ജലചികിത്സ
മനുഷ്യന് മാത്രമല്ല ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും അത്യന്താപേക്ഷിതമായ ഒരു വസ്തുവാണ് ജലം. മനുഷ്യശരീരത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും അവശ്യം വേണ്ടതാണ് ജലം. ശരീരത്തിൽ ജലത്തിന്റെ അംശം ക്രമാതീതമായി കുറഞ്ഞാൽ മരണകാരണം വരെയാകാം എന്നതിനാൽ അതിന്റെ പ്രാധാന്യം വളരെ വലുതാണ്, അതോടൊപ്പം ശരീരത്തിന്റെ ആന്തരിക-ബാഹ്യ ശുദ്ധിക്ക് അത്യാവശ്യവസ്തുവുമാണ്. ശരീരത്തിന്റെ താപനില 37° സെന്റീഗ്രേഡാണ് . ഈ താപനിലയിൽ കുറഞ്ഞ താപനിലയുള്ള ജലത്തെ ശീതജലം എന്നുപറയുന്നു. ശീതജലം ശരീരത്തിൽ സ്പർശിക്കുമ്പോൾ ആ ശരീരഭാഗത്തേക്ക് കൂടുതലായി രക്തം പ്രവഹിക്കുകയും താപനില കൃത്യമായി നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ഈ സവിശേഷത ഉൾക്കൊണ്ടാണ് പ്രകൃതിചികിത്സ എന്ന വിഭാഗത്തിൽ ജലചികിത്സ പ്രവർത്തിക്കുന്നത്.[1] ശരീരത്തിന്റെ ചില ഭാഗങ്ങളിൽ ശീതജലം കൊണ്ട് സ്പർശനം ഉണ്ടാക്കി അവിടേക്ക് കൂടുതൽ രക്തചംക്രമണം നടത്തി രോഗമുക്തി നൽകുന്നതു കൂടാതെ ഈ ചികിത്സ ചെയ്യുന്നതുമൂലം പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല.[1] പനി, വിളർച്ച, ക്ഷീണം, മൂത്രതടസ്സം, വൃക്കരോഗങ്ങൾ, അമിതവണ്ണം, അജീർണ്ണം, ഗർഭാശയരോഗങ്ങൾ, ശിരോരോഗങ്ങൾ എന്നു തുടങ്ങി മിക്കവാറും എല്ലാ രോഗങ്ങൾക്കും ജലചികിത്സ ഉപയോഗിക്കുന്നു.
ചില ചികിത്സാ രീതികൾ
[തിരുത്തുക]നട്ടെല്ല് സ്നാനം
[തിരുത്തുക]പ്രകൃതിചികിത്സയിൽ വളരെയധികം ഉപയോഗിക്കുന്ന ജലചികിത്സാരീതിയാണ് നട്ടെല്ല് സ്നാനം. ഈ രീതിയിൽ നട്ടെല്ലിന് ചുറ്റും കുളിർമ്മയുണ്ടാക്കുകയും പ്രധാന നാഡീ-ഞരമ്പുകളുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ബാത്ത്ടബ്ബാണ് (കുളിത്തൊട്ടി) ഈ ചികിത്സയിൽ ഉപയോഗിക്കുന്നത്. രണ്ടോ മൂന്നോ ഇഞ്ച് ആഴത്തിൽ വെള്ളം ടബ്ബിൽ നിറച്ചതിനുശേഷം ശരീരത്തിന്റെ പിൻഭാഗം മുഴുവനും ജലത്തിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ കിടക്കുക. 15 മിനിട്ടു മുതൽ 25 മിനിട്ടുവരെ ഈ രീതിയിൽ കിടക്കേണ്ടതാണ്. ഈ സമയം ദീർഘമായി ശ്വാസോച്ഛ്വാസം നടത്തുന്നത് കൂടുതൽ നല്ലതാണ്. ഈ സ്നാനരീതി ഉറക്കമില്ലായ്മ, ക്ഷീണം, നീർക്കെട്ട്, പനി, ഉദരരോഗങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയുടെ ചികിത്സക്കായി ഉപയോഗിക്കുന്നു.[1] 8 മണിക്കൂർ ഉറക്കം കൊണ്ട് ലഭിക്കുന്ന ഉന്മേഷം 2 മണിക്കൂർ മാത്രം നട്ടെല്ലുസ്നാനം നടത്തിയാൽ ലഭിക്കുന്നു. അസുഖങ്ങൾ ഒന്നും ഇല്ലാത്തവർക്കും ആരോഗ്യം മെച്ചപ്പെടുത്തുവാൻ ഈ സ്നാനരീതി അവലംബിക്കാവുന്നതാണ്.[1]
നിതംബസ്നാനം
[തിരുത്തുക]നട്ടെല്ലുസ്നാനത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ തന്നെയാണ് ഈ സ്നാനരീതിക്കും ഉപയോഗിക്കുന്നത്. നട്ടെല്ലു സ്നാനത്തിൽ തൊട്ടിയിൽ കിടക്കുകയാണ് എങ്കിൽ ഇതിൽ രണ്ട് കാലും പുറത്തേക്കിട്ട് ഇരിക്കുകയാണ്. ജലനിരപ്പ് പൊക്കിളിന് താഴെവരെയാക്കി നിജപ്പെടുത്തണം. ഇങ്ങനെ വെള്ളത്തിൽ ഇരിക്കുമ്പോൾ വയർ തിരുമ്മുന്നത് വളരെയധികം ഗുണം ചെയ്യുന്ന പ്രവൃത്തിയാണ്. വയറുവേദന, ആമാശയരോഗങ്ങൾ, ഗർഭാശയരോഗങ്ങൾ, കരൾ സംബന്ധമായ രോഗങ്ങൾ, മൂത്രതടസ്സം, ലൈംഗികശേഷിക്കുറവ് എന്നീ രോഗങ്ങൾക്കും രോഗാവസ്ഥകൾക്കും നിതംബചികിത്സ വളരെയധികം ഫലം ചെയ്യുന്നു.[1]
വേദനസംഹാരി
[തിരുത്തുക]ജലം വേദനാസംഹാരിയായും ഉപയോഗിച്ചുവരുന്നു. വേദനയുള്ള ശരീരഭാഗത്ത് കട്ടിയിൽ പരുത്തിത്തുണി നനച്ച് കെട്ടുകയോ പൊതിയുകയോ ചെയ്യുന്നതാണ് പതിവ്. വയറ് വേദനയ്ക്ക് വയറ്റിലും തൊണ്ടവേദനയ്ക്ക് കഴുത്തിലും തലവേദനയ്ക്ക് നെറ്റിയിലും അരമണിക്കൂറ് വീതം ഇങ്ങനെ ഇടയ്ക്കിടെ ചെയ്താൽ രോഗശാന്തി കൈവരുന്നതാണ്.