാസം വരുന്ന വേളകളിൽ ജലദോഷം പെട്ടെന്ന് വേരുറപ്പിക്കും. ഉദാഹരണത്തിന്: മഴ നനയുക, അമിതമായി വിയർക്കുക, വെയിലിൽ അധികനേരം നിൽക്കുക, നനഞ്ഞ വസ്ത്രം ധരിക്കുക തുടങ്ങിയവ. ഇതു കൂടാതെ രോഗമുള്ളവരുമായുള്ള സമ്പർക്കം, ശാരീരിക ബന്ധം, ഉപയോഗിച്ച തുണി, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നതും രോഗം പകർത്താം. രോഗമുള്ളവർ ശുചിത്വം സൂക്ഷിക്കുക വഴി പകരാതെയും അല്ലാത്തവർ ശുചിത്വം പാലിക്കുക വഴി രോഗം വരാതെയും നോക്കുന്നതാണ് നല്ലത്. ഈ വൈറസുകളെ ശരീരം കീഴ്പ്പെടുത്തുന്നത് 5 മുതൽ 15 ദിവസം വരെ എടുത്താണ്. ഇത് ഓരോരുത്തരിലും വ്യത്യാസമുണ്ടായിരിക്കും, പകർന്ന വൈറസിനെ അപേക്ഷിച്ചും വ്യത്യാസപ്പെട്ടിരിക്കും.

വൈറസുകൾ രോഗി തുമ്മുമ്പോളാണ് ഏറ്റവും കൂടുതൽ വായുവിൽ പറക്കുന്നത്. ഇത് വായുവിൽ ചിലപ്പോൾ 1 മണിക്കൂർ വരെ തങ്ങി നിന്നേയ്ക്കാം. തുമ്മൽ സാധാരണയായി ജലദോഷത്തിന്റെ ആദ്യ നാളുകളിലായതിനാൽ എറ്റവും കൂടുതൽ പകരുന്നതും അപ്പോൾ തന്നെ. തുമ്മുമ്പോൾ തെറിക്കുന്ന കുഞ്ഞു കണികകളെ കാണുന്നത് ബുദ്ധിമുട്ടാണ് താനും

കാലാവസ്ഥയുമായുള്ള ബന്ധം[തിരുത്തുക]

അധികനേരം മഴയിൽനിന്നോ മഞ്ഞിൽ നിന്നോ തണുപ്പടിച്ചാൽ ജലദോഷബാധയുണ്ടാകുമെന്നാണ് ഒരു പൊതുവിശ്വാസം. ജലദോഷത്തിന് (ഇംഗ്ലീഷിൽ കോമൺ കോൾഡ് എന്ന പേരുവന്നതും ഇതുകൊണ്ടുതന്നെ) ഈ പേരുകിട്ടാൻ കാരണം ഈ വിശ്വാസമാണ്.[3] ശരീരം തണുക്കുന്നത് ജലദോഷത്തിന് കാരണമാകുമെന്ന സിദ്ധാന്തം വാദഗ്രസ്തമാണ്. [4] ജലദോഷമുണ്ടാക്കുന്ന ചില വൈറസുകൾ കാലികമായി രോഗബാധയുണ്ടാക്കുന്നവയാണ്. ഇവ കൂടുതലും പകരുന്നത് തണുപ്പുകാലത്താണ്. [5] തണുപ്പുകാലത്തും മഴക്കാലത്തും മനുഷ്യർ മേൽക്കൂരയ്ക്കു കീഴിൽ അടുത്തിടപഴകാനുള്ള സാദ്ധ്യത കൂടുതലായതുകൊണ്ടാണ് ഈ കൂടിയ പകർച്ചാസാദ്ധ്യത എന്നാണ് ചിലർ വിശ്വസിക്കുന്നത്. [6] സ്കൂളിലെ കുട്ടികളുടെ കാര്യത്തിലും ഇത് ബാധകമാണ്. [7] തണുപ്പുകാലത്ത് ശ്വസനവ്യവസ്ഥയിലെ മാറ്റങ്ങൾ കാരണം രോഗബാധയുണ്ടാകാൻ കൂടുതൽ സാദ്ധ്യതയുണ്ടാകുന്നതും ഇതിന് കാരണമായിരിക്കാം. [6] ഹ്യുമിഡിറ്റി കുറയുന്നത് വൈറസുകളുടെ പകർച്ചാസാദ്ധ്യത കൂട്ടുമത്രേ. തുമ്മുകയും മറ്റും ചെയ്യുമ്പോഴുണ്ടാകുന്ന കണികകൾ കൂടുതൽ നേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ ഹ്യുമിഡിറ്റിയിലെ കുറവ് സഹായിക്കുമെന്നും ഇത് പകർച്ചാനിരക്ക് കൂട്ടുകയും ചെയ്യുമെന്നതാണത്രേ ഇതിന്റെ പിന്നിലെ പ്രക്രീയ. [8]

രോഗത്തിന്റെ വിധം[തിരുത്തുക]

വൈറസ് സാധാരണയായി മൂക്കിലൂടെയാണ് പ്രവേശിക്കുന്നത്. എന്നാൽ കണ്ണിലെ കണ്ണുനീർ ഗ്രന്ഥികളുടെ കുഴൽ (naso lacrimal duct) വഴിയും മൂക്കിലേയ്ക്ക് പ്രവേശിക്കാം. മൂക്കിനും തൊണ്ടയ്ക്കുമിടക്കുള്ള ഭാഗത്തെ കോശങ്ങളിൽ ഇരിപ്പുറപ്പിക്കുന്നു. അവിടെവച്ച് ഇവ വളരെ പെട്ടെന്ന് വംശവർദ്ധന നടത്തുന്നു. രോഗി മൂക്ക് ചീറ്റാതെ വലിച്ചു ശ്വാസകോശത്തിലേയ്കു കയറ്റുന്നത് ഈ സമയത്ത് വൈറസിന് സഹായകമാവുന്നു.

കോശങ്ങളിലെ ICAM-1 എന്ന ( ഇൻറർ സെല്ലുലാർ അഡ്‍ഹീഷൻ തന്മാത്രകൾ‍) റിസപ്റ്ററുകളിൽ ഇവ സ്വയം ബന്ധിപ്പിക്കുന്നു.[9] ഈ റിസപ്റ്ററുകളുടെ സാന്നിദ്ധ്യം ജലദോഷം വരാൻ അത്യാവശ്യമാണ്.[10] ഒന്നോ രണ്ടോ ദിവസം മാത്രമേ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ എടുക്കൂ.

രോഗലക്ഷണങ്ങൾ[തിരുത്തുക]

സാധാരണയായി മൂക്കിലോ തൊണ്ടയിലോ ചൊറിച്ചിലോടെയാണ് ലക്ഷണങ്ങൾ തുടങ്ങുന്നത്. വൈറസ് മൂക്കിൽ പ്രവേശിക്കുന്ന ഭാഗത്ത് ഒരു പ്രത്യേക അനുഭവം തോന്നുന്നു. അടുത്ത ദിവസം മുതൽ തുമ്മലും മൂക്കൊലിപ്പും തുടങ്ങാം. ഈ സമയത്ത് രോഗി സഹന ശക്തി കുറവുള്ളവനായി കാണപ്പെടാം. ആദ്യം ഉണ്ടാകുന്ന സ്രവങ്ങൾക്ക് കട്ടി കുറവായിരിക്കും എന്നാൽ ക്രമേണ മൂക്ക് അടയുന്ന തരത്തിൽ കട്ടി വയ്ക്കുകയും ഏതെങ്കിലും ഒരു മൂക്ക് ( ചിലപ്പോൾ രണ്ടും) അടഞ്ഞു പോകുകയും ചെയ്യാം. തുമ്മലിന്റെ ശക്തിയും ക്രമേണ കുറഞ്ഞു വരുന്നു.

സാമ്പത്തികാഘാതം[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധസമയത്തെ ഒരു ബ്രിട്ടീഷ് പോസ്റ്റർ. ജലദോഷത്തിന്റെയും ഫ്ലുവിന്റെയും സാമ്പത്തിക പ്രത്യാഘാതങ്ങളെപ്പറ്റിയാണ് വിവരണം. [11]

ജലദോഷത്തിന്റെ സാമ്പത്തികവശങ്ങളെപ്പറ്റി ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പഠനങ്ങൾ നടന്നിട്ടില്ല. [12] അമേരിക്കൻ ഐക്യനാടുകളിൽ ജലദോഷം കാരണം വർഷത്തിൽ 7.5 കോടി മുതൽ 10 കോടി വരെ തവണ ആൾക്കാർ ഡോക്ടർമാരെ കാണാൻ പോകുന്നുണ്ട്. ഇത് 770 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് കണക്ക്. മരുന്നുകടകളിൽ നിന്ന് നേരിട്ടുവാങ്ങാവുന്ന മരുന്നുകൾക്കായി അമേരിക്കക്കാർ വർഷം തോറും 290 കോടി ഡോളറും ഡോക്ടർമാർ കുറിച്ചുകൊടുക്കുന്ന മരുന്നുകൾക്കായി മറ്റൊരു 40 കോടി ഡോളറും ചെലവാക്കുന്നുണ്ടത്രേ. [13] ഡോക്ടർമാരെ സന്ദർശിച്ചതിൽ മൂന്നിലൊന്നിലധികം ആൾക്കാർക്കും അന്റീബയോട്ടിക് മരുന്നുകൾ നിർദ്ദേശിക്കപ്പെട്ടുവത്രേ. ഇത് ആന്റീബയോട്ടിക് മരുന്നുകൾക്കെതിരേ രോഗാണുക്കൾക്ക് പ്രതിരോധശേഷി ലഭിക്കുന്നതിനെ സ്വാധീനിച്ചേയ്ക്കാം. [13] 2.2 കോടി മുതൽ –18.9 കോടി വരെ അദ്ധ്യയനദിവസങ്ങൾ വർഷം തോറും ജലദോഷം കാരണം നഷ്ടപ്പെടുന്നുണ്ട്. കുട്ടികൾക്ക് രോഗം ബാധിക്കുന്നതുകാരണം മാതാപിതാക്കൾ 12.6 കോടി ജോലി ദിവസങ്ങൾ ഉപേക്ഷിച്ച് വീട്ടിൽ നിൽക്കുകയുണ്ടായി. മുതിർന്നവരുടെ ജലദോഷം കാരണം മറ്റൊരു 15 കോടി ജോലിദിവസങ്ങളും നഷ്ടപ്പെടുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താൽ അമേരിക്കയിലെ ആകെ സാമ്പത്തികനഷ്ടം 2000 കോടി ഡോളർ വരും. [14]>[13] അമേരിക്കയിൽ ആകെ ജോലിദിവസങ്ങളുടെ നഷ്ടത്തിന്റെ 40% വരും ഇത്. [15]

ഗവേഷണം[തിരുത്തുക]

ജലദോഷത്തിനെതിരായി പല ആന്റീവൈറൽ മരുന്നുകളും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. 2009 വരെ ഇതിലൊന്നിനും ഫലപ്രദമാണെന്ന് കാണാത്തതിനാൽ പൊതു ഉപയോഗത്തിനായി ലൈസൻസ് ലഭിച്ചിട്ടില്ല. [16] പ്ലെകോണറിൽ എന്ന ആന്റീവൈറൽ മരുന്നിന്റെ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മരുന്ന് പൈകോർണാവൈറസിനെതിരേയും ഫലവത്താണെന്ന് കണ്ടിട്ടുണ്ട്. ബി.ടി.എ.-798 എന്ന മരുന്നിന്റെയും പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.[17] പ്ലെകോണറിൽ എന്ന മരുന്നിന്റെ കഴിക്കാവുന്ന രൂപത്തിന് സുരക്ഷാപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ സ്പ്രേ ചെയ്യാവുന്ന എയറോസോൾ രൂപമാണ് ഇപ്പോൾ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. [17]

ഡ്രാകോ എന്ന ബ്രോഡ്-സ്പെക്ട്രം ആന്റീവൈറൽ മരുന്ന് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വികസിപ്പിക്കപ്പെടുന്നുണ്ട്. ഇത് റൈനോവൈറസിനെതിരേയും മറ്റു ചില വൈറസുകൾക്കെതിരേയും ഫലപ്രദമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. [18][19]

മേരിലാന്റ് യൂണിവേഴ്സിറ്റിയിലെയും വിസ്കോൺസിൻ-മാഡിസൺ യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ ജലദോഷമുണ്ടാക്കുന്ന എല്ലാ സാധാരണ വൈറസുകളുടെയും ജനിതകഘടന തയ്യാറാക്കിയിട്ടുണ്ട്. [20]

അവലംബം[തിരുത്തുക]

  1. Prophylaxis and treatment of rhinovirus colds with zinc gluconate lozenges
  2. http://www.ncbi.nlm.nih.gov/pmc/articles/PMC2870528/pdf/S0950268806007175a.pdf
  3. Zuger, Abigail (4 March 2003). "'You'll Catch Your Death!' An Old Wives' Tale? Well." The New York Times.
  4. Mourtzoukou EG, Falagas ME (2007). "Exposure to cold and respiratory tract infections". The international journal of tuberculosis and lung disease : the official journal of the International Union against Tuberculosis and Lung Disease. 11 (9): 938–43. PMID 17705968. {{cite journal}}: Unknown parameter |month= ignored (help)
  5. Eccles Pg.79
  6. 6.0 6.1 Eccles Pg.80
  7. al.], edited by Arie J. Zuckerman ... [et (2007). Principles and practice of clinical virology (6th ed.). Hoboken, N.J.: Wiley. p. 496. ISBN 978-0-470-51799-4. {{cite book}}: |first= has generic name (help)
  8. Eccles Pg. 157
  9. http://www.gene.ucl.ac.uk/nomenclature/data/get_data.php?hgnc_id=HGNC:5344[പ്രവർത്തിക്കാത്ത കണ്ണി]
  10. http://www.ncbi.nlm.nih.gov/entrez/query.fcgi?cmd=Retrieve&db=PubMed&list_uids=2538243&dopt=Abstract
  11. "The Cost of the Common Cold and Influenza". Imperial War Museum: Posters of Conflict. vads.
  12. Eccles Pg.90
  13. 13.0 13.1 13.2 Fendrick AM, Monto AS, Nightengale B, Sarnes M (2003). "The economic burden of non-influenza-related viral respiratory tract infection in the United States". Arch. Intern. Med. 163 (4): 487–94. doi:10.1001/archinte.163.4.487. PMID 12588210.{{cite journal}}: CS1 maint: multiple names: authors list (link)
  14. "Common Cold". National Institute of Allergy and Infectious Diseases. 27 November 2006. Retrieved 11 June 2007.
  15. Kirkpatrick GL (1996). "The common cold". Prim. Care. 23 (4): 657–75. doi:10.1016/S0095-4543(05)70355-9. PMID 8890137. {{cite journal}}: Unknown parameter |month= ignored (help)
  16. Eccles Pg.218
  17. 17.0 17.1 Eccles Pg.226
  18. Rider TH, Zook CE, Boettcher TL, Wick ST, Pancoast JS, Zusman BD (2011). "Broad-spectrum antiviral therapeutics". PLoS ONE. 6 (7): e22572. doi:10.1371/journal.pone.0022572. PMC 3144912. PMID 21818340.{{cite journal}}: CS1 maint: multiple names: authors list (link) CS1 maint: unflagged free DOI (link)
  19. Fiona Macrae (11 August 2011), "Greatest discovery since penicillin: A cure for everything - from colds to HIV", The Daily Mail, UK
  20. Val Willingham (February 12, 2009). "Genetic map of cold virus a step toward cure, scientists say". CNN. Retrieved 28 April 2009.

എക്ലസ് ആർ (2005). "അണ്ടർസ്റ്റാൻഡിംഗ് ദി സിംപ്റ്റംസ് ഓഫ് കോമൺ കോൾഡ് ആൻഡ് ഇൻഫ്ലുവൻസ". ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ്. 5 (11): 718–25. doi:10.1016/S1473-3099(05)70270-X. PMID 16253889. {{cite journal}}: Unknown parameter |month= ignored (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജലദോഷം&oldid=3631789" എന്ന താളിൽനിന്ന് ശേഖരിച്ചത്