ജയിംസ് അലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ന്യൂസിലൻഡിലെ രാജ്യതന്ത്രജ്ഞനായിരുന്നു ജയിംസ് അലൻ. ദക്ഷിണ ആസ്ട്രേലിയയിൽ അഡെലെയ്ഡിനു സമീപം 1855 ഫെബ്രുവരി 10-ന് ജനിച്ചു. ക്ലിഫ്ടണിലും കേംബ്രിഡ്ജിലെ സെന്റ് ജോൺസ് കോളജിലും ലണ്ടനിലെ റോയൽ സ്കൂൾ ഒഫ് മൈൻസിലും പഠനം പൂർത്തിയാക്കി. ന്യൂസിലണ്ടിൽ തിരിച്ചുവന്ന അലൻ 1887-ൽ ജനപ്രതിനിധി സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ധനകാര്യം, രാജ്യരക്ഷ, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ മന്ത്രിയായി (1912-1915) സേവനം നടത്തി. രാജ്യരക്ഷാവകുപ്പ് പ്രത്യേകമായി രൂപവത്കരിക്കപ്പെട്ടപ്പോൾ അലൻ ആ വകുപ്പിന്റെ മന്ത്രിയായി (1915-1920). ഇദ്ദേഹം ന്യൂസിലൻഡ് സേനയെ പുനഃസംഘടിപ്പിച്ചു. ഡബ്ലിയു.എഫ്. മാസ്സിയുടെ അസാന്നിധ്യത്തിൽ (ഒന്നാം ലോകയുദ്ധകാലത്ത്) ഇദ്ദേഹം രണ്ടു വർഷത്തേക്കു പ്രധാനമന്ത്രിയായി. ലണ്ടനിൽ ന്യൂസിലൻഡിന്റെ ഹൈക്കമ്മിഷണറായും (1920-1926) സേവനം അനുഷ്ഠിച്ചു.

പ്രധാനകൃതികൾ[തിരുത്തുക]

  • ന്യൂസിലൻഡ് ആൻഡ് ഫെഡറേഷൻ
  • ദ് ഫിനാൻഷ്യൽ ആസ്പെക്റ്റ് (1899)
  • ന്യൂസിലൻഡ് പൊസഷൻസ് ഇൻ ദ് സൗത്ത് സീസ് (1903)
  • ന്യൂസിലൻഡ് ആൻഡ് നേവൽ ഡിഫൻസ് (1930)

എന്നീ കൃതികളുടെ കർത്താവാണ് അലൻ. ബ്രിട്ടീഷ് ഗവൺമെന്റ് ഇദ്ദേഹത്തിനു കെ.സി.ബി. ബിരുദം നൽകി ബഹുമാനിച്ചു (1917). 1942 ജൂലൈ 28-ന് അലൻ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അലൻ, ജയിംസ് (1855 - 1942) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജയിംസ്_അലൻ&oldid=1698123" എന്ന താളിൽനിന്നു ശേഖരിച്ചത്